Wednesday, January 15, 2014

അമേഠിയിലും "രാഹു"കാലം

കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ലോക്സഭാതെരഞ്ഞെടുപ്പില്‍ സുരക്ഷിതമണ്ഡലം തേടുന്നുവെന്നാണ് വാര്‍ത്ത. ഉത്തരദേശത്ത് മത്സരിച്ചാല്‍ ജയിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പാര്‍ടിക്കുമാത്രമല്ല രാഹുലിനുമുണ്ട്. സഞ്ജയ്ഗാന്ധിയുടെയും പിന്നീട് രാജീവ്ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും തട്ടകമായ അമേഠിയില്‍ മൂന്നാംവിജയം സംശയകരമാണെന്ന നിഗമനമാണ് രാഹുലിനെ തെക്കേ ഇന്ത്യയിലെ സുരക്ഷിതമണ്ഡലം തേടാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും മുമ്പ് സ്വീകരിച്ച മാര്‍ഗമാണ് രാഹുലും തെരഞ്ഞെടുക്കുന്നത്.

1977ല്‍ റായ്ബറേലിയില്‍ ജനതാപാര്‍ടിയില രാജ്നാരായണനോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ദിര ഗാന്ധി തെക്കേ ഇന്ത്യയില്‍ മത്സരിച്ചത്. കര്‍ണാടകത്തിലെ ചിക്മഗ്ളൂരുവില്‍ എംപിയായിരുന്ന ഡി ബി ചന്ദേര്‍ ഗൗഡയെ രാജിവയ്പ്പിച്ചാണ് ഇന്ദിര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സംസ്ഥാന ജനതാപാര്‍ടി അധ്യക്ഷന്‍ വിരേന്ദ്ര പാട്ടീലായിരുന്നു എതിരാളി. അന്ന് 77,333 വോട്ടിന് ഇന്ദിര ജയിച്ചു. ഇന്ദിര ഗാന്ധിക്കായി സീറ്റൊഴിഞ്ഞ ചന്ദേര്‍ ഗൗഡ പിന്നീട് ബിജെപിയായതും എതിരാളി വീരേന്ദ്ര പാട്ടീല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായതും ചരിത്രം. 1980ല്‍ റായ്ബറേലിയില്‍ വിജയം ഉറപ്പില്ലാത്തതുകൊണ്ട് ഇന്ദിര ഗാന്ധി ആന്ധ്രപ്രദേശിലെ മേദക്കിലും മത്സരിച്ചു. രണ്ടിടത്തും ജയിച്ചെങ്കിലും മേദക്കാണ് അവര്‍ നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷയായി 1998ല്‍ സ്ഥാനമേറ്റ സോണിയ റായ്ബറേലിക്കൊപ്പം കര്‍ണാടകത്തിലെ ബെല്ലാരിയിലും മത്സരിച്ചു. അതായത് വിജയത്തെക്കുറിച്ച് സംശയമുള്ളപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തെക്കേ ഇന്ത്യയില്‍ അഭയം തേടിയതെന്നര്‍ഥം.

അമേഠിയെക്കുറിച്ച് രാഹുലിന് സംശയം ഉണരാന്‍ എന്താണ് കാരണം? 1977ലും 1988ലും മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. 2004ല്‍ 2.91 ലക്ഷം വോട്ടിനും 2009 ല്‍ 3.70 ലക്ഷം വോട്ടിനും ഇവിടെ വിജയിച്ച രാഹുലിന്റെ ഇപ്പോഴത്തെ ആശങ്ക സ്വാഭാവികം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുശേഷം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയാണ് ഈ ആശങ്കയ്ക്ക് കാരണമെന്ന് കാണാന്‍ വിഷമമില്ല. രാഹുല്‍ഗാന്ധിയുടെ വന്‍ ജനപിന്തുണ കണ്ട് പരിഭ്രാന്തരായാണ് പിണറായി വിജയന്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറയുമ്പോള്‍, രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന 2012ലെ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പ് ഫലം കാണാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല എന്നര്‍ഥം.

ജവാഹര്‍ലാല്‍ നെഹ്റു ആദ്യം ലോക്സഭയിലേക്ക് മത്സരിച്ച ഫുല്‍പുരിലാണ് 2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം രാഹുല്‍ ആരംഭിച്ചത്. നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ആരംഭിച്ച പ്രചാരണം അടുത്തവര്‍ഷം ഫെബ്രുവരി 29ന് ബറേലിയിലാണ് സമാപിച്ചത്. 42 ദിവസമാണ് രാഹുല്‍ ഉത്തര്‍പ്രദേശില്‍ പ്രചാരണം നടത്തിയത്. 211 റാലികളെ അഭിസംബോധന ചെയ്തു. ലഖ്നൗ, കാണ്‍പുര്‍, ബറേലി, വാരാണസി തുടങ്ങി 18 നഗരങ്ങളില്‍ റോഡ്ഷോ നടത്തി. സംസ്ഥാനത്തെ 403 മണ്ഡലങ്ങളില്‍ 375ലും രാഹുലെത്തി. കാണ്‍പുര്‍ എംപിയും കല്‍ക്കരിമന്ത്രാലയ സഹമന്ത്രിയുമായ പ്രകാശ് ജയ്സ്വാള്‍ ഒരുവേള കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുമെന്ന് പറഞ്ഞു. തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുമെന്നും സമാജ്വാദി പാര്‍ടി സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആക്രോശിച്ചു. ജയ്സ്വാളിന്റെ ഈ പ്രസ്താവന സമാജ്വാദി പാര്‍ടിക്ക് ഗുണകരമായി. കോണ്‍ഗ്രസിന് വോട്ടുചെയ്യാനുറച്ചവര്‍കൂടി സമാജ്വാദി പാര്‍ടിക്ക്് വോട്ടുചെയ്തു. ഫലം വന്നപ്പോള്‍ 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 28 സീറ്റ് മാത്രം. "ഉയിര്‍ത്തെഴുന്നേല്‍ക്കൂ, ഉണരൂ, ഉത്തര്‍പ്രദേശിനെ മാറ്റൂ" എന്ന മുദ്രാവാക്യം ഉയര്‍ത്തിയ രാഹുലിനെ ജനം കൈവിട്ടു എന്നര്‍ഥം.

കോണ്‍ഗ്രസ് പരാജയത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ മധ്യ ഉത്തര്‍പ്രദേശില്‍ അവരുടെ തട്ടകമായ റായ്ബറേലി- അമേഠി മേഖലയിലെ പ്രകടനം വിലയിരുത്തണം. ഫിറോസ് ഗാന്ധി മുതല്‍ സോണിയ ഗാന്ധിവരെ മത്സരിച്ച് ജയിച്ച റായ്ബറേലി ലോക്സഭാമണ്ഡലത്തിലെ അഞ്ച് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. രാഹുല്‍ഗാന്ധി ജയിച്ച അമേഠിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. കോണ്‍ഗ്രസിന്റെ രത്നാസിങ് വിജയിച്ച പ്രതാപ്ഗഢിലും സഞ്ജയ്സിങ് ജയിച്ച സൂല്‍ത്താന്‍പുരിലുമായുള്ള 10 നിയമസഭാ സീറ്റില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. അതായത്, കോണ്‍ഗ്രസ് ജയിച്ച നാല് ലോക്സഭാ മണ്ഡലങ്ങളിലെ 20 നിയമസഭാ സീറ്റില്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത് എന്നര്‍ഥം. 13 മണ്ഡലത്തില്‍ രണ്ടാംസ്ഥാനം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എട്ടുസീറ്റ് ഇവിടെ ലഭിച്ചിരുന്നു. രാഹുലും പ്രിയങ്കയും ശക്തമായ പ്രചാരണം നടത്തിയിട്ടും പരമ്പരാഗത ശക്തികേന്ദ്രത്തില്‍ ജനം കോണ്‍ഗ്രസിനെ കൈവിട്ടു. ഫാറൂഖാബാദ് എംപിയും ഇപ്പോള്‍ വിദേശമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ മലയാളിയായ ഭാര്യ ലുയീസ് ഖുര്‍ഷിദ് ഫാറൂഖാബാദില്‍ അഞ്ചാംസ്ഥാനക്കാരിയായി. ഗോണ്ട എംപിയും കുര്‍മികളുടെ നേതാവുമായ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മയുടെ മകന്‍ രാകേഷ് വര്‍മ ബാരാബങ്കി ജില്ലയിലെ ദരിയാബാദില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബസ്തിയിലെ എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദംബികാപാലിന്റെ മകന്‍ അഭിഷേക് പാല്‍ ബസ്തിയില്‍ തോറ്റു. ബറേലി എംപി പ്രവീണ്‍ ആറോണിന്റെ ഭാര്യ സുപ്രിയ ആരോണ്‍ ബറേലിയിലും ബഹ്റായിച്ച് എംപി കമല്‍കിഷോര്‍ കമാണ്ടോയുടെ ഭാര്യ പൂനം കിഷോര്‍ ബല്‍ഹയിലും പരാജയപ്പെട്ടു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ "യുവരാജ"യെ വിശ്വാസത്തിലെടുത്തില്ലെന്നര്‍ഥം. രാഹുല്‍ഗാന്ധി സംഘടനാരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഗുണത്തേക്കാളേറേ ദോഷമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അംഗത്വമെടുക്കുന്നതിനുപോലുമുള്ള സാങ്കേതികത്വം പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്നകറ്റി. രണ്ട് ഫോട്ടോ, രേഖകളുടെ സിറോക്സ് കോപ്പി എന്നിവ നിര്‍ബന്ധമാക്കിയപ്പോള്‍ ഇതൊന്നും പെട്ടെന്ന് സംഘടിപ്പിക്കാന്‍ കഴിയാത്തവര്‍ കോണ്‍ഗ്രസിന്റെ സംഘടനാശ്രേണിയില്‍നിന്ന് പുറത്തായി. സംഘടന വരേണ്യവര്‍ഗത്തിന്റെ കൈകളിലായി എന്ന ആരോപണം ശക്തമായി. അലഹബാദില്‍ നെഹ്റുവിന്റെ വിശ്വസ്തനും അദ്ദേഹം സംഭാവന ചെയ്ത വില്ലി ജീപ്പ് ഇപ്പോഴും അഭിമാനത്തോടെ ഉപയോഗിക്കുകയും ചെയ്യുന്ന പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജഗപത് ദൂബെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പറഞ്ഞ വാക്കുകളിതാണ്- "കോണ്‍ഗ്രസിന്റെ ഗ്രാഫ് ഉത്തര്‍പ്രദേശില്‍ ഉയരുന്നുവെന്നത് വായുവിലൂടെയുള്ള മാധ്യമപ്രചാരണം മാത്രമാണ്. താഴെത്തട്ടില്‍ സംഘടനയില്ലാത്തതുകൊണ്ട് അതൊരിക്കലും വോട്ടായി മാറില്ല." 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാഹുലിനും ഇത് മനസ്സിലായിട്ടുണ്ടാകും.

തെരഞ്ഞെടുപ്പില്‍ തോറ്റവേളയില്‍ "ഉത്തര്‍പ്രദേശിന്റെ തെരുവുകളില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ പ്രവര്‍ത്തനം തുടരുമെന്ന്" രാഹുല്‍ പറഞ്ഞെങ്കിലും പിന്നീട് അധികമൊന്നും അവിടേക്ക് പോയില്ല. അതുകൊണ്ടുതന്നെയാണ് നെഹ്റു കുടുംബത്തിന്റെ തട്ടകത്തില്‍ മാത്രം മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി ലോക്സഭ കണ്ടില്ലെന്ന് വരുമെന്ന ഭയം കോണ്‍ഗ്രസിനെ വേട്ടയാടുന്നത്. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി കുമാര്‍ വിശ്വസിന്റെ രംഗപ്രവേശം മാത്രമല്ല, കോണ്‍ഗ്രസ് സുല്‍ത്താന്‍പുര്‍ എംപിയും അമേഠിയിലെ രാജാവുമായ സഞ്ജയ് സിങ് ബിജെപി ടിക്കറ്റില്‍ രാഹുലിനെതിരെ മത്സരിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. രാഹുലും കോണ്‍ഗ്രസും കടുത്ത ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇത് വര്‍ധിച്ചുകൊണ്ടേയിരിക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: