Thursday, January 27, 2011

ജനിതകമാറ്റത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം

ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു സംവാദം നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംവാദമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണു തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഞാന്‍ ഇൌ വിഷയം പരാമര്‍ശിച്ചത്. ജനതിക മാറ്റം വരുത്താനുള്ള മനുഷ്യന്റെ അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ ഈ വിജ്ഞാന ശാഖയ്ക്കു മാനവരാശിയെ അനവധി മേഖലകളില്‍ വളരെയേറെ സഹായിക്കാന്‍ കഴിയും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ചില ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും സുരക്ഷ സംബന്ധിച്ചു പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതില്ലെന്നല്ല; അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും വേണം.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിജ്ഞാനം ഒരു കാരണവശാലും ഉപയോഗിക്കരുതെന്നു ശഠിക്കുന്നവരുടെ മുഖ്യവാദം അത്തരം സാങ്കേതികവിദ്യ പ്രയോഗിച്ചാല്‍ സസ്യങ്ങള്‍ക്കും മനുഷ്യനടക്കമുള്ള ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാകുമെന്നാണ്. യുഗ യുഗാന്തരങ്ങളായി പരിണാമത്തിലൂടെ പ്രകൃതി ഉയര്‍ത്തിക്കൊണ്ടു വന്ന സന്തുലനാവസ്ഥ മനുഷ്യന്റെ ഇടപെടലിന്റെ ഫലമായി തകരാറിലാകുമെന്ന് അഭിപ്രായപ്പെടുന്നു. ഏതു ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും ഇക്കാരണം പറഞ്ഞ് എതിര്‍ക്കാന്‍ കഴിയും.
പ്രകൃതിയിലും സമൂഹത്തിലും ബോധപൂര്‍വം മാറ്റം വരുത്തി കൂടുതല്‍ പ്രയോജനകരമാക്കാനുള്ള കഴിവിന്റെ വികാസമാണു മാനവരാശിയുടെ വളര്‍ച്ചയിലുടനീളം കാണുന്നത്. ഏതു ശാസ്ത്ര - സാങ്കേതിക ശാഖയായാലും കരുതലില്ലാതെ ഉപയോഗിച്ചാല്‍ അപകടം സംഭവിക്കാം. വൈദ്യുതിയുടെയും അണുശക്തിയുടെയും കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടം വരുത്തുകയില്ലെന്ന് ഉറപ്പുള്ള ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ മാത്രമേ വിതരണം ചെയ്യാറുള്ളൂ. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനുള്ള അറിവും കഴിവും വികസിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ആശങ്കകളുടെ പേരില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ പൊതുവില്‍ എതിര്‍ക്കുന്നതു ശരിയായ നിലപാടല്ല.

ജനിതക മാറ്റം വരുത്തിയ ഒട്ടേറെ വസ്തുക്കള്‍ അനവധി രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളും ഇവയില്‍പ്പെടും. ഇന്ത്യയില്‍ വിപുലമായി കൃഷി ചെയ്യുന്ന ജനിതക മാറ്റം വരുത്തിയ വിള ബിടി പരുത്തിയാണ്. 2002 മുതലാണ് ഇന്ത്യയില്‍ ഇതു കൃഷി ചെയ്തു തുടങ്ങിയത്. പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ 90% ഭാഗവും ഇന്നു ബിടി പരുത്തി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ആരും അടിച്ചേല്‍പിച്ചതു കൊണ്ടുണ്ടായ മാറ്റമല്ലിത്. ബിടി പരുത്തി കൃഷി ചെയ്താല്‍ ഉല്‍പാദനം വര്‍ധിക്കുമെന്നു കണ്ടു കൃഷിക്കാര്‍ സ്വമേധയാ മുന്നോട്ടു വന്നതിന്റെ ഫലമായിരുന്നു.

മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതിനോടു ബിടി പരുത്തിയുടെ വ്യാപനത്തെ താരതമ്യപ്പെടുത്താം. മൊബൈല്‍ ഫോണും ആരും ബലമായി ജനങ്ങളില്‍ അടിച്ചേല്‍പിച്ചതല്ല. സൌകര്യമാണെന്നു കണ്ടു ജനങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണ്. ബിടി പരുത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പരുത്തിയുടെ ഉല്‍പാദനം 2002ല്‍ 136 ലക്ഷം മൊബെയിലായിരുന്നത് 325 ലക്ഷം മൊബെയിലായി ഇന്നു വര്‍ധിച്ചു.

തലമുറകള്‍ കഴിഞ്ഞു മാത്രമേ ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ വരുന്ന അപകടങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം. മനുഷ്യര്‍ ഇതിനകം ആര്‍ജിച്ച ശാസ്ത്രീയ പരിജ്ഞാനം വെളിപ്പെടുത്തുന്നത് അങ്ങനെ അപകടമുണ്ടാവില്ലെന്നാണ്. സുരക്ഷ ഉറപ്പുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുള്ളത്. ഭാവിയില്‍ അപകടമുണ്ടാകാനിടയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം മഹാ ഭൂരിപക്ഷം ശാസ്ത്രജ്ഞരും അടിസ്ഥാനമില്ലാത്ത ആശങ്ക മാത്രമാണെന്നു ചൂണ്ടിക്കാട്ടുന്നു. അന്‍പതോ നൂറോ കൊല്ലം കഴിയുമ്പോള്‍ ഒരുപക്ഷേ ഏതെങ്കിലും അപകടമുണ്ടായാല്‍ അതിനെ അന്നു നേരിടുന്നതിനു ശാസ്ത്രം തീര്‍ച്ചയായും കരുത്താര്‍ജിച്ചിരിക്കും.

ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളില്‍നിന്നു നാടിനെ വിമുക്തമാക്കി നിര്‍ത്താനാവുമെന്ന വാദം പ്രായോഗികമാക്കാന്‍ പ്രയാസമാണ്. ജനിതക മാറ്റം വരുത്തിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നു വരുന്നുണ്ട്. ഇന്ത്യയിലെ പരുത്തി ഉല്‍പാദനത്തിന്റെ സിംഹ ഭാഗവും ബിടി പരുത്തിയാണെന്ന വസ്തുത, നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ബിടി പരുത്തി ഉണ്ടാകാനിടയുണ്ടെന്നാണു സൂചിപ്പിക്കുന്നത്.

ബിടി പരുത്തിക്കുരു ആട്ടിയ എണ്ണ പാചകത്തിന് ഇന്ന് ഉപയോഗിച്ചു വരുന്നു. കന്നുകാലിത്തീറ്റയ്ക്കായി ബിടി പരുത്തിയുടെ പിണ്ണാക്ക് ഉപയോഗപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി ചിലരെല്ലാം ആശങ്കപ്പെടുന്നതുപോലെയോ, പ്രചരിപ്പിക്കുന്നതുപോലെയോ എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. പരുത്തിക്കൃഷിക്കാരുടെ ആത്മഹത്യയുടെ കാരണം മറ്റു പലതുമാണ്. ബിടി പരുത്തിയിലെ വിരകള്‍ക്കു നാശമുണ്ടാക്കുന്ന വിഷാംശത്തെ ചെറുക്കാന്‍, ബാള്‍ വിരകള്‍ പ്രതിരോധ ശക്തിയാര്‍ജിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് മാത്രമാണു ബിടി പരുത്തിക്ക് എതിരായി പുറത്തു വന്നിട്ടുള്ളത്.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ അതിന്റെ പ്രയോജനം മൊണ്‍സാന്റോയ്ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മാത്രമായിരിക്കുമെന്നും അതുകൊണ്ടു ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനേ പാടില്ലെന്നതുമാണു മറ്റൊരു പ്രധാന വാദം. മൊണ്‍സാന്റോയുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഈ രംഗത്തെ കുത്തക ഒഴിവാക്കാന്‍, ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ പൊതുമേഖല മുന്നോട്ടു വരണമെന്നാണു ഞാന്‍ അഭിപ്രായപ്പെട്ടത്. പൊതുമേഖല ഇൌ രംഗത്തു വന്നാല്‍, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകനു നല്‍കാന്‍ കഴിയും.

ഇപ്പോള്‍ മൊണ്‍സാന്റോയും കൂട്ടുകാരും ബിടി പരുത്തി വിത്തിനു കൃഷിക്കാരില്‍നിന്നു വലിയ വിലയാണ് ഈടാക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുമേഖലയ്ക്കു വലിയ സംഭാവന ചെയ്യാനാകും. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള മേഖലകളില്‍ ഗവേഷണം വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാനും പൊതുമേഖലയ്ക്കു സഹായിക്കാനാകും. സ്വകാര്യമേഖല ലാഭത്തിനാണ് മുന്‍ഗണന നല്‍കുക.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കി അതിനെപ്പറ്റിയുള്ള അറിവും പ്രയോഗിക്കാനുള്ള പാടവവും മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഈ മേഖല എന്നെന്നേക്കും മൊണ്‍സാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കൈപിടിയില്‍ത്തന്നെ അമര്‍ന്നിരിക്കും. നാം എന്നും പിന്നാക്ക രാജ്യക്കാരായി തുടരുകയും ചെയും. ബഹുരാഷ്ട്ര കമ്പനികളുടെ ശാസ്ത്ര - സാങ്കേതിക രംഗത്തെ കുത്തകയും മേധാവിത്തവും പേറ്റന്റ് നിയമത്തെ ഉപയോഗിച്ചു നിലനിര്‍ത്താനാണവര്‍ ശ്രമിച്ചു വരുന്നത്. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിദ്യ ഉപയോഗിക്കുകയില്ലെന്നു തീരുമാനിച്ചാല്‍ മൊണ്‍സാന്റോ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ എന്താഗ്രഹിക്കുന്നോ അതു നടപ്പാക്കാന്‍ നാം സ്വയം തീരുമാനിച്ചു നീങ്ങുന്ന ഫലമാണുണ്ടാകുക.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ ഉപ്പുരസമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ധാന്യങ്ങളിലും കിഴങ്ങുകളിലും പഴ വര്‍ഗങ്ങളിലും പച്ചക്കറികളിലും ധാതുക്കളുടെയും വൈറ്റമിനുകളുടെയും അളവു വര്‍ധിപ്പിച്ചു കൂടുതല്‍ പോഷകാംശങ്ങളുള്ളവയാക്കി മാറ്റാനാകുമെന്നും ശാസ്ത്രം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകളാകെ തള്ളിക്കളയാന്‍ പാടില്ല. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ പുരോഗതി നേടാനോ സാധ്യമല്ല. ഇതിനു മനുഷ്യരാശിയുടെ കയ്യിലുള്ള ആയുധങ്ങള്‍ ശാസ്ത്രം നല്‍കുന്ന അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവുമാണ്.

