Friday, January 3, 2014

പട്ടേല്‍ പ്രതിമ പാലമാകുമ്പോള്‍

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ്. എന്നിട്ടും എന്തിനാണ് ആര്‍എസ്എസ് പട്ടേലിന്റെ പ്രതിമാനിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നത്? ഗുജറാത്തില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ രാജ്യവ്യാപകമായി ഓടിനടന്ന് പ്രതിമാനിര്‍മാണത്തെ ദേശീയസംഭവമാക്കുന്നതിന് പിന്നിലെ താല്‍പ്പര്യമെന്താണ്? ഇന്ത്യയിലെ 70000 ഗ്രാമങ്ങളില്‍നിന്ന് ഓരോ കിലോ മണ്ണുവീതം ശേഖരിക്കുന്നു. വീടുകള്‍ കയറിയിറങ്ങി ആക്രിപെറുക്കി പ്രതിമാനിര്‍മാണത്തില്‍ ജനപങ്കളാത്തം തേടുന്നു. ദുബായിലെ ബുര്‍ജ് ഖലീഫ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. അത് നിര്‍മിച്ച കമ്പനിയാണ് അസാധാരണ ഉയരമുള്ള നിര്‍ദിഷ്ട പ്രതിമയും നിര്‍മിക്കുന്നത്. അതിന് 2600 കോടി രൂപ ഗുജറാത്ത് സര്‍ക്കാര്‍ വകയിരുത്തി. എന്നിട്ടും വീടുകള്‍ കയറിയിറങ്ങി പഴയ ഇരുമ്പ് പെറുക്കുന്നത്, നിര്‍ജീവമായ പ്രതിമാനിര്‍മാണമല്ല സജീവമായ രാഷ്ട്രീയ പ്രക്രിയതന്നെയാണ് ഇതിലൂടെ നിര്‍വഹിക്കാനുദ്ദേശിക്കുന്നത് എന്നതിന്റെ തെളിവാണ്. തല്‍ക്കാലത്തേക്കെങ്കിലും ഗുജറാത്തിനെ ഇന്ത്യയുടെ രാഷ്ട്രീയതലസ്ഥാനമാക്കാനാണ് മോഡിയുടെ ശ്രമം. അത് തിരിച്ചറിയാന്‍ കഴിയാത്തവരാണോ കേരളാ മുഖ്യമന്ത്രിയും തിരുവഞ്ചൂരും ചീഫ് വിപ്പും ഉള്‍പ്പെടുന്ന യുഡിഎഫ് നേതാക്കള്‍.

പട്ടേലിന് ഇന്ത്യാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. സ്വാതന്ത്ര്യം നേടുന്ന നാളുകളില്‍ ഭാരതത്തിന്റെ ഐക്യം കാക്കാന്‍ സുശക്തമായ നിലയില്‍ ഭരണനടപടി സ്വീകരിക്കാന്‍ മുന്‍നിന്ന നേതാവാണദ്ദേഹം. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതില്‍ കര്‍ശനമായ നിലപാടും അധികാരശക്തിയും അദ്ദേഹം പ്രയോഗിച്ചു. അതുകൊണ്ടുമാത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകം ഒരു പട്ടേല്‍ മാത്രമാകുന്നതെങ്ങനെ? പട്ടേല്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അയോധ്യയിലെ ബാബറി മസ്ജിദിനുള്ളില്‍ ഒരു രാമവിഗ്രഹം പാതിരാത്രിയില്‍ ഗൂഢമായി സ്ഥാപിച്ചതിനുപിന്നിലുള്ള കഥകള്‍ "അയോധ്യ ദി അണ്‍റ്റോള്‍ഡ് സ്റ്റോറീസ്" എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നെഹ്റു എടുത്ത നിലപാട് പട്ടേല്‍ നിരാകരിച്ചത് അക്കാലത്ത് വര്‍ഗീയവാദികളെ സന്തോഷിപ്പിച്ചിരുന്നു. അതുകൊണ്ടാകാം കോണ്‍ഗ്രസ് നേതാവായിരിക്കെത്തന്നെ പട്ടേല്‍ തങ്ങള്‍ക്ക് പ്രിയങ്കരനാണെന്ന് കാവിപ്പട തിരിച്ചറിഞ്ഞത്. വിദേശ സാമ്രാജ്യത്വത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ സ്വാതന്ത്ര്യസമരമാണ് ഭാരതത്തിന്റെ ഐക്യം സൃഷ്ടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിലെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും പരാജയങ്ങളും സോവിയറ്റ് ചേരിയുടെ വിജയവും കോളനികളുടെ വിമോചനത്തിനുള്ള സാര്‍വദേശീയ രാഷ്ട്രീയപരിസരമൊരുക്കി. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ ചെറുത്ത പുന്നപ്ര വയലാര്‍ പോരാളികളും തെലുങ്കാനയിലെ സായുധ പോരാളികളും ദേശീയ ഐക്യപ്രസ്ഥാനത്തിന് ചോരപകര്‍ന്ന് കരുത്തുനല്‍കിയവരാണ്. അതിന്റെയെല്ലാം മുകളിലാണ് പട്ടേലിന്റെ ഭരണനടപടികള്‍ ഫലം കണ്ടത്.

