Saturday, January 1, 2011

പുതിയ ദശകത്തിലെ കേരളവും പഠനകോൺ‌ഗ്രസും

കേരള പ്രശ്‌നങ്ങള്‍ അക്കാദമീയമായ ഉള്‍ക്കാഴ്‌ചയോടെയും രാഷ്‌ട്രീയമായ പ്രായോഗികതയോടെയും പരിശോധിക്കാനും പൊതുധാരണയും കാഴ്‌ചപ്പാടും രൂപപ്പെടുത്താനുമുള്ള സംരംഭമാണ് എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കേരളപഠന കോൺ‌ഗ്രസ്. കേരളം, ഇന്ത്യ, ലോകം എന്ന മൂന്നു തലങ്ങളിലും വിപ്ളവകരമായ നിലപാട് എടുത്തുകൊണ്ടാണ് സമഗ്രവികസന പരിപാടികളും ഭാവിപദ്ധതികളും നിര്‍ദേശിക്കുന്നത്. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന് ധൈഷണിക നേതൃത്വം നല്‍കുന്ന സിപിഐ എമ്മും അതടങ്ങുന്ന ഇടതുപക്ഷ-ജനധിപത്യ ചേരിയും മാത്രമല്ല, വ്യത്യസ്‌ത രാഷ്‌ട്രീയ ചിന്താഗതിക്കാരെയും അക്കാദമിക് പണ്ഡിതരെയും അടക്കം പങ്കെടുപ്പിക്കുന്ന ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പൊതുധാരണകളിലേക്ക് എത്തുക. ഇവിടെ രൂപീകരിക്കപ്പെടുന്ന, പുതിയ ദശകത്തിലേക്കുള്ള വികസന കാഴ്‌ചപ്പാടിനെയും പദ്ധതികളെയും സംബന്ധിച്ച ആശയസംവാദം പഠനകോൺ‌ഗ്രസിനുശേഷവും ഉണ്ടാകും.

ഇ എം എസിന്റെ നേതൃത്വത്തിലാണ് ആദ്യത്തെ പഠനകോൺ‌ഗ്രസ് നടന്നത്. പഠനകോൺ‌ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പരിപാടികളും പദ്ധതികളും നടപ്പാക്കാന്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍മാത്രം വിചാരിച്ചാല്‍ കഴിയില്ല. സര്‍ക്കാര്‍ നടപടികളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന വ്യാമോഹം കമ്യൂണിസ്‌റ്റുകാര്‍ക്കില്ല. എന്നാല്‍, ജനകീയ ജനാധിപത്യ വിപ്ളവം നടക്കുന്നതുവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിരാശാബോധമുള്ളവരുമല്ല കമ്യൂണിസ്‌റ്റുകാരെന്ന് 1957 മുതല്‍ ഇടയ്‌ക്കും മുറയ്‌ക്കും വന്ന കമ്യൂണിസ്‌റ്റ് നേതൃസര്‍ക്കാരുകള്‍ തെളിയിച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും അത് കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. കേരളത്തെ മുന്നോട്ടുനയിക്കുന്നതാണ് കമ്യൂണിസ്‌റ്റ് നേതൃസര്‍ക്കാരുകള്‍. എന്നാല്‍, കോൺ‌ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തെ പിന്നോട്ടടിക്കുന്നു. ഇടയ്‌ക്കുണ്ടാകുന്ന ഭരണമാറ്റം സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ് മന്ത്രിസഭ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനയായത്. കാര്‍ഷിക പരിഷ്‌കരണ ബില്‍, വിദ്യാഭ്യാസബില്‍, പൊലീസ് നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നോക്കപ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പരിപാടികളാണ് യഥാര്‍ഥത്തില്‍ കേരള മോഡല്‍ എന്ന് പില്‍ക്കാലത്ത് പ്രസിദ്ധമായ കേരള വികസന മാതൃകയ്‌ക്ക് അസ്ഥിവാരമിട്ടത്. ഈ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം കേരളീയസമൂഹത്തിലുണ്ടായി. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമംകൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരികരൂപങ്ങള്‍ ഇല്ലായ്‌മചെയ്യല്‍ തുടങ്ങിയവയെല്ലാം ഈ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ് ഉണ്ടായത്.

1967ല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ നയങ്ങളെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ ഈ കാലഘട്ടത്തില്‍ നടപ്പാക്കപ്പെട്ടു. കാര്‍ഷിക പരിഷ്‌കരണബില്‍, അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാട് സ്വീകരിച്ചു. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണവും കാര്‍ഷിക പരിഷ്‌കരണപരിപാടികളും ഇക്കാലത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു.

1980ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ പ്രധാനമായും ക്ഷേമപദ്ധതികള്‍ക്കും ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍ക്കും ഊന്നല്‍ നല്‍കി. മുമ്പ് അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച നയസമീപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്‌തു. 1987ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ ജനകീയ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നയങ്ങള്‍ മുന്നോട്ടുവച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ സാക്ഷരതപോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിച്ചു.

കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും ഇവ തകര്‍ക്കാതിരിക്കുന്നതിനും പുതിയ ജനകീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കമ്യൂണിസ്‌റ്റ് പാര്‍ടി നടത്തിയ പ്രക്ഷോഭങ്ങളും കേരളത്തിന്റെ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്‌തമായി. ഇതിന്റെ ഫലമായി നിരവധി നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് കേരളത്തിനു കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ സാമാന്യം ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമംകൂലി, വീടുവയ്‌ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ കരാളതയെ ഇല്ലാതാക്കാന്‍ കഴിഞ്ഞത് തുടങ്ങിയവ ഈ മുന്നേറ്റത്തിന്റെ ഫലമായി നമുക്ക് ലഭിച്ച നേട്ടങ്ങളാണ്.

എന്നാല്‍ സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച് സാമ്പത്തികവളര്‍ച്ച നേടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയാത്ത നില വന്നു. കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടാത്തതിന്റെ പ്രശ്‌നവും ഉയര്‍ന്നുവന്നു. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും നിലവാരത്തകര്‍ച്ചയും അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മയും പുതിയ പ്രശ്‌നങ്ങളായി സംസ്ഥാനത്തിനു മുമ്പില്‍ കടന്നുവന്നു.

കേരളത്തിന്റെ ഈ വികസനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് പാര്‍ടി സ്വീകരിച്ചു. അതിനായി കേരള വികസനത്തിന് താല്‍പ്പര്യമുള്ള ജനവിഭാഗങ്ങളെയാകെ അണിനിരത്തിയുള്ള വിശാലമായ ഒരു മുന്നേറ്റത്തിനാണ് ഈ കാലഘട്ടത്തില്‍ പാര്‍ടി ശ്രമിച്ചത്. ഇതിന്റെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ. ഇ എം എസ് മുന്‍കൈയെടുത്ത് 1994ല്‍ കേരള വികസനത്തെ സംബന്ധിച്ച അന്താരാഷ്‌ട്ര പഠനകോൺ‌ഗ്രസ് സംഘടിപ്പിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനത്തിനായി ജനങ്ങളെ അണിനിരത്തുക എന്ന ആശയം ഇതില്‍ മുന്നോട്ടുവച്ചു. ഈ ആശയം കമ്യൂണിസ്‌റ്റ് പാര്‍ടി ആദ്യമായി കേരളത്തില്‍ ഉന്നയിക്കുന്നതായിരുന്നില്ല. 1956ലെ പാര്‍ടി രേഖ ഇക്കാര്യം ഊന്നിയിട്ടുണ്ട്.

കമ്യൂണിസ്‌റ്റ് പാര്‍ടി മുന്നോട്ടുവച്ച ഈ വികസന കാഴ്‌ചപ്പാടിന്റെ പുതിയ കാലഘട്ടത്തിലേക്കുള്ള ചുവടുവയ്‌പായാണ് പഠന കോൺ‌ഗ്രസ് ഇ എം എസ് ഉള്‍പ്പെടെ കണ്ടിരുന്നത്. എന്നാല്‍, പലരും കരുതുന്നതുപോലെ ഇതൊരു അരാഷ്‌ട്രീയ പരിപാടിയുമല്ല. ജനങ്ങളെ വ്യത്യസ്‌ത അറകളാക്കി നിര്‍ത്തുക എന്നതാണ് വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാട്. ജനങ്ങളെ അവരുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് കമ്യൂണിസ്‌റ്റുകാര്‍ ലക്ഷ്യംവയ്‌ക്കുന്നത്. അത്തരമൊരു യോജിപ്പ് ജാതി-വര്‍ഗീയ ചിന്തകള്‍ക്കതീതമായി ജനകീയ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കും. ഈ തിരിച്ചറിവാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് അടിസ്ഥാനമായി തീര്‍ന്നത്.

ഒന്നാം പഠനകോൺ‌ഗ്രസില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ ഐക്യമുണ്ടായി. കാര്‍ഷിക-വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തണം എന്ന കാഴ്‌ചപ്പാട് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെ ചില തുരുത്തുകള്‍ സാമൂഹ്യശ്രദ്ധയിലൂടെ പരിഹരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അഭിപ്രായ ഐക്യം ഉണ്ടായി. വികസനത്തിന് സ്‌ത്രീപങ്കാളിത്തം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവയ്‌ക്കപ്പെട്ടു. ജനപങ്കാളിത്ത വികസനമാതൃകയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നതിനായി അധികാരവികേന്ദ്രീകരണത്തിന്റെ പ്രാധാന്യവും അംഗീകരിക്കപ്പെട്ടു.

1996ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ കാഴ്‌ചപ്പാട് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താന്‍ ജനകീയാസൂത്രണപദ്ധതി കൊണ്ടുവന്നു. കാര്‍ഷികമേഖല, വ്യാവസായികമേഖല തുടങ്ങിയവ ശക്തിപ്പെടുത്താനുള്ള പരിശ്രമവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. പുത്തന്‍ വികസനമേഖലകളായ ബയോ-ടെൿനോളജി, ഇന്‍ഫര്‍മേഷന്‍ ടെൿനോളജി എന്നിവയ്‌ക്കും പ്രാധാന്യം നല്‍കി. ടൂറിസംസാധ്യതകളെ വികസിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കി. സാമൂഹ്യക്ഷേമപദ്ധതികളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയും ശക്തിപ്പെടുത്താനും ഈ സര്‍ക്കാര്‍ തയ്യാറായി.

ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോയെങ്കിലും ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പദ്ഘടനയിലുണ്ടാക്കിയ പ്രതിസന്ധി ഈ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തുന്നതിന് തടസ്സമായി നിന്നു. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ എല്ലാ നേട്ടങ്ങളും ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് കമ്യൂണിസ്‌റ്റ് പാര്‍ടി തയ്യാറായി. പ്രക്ഷോഭത്തോടൊപ്പംതന്നെ പുതിയ വെല്ലുവിളികളെ നേരിടുന്ന തരത്തില്‍ ബദലുകള്‍ എങ്ങനെ രൂപപ്പെടുത്താമെന്ന ചര്‍ച്ചകളും മുന്നോട്ടു വയ്‌ക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു വികസന രേഖവച്ചുതന്നെ രണ്ടാം അന്താരാഷ്‌ട്ര പഠന കോൺ‌ഗ്രസ് സംഘടിപ്പിച്ചത്. അതിലെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്താണ് ഒരു വികസനപരിപാടി തയ്യാറാക്കി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞത്. ഇതിന് വമ്പിച്ച ബഹുജന അംഗീകാരം ലഭിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ചരിത്രത്തിലില്ലാത്ത വിജയം എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്‌തു.

ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായി. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും ഭക്ഷണവും നല്‍കുക എന്ന നയത്തില്‍നിന്നുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷിക-വ്യാവസായിക മേഖലകളെ ശക്തിപ്പെടുത്താനും സാമൂഹ്യക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ഇടപെടുകയാണ്. പൊതുമേഖലയെ പുനരുദ്ധരിക്കുക മാത്രമല്ല, പുതുതായി ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് കേരളം രാജ്യത്തിനുതന്നെ മാതൃകയായി. കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുമായി മുന്നോട്ടുപോവുകയാണ്. ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വികസന അനുഭവങ്ങളെ വിലയിരുത്താനും നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു രൂപരേഖ ഉണ്ടാക്കിയെടുക്കുക എന്നതുമാണ് ഇത്തരമൊരു പരിപാടികൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഈ വ്യവസ്ഥയ്‌ക്കുള്ളില്‍നിന്നുകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കിക്കളയാം എന്ന വ്യാമോഹം സിപിഐ എമ്മിനില്ല. ഫെഡറല്‍ ഘടന ഉയര്‍ത്തുന്ന പരിമിതിയെക്കുറിച്ചുള്ള തികഞ്ഞ ബോധ്യവും പാര്‍ടിക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ജനാധിപത്യപരമായ കേന്ദ-സംസ്ഥാന ബന്ധങ്ങൾക്കുവേണ്ടി പാർട്ടി നിലകൊള്ളുന്നത്. അതേ സമയം തന്നെ വർത്തമാന കാലത്ത് ഒന്നും ചെയ്യാനാകില്ല എന്ന നിരാശാബോധത്തെയും പാർട്ടി അംഗീകരിക്കുന്നില്ല. വ്യവസ്ഥയെ മാറ്റി മറിയ്‌ക്കാനുള്ള പോരാട്ട്ം നടത്തുമ്പോൾ തന്നെ ജനങ്ങൾക്ക് ആശ്വാസകരമായ ബദൽ ഉയർത്തുന്നതിനാണ് സിപിഐ എം ഇടപെടുന്നത്. ഈ കാഴ്‌ചപ്പാടോടെയാണ് കേരള വികസനത്തെ സിപിഐ എം സമീപിക്കുന്നത്.


*****


പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള പ്രശ്‌നങ്ങള്‍ അക്കാദമീയമായ ഉള്‍ക്കാഴ്‌ചയോടെയും രാഷ്‌ട്രീയമായ പ്രായോഗികതയോടെയും പരിശോധിക്കാനും പൊതുധാരണയും കാഴ്‌ചപ്പാടും രൂപപ്പെടുത്താനുമുള്ള സംരംഭമാണ് എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കേരളപഠന കോണ്‍‌ഗ്രസ്. കേരളം, ഇന്ത്യ, ലോകം എന്ന മൂന്നു തലങ്ങളിലും വിപ്ളവകരമായ നിലപാട് എടുത്തുകൊണ്ടാണ് സമഗ്രവികസന പരിപാടികളും ഭാവിപദ്ധതികളും നിര്‍ദേശിക്കുന്നത്. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന് ധൈഷണിക നേതൃത്വം നല്‍കുന്ന സിപിഐ എമ്മും അതടങ്ങുന്ന ഇടതുപക്ഷ-ജനധിപത്യ ചേരിയും മാത്രമല്ല, വ്യത്യസ്‌ത രാഷ്‌ട്രീയ ചിന്താഗതിക്കാരെയും അക്കാദമിക് പണ്ഡിതരെയും അടക്കം പങ്കെടുപ്പിക്കുന്ന ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പൊതുധാരണകളിലേക്ക് എത്തുക. ഇവിടെ രൂപീകരിക്കപ്പെടുന്ന, പുതിയ ദശകത്തിലേക്കുള്ള വികസന കാഴ്‌ചപ്പാടിനെയും പദ്ധതികളെയും സംബന്ധിച്ച ആശയസംവാദം പഠനകോണ്‍‌ഗ്രസിനുശേഷവും ഉണ്ടാകും.