റബര്‍ മേഖലയില്‍ ജനിതക മാറ്റം വരുത്താനുള്ള വിദ്യ ഉപയോഗിക്കുകയില്ലെന്ന നിലപാടു സ്വീകരിക്കുന്നത് അപകടകരമാകും. റബറിന്റെ ഉല്‍പാദനക്ഷമതയില്‍ കേരളം ഇന്നു ലോകത്തിന്റെ മുന്‍നിരയിലാണ്. റബര്‍ക്കൃഷിക്കാര്‍ പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്. ഏതെങ്കിലും തെക്കു കിഴക്കന്‍, ഏഷ്യന്‍ രാജ്യമോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമോ ജനിതക മാറ്റം വരുത്താനുള്ള ശാസ്ത്ര - സാങ്കേതിക വിദ്യ വിജയകരമായി പ്രയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് അത്തരം റബറുമായി ലോക കമ്പോളത്തിലെത്തിയാല്‍ കേരളത്തിലെ റബര്‍ക്കൃഷിക്കാരുടെ നില അപകടത്തിലാവും. പൂമ്പാറ്റകളെയും തേനീച്ചകളെയും പറവകളെയും മറ്റു സസ്യജന്തു ജാലങ്ങളെയും അപകടത്തില്‍ അകപ്പെടുത്താതെ ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനാകും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇതിനുള്ള കഴിവ് ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖല ഇൌ രംഗത്തു കടന്നു വരണം.

ശാസ്ത്ര - സാങ്കേതിക വിദ്യയുടെ മേലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയും മേധാവിത്തവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിനു പകരം ശാസ്ത്ര - സാങ്കേതിക വിദ്യയെത്തന്നെ എതിര്‍ക്കുന്നതു ശരിയായ സമീപനമല്ല. ശാസ്ത്ര - സാങ്കേതിക പുരോഗതി കരുതലില്ലാതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉയര്‍ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ലോക -ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വകാര്യ മേഖല ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ മൊത്തത്തില്‍ ഒഴിവാക്കി നിര്‍ത്താനാവില്ല. നാം ഇന്നുപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ വലിയ പങ്കും സ്വകാര്യ മേഖലയും അവയില്‍ പലതും ബഹുരാഷ്ട്ര കമ്പനികളും ഉല്‍പാദിപ്പിക്കുന്നവയാണ്. ഉല്‍പാദന രംഗത്തു പൊതുമേഖലാ മേധാവിത്തം സ്ഥാപിക്കുന്നതു വരെ ഇൌ നില തുടരും.

ഇന്നു നടക്കുന്ന സംവാദത്തിനു മറ്റൊരു വശമുണ്ടെന്നതും വിസ്മരിക്കരുത്. ലോക കാര്‍ഷിക കമ്പോളം പിടിക്കാന്‍ യുഎസും യൂറോപ്പും തമ്മില്‍ കടുത്ത മല്‍സരമാണു നടക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഏറെ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ജനിതക വിളകള്‍ക്കെതിരെ പ്രചാര വേല നടത്തിയാണു യൂറോപ്പ് അമേരിക്കയെ ചെറുക്കുന്നത്. ഇരു വിഭാഗവും പ്രചാരണത്തിനു പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വന്‍ തുകകള്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഇൌ പ്രചാര വേലകളില്‍ കുടുങ്ങരുത്. നമ്മുടെ സമീപനം ശാസ്ത്രീയമാവണം. സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചുള്ളതാകണം. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കു നടത്തി അറിവും അറിവു പ്രയോഗിക്കാനുള്ള ശാസ്ത്ര - സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തേണ്ടതു രാജ്യ പുരോഗതിക്ക് ആവശ്യമാണ്.

*
എസ്. രാമചന്ദ്രന്‍പിള്ള(സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)
കടപ്പാട്: മലയാള മനോരമ 25 ജനുവരി 2011

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു സംവാദം നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംവാദമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണു തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഞാന്‍ ഇൌ വിഷയം പരാമര്‍ശിച്ചത്. ജനതിക മാറ്റം വരുത്താനുള്ള മനുഷ്യന്റെ അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ ഈ വിജ്ഞാന ശാഖയ്ക്കു മാനവരാശിയെ അനവധി മേഖലകളില്‍ വളരെയേറെ സഹായിക്കാന്‍ കഴിയും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

Anonymous said...

രാഷ്ട്രീയക്കാര്‍ക്ക് ജനിതകസാങ്കേതികവിദ്യയില്‍ എന്താണ് കാര്യം എന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
1300 കോടി രൂപയാണ് ജനിതകസാങ്കേതികവിദ്യ പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ ചിലവാക്കുന്നത്. ശരിക്കും പഠനങ്ങള്‍ നടക്കട്ടേ. സ്വതന്ത്ര ടെസ്റ്റ് കഴിഞ്ഞ് നല്ലതെങ്കില്‍ സ്വീകരിക്കാം. പ്രചാരവേലകള്‍ക്ക് പകരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവരൂ.

എന്നാല്‍ കാലാവസ്ഥാ മാറ്റം പോലെ അതി ഭീമമായ പ്രശ്നം ലോകം അനുഭവിക്കുമ്പോള്‍, അതിനേക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ ഇല്ലാത്ത ജനിതകസാങ്കേതികവിദ്യക്ക് വേണ്ടി മുതല കണ്ണുനീര്‍ ഒഴുക്കുന്നത് തട്ടിപ്പ് തന്നെയാണ്.

വര്‍ക്കേഴ്സ് ഫോറം said...

"രാഷ്ട്രീയക്കാര്‍ക്ക് ജനിതകസാങ്കേതികവിദ്യയില്‍ എന്താണ് കാര്യം എന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല."

വളരെ ചൈൽഡിഷ് ആയിപ്പോയി ഈ വിലയിരുത്തൽ. താങ്കളെ പോലെ ഒരാളിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല. ജനകോടികളുടെ ജീവിതത്തെ ബാധിക്കുന്ന നയങ്ങൾ ആരാണ് തീരുമാനിയ്ക്കുനത്. ആർക്കാണ് ജനങ്ങളോട് അല്പമെങ്കിലും അക്കൌണ്ടബിലിറ്റി ഉള്ളത്

ഈ ലേഖനം പ്രാചാര വേലയാകുന്നതെങ്ങനെ?

Anonymous said...

കേന്ദ്ര സര്‍ക്കാര്‍ ഈ സാങ്കേതിക വിദ്യ അവഗണിക്കുന്നെങ്കില്ഡ നമുക്ക് പ്രതികരിക്കാം. സ്വതന്ത്ര ടെസ്റ്റ് കഴിഞ്ഞ് നല്ലതെന്ന് തെളിഞ്ഞിട്ടും ആളുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ നമുക്ക് പ്രതികരിക്കാം. പക്ഷേ ഇതൊന്നും നടന്നിട്ടില്ല.
ആദ്യം പല ഏജന്‍സികള്‍ സ്വതന്ത്ര ടെസ്റ്റ് നടത്തട്ടേ. പേറ്റന്റ് വ്യവസ്ഥകള്‍ ഇല്ലാതാക്കൂ. അങ്ങനെയുള്ള ശ്രമങ്ങള്‍ നല്ലതാണ്.

ഇത് ഇന്‍ഡ്യയിലേയോ ലോകത്തിലേയോ ഏറ്റവും പ്രധാനപ്രശ്നമല്ല. ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ നമുക്ക് ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഉത്പാദിപ്പിക്കുന്നുമുണ്ട്. അതിന്റെ വിതരണമാണ് പ്രശ്നം.

18ആം നൂറ്റാണ്ടിലെ പുരോഗതി എന്ന ആശയം വെച്ച് നമുക്ക് ഇന്ന് ജീവിക്കാനാവില്ല. എല്ലാ ആശയങ്ങളേയും പുനര്‍നിര്‍വ്വചനം ചെയ്യാനുള്ള സമയമാണിത്.

ആ സമയത്ത് മുതലാളിമാരേ പോലെ സാങ്കേതികവിദ്യ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും എന്ന് പറയുന്നത് ഭൂരിപക്ഷത്തിന്റെ നാശത്തിലേക്കുള്ള വഴിയാണ്.