Wednesday, January 22, 2014

സംസ്ഥാന ബജറ്റ് എന്താവും സമീപനം?

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിരീക്ഷണം തള്ളിക്കളയേണ്ട. വാസ്തവമാണ് അത്. ധനമന്ത്രി കെ എം മാണി പക്ഷേ അക്കാര്യം മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്ല; ബുദ്ധിമുട്ടുണ്ട് എന്നത്രെ അദ്ദേഹത്തിന്റെ മൃദുഭാഷ്യം. ചെലവിനേക്കാള്‍ വരുമാനം കുറവായ അവസ്ഥയെയാണ് ബുദ്ധിമുട്ടെന്നു വിശേഷിപ്പിച്ചത്. അതുതന്നെയാണല്ലോ സാമ്പത്തികപ്രതിസന്ധിയും! പ്രതിസന്ധി തരണംചെയ്യാന്‍ വരുമാനം വര്‍ധിപ്പിച്ചാല്‍ മതിയാകും. മുന്‍ ധനമന്ത്രി സ്വീകരിച്ച മാര്‍ഗം അതായിരുന്നു. ചെലവുകുറച്ചതുമില്ല; കൂട്ടിയതേയുള്ളൂ. കുറ്റം പറയരുതല്ലോ. ഇപ്പോഴത്തെ ധനമന്ത്രി ചെലവുകള്‍ കുറച്ചില്ല. 2013 നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 30991 കോടി രൂപയാണ്. റവന്യൂചെലവ് 34665 കോടി രൂപയും. 3674 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ട് ഇപ്പോള്‍ത്തന്നെ. വരുമാനത്തേക്കാള്‍ 10.6 ശതമാനം കൂടുതലാണ് ചെലവ്.

നടപ്പുസാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടതിനേക്കാള്‍ റവന്യൂ വരുമാനം കൂടുകയില്ല, റവന്യൂ ചെലവ് ഉയരുകയും ചെയ്യും എന്നത്രെ ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. അതായത്, 2013-14ല്‍ റവന്യൂ വരുമാനം 58087.87 കോടി രൂപയായിരിക്കും. റവന്യൂ ചെലവ് ലക്ഷ്യം കവിഞ്ഞ് 60327.84 കോടിയില്‍നിന്ന് 70076.34 കോടിയായി ഉയരും. 11988.47 കോടിയുടെ റവന്യൂകമ്മി!

റവന്യൂവരുമാനം സംബന്ധിച്ച് ധനമന്ത്രി പുലര്‍ത്തുന്നത് അതിരുവിട്ട ശുഭപ്രതീക്ഷയാണ്. 2011 മെയ് 18നാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 2011-12 സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച റവന്യൂവരുമാനം 39427.51 കോടി രൂപയായിരുന്നു. സമാഹരിച്ചതാകട്ടെ 38010.36 കോടി രൂപയും. അതായത്, 3.59 ശതമാനം കുറച്ച്. ഈ അനുഭവപശ്ചാത്തലവും നികുതിപിരിവില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും പരിഗണിക്കുമ്പോള്‍, 2013-14ലെ റവന്യൂവരുമാനലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ബജറ്റില്‍ നിര്‍ദേശിക്കാത്ത പലതും ഏറ്റെടുക്കേണ്ടിവരുന്നതിനാല്‍ റവന്യൂ ചെലവ് വര്‍ധിക്കുന്നു എന്ന് ധനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

2013 നവംബര്‍ 30 വരെ എട്ടുമാസം സമാഹരിച്ചത് 30154.46 കോടി രൂപയാണല്ലോ. ശേഷിക്കുന്ന നാലുമാസം മേല്‍തുകയുടെ മൂന്നിലൊന്ന് സമാഹരിക്കുമെന്നു കണക്കാക്കിയാല്‍, വര്‍ഷാവസാനം മൊത്തം റവന്യൂവരുമാനം 40205.95 കോടിയായിരിക്കും. മാര്‍ച്ചില്‍ റവന്യൂ പിരിവ് കൂടാമെങ്കിലും, റവന്യൂചെലവും പ്രസ്തുതമാസം കൂടും. ഭീമമായ റവന്യൂകമ്മിയാകും വര്‍ഷാവസാനം ഉണ്ടാവുക എന്നര്‍ഥം. സംസ്ഥാനത്തിന്റെ തനതുനികുതി-നികുതിയിതര വരുമാനവും കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും ചേര്‍ന്നതാണ് ആകെ റവന്യൂവരുമാനം. കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും കൂടുമെന്ന് ധനമന്ത്രിക്കുതന്നെയും പ്രതീക്ഷയില്ല. 2012-13ല്‍ പ്രതീക്ഷിച്ച നികുതിവിഹിതവും ഗ്രാന്റുകളും പൂര്‍ണമായും കിട്ടുമെന്നു വിശ്വസിച്ചാല്‍ (കൃത്യമായ കണക്ക് അടുത്ത ബജറ്റിനോടനുബന്ധിച്ച് ലഭിക്കുന്ന രേഖകളില്‍നിന്നേ വ്യക്തമാവൂ.) അത് ആകെ റവന്യൂവരുമാനത്തിന്റെ 26.01 ശതമാനമായിരിക്കും. 2013-14ല്‍ അത് 24.74 ശതമാനമായി കുറയും. തനതുനികുതി സമാഹരണത്തിന് എല്‍ഡിഎഫ് ആവിഷ്കരിച്ച സംവിധാനങ്ങളാകെ ദുര്‍ബലപ്പെട്ടു. നികുതി സമാഹരണത്തിലെ ഊര്‍ജസ്വലത കൈമോശം വന്നു. ചെക്പോസ്റ്റുകളിലെ പരിശോധനകളുടെ എണ്ണം കുറഞ്ഞു. വസൂലാക്കുന്ന പിഴസംഖ്യയും കുറയുന്നു. കേരളം ഉല്‍പ്പാദകസംസ്ഥാനമല്ല; ഉപഭോക്തൃസംസ്ഥാനമാണ്. നമുക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ 80 ശതമാനവും അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 60 ശതമാനം മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു വെളിയിലേക്കും കയറ്റുമതിചെയ്യുന്നു. വില്‍ക്കലും വാങ്ങലുമാണ് പ്രധാനസാമ്പത്തികപ്രവര്‍ത്തനം. ആയതിനാല്‍, തനതുനികുതി വരുമാനത്തിന്റെ 73.40 ശതമാനം ലഭിക്കുന്നത് വില്‍പ്പനനികുതി/വാറ്റ് നികുതിയില്‍ നിന്നാണ്. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 10.85 ശതമാനവും മദ്യനികുതിയില്‍നിന്ന് 7.23 ശതമാനവും വാഹനനികുതിയില്‍നിന്ന് 6.63 ശതമാനവും ലഭിക്കുന്നു. അനുമാനം വ്യക്തമാണ്. തനതുനികുതി വരുമാനത്തില്‍ മുക്കാല്‍ പങ്കും വില്‍പ്പനനികുതിയില്‍ നിന്നാണ്. വില്‍പ്പനനികുതി സമാഹരണത്തിലുണ്ടാകുന്ന ഏതു വീഴ്ചയും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതിയെ ദുര്‍ബലപ്പെടുത്തും. ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിക്ക് അടിസ്ഥാനവും മറ്റൊന്നല്ല. സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികപ്രതിസന്ധി എന്ന് സാരം. നികുതിപിരിവിലെ വീഴ്ചയുടെ ഒരു ഉദാഹരണം ഉദ്ധരിക്കാം. എല്‍ഡിഎഫിന്റെ അവസാനവര്‍ഷ (2010-11) ബജറ്റില്‍ ലക്ഷ്യമിട്ടത് 20884.23 കോടി രൂപയുടെ തനതുനികുതി വരുമാനമായിരുന്നു. എന്നാല്‍, 21721.69 കോടി സമാഹരിക്കാന്‍ കഴിഞ്ഞു. 4.01 ശതമാനം കൂടുതല്‍. യുഡിഎഫിന്റെ ആദ്യവര്‍ഷ (2011-12)ത്തെ (പുതുക്കിയ) ബജറ്റ് ലക്ഷ്യമിട്ടത് 26641.53 കോടിയായിരുന്നെങ്കിലും സമാഹരിച്ചത് 25718.60 കോടി രൂപ മാത്രം. 3.46 ശതമാനം കുറച്ച്. റവന്യൂകമ്മി തരണംചെയ്യാന്‍ സര്‍ക്കാരിന് കടം വാങ്ങേണ്ടിവരും. യുഡിഎഫ് ഭരണമേല്‍ക്കുമ്പോള്‍ ആകെ കടം 78673.24 കോടിയായിരുന്നു. തുടര്‍ന്ന് 24011.09 കോടി അധികമായി കടംവാങ്ങി. അങ്ങനെ 2013 നവംബറില്‍ മൊത്തം കടബാധ്യത 102684.09 കോടിയായി വളര്‍ന്നു. റവന്യൂവരുമാനത്തിലെ ഇടിവ്, കടത്തിന്റെ അളവ് ഇനിയുമുയര്‍ത്തും. ഒപ്പം ധനകമ്മിയും ഉയരും. 2011-12ലെ (പുതുക്കിയ) ബജറ്റിലെ മുഖ്യവിമര്‍ശനം, എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടത്തില്‍ മുക്കിത്താഴ്ത്തി എന്നും, 3882 കോടിയുടെ ട്രഷറിബാലന്‍സ് സംസ്ഥാനത്തിന് ബാധ്യതയാണെന്നുമായിരുന്നല്ലോ. വര്‍ധിക്കുന്ന കടബാധ്യതയുടെ പശ്ചാത്തലത്തില്‍, പ്രസ്തുതബജറ്റിന്റെ ആമുഖവും 2011 ജൂലൈയില്‍ പുറത്തിറക്കിയ ധവളപത്രവും മനസ്സിരുത്തിവായിക്കുന്നത് ധനമന്ത്രിക്ക് പല ഗുണപാഠങ്ങളും നല്‍കും. സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഫലം സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി ശോഷിക്കുക എന്നതാണ്. നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടവയില്‍ ആരംഭിച്ചതോ ആരംഭിക്കാത്തതോ ആയ പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, വിദ്യാഭ്യാസ- ആരോഗ്യ മേഖലകള്‍, വൈദ്യുതി എന്നിവയാകും ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുക. പശ്ചാത്തലസൗകര്യവികസനവും ദുര്‍ബലമാകും. വിലനിയന്ത്രണത്തില്‍ ഇടപെടാനും സര്‍ക്കാരിന് കഴിയാതാകും. ധനമന്ത്രിക്ക് ഏറെ പ്രിയങ്കരങ്ങളാണ് റവന്യൂ-ധനകമ്മി പരിധിക്കുള്ളില്‍ നിര്‍ത്തുക എന്നത്. ധന ഉത്തരവാദിത്തനിയമവും പതിമൂന്നാം ധനകമീഷന്റെ മാര്‍ഗരേഖയും, 2013-14ല്‍ ധനകമ്മി ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമായും അതിനടുത്ത വര്‍ഷം റവന്യൂകമ്മി പൂര്‍ണമായും ഇല്ലാതാക്കണമെന്നും നിര്‍ബന്ധിക്കുന്നു.

ലക്ഷ്യം നേടാന്‍ ഒന്നുകില്‍ റവന്യൂവരുമാനം കൂട്ടണം. അല്ലെങ്കില്‍ റവന്യൂചെലവ് ചുരുക്കണം. ഇവ രണ്ടുമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊന്നോ സംഭവിച്ചാല്‍, കടം വാങ്ങുന്നതു കുറയ്ക്കാം. ധനകമ്മി ചുരുക്കാം. ഏതുമാര്‍ഗമാകും ധനമന്ത്രി സ്വീകരിക്കുക? അതറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ട. നികുതി വെട്ടിപ്പുകാരോടുള്ള സൗഹൃദവും യുഡിഎഫിന്റെ പൊതുസാമ്പത്തിക സമീപനവും പരിഗണിക്കുമ്പോള്‍, ചെലവുചുരുക്കല്‍ മാര്‍ഗമാവും സ്വീകരിക്കപ്പെടുക. സര്‍ക്കാര്‍ നിര്‍വഹിച്ചുപോരുന്ന വിവിധ ചുമതലകളില്‍ സ്വകാര്യമേഖലയ്ക്കു പങ്കാളിത്തം ഉറപ്പാക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടാകും. ഇതിലായിരിക്കും വരും ബജറ്റിന്റെ ഊന്നല്‍. തെരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ ചില ഗിമ്മിക്കുകളും പ്രതീക്ഷിക്കാം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി

No comments: