Saturday, June 2, 2012

വിജയകരമായ ഒരു പിന്‍മാറ്റം

അങ്ങനെ ഓര്‍മ്മയില്‍ ആദ്യമായി പ്രൊഫഷണല്‍ കോളജു പ്രവേശനത്തിനുള്ള റാങ്കു ലിസ്റ്റ് തയാറാവുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ വിദ്യാര്‍ഥി പ്രവേശനവും ഫീസ് നിരക്കും സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയായിരിക്കുന്നു. ആദ്യത്തെ നോട്ടത്തില്‍ വളരെ നല്ല കാര്യം തന്നെ. പക്ഷേ 'ചെറിയ അക്ഷരങ്ങള്‍' വായിക്കുമ്പോഴാണ് ചതിക്കുഴികള്‍ ശ്രദ്ധയില്‍ പെടുക. ഓസ്‌കാര്‍ വൈല്‍ഡ്  എന്ന സുപ്രസിദ്ധ സാഹിത്യകാരന്റെ രസകരമായ ഒരു പറച്ചിലുണ്ട്: 'എനിക്ക് പ്രലോഭനങ്ങളെ നേരിടാനുള്ള ഒരെളുപ്പവഴിയുണ്ട്, അവയ്ക്ക് കീഴടങ്ങിക്കൊടുക്കുക!' ഏതാണ്ടതുപോലെ തന്നെയാണ് ഈ സര്‍ക്കാരും മാനേജുമെന്റുകളെ നേരിട്ടത്: അവര്‍ പറയുന്നത് സമ്മതിക്കുക! പിന്നെ ധാരണ ഉണ്ടാക്കാനെന്താണ് വിഷമം?

എല്ലാ സ്വാശ്രയ മാനേജുമെന്റുകളുടെയും എക്കാലത്തെയും ഡിമാന്റ് വളരെ ലളിതമാണ്: മുടക്കുമുതലും ലാഭവും കിട്ടണം. പിന്നെ, കിട്ടുന്ന ലാഭം കച്ചവടത്തില്‍ തന്നെ മുടക്കുന്നവരും വീട്ടില്‍ കൊണ്ടുപോകുന്നവരും എന്ന ഒരു വേര്‍തിരിവ് ആണ് ഉള്ളത്. കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ പൊതുവെ ഒന്നാം തരക്കാരാണെങ്കില്‍ വ്യക്തിഗത മാനേജുമെന്റുകളും 'കൂട്ടുകൃഷിക്കാരും' രണ്ടാമത്തെ വിഭാഗത്തില്‍ പെടും. പിന്നെ ഒരു വേര്‍തിരിവുള്ളത് 'ന്യായവില' ഷോപ്പുകാരും കരിഞ്ചന്തക്കാരും തമ്മിലാണ്. സര്‍ക്കാര്‍ പറയുംപ്രകാരം, അല്ലെങ്കില്‍ കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന്, വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫീസ് പിരിച്ചു മുടക്കുമുതലും 'ന്യായമായ' ലാഭവും കിട്ടുമെങ്കില്‍ ഒരു കൂട്ടര്‍ അതിന് തയാറാണ്. അത് ന്യായവിലഷോപ്പ് കച്ചവടം. പക്ഷേ പലപ്പോഴും അത് നടക്കാറില്ല. റേഷന്‍ കടകളില്‍ പോലും അത് നടക്കുന്നില്ല, പിന്നെയല്ലേ ഡിഗ്രിക്കടകളില്‍! ഇത്രയും കാശുമുടക്കി കോളജു നടത്തിയിട്ട് അവിടെ നമുക്ക് 'വേണ്ടപ്പെട്ടവര്‍ക്ക്' നാല് സീറ്റ് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെന്തു കൃതം? അപ്പോള്‍ പ്രവേശനത്തില്‍ നമുക്ക് ഒരു പഴുത് വേണം. അതിന് മാനേജുമെന്റു ക്വാട്ട എന്നോ എന്‍ ആര്‍ ഐ ക്വാട്ട എന്നോ എന്തു പേര് വേണമെങ്കിലും പറഞ്ഞോട്ടെ. (അധ്യാപകരുടെ ശമ്പളം ഉള്‍പ്പെടെ സകല ചെലവും സര്‍ക്കാര്‍ വഹിക്കുന്ന എയിഡഡ്  കോളജുകളില്‍ പോലും ഈ സൗജന്യം സര്‍ക്കാര്‍ അറിഞ്ഞു ചെയ്തിട്ടുണ്ടല്ലോ, പിന്നെന്താ ഞങ്ങള്‍ക്ക് തന്നാല്‍ എന്നാണ് അവരുടെ ന്യായമായ ചോദ്യം.) ഈ ക്വാട്ട ഇമ്മിണി വലുതാണെങ്കില്‍ മറ്റു സീറ്റുകളുടെ ഫീസ് അല്‍പസ്വല്‍പം കുറവാണെങ്കിലും സാരമില്ല എന്ന വിട്ടുവീഴ്ച ചെയ്യാനും അവരില്‍ പലരും തയാറാകും. എന്തെന്നാല്‍ ഈ സീറ്റുകളില്‍ നല്ല കൊയ്ത്തിനു സാധ്യതയുണ്ട് എന്ന് അവര്‍ക്കറിയാം. ചോദിക്കുന്നത് കൊടുക്കാന്‍ തയാറായി പണചാക്കുകളുമായി ആളുകള്‍ ക്യൂ നില്‍ക്കുകയല്ലേ. അക്കാര്യത്തില്‍ ദൈവങ്ങള്‍ നടത്തുന്ന കോളജുകളും പുണ്യവാളന്മാരുടെ പേരില്‍ നടത്തുന്ന കോളജുകളും എല്ലാം കണക്ക് തന്നെ.  

ഇവിടെയാണ് സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള ചര്‍ച്ചകളുടെ രഹസ്യം കിടക്കുക. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത്  സര്‍ക്കാര്‍ ക്വാട്ടയില്‍ കിട്ടുന്ന സീറ്റുകളിലെ ഫീസ് പരമാവധി കുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിലപേശുക. പാതി സീറ്റ് ഞങ്ങള്‍ക്ക് തന്നാല്‍ ബാക്കി പാതിയില്‍ നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് ഞങ്ങള്‍ അന്വേഷിക്കില്ല എന്നതാണ് അടിസ്ഥാന പ്രമാണം. അതിന്റെ അടിസ്ഥാനത്തില്‍ മാനെജുന്റെു മനക്കണക്ക് കൂട്ടി വില പേശും. വ്യത്യസ്ത മാനേജുമെന്റുകള്‍ക്ക് വ്യത്യസ്ത കണക്കുകളാണല്ലോ ഉള്ളത്. പണ്ടാരോ പറഞ്ഞത് പോലെ തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും. അപ്പോള്‍ അതങ്ങനെ നീണ്ടുപോകും. അതിനിടെ കുറെയേറെപ്പേര്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉള്ള കോളജുകളില്‍ അഭയം തേടിയിരിക്കും. (അങ്ങനെ ചര്‍ച്ചകള്‍ നീട്ടിനീട്ടിക്കൊണ്ടുപോകാനായി അവിടത്തെ മാനേജുമെന്റുകള്‍ കാശുപിരിച്ചു ഇവിടെ ചിലരെ എല്‍പ്പിക്കുന്നുണ്ട് എന്നും ചില ദോഷൈകദൃക്കുകള്‍ ആരോപിക്കാറുണ്ട്.) ആ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ചര്‍ച്ചകള്‍ പൂര്‍വാധികം വേഗത്തില്‍ വിജയകരമായി പര്യവസാനിച്ചത് ശുഭോദര്‍ക്കം തന്നെ. അതിന്റെ രഹസ്യമാണ് ആദ്യമേ സൂചിപ്പിച്ച ഓസ്‌കാര്‍ വൈല്‍ഡ് സിദ്ധാന്തം: മനെജുമെന്റു ചോദിച്ചതെല്ലാം സര്‍ക്കാര്‍ സമ്മതിച്ചുകൊടുത്തു; അത്ര തന്നെ!

പക്ഷേ ധാരണയുടെ വിശദവിവരങ്ങള്‍ വായിച്ചാല്‍ ഇതൊന്നും മനസ്സിലാവില്ല. അവിടെ മുഴുവന്‍ ശതമാനക്കണക്കുകളുടെ കളിയാണ്. ആകെ സീറ്റിന്റെ 50 % സര്‍ക്കാരിന്. അതില്‍ 20 % ത്തിനു 25000 രൂപ ഫീസ്. പിന്നെ 25 %ത്തിനു ഒന്നര ലക്ഷം. പിന്നത്തെ 5%ത്തിന്റെ കാര്യം ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി തീരുമാനിക്കും (ഹാവൂ! അപ്പോള്‍ അങ്ങനെയൊരു കമ്മിറ്റിയുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറന്നിട്ടില്ല!) ബാക്കിയുള്ള 50 ശതമാനത്തില്‍ 35 % മനെജുമെന്റു ക്വാട്ട  അതില്‍ ആറര ലക്ഷം ഫീസും അഞ്ച് ലക്ഷം ഡിപ്പോസിറ്റും. ഇതിനൊക്കെപ്പുറമേ എന്‍ ആര്‍ ഐ ക്വാട്ട എന്ന ശര്‍ക്കരഭരണിയില്‍ ഒന്‍പതര ലക്ഷം ഫീസ്. ഇതിലൊന്നും പെടാതെ വേറെ ചില കോളജുകള്‍.

 മാനെജുമെന്റു ക്വാട്ടയിലെക്കുള്ള പ്രവേശനത്തില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി കൈകടത്തരുത്, വേണമെങ്കില്‍ നോക്കിനിന്നുകൊള്ളട്ടെ, എന്ന തര്‍ക്കം പൂര്‍ണമായും തീര്‍ന്നോ എന്ന് ഉറപ്പില്ല. അതിലാണ് സംഗതികളുടെ ഹൃദയം. എന്തെന്നാല്‍ സുപ്രിം കോടതി ഇക്കാര്യത്തില്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള വിധികളില്‍ പല വൈരുധ്യങ്ങളും ഉണ്ടെങ്കിലും അവയിലെല്ലാം പകല്‍ പോലെ തെളിഞ്ഞുനില്‍ക്കുന്ന ഒരു തത്വം, കച്ചവടം ആകാം പക്ഷേ കരിഞ്ചന്ത യാതൊരു കാരണവശാലും പാടില്ല, എന്നതാണ്. അതായത് വിദ്യാര്‍ഥിപ്രവേശനം, ഏതു ക്വാട്ടയുടെ പേര് പറഞ്ഞായാലും, മെരിറ്റ് അടിസ്ഥാനത്തിലേ ആകാവൂ. കോളജു നടത്തുന്നവര്‍ക്ക് വേണമെങ്കില്‍ അവരുടെ സമുദായത്തില്‍ പെട്ടവര്‍ക്ക്, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവര്‍ക്ക്, ഒരു ക്വാട്ട മാറ്റിവയ്ക്കാം; പക്ഷേ അവരില്‍ നിന്ന് മെരിറ്റ് അടിസ്ഥാനത്തിലേ  തിരഞ്ഞെടുക്കാവൂ. അല്ലാതെ സ്വേച്ഛപ്രകാരം പെറുക്കിയെടുക്കരുത്. അപ്പോള്‍ ഈ മെരിറ്റ് നിര്‍ണയിക്കാന്‍ സുതാര്യമായ ഒരു സംവിധാനം വേണം. അതിനാണ് എന്‍ട്രന്‍സ് പരീക്ഷ. അത് സര്‍ക്കാര്‍ നടത്തുന്നതോ, അല്ലെങ്കില്‍ മാനെജുമെന്റു സ്വന്തമായി നടത്തുന്നതോ ആകാം. അവര്‍ നടത്തുന്ന പരീക്ഷ ന്യായയുക്തം ആണ് എന്ന് ഉറപ്പുവരുത്താന്‍ ഒരു ഉന്നതാധികാരക്കമ്മിറ്റി  ഉണ്ടായിരിക്കണം. കേരളത്തില്‍ അതാണു ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി. വിപുലമായ അധികാരങ്ങളാണ് ഈ കമ്മിറ്റിക്ക് എല്ലാ സുപ്രിംകോടതി വിധികളും നല്‍കിയിരിക്കുന്നത്.

സുപ്രിം കോടതി വ്യക്തമാക്കിയ രണ്ടാമത്തെ കാര്യം ഓരോ കോളജിലെയും ചെലവ് കണക്കാക്കി ന്യായമായ ഫീസ് മാത്രമേ ചുമത്താവൂ എന്നതാണ്. മാനെജുമെന്റു നിശ്ചയിക്കുന്ന ഫീസ്  ന്യായമാണോ എന്ന് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര കമ്മിറ്റിയും വേണം. കേരളത്തില്‍ ആ ധര്‍മവും ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയാണ് നിര്‍വഹിക്കുന്നത്. ഒരേ കോളജില്‍ രണ്ടുതരം ഫീസുകള്‍ പാടില്ലാ, കുറേ കുട്ടികളില്‍ നിന്ന് അധിക ഫീസ് വാങ്ങി അതുപയോഗിച്ചു മറ്റുചിലരെ സൗജന്യമായി പഠിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. നമുക്കെത്ര ഇഷ്ടപെട്ടില്ലെങ്കിലും ഈ വിധി മാനിച്ചേ മതിയാവൂ. അപ്പോള്‍ നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസിളവു നല്‍കണമെങ്കില്‍ അത് സ്‌കോളര്‍ഷിപ് ആയി നല്‍കുകയെ നിര്‍വാഹമുള്ളൂ. അതിനുപകരം കുറുക്കുവഴികള്‍ തേടുമ്പോഴാണ് അതിനുവേണ്ടി പഴുതുകള്‍ ബോധപൂര്‍വം സൃഷ്ടിക്കേണ്ടിവരുന്നത്. ആ പഴുതുകളാണ് മാനേജുമെന്റുകള്‍ സമര്‍ഥമായി തന്നിഷ്ടപ്രകാരം മുതലെടുക്കുക. സര്‍ക്കാര്‍ അതില്‍ കൂട്ടുപ്രതികളാകാന്‍ നിര്‍ബന്ധിതരാകുന്നു.

പോംവഴി വളരെ ഋജുവാണ്. എല്ലാ സീറ്റുകളിലേക്കും (മാനെജുമെന്റു ക്വാട്ട ഉള്‍പ്പെടെ)  അതാതുവിഭാഗത്തില്‍ നിന്ന്  മെരിറ്റില്‍ തന്നെ പ്രവേശനം നല്‍കണം എന്ന് നിര്‍ബന്ധിക്കുക. ഓരോ കോളജിലെയും യഥാര്‍ഥ ചെലവ് കണക്കാക്കി ഫീസ് നിര്‍ണയിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് വേണ്ട ആളും അര്‍ഥവും നല്‍കി അതിനെ ശക്തിപ്പെടുത്തുക. മാനെജുമെന്റു ഒറ്റയ്‌ക്കോ കൂട്ടായോ പ്രവേശന പരീക്ഷ നടത്തിയാല്‍ അത് നിയമാനുസൃതവും ന്യായയുക്തവും ആണ് എന്ന് ഉറപ്പുവരുത്താന്‍ വേണ്ട സന്നാഹങ്ങള്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് നല്‍കുക. വേണ്ടിവന്നാല്‍ അതിനായി വേറിട്ടൊരു ഉന്നതാധികാര കമ്മിറ്റിയെ നിയമിക്കുക.

അങ്ങനെ മെരിറ്റില്‍ പ്രവേശനം കിട്ടുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പോ വായ്പയോ ലഭ്യമാക്കാനായി ഒരു ഉന്നതവിദ്യാഭ്യാസനിധിക്ക് രൂപം കൊടുക്കുക. അതില്‍ മനേജുമെന്റുകളുടെയും വ്യവസായങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം.

ഉന്നത വിദ്യാഭ്യാസം ചെലവേറിയതാണ്. ആ ചെലവ് ആരെങ്കിലും വഹിച്ചേ മതിയാവൂ. അതിന് ന്യായമായ മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ അന്യായമായ മാര്‍ഗങ്ങള്‍ താനേ തെളിഞ്ഞുവരും. ആ പഴുതുകള്‍ അടയ്ക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 30 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അങ്ങനെ ഓര്‍മ്മയില്‍ ആദ്യമായി പ്രൊഫഷണല്‍ കോളജു പ്രവേശനത്തിനുള്ള റാങ്കു ലിസ്റ്റ് തയാറാവുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ വിദ്യാര്‍ഥി പ്രവേശനവും ഫീസ് നിരക്കും സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയായിരിക്കുന്നു. ആദ്യത്തെ നോട്ടത്തില്‍ വളരെ നല്ല കാര്യം തന്നെ. പക്ഷേ 'ചെറിയ അക്ഷരങ്ങള്‍' വായിക്കുമ്പോഴാണ് ചതിക്കുഴികള്‍ ശ്രദ്ധയില്‍ പെടുക. ഓസ്‌കാര്‍ വൈല്‍ഡ് എന്ന സുപ്രസിദ്ധ സാഹിത്യകാരന്റെ രസകരമായ ഒരു പറച്ചിലുണ്ട്: 'എനിക്ക് പ്രലോഭനങ്ങളെ നേരിടാനുള്ള ഒരെളുപ്പവഴിയുണ്ട്, അവയ്ക്ക് കീഴടങ്ങിക്കൊടുക്കുക!' ഏതാണ്ടതുപോലെ തന്നെയാണ് ഈ സര്‍ക്കാരും മാനേജുമെന്റുകളെ നേരിട്ടത്: അവര്‍ പറയുന്നത് സമ്മതിക്കുക! പിന്നെ ധാരണ ഉണ്ടാക്കാനെന്താണ് വിഷമം?