Thursday, January 2, 2014

തിരുവഞ്ചൂര്‍ എന്ന "കാര്‍മേഘം"

പുതുവര്‍ഷത്തില്‍ യുഡിഎഫിലെ കാര്‍മേഘം നീങ്ങുമെന്നാണ് എ കെ ആന്റണി പറഞ്ഞത്. നീങ്ങിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന്. മാറിയ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് പുതിയ നയപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അതു പാര്‍ടിക്കും സര്‍ക്കാരിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറുന്നതോടെ രാഷ്ട്രീയ സാഹചര്യവും മാറി എന്ന പ്രഖ്യാപനം. ""യുഡിഎഫിനും കോണ്‍ഗ്രസിനും ശക്തിപകരുന്ന നടപടി എന്നതു കണക്കിലെടുത്താണ്"" മന്ത്രിസഭയിലെ മാറ്റമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണയിടുന്നു. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഏക പ്രശ്നമെന്നും ആഭ്യന്തര വകുപ്പില്‍നിന്ന് അദ്ദേഹത്തെ മാറ്റിയപ്പോള്‍ "കാര്‍മേഘം നീങ്ങി" എന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു എന്നാണ് മനസിലാക്കാനാവുക.

മന്ത്രിസഭാ യോഗത്തിന് വൈകിയെത്തിയും വകുപ്പുമാറ്റത്തെക്കുറിച്ച് താന്‍ അജ്ഞനായിരുന്നുവെന്ന് പരിഭവിച്ചും ചില പ്രതിഷേധ സൂചനകള്‍ നല്‍കിയെങ്കിലും കിട്ടിയ വനംവകുപ്പ് തിരുവഞ്ചൂര്‍ ഏറ്റെടുക്കാതിരുന്നിട്ടില്ല. അതിനര്‍ഥം, താന്‍ തന്നെയായിരുന്നു "കാര്‍മേഘം" എന്ന് അദ്ദേഹം സമ്മതിക്കുന്നു എന്നാണോ? അതല്ല, എന്തു പഴികേട്ടാലും നാണംകെട്ടാലും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണോ അത്? തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആ നീക്കം തടയാന്‍ ഇടപെടണമെന്നും എ കെ ആന്റണിയെ കണ്ട് തിരുവഞ്ചൂര്‍ അപേക്ഷിച്ചതാണ്. ആ അപേക്ഷ നിഷ്കരുണം തള്ളി, "എ"ഗ്രൂപ്പിന്റെ സ്ഥിരം പോരാളിയെ ആന്റണിയും അപമാനിച്ചിരിക്കുന്നു. എന്നിട്ടും തിരുവഞ്ചൂരിന് നട്ടെല്ലു നിവര്‍ത്താന്‍ തോന്നുന്നില്ല. "ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് ഞാനില്ല" എന്ന് രമേശ് ചെന്നിത്തല ഉഗ്രപ്രഖ്യാപനം നടത്തിയിട്ട് ഏറെ നാള്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിലേക്കില്ല എന്നല്ല, ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിയാകാന്‍ തന്നെക്കിട്ടില്ല എന്നായിരുന്നു ആ നിലപാട്. അത് മാറിമറിയാന്‍ തടസ്സം തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രിസ്ഥാനം മാത്രമായിരുന്നോ? ഹൈക്കമാന്‍ഡില്‍നിന്ന് പൊലീസ് ഭരണത്തിന്റെ അധികാരം പിടിച്ചുവാങ്ങാനുള്ള നാടകംമാത്രമായിരുന്നു ചെന്നിത്തല ആടിയത് എന്നതില്‍ കവിഞ്ഞ ഒരു സന്ദേശവും അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശത്തില്‍ തെളിയുന്നില്ല. കാലിലെ മന്ത് ഒന്നില്‍നിന്ന് മറ്റേതിലേക്ക് മാറിയതുകൊണ്ട് കേരളത്തില്‍ എന്തുമാറ്റമാണുണ്ടാവുക എന്ന് തെളിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിയാണ് തയ്യാറാകേണ്ടത്.