പ്രസവം സുഗമമാക്കാന്‍ സുതികര്‍മിണി ചെയ്യുന്ന സേവനം സ്മരണീയമെങ്കിലും മാതൃത്വവും പിതൃത്വവും അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാറില്ല. ഇവിടെ പട്ടേല്‍പൈതൃകം അവകാശപ്പെട്ട് രംഗത്തുവരുന്ന ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍പ്പോലും പങ്കെടുക്കാതെ മാറിനിന്നിട്ടാണ്, ഭാരതാംബയെന്നും ദേശസ്നേഹമെന്നുമൊക്കെ ഉരുവിട്ട് ഇപ്പോള്‍ ആരവങ്ങളുയര്‍ത്തുന്നത്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവചെയ്ത ലജ്ഞാകരമായ സ്വന്തം ചരിത്രം മറയ്ക്കാനും സ്വാതന്ത്യസമരത്തിന്റെ പാരമ്പര്യം തങ്ങള്‍ക്കാണെന്ന് വരുത്താനും ശ്രമിക്കുന്ന ആര്‍എസ്എസ് ചരിത്രത്തെ മുന്‍കാല പ്രാബല്യത്തോടെ തിരുത്താന്‍ നോക്കുകയാണ്. എത്ര ഉയരമുണ്ടെങ്കിലും, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസിന്റെ കപടമുഖം മറയ്ക്കാന്‍ പട്ടേല്‍ പ്രതിമയ്ക്കാകുമോ? യഥാര്‍ഥത്തില്‍ പട്ടേലിന്റെ പ്രതിമയെന്ന പേരില്‍ മോഡി സ്വന്തം പ്രതിമതന്നെയാണ് ആകാശത്തോളം ഉയരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ അതിഗൂഢമായ ഒരു വ്യക്തിത്വമാണ് മോഡിക്കുള്ളത്. വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലൂടെ മലയാളികള്‍വരെ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് വിസ്മരിക്കരുത്. അവിവാഹിതനായ മോഡി ബാംഗ്ലൂര്‍ സ്വദേശിനി വനിതയുടെ സഞ്ചാരവഴികളില്‍ അമിതതല്‍പ്പരനായതിലും ഇതേ നിഗൂഢത കാണാം. ഗുജറാത്ത് കൂട്ടക്കൊലയുടെ പ്രഭവകേന്ദ്രം ആരെന്ന് രാഷ്ട്രീയത്തിലെ ശിശുക്കള്‍ക്കുപോലുമറിയാം. എന്നിട്ടാണ് മോഡിക്ക് കുഷ്ഠരോഗമുണ്ടോയെന്ന് ചിലര്‍ സംശയിക്കുന്നത്. ശരീരത്തിന് പുറത്ത് പ്രത്യക്ഷമാകുന്ന കുഷ്ഠരോഗത്തിന് ചികിത്സയുള്ളതാണ്. മനസ്സിനെ മലീമസമാക്കുന്ന മോഡിയുടെ രാഷ്ട്രീയം അങ്ങനെയാണോ? സാധാരണ രാഷ്ട്രീയക്കാരന്‍ സഞ്ചരിച്ചിട്ടില്ലാത്ത ദുരൂഹതകളുടെ വഴികള്‍ താണ്ടിയതിനാലാണ് മോഡി പലര്‍ക്കും അസ്പര്‍ശ്യനും വെറുക്കപ്പട്ടവനുമായത്. അത്തരമൊരാള്‍ക്ക് കേരളത്തിലെ ഭരണകര്‍ത്താക്കള്‍തന്നെ ജാലകം തുറന്നുവയ്ക്കുന്നത് മതനിരപേക്ഷതയ്ക്ക് തീരാക്കളങ്കമാണ്.

ഇന്ത്യ കണ്ട ബൂര്‍ഷ്വാ നേതാക്കള്‍ ഏറെയുണ്ട്. അവരില്‍ നിന്നെല്ലാം മോഡിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. ആര്‍എസ്എസിന്റെ ഗണവേഷധാരിയായ മോഡി കൈയറപ്പില്ലാതെ ഏത് ഹീനകൃത്യവും ചെയ്യാന്‍ മടിയില്ല എന്നും തെളിയിച്ച വ്യക്തിത്വമാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസിന്റെ തീരുമാനമുണ്ടായത് അതുകൊണ്ടാണ്. 2004ല്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസും ബിജെപിയും രണ്ടു മുന്നണികളിലായി മത്സരിക്കുന്ന ചിത്രമല്ല ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലുള്ളത്. ഇരുപത്തിനാല് പാര്‍ടികളുടെ മുന്നണിയുണ്ടാക്കിയാണ് വാജ്പേയ് അധികാരമേറിയത്. നേതൃത്വം നരേന്ദ്രമോഡിയിലെത്തുമ്പോള്‍ ഘടകകക്ഷികള്‍ ഓടിമാറുന്ന അവസ്ഥയായി. കോണ്‍ഗ്രസില്‍നിന്ന് ജനങ്ങള്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ടികളും അകലം പാലിക്കുന്നതാണ് ദേശീയതലത്തില്‍ കാണാനാകുന്നത്.

ഇവിടെ ബിജെപിക്കും മോഡിക്കുമെതിരായി ശരിയും ശക്തവുമായ ദേശീയനിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇടതുപക്ഷത്തിനെതിരെ, തങ്ങളുടെ സ്വാഭാവിക സഖ്യശക്തികളായാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം ആര്‍എസ്എസിനെ കാണുന്നത്. അത്തരമൊരു മാരീചസഖ്യത്തിന്റെ ആദ്യവേദിയായി ഗുജറാത്തിലെ മന്ത്രിമാരുടെ സന്ദര്‍ശനവും പട്ടേല്‍ പ്രതിമാനിര്‍മാണത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായ കൂട്ടയോട്ടവും മാറി. അതിന് കൂട്ടുനില്‍ക്കുക വഴി യുഡിഎഫിന്റെ നേതൃത്വം എത്രത്തോളം അവസരവാദികളും വിശ്വസിക്കാന്‍ പറ്റാത്തവരുമാണെന്ന് ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെടുകയാണ്. ഗുജറാത്തിലെ മന്ത്രിമാര്‍, പട്ടേല്‍ പ്രതിമയുടെ രാഷ്ട്രീയദൗത്യവുമായാണ് കേരളത്തിലെത്തുന്നതെന്ന് മഖ്യമന്ത്രിക്ക് അറിയാത്തതാണോ? സെക്രട്ടറിയറ്റില്‍ അവരെ സ്വാഗതംചെയ്തത് നാട്ടുമര്യാദയെന്നു പറയുന്ന മുഖ്യമന്ത്രി, പട്ടേല്‍ പ്രതിമയുടെ പരസ്യഫലകമാണ് അവര്‍ കൈമാറിയതെന്ന് മനസ്സിലാകുമ്പോഴെങ്കിലും പ്രതികരിക്കേണ്ടതല്ലേ?

സന്ദര്‍ശനത്തില്‍ കുഴപ്പമില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും മോഡിയെയോ, മോഡിയുടെ ലക്ഷ്യങ്ങളെയോ എന്തുകൊണ്ട് എതിര്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല എന്നതാണ് കാതലായ ചോദ്യം. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരാകട്ടെ ഒരു പടികൂടി കടന്ന് ഗുജറാത്ത് മന്ത്രിസംഘത്തിനും ബിജെപി നേതാക്കള്‍ക്കുമൊപ്പം പഞ്ചനക്ഷത്രവിരുന്നില്‍ക്കൂടി പങ്കാളിയായി. തള്ള തടിവഴിയെങ്കില്‍ പിള്ള ഇലവഴിയെ എന്ന രീതിയിലാണ്, ചീഫ് വിപ്പ് കൂട്ടയോട്ടത്തിന് കൊടിവീശാന്‍ പോയത്. പല തദ്ദേശസ്ഥാപനങ്ങളിലും ഇപ്പോഴും തുടരുന്ന ബിജെപി-യുഡിഎഫ് ഐക്യം ആവര്‍ത്തിച്ചു പറയുന്ന പി സി ജോര്‍ജിന് മറുപടി പറയാന്‍ കോണ്‍ഗ്രസില്‍ ഒരാളുമുണ്ടായില്ല. താഴെ തട്ടിലെ ഐക്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമാക്കാനുള്ള ഗൂഢപ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ ഉപശാലകളില്‍ നടക്കുന്നത്. പട്ടേല്‍ പ്രതിമാ നിര്‍മാണം യുഡിഎഫ്-ബിജെപി അവിശുദ്ധസഖ്യത്തിന്റെ പാലമാകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

*
കെ അനില്‍കുമാര്‍ ദേശാഭിമാനി

No comments: