Friday, January 21, 2011

അവര്‍ എവിടെപ്പോകും?

ആരവങ്ങളും കെട്ടുകാഴ്ചകളും തട്ടുപൊളിപ്പന്‍ ഡയലോഗുകളും അകമ്പടി സേവിച്ച, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചതുര്‍കക്ഷി പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ ശൂന്യതയില്‍ വിലയം പ്രാപിച്ചു. പെരുംനുണകളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഇസ്രയേല്‍, പലസ്തീനികളുടെ സ്വാതന്ത്ര്യത്തെയും ദേശരാഷ്ട്രമായിത്തീരാനുള്ള അവകാശത്തെയും നിരന്തരം നിഷേധിക്കുകയാണ്. ഇസ്രയേലിന്റെ സുരക്ഷിതത്വം, ജൂതരാഷ്ട്രമായി തുടരാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് വന്നതോടെ സമാധാനപ്രക്രിയ ഇത്തവണയും പരാജയത്തിലേക്ക് കൂപ്പുകുത്തി. “പരാജയം’ ഉറപ്പുവരുത്തി’ തുടക്കം കുറിച്ച സമാധാനചര്‍ച്ച എന്നാണ് വിഖ്യാത ഇസ്രയേലി ചരിത്രകാരന്‍ ഇലാന്‍ പാപ്പി ഒബാമയുടെ ശ്രമത്തെ വിശേഷിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റുമാരുടെ അജന്‍ഡകളില്‍ ചൂടപ്പംപോലെ വിറ്റുപോകുന്ന ഇനമാണ് പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പലസ്തീന്‍ ചര്‍ച്ച. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പ്രസിഡന്റ് പദത്തിലേറിയ ഒബാമ പലസ്തീനികളെ പിന്നെ ഓര്‍ക്കുന്നത് അമേരിക്കന്‍ കോൺഗ്രസിലേക്കും സെനറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോഴാണ്. പലസ്തീനികള്‍ക്ക് സ്വതന്ത്ര രാജ്യം നല്‍കി പ്രതിച്ഛായ വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു ഡെമോക്രാറ്റുകളുടെ ലക്ഷ്യം.

ആഭ്യന്തരരംഗത്തും അന്താരാഷ്ട്രതലത്തിലും നിര്‍ണായകമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത ഒബാമ പലസ്തീനെ വച്ച് ഭാഗ്യപരീക്ഷണം നടത്തി. ഇസ്രയേലിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് പലതവണ വ്യക്തമാക്കിയ ഒബാമയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സമാധാന ചര്‍ച്ചകള്‍ വൈറ്റ് ഹൌസിലെ ചായസല്‍ക്കാരത്തില്‍ അവസാനിക്കുകയും സെനറ്റ് തെരഞ്ഞെടുപ്പില്‍ ഒബാമയും കൂട്ടരും എട്ടുനിലയില്‍ പൊട്ടുകയുംചെയ്തു.

അങ്കിള്‍ സാമിന്റെ 'കാരറ്റ് ആന്‍ഡ് സ്‌റ്റിക്ക് ' സമീപനം ക്രൂരഫലിതമായി തുടര്‍ച്ചയായി പലസ്തീനില്‍ ആവര്‍ത്തിക്കപ്പെടുന്നു. പിറന്ന മണ്ണും ജീവിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ട പലസ്തീനികള്‍ക്ക് അടിച്ചമര്‍ത്തലിന് അര്‍ധവിരാമമിട്ടുകൊണ്ട് ഇടയ്ക്കിടെ“സമാധാന ചര്‍ച്ചകള്‍’ സമ്മാനമായി ലഭിക്കും. 1990കള്‍ക്കു ശേഷം സമാധാന ചര്‍ച്ചകളില്‍നിന്ന് ഐക്യരാഷ്ട്ര സഭ മാറ്റിനിര്‍ത്തപ്പെട്ടു. ബില്‍ ക്ളിന്റന്‍ തുടക്കം കുറിച്ച ക്യാമ്പ് ഡേവിഡ് സമാധാനപ്രക്രിയ, ജോര്‍ജ് ഡബ്ള്യു ബുഷ് മുന്നോട്ടുവച്ച ‘റോഡ് മാപ്പ് ’, ഒബാമയുടെ സമാധാനപദ്ധതി എന്നിവയില്‍ ലോകത്തിന്റെ ശബ്ദം പ്രതിധ്വനിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. സയണിസ്‌റ്റ് - യാങ്കി സഖ്യം തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ച് അവതരിപ്പിക്കുന്ന ഹാസ്യ നാടകങ്ങളായിരുന്നു ഇവയെല്ലാം.

1967ലെ ആറുദിന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം ചേര്‍ത്ത് ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന അഭിപ്രായം രാഷ്ട്രങ്ങളും മതനേതൃത്വങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും ഒറ്റക്കെട്ടായി പ്രകടിപ്പിച്ചിട്ടുണ്ട്. 2001ല്‍ പലസ്തീന്‍ സന്ദര്‍ശനവേളയില്‍ ഇസ്രയേലിന്റെ സൈനിക അതിക്രമങ്ങളെ ജോൺപോള്‍ രണ്ടാമന്‍ മാര്‍പാപ്പ ശക്തമായി വിമര്‍ശിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കണമെന്നും ദേശരാഷ്ട്രമായിത്തീരാനുള്ള പലസ്തീനികളുടെ അവകാശത്തെ താമസംവിനാ അംഗീകരിക്കണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. 2008ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

ആംഗ്ളിക്കന്‍ സഭ ഗാസ ഉപരോധത്തിനെതിരെ രംഗത്തുവന്നു. ഗാസയില്‍നിന്ന് പിന്‍മാറാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആംഗ്ളിക്കന്‍ സഭ‘ ആവശ്യപ്പെടുകയുംചെയ്തു. ആംഗ്ളിക്കന്‍ സഭയുടെ ആത്മീയ നേതാവും തലവനുമായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഡോ. റോവന്‍ വില്യംസ് പലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നു. ഇസ്ളാമിക ഭീകരവാദം ചൂണ്ടിക്കാട്ടി പലസ്തീന്‍ വിമോചന സമരത്തെ വിമര്‍ശിക്കുന്ന സമീപനത്തോട് അദ്ദേഹത്തിന് യോജിപ്പില്ല. മുസ്ളിം സമൂഹത്തിന്റെ ആശങ്ക നീക്കാനുള്ള സമീപനം കൂടി വേണം എന്ന് അദ്ദേഹം പാശ്ചാത്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുറന്നടിച്ചു. ഭീകരവാദത്തെ തകര്‍ക്കാനെന്ന പേരില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളുടെയും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെയും വിമര്‍ശകനാണ് അദ്ദേഹം. "ഭീകരവാദത്തെ ആക്രമിച്ച് ഇല്ലാതാക്കാമെന്ന ധാരണ എനിക്കില്ല. തകര്‍ന്ന ഇറാഖിനെ അതുപോലെ പുനഃസൃഷ്ടിക്കാനാകുമോ? നാളെ ഇറാനെ ആക്രമിക്കുന്നതിനെയും ഇതേ കാരണത്താല്‍ എതിര്‍ക്കും''- കേരളം സന്ദര്‍ശിച്ച വേളയില്‍ (ഒക്ടോബര്‍ 28, 2010) ഡോ. റോവന്‍ വില്യംസ് വ്യക്തമാക്കി. കത്തോലിക്കാ സഭ‘റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആംഗ്ളിക്കന്‍ സഭ, യൂറോപ്പിലെ വിവിധ പ്രൊട്ടസ്‌റ്റന്റ് വിഭാഗങ്ങള്‍ എന്നിവ ഔദ്യോഗിക തലത്തില്‍ പലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്നു. മാത്രമല്ല “ക്രിസ്ത്യന്‍ - മുസ്ളിം സംസ്കൃതികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ അവ നിരാകരിക്കുകയും ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ പക്ഷേ, സ്ഥിതി വ്യത്യസ്തമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം പാശ്ചാത്യ സംസ്കൃതിയുടെ ശത്രു എന്ന നിലയില്‍ ഇസ്ളാമികലോകത്തെ പൊതുസമൂഹത്തില്‍ ‘ഭരണകൂടം അവതരിപ്പിച്ചു. ജോര്‍ജ് ബുഷിന്റെ പരിലാളനയില്‍ “ക്രിസ്ത്യന്‍ യണിസം’അമേരിക്കയില്‍ വേരു പിടിച്ചു. ജൂതന്‍മാരുടെ സ്വാഭാവികമിത്രം എന്ന നിലയില്‍ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ ജൂതപക്ഷത്ത് അടിയുറച്ചു നില്‍ക്കണമെന്ന വാദമാണ് ക്രിസ്ത്യന്‍ സയണിസ്‌റ്റുകള്‍ ഉയര്‍ത്തിയത്. "ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജന''മായ ജൂതര്‍ക്ക് യഹോവ നല്‍കിയ വാഗ്ദത്തഭൂമിയായ പലസ്തീനില്‍ അറബികള്‍ക്ക് അവകാശമില്ലെന്നും അവര്‍ വാദിക്കുന്നു. യാഥാസ്ഥിതിക വാദത്തിന്റെ ഓരംചേര്‍ന്ന് വളര്‍ന്നുവന്ന ‘ക്രിസ്ത്യന്‍ സയണിസം’ അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.

‘ജൂതരാഷ്ട്രമായി’ തുടരാനുള്ള ഇസ്രയേലിന്റെ അവകാശം അനിഷേധ്യമാണെന്ന് ചര്‍ച്ചയ്ക്കിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഇതോടുകൂടി പലസ്തീന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ്, ഇസ്രയേലിലെ 10 ലക്ഷത്തോളം വരുന്ന അറബികളുടെ പദവി എന്നീ വിഷയങ്ങളില്‍ ജൂതവംശീയ നിലപാടുകളില്‍ ഇസ്രയേല്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമായി. സ്വതന്ത്ര പലസ്തീനിന്റെ തലസ്ഥാനമായി ജറുസലേം വിട്ടുകൊടുക്കില്ലെന്ന് നെതന്യാഹു അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയും ചെയ്തതോടെ വഞ്ചി പിന്നെയും തിരുനക്കര തന്നെയായി.

ജോര്‍ജ് ബുഷിന്റെ ക്രിസ്ത്യന്‍ സയണിസ്‌റ്റ് നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി സമതുലിത സമീപനം ഒബാമ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സയണിസ്‌റ്റ് ലോബിയുടെ സമ്മര്‍ദതന്ത്രങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നു വേണം കരുതാന്‍. സയണിസ്‌റ്റ് നിഘണ്ടുവിലെ ജൂതരാഷ്ട്രം ആധുനിക ഇസ്രയേല്‍ അല്ല. പുരാതന മെസപ്പൊട്ടേമിയയിലെ ചാല്‍ദിയന്‍ നഗരമായ ഉര്‍ നഗരത്തില്‍നിന്ന് അബ്രഹാം സഞ്ചരിച്ച മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട വിശാല ഇസ്രയേല്‍ആണ് സയണിസ്‌റ്റ് ജൂതരാഷ്ട്രം. ആധുനിക ഇസ്രയേലിന്റെ ലക്ഷ്യം ‘ജൂതരാഷ്ട്രം’ സ്ഥാപിക്കുകയാണെന്ന്’ ഇസ്രയേലിന്റെ പ്രഥമ പ്രധാനമന്ത്രി ബെന്‍ഗുറിയന്‍ പറഞ്ഞതിന്റെ ആന്തരാര്‍ഥം‘വിശാല ഇസ്രയേല്‍’ സ്ഥാപിക്കുകയെന്നാണ്. ഒരു ജൂതവംശീയ രാഷ്ട്രത്തിന് അതിന്റെ അതിര്‍ത്തിക്കുള്ളിലോ വിശാല ഇസ്രയേലിന്റെ ഭൂമിശാസ്ത്ര മേഖലയിലോ അറബികളെ അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്.

1987ലെ ഒന്നാം ഇന്‍തിഫാദയ്ക്കു ശേഷം ‘അറബ് സയണിസം’എന്ന പേരിലറിയപ്പെടുന്ന അറബ് വംശീയ വാദം പലസ്തീനില്‍ ശക്തിപ്പെട്ടു. അറബികളുടെ മാതൃഭൂമിയായ പലസ്തീനില്‍നിന്ന് മുഴുവന്‍ ജൂതരെയും പുറത്താക്കി ഒരു ‘അറബ് രാഷ്ട്രം’സ്ഥാപിക്കണമെന്ന വാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. അല്‍ ഖായ്‌ദയുമായി ബന്ധമുള്ള അറബ് സയണിസ്‌റ്റുകള്‍ സമാധാന പ്രക്രിയക്ക് ചെറിയ തോതിലെങ്കിലും തടസ്സമാകുന്നുണ്ട്. ചുരുക്കത്തില്‍ സയണിസ്‌റ്റ് - യാങ്കി കൂട്ടുകെട്ടിന്റെയും വിവിധ പോരാട്ട സംഘടനകളുടെയും താല്‍പ്പര്യങ്ങളുടെ പാറക്കെട്ടില്‍ തട്ടി പലസ്തീനികളുടെ വിമോചനസ്വപ്നങ്ങള്‍ തകര്‍ന്നടിയുകയാണ്.

"അവസാനത്തെ അതിരുകളും കഴിഞ്ഞാല്‍ നാമെവിടെപ്പോകും
അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പക്ഷികള്‍ എവിടെപ്പോകും''

പലസ്തീനികളുടെ ദേശീയകവിയും വിമോചനപ്പോരാളിയുമായ മുഹ്‌മൂദ് ദാര്‍വിഷ് നെഞ്ചുകീറിപ്പാടിയ ഈ വരികള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത സംസ്കൃതിയെ ആന്തരവല്‍ക്കരിച്ച സമസ്ത മനുഷ്യര്‍ക്കുമുണ്ട്.


*****


ഡോ. പി ജെ വിന്‍സെന്റ്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"അവസാനത്തെ അതിരുകളും കഴിഞ്ഞാല്‍ നാമെവിടെപ്പോകും

അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പക്ഷികള്‍ എവിടെപ്പോകും''