രമേശ് ചെന്നിത്തലയ്ക്ക് കൊടിവച്ച കാറുകിട്ടിയാല്‍ തീരുന്നതാണോ സര്‍ക്കാരിനെതിരായ ജനവികാരം എന്ന്, "യുഡിഎഫ് രക്ഷപ്പെട്ടു" എന്ന് ആഹ്ലാദചിത്തരായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തമാക്കേണ്ടതുണ്ട്. ചെന്നിത്തല കേരളത്തോട് പറഞ്ഞ കുറെ വിഷയങ്ങളുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും പാര്‍ടിയുമായി ആലോചിക്കുന്നതേയില്ല എന്ന് രേഖാമൂലം പരാതി നല്‍കിയ കെപിസിസി പ്രസിഡന്റാണ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചതും അദ്ദേഹം തന്നെയാണ്. ഘടകകക്ഷികളില്‍ സര്‍ക്കാരിനെ തള്ളിപ്പറയാത്തവരായി ആരുമില്ല. ചീഫ് വിപ്പ് പി സി ജോര്‍ജ് മുതല്‍ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷന്‍ ബാലകൃഷ്ണപിള്ളവരെ. കെ മുരളീധരന്‍മുതല്‍ വിഡി സതീശനും ബല്‍റാമും വരെയുള്ള എംഎല്‍എമാര്‍. ഇവരെല്ലാം ഉയര്‍ത്തിയ ആക്ഷേപം ആഭ്യന്തരവകുപ്പിനെക്കുറിച്ച് മാത്രമായിരുന്നുവോ? തിരുവഞ്ചൂരിനെ പടിയിറക്കി ഉമ്മന്‍ചാണ്ടിയുടെ സിംഹാസനം കാത്തുസൂക്ഷിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ പറയാന്‍ ഒട്ടേറെ കണക്കുകളുണ്ട്. ജനങ്ങളെ നരകജീവിതത്തിലേക്കും കടുത്ത യാതനകളിലേക്കും വലിച്ചിഴയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രതികരണവും പ്രതിഷേധവും ഏതെങ്കിലും സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യംവച്ച് സൃഷ്ടിക്കപ്പെട്ടതല്ല. വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ പൊലീസിനാല്‍ ചോദ്യംചെയ്യപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. തട്ടിപ്പുകേസില്‍ മൂന്നു തവണ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൈകെട്ടി നില്‍ക്കേണ്ടിവന്ന ഭരണത്തലവന്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. പാമോയില്‍ കേസിലും 256 കോടിയുടെ ടൈറ്റാനിയം അഴിമതിയിലും സോളാര്‍ തട്ടിപ്പുകേസിലും ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടാതെ നില്‍ക്കുന്നത് ഭരണത്തിന്റെ അമ്പരപ്പിക്കുന്ന ദുര്‍വിനിയോഗത്തിലൂടെയാണ്; പൊലീസിനെയും ഇതര അന്വേഷണ സംവിധാനങ്ങളെയും ദുരുപയോഗിച്ചാണ്.

നീതിന്യായ സംവിധാനത്തെപ്പോലും വിവാദത്തിലകപ്പെടുത്തിയും ന്യായാധിപരെ അധിക്ഷേപിച്ചും ഉമ്മന്‍ചാണ്ടിക്ക് "ക്ലീന്‍ ചിറ്റ്" നേടിക്കൊടുക്കാന്‍ ശ്രമിച്ചവരുടെ മുന്‍പന്തിയില്‍തന്നെ കണ്ട ഒരു മുഖം ഇന്ന് അപമാനഭാരം പേറി ഇറങ്ങിപ്പോയ ആഭ്യന്തരമന്ത്രിയുടേതാണ് എന്നത് വിരോധാഭാസം. തനിക്കെതിരെ തെളിവുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ചോദിക്കുന്നു. ഏത് തെളിവു വന്നാലും അത് നശിപ്പിക്കാന്‍ അധികാരത്തിന്റെ അപരിമിതമായ സാധ്യത ലോപമില്ലാതെ ഉപയോഗിക്കുന്നു. പാചകവാതക വില റെക്കോഡ് തലത്തില്‍ വര്‍ധിപ്പിച്ച വാര്‍ത്ത സമൂഹത്തില്‍ ഞെട്ടലുളവാക്കിയപ്പോള്‍, "അങ്ങനെ വില വര്‍ധിപ്പിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്ന" പച്ചക്കള്ളം തട്ടിവിടാന്‍ ലജ്ജ കാണിക്കാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഏതുതലത്തിലേക്കും താഴാം. താന്‍ നിരപരാധിയാണ് എന്നു പറയുമ്പോള്‍, സ്വന്തം ഓഫീസിലെ ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരും തട്ടിപ്പുകളുടെ പേരില്‍ പ്രതിക്കൂട്ടിലായതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? പിഎമാരായ ടെന്നി ജോപ്പനും ജിക്കുമോന്‍ ജോസഫും സലിംരാജടക്കമുള്ള ഗണ്‍മാന്മാരും അനൗദ്യോഗിക പിഎ തോമസ് കുരുവിളയും തട്ടിപ്പുകാരിയായ സരിതാ നായരുമായി നിരന്തരസമ്പര്‍ക്കത്തില്‍. വിശ്വസ്ത ഗണ്‍മാന്‍ സലിംരാജിന് കള്ളക്കടത്തും ഭൂമിതട്ടിപ്പും തീവ്രവാദബന്ധവും. സരിതയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രത്തെളിവ്. ജയിലില്‍ കിടക്കുമ്പോള്‍ സരിതയ്ക്ക് പഞ്ചനക്ഷത്ര ഭക്ഷണവും പട്ടുസാരിക്കൂമ്പാരവും. പുറത്ത് ലക്ഷങ്ങള്‍ കൈമാറി ഒത്തുതീര്‍പ്പാകുന്ന തട്ടിപ്പുകേസുകള്‍. ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുന്ന മൊഴിയും പരാതിയും-എന്നിട്ടും ഉമ്മന്‍ചാണ്ടി പറയുന്നു താന്‍ നിരപരാധിയെന്ന്.

ഉമ്മന്‍ചാണ്ടി ഇരിക്കുന്ന കസേരയ്ക്ക് സംരക്ഷണം; തിരുവഞ്ചൂരിന് പുറത്തേക്കുള്ള വഴി. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കാകെ വിവേകബുദ്ധി നഷ്ടപ്പെട്ടുപോയോ എന്നാണ് തിരക്കേണ്ടത്. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ കെ സുധാകരനെ ആത്മീയ ഗുരുവായി വാഴിച്ച് തിരുവഞ്ചൂരിന്റെ ചോര കുടിക്കുന്ന "എ"ഗ്രൂപ്പുകാരെയാണ് നമിക്കേണ്ടത്. ക്രമസമാധാനത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യാ പരമ്പരയും വിദ്യാഭ്യാസ വാണിജ്യവും ദുസ്സഹ വിലക്കയറ്റവും വര്‍ഗീയ കലാപങ്ങളും വൈദ്യുതി-ബസ്ചാര്‍ജ്-കുടിവെള്ള നിരക്കുകളുടെ അമിത വര്‍ധനയും ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും പരമ്പരാഗത മേഖലകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തളര്‍ച്ചയും വനം-ഭഭൂമാഫിയകളുടെ അഴിഞ്ഞാട്ടവും കുടിശ്ശിക കയറി മുട്ടിപ്പോയ ക്ഷേമപെന്‍ഷനുകളും നിയമന നിരോധനവും അഴിമതിയും എല്ലാം ചേര്‍ന്ന് കേരളം കണ്ട നശിച്ച സര്‍ക്കാരെന്ന ബിരുദം ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് പ്രാപ്തമാക്കിയിട്ടുണ്ട്. ഒരുനിമിഷമെങ്കില്‍ അത്രയുംമുമ്പ് ഈ ഭഭരണത്തില്‍നിന്ന് മോചനം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്.

തട്ടിപ്പുകാരി സരിതാ നായരെ കണ്ടതും കൊലയാളി ബിജു രാധാകൃഷ്ണനുമായി സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ചര്‍ച്ച നടത്തിയതും ഉമ്മന്‍ചാണ്ടിയാണ്. ശ്രീധരന്‍നായരെയും കൂട്ടി സരിത കയറിച്ചെന്നത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലേക്കാണ്. സോളാര്‍ തട്ടിപ്പില്‍ സ്വയം പങ്കാളിയാവുകയും ബിജു രാധാകൃഷ്ണനെ നാടുകടക്കാന്‍ സഹായിക്കുകയുംചെയ്ത ശാലുമേനോനുമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധം. തട്ടിപ്പുകേസുകള്‍ അന്വേഷിച്ച് നശിപ്പിച്ച് സംരക്ഷിക്കാന്‍ മുന്നില്‍നിന്നത് ആഭ്യന്തര വകുപ്പിനെ നയിച്ച തിരുവഞ്ചൂരാണ്. ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയെങ്കില്‍ സരിതയെപ്പോലെയും ജോപ്പനെപ്പോലെയും കൂട്ടുപ്രതിസ്ഥാനമാണ് തിരുവഞ്ചൂരിനുണ്ടാകേണ്ടത്. ആ കൂട്ടുപ്രതിയുടെ പൊലീസ് തൊപ്പി മാറ്റി ഒന്നാം പ്രതിയെ രക്ഷിക്കുന്നത് ഏതു നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന്, എന്തിനും ഏതിനും ആദര്‍ശ പ്രസ്താവനയുടെ സ്റ്റോക്ക് വിറ്റഴിക്കാറുള്ള വി എം സുധീരനെങ്കിലും പറയാനാവുമോ?

കാര്‍മേഘത്തിന്റെ ഒരു ചെറിയ ഭാഗത്തെമാത്രം സ്ഥാനം മാറ്റിയതുകൊണ്ട് കേരളീയരെയാകെ കബളിപ്പിച്ചുകളഞ്ഞു എന്ന് മിടുക്ക് നടിക്കുന്ന യുഡിഎഫ് നേതൃത്വവും മാധ്യമപ്പടയും ""എന്തുകൊണ്ട് തിരുവഞ്ചൂര്‍മാത്രം"" എന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. കുറ്റവാളിക്കൂട്ടത്തില്‍ ഒരാളെ താഡിച്ചതുകൊണ്ട് കേസ് അവസാനിപ്പിക്കാനാവില്ല. അരനിമിഷം പാഴാക്കാതെ ഇറങ്ങിപ്പോകേണ്ട വലിയ കൂട്ടവും അതിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയും ജനങ്ങളുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒറ്റമൂലിയല്ല തിരുവഞ്ചൂരിന്റെ സ്ഥാനമാറ്റം. താന്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പപേക്ഷിക്കാനും ഉമ്മന്‍ചാണ്ടി എല്ലാ തെറ്റുകള്‍ക്കും അതീതനെന്ന് തലയില്‍ കൈവച്ച് പറയാനുംവരെ തിരുവഞ്ചൂര്‍ തയ്യാറായേക്കും-മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍. ആ അഭിനയമികവ് ജനങ്ങള്‍ക്ക് മനസിലാകില്ല എന്ന മൂഢവിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെന്ന് അദ്ദേഹംതന്നെ കരുതുന്നതിനെ ആരുവിചാരിച്ചാലും തടയാനുമാവില്ല. ഞാനാണ് "കാര്‍മേഘം" എന്ന് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

*
പി എം മനോജ്

No comments: