Friday, March 7, 2014

ഡോണിജറും വിശുദ്ധനരകവും പിന്നെ നമ്മളും

ഹിന്ദുക്കളും ഹിന്ദുമതവും വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. തീവ്ര ഹിന്ദുത്വത്തിന്റെയും കോര്‍പ്പറേറ്റ് കുത്തകകളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള നരേന്ദ്രമോഡിയുടെ വളര്‍ച്ച മാത്രമല്ല അതിനു കാരണം. ഹിന്ദുത്വത്തിന്റെ വിവിധ രൂപങ്ങള്‍ നടത്തുന്ന മറ്റു വിക്രിയകളും ഇതിനുകാരണമാണ്. ചില ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദപ്രകാരം പെന്‍ഗ്വിന്‍ ബുക്സ് പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയായ വെന്‍ഡി ഡോണിജര്‍ ഹിന്ദുമതത്തെക്കുറിച്ചെഴുതിയ പുസ്തകം പിന്‍വലിക്കുകയും അതിന്റെ എല്ലാ പ്രതികളും നശിപ്പിക്കുകയും ചെയ്യുന്നു. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് അതിലെ മുന്‍ അന്തേവാസിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ ""വിശുദ്ധനരകം"" എന്ന പുസ്തകം വിവാദ വിഷയമാകുന്നു. അതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും യാഗങ്ങള്‍ അരങ്ങേറുന്നുവെന്നു മാത്രമല്ല യാഗസ്ഥലത്ത് ഒരുക്കിയ ""വൈദിക"" പുസ്തകശാലയില്‍ നരേന്ദ്രമോഡിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നു. പുതിയ ഹിന്ദുത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ആശയസംഹിതകളുടെ സ്വഭാവമെന്തെന്നും തെളിയിക്കുന്നവയാണ് ഈ ഓരോ സംഭവങ്ങളും.

കഴിഞ്ഞ മൂന്നു ദശകക്കാലത്തിലേറെയായി ഹിന്ദുമതത്തെക്കുറിച്ച് ഗവേഷണം നടത്തുകയും നിരവധി ആധികാരിക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത സാമൂഹ്യശാസ്ത്രജ്ഞയാണ് വെന്‍ഡി ഡോണിജര്‍. ഹിന്ദുമതത്തിന്റെ പ്രയോഗത്തില്‍, പ്രത്യേകിച്ച് പ്രതിമാശില്‍പകലയിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗിക ചിഹ്നങ്ങളെയും മാതൃകകളെയുമാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. ശിവലിംഗങ്ങള്‍, ശിവാരാധനയിലുള്ള അര്‍ദ്ധനാരീശ്വരസങ്കല്‍പം, നപുംസകങ്ങളും ലിംഗാതീതവുമായ ദേവതകള്‍, പ്രതിമാശില്‍പങ്ങളിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗികരൂപങ്ങള്‍ മുതല്‍ ഇന്ത്യന്‍ മതരൂപങ്ങളില്‍ കാമസങ്കല്‍പത്തിന്റെയും ആരാധനയുടെയും അതിപ്രസരംവരെ അവരുടെ പഠനത്തിനു വിധേയമായി. ഇത്തരം ലൈംഗിക ചിഹ്നങ്ങളെ മറ്റു സമൂഹങ്ങളിലെ ലൈംഗിക ചിഹ്നങ്ങളുമായി താരതമ്യപ്പെടുത്തിയ അവര്‍ പുരുഷാധിപത്യസമൂഹത്തിന്റെ ലൈംഗികനിര്‍വചനങ്ങള്‍ എങ്ങനെ മതാരാധനാ രൂപങ്ങളെ ക്രമപ്പെടുത്തിയെന്ന് വിശദീകരിച്ചു. അതേസമയം ഉര്‍വരതാപൂജയുടെയും ലൈംഗികാടിസ്ഥാനത്തിലുള്ള ദേവതാ രൂപങ്ങളുടെയും സ്വാധീനം ജനപ്രിയ ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന പ്രപഞ്ച വീക്ഷണത്തിനപ്പുറമുള്ള ദേവതാരാധനാ രൂപങ്ങളാണ് പൗരാണിക ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചതെന്ന് അവര്‍ വാദിച്ചു. ശിവലിംഗം, താമര, സര്‍പ്പം മുതലായ പ്രകടമായ ലൈംഗികചിഹ്നങ്ങളും ലിംഗത്തിന്റെയും യോനിയുടെയും പൂജയും ഇതിനുദാഹരണങ്ങളാണ്.

പൗരാണിക ഹിന്ദുമതത്തേയും താന്ത്രിക മതം എന്ന് പൊതുവില്‍ അറിയപ്പെടുന്നതും വ്യത്യസ്ത ആഗമങ്ങളനുസരിച്ചുള്ളതുമായ പൂജകളെയും അനുഷ്ഠാനരൂപങ്ങളെയും സംബന്ധിച്ച നിരവധി പഠനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. മദ്ധ്യകാലത്ത് ഹിന്ദുമതത്തെ വന്‍തോതില്‍ സ്വാധീനിച്ച താന്ത്രിക വിധികളില്‍ ഉര്‍വരതാ പൂജയുടെയും ലൈംഗികതയുടെയും അംശങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കര്‍ണാടകത്തില്‍ വീരശൈവരുടെ ലിംഗാരാധനയിലും വടക്കേ ഇന്ത്യയില്‍ ഹോളി അടക്കമുള്ള ഉത്സവങ്ങളിലും പ്രകടമായ ലൈംഗികാംശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വെന്‍ഡി ഡോണിജറിന്റെ പ്രധാന പഠനവിഷയമായ ജനപ്രിയ ഹിന്ദുമതത്തെ സംബന്ധിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ വെളിച്ചത്തില്‍ ഹിന്ദുമതത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് വിശദീകരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. എറിക് ഹോബ്സ്ബോമും ടെറന്‍സ് റേഞ്ചറും ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്തം"" എന്ന പദപ്രയോഗം നടത്തുന്നുണ്ട്. ഓരോ കാലഘട്ടത്തിലും ഒരു സമൂഹം അതിനാവശ്യമായ പാരമ്പര്യത്തെ ഉല്‍പാദിപ്പിക്കും. സമൂഹത്തിന്റെ താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പാരമ്പര്യം. അതിന് സ്ഥായിയും ചരിത്രപരവുമായ പ്രസക്തി ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ അധീശത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമൊക്കെയുള്ള ""ഹിന്ദു"" പാരമ്പര്യത്തിലാണ് താല്‍പര്യം. ഈ പാരമ്പര്യം ഉന്നതരായ ബ്രാഹ്മണ, ക്ഷത്രിയന്മാര്‍ സൃഷ്ടിച്ചതാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഉയര്‍ത്തുന്ന ധാര്‍മ്മിക പാരമ്പര്യത്തോട് കിടപിടിക്കാവുന്നതുമാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഇതേരീതിയിലുള്ള ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ങ്ങളാണെന്ന് അവര്‍ ആലോചിക്കുന്നില്ല. ഉര്‍വരതാപൂജയുടെയും നരബലിയടക്കമുള്ള ആചാരങ്ങളുടെയും സൂചനകള്‍ ബൈബിളിന്റെ പഴയനിയമത്തില്‍ കാണാവുന്നതാണ്. ജനങ്ങള്‍ കുടിപാര്‍ക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ അവരുടെ ജീവിത സാഹചര്യങ്ങളനുസരിച്ചാണ് ദേവതകളെ സങ്കല്‍പിക്കുന്നത്. കൃഷിയും വാണിജ്യവുംപോലെ ഉര്‍വരതയും ലൈംഗികതയും അവരുടെ ജീവിത സാഹചര്യങ്ങളുടെ ഭാഗവുമാണ്.

സ്ത്രീയുടെ ലൈംഗികതയെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്ന നാടുവാഴിത്ത-പുരുഷാധിപത്യ സമൂഹങ്ങളില്‍ അതേ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതും ചിലപ്പോള്‍ പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്നതുമായ ദേവതാ സങ്കല്‍പങ്ങള്‍ വളര്‍ന്നുവരാം. ധര്‍മ്മവും അര്‍ത്ഥവുംപോലെ കാമവും പുരുഷാര്‍ത്ഥമായി കാണുന്ന സമൂഹങ്ങളില്‍ ഇതിന് കൂടുതല്‍ സാധ്യതയുണ്ട്. ജനപ്രിയ ഹിന്ദുമതത്തില്‍ അതാണ് സംഭവിച്ചതും. അത് ചൂണ്ടിക്കാണിക്കുകയാണ് വെന്‍ഡി ഡോണിജര്‍ ചെയ്തത്. ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും അശ്ലീലമായി ചിത്രീകരിക്കുന്നുവെന്നുമുള്ള ഹിന്ദുത്വവാദികളുടെ പ്രലപനങ്ങള്‍ ഒരുതരം കണ്ണടച്ചിരുട്ടാക്കലാണ്. ജനപ്രിയ ഹിന്ദുമതത്തില്‍ ആധ്യാത്മിക ദൈവ സങ്കല്‍പമല്ല ഉണ്ടായിരുന്നതെന്നും ജീവിതവൃത്തിയുടെ ഭാഗമായി അഭീഷ്ടങ്ങള്‍ നിര്‍വഹിച്ചു തരുന്ന ദേവതാ സങ്കല്‍പമാണ് ശബരിമല അയ്യപ്പനും ആറ്റുകാലും ഗുരുവായൂരും കൊല്ലൂര്‍ മൂകാംബികയുമടക്കം എല്ലാ ദേവ ദേവീ ക്ഷേത്രങ്ങളെയും നിലനിര്‍ത്തുന്നതെന്നുമുള്ള വസ്തുതയെ ബോധപൂര്‍വം വിസ്മരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇത്തരം ആചാരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്ര പുനഃസ്ഥാപനങ്ങള്‍ നടത്തുന്നതിനും ഹിന്ദുത്വവാദികള്‍ക്ക് ഒരു മടിയുമില്ല. പ്രായോഗികതലത്തിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതു കാണിക്കുന്നത്.

ഇത്തരം ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ത്തിന് വേറൊരുദ്ദേശ്യംകൂടിയുണ്ട്. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ക്ഷേത്ര കേന്ദ്രിതമായ "ആധ്യാത്മിക" ഹിന്ദുമതത്തെക്കാള്‍ സാമൂഹ്യ സംഘര്‍ഷങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് പഴയകാലത്തെ ജനപ്രിയ ഹിന്ദുമതത്തിനുണ്ട്. ശിവനും വിഷ്ണുവുമെല്ലാം ബ്രാഹ്മണ സംസ്കൃത പാരമ്പര്യം വളര്‍ത്തിയെടുത്ത ദേവതകളാണ്. പ്രാദേശികതലത്തില്‍ നിലനിന്ന ആരാധനാ രൂപങ്ങളെ ഉള്‍ക്കൊണ്ടാണ് ഇവ പ്രചരിച്ചത്. പ്രാദേശികാരാധനാ രൂപങ്ങള്‍ ഗോത്രസമൂഹങ്ങളുടെ വീരാരാധനയാണ്. സാമൂഹ്യ സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും മരിക്കുന്നവരാണ് വീരന്മാരായി ആരാധിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലെ വീരക്കല്ലുകളും മാഡതിക്കല്ലുകളും ഉദാഹരണങ്ങളാണ്. പലപ്പോഴും ജന്മി നാടുവാഴിത്തത്തിനെതിരായി കലഹിച്ചവരെയും ചോദ്യംചെയ്തവരെയും ഇത്തരത്തില്‍ ആരാധിച്ചതായി കാണാം. വടക്കേ മലബാറിലെ മുച്ചിലോട്ടു ഭഗവതി തെയ്യവും പൂമാതൈ തോറ്റവും ഉദാഹരണങ്ങളാണ്. ഇത്തരം പാരമ്പര്യങ്ങളില്‍ പലതിലും മനുഷ്യരുടെ വൈകാരികമായ അംശങ്ങളെ പ്രകീര്‍ത്തിക്കുക സാധാരണയാണ്. കൃഷ്ണന്റെ രാസക്രീഡ ഭക്തര്‍ക്ക് അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ലല്ലോ. ഇത്തരം ജനകീയാംശങ്ങളെ പൂര്‍ണമായും തമസ്കരിക്കുകയും തികച്ചും ""ആര്‍ഷ""വും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതവുമായ മറ്റൊരു ഹിന്ദുമതവും ക്ഷേത്ര സംസ്കാരവും അടിച്ചേല്‍പിക്കുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ഹിന്ദുത്വത്തിന്റെ മുഖ്യ വക്താക്കളായ മദ്ധ്യവര്‍ഗത്തിന്റെ കപട ധാര്‍മ്മികതയെ അതുവഴി താലോലിക്കുകയും ചെയ്യാം.

കപട ധാര്‍മികതയെ താലോലിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നതിന് ഉദാഹരണമാണ് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ വിശുദ്ധനരകം എന്ന ഗ്രന്ഥം. മാതാഅമൃതാനന്ദമയി മഠം ഇതിനുമുമ്പും ചര്‍ച്ചാവിഷയമായതാണ്. തൃശൂരെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന വി നാരായണന്‍കുട്ടിയുടെ മരണത്തോടനുബന്ധിച്ച്, പിന്നീട് സത്നാംസിംഗ് എന്ന ഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മഠം വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഒരു ആസ്ട്രേലിയക്കാരിയുടെ രചന നമ്മുടെ ഒരു വിശുദ്ധ സങ്കേതത്തില്‍ എന്തൊക്കെയാണ് നടക്കാവുന്നത് എന്നതിന്റെ സൂചന നല്‍കുന്നു. ഒരു സന്യാസിമഠവും ആശ്രമവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കും എന്ന് ആരും പ്രതീക്ഷിക്കില്ല. പരസ്യമായി പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്നേഹവും വാത്സല്യവും കരുണയുമെല്ലാം മഠത്തിലെ അന്തേവാസികളോടും കാണിക്കും എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഗെയ്ല്‍ ട്രെഡ്വെല്‍ പറയുന്നത് "കാരുണ്യമയി"യായ അമൃതാനന്ദമയി മഠത്തിനകത്ത് തികഞ്ഞ ഏകാധിപതിയാണെന്നാണ്. "അമ്മ"യുടെ അടുത്ത ആളുകളായ സ്വാമിമാര്‍ അതിനുപറ്റിയ മന്ത്രിമാരും. ലൈംഗികതയും ബലാത്സംഗംപോലും ഏകാധിപത്യത്തിന്റെ രൂപങ്ങളാണ്. സര്‍വസാധാരണമായ ഭൗതിക തൃഷ്ണകള്‍പോലും "ഭക്തി"യുടെ മറവില്‍ അമ്മയും അവരുടെ ആത്മീയ സന്തതികളും സ്വലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍. എതിര്‍ക്കുന്നവരെ ഏതെങ്കിലും രൂപത്തില്‍ വകവരുത്തുക ആശ്രമത്തിന്റെ പൊതു സ്വഭാവമാണത്രെ. അതായത് പുറമെയുള്ള ധാര്‍മ്മികത കപടമാണെന്നും മഠത്തിനകത്ത് തികഞ്ഞ കേന്ദ്രീകരണവും ഏകാധിപത്യവുമാണെന്നും വരുന്നു. കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള, ഏറ്റവുമധികം വിദേശപ്പണം കൈപ്പറ്റുന്നവരില്‍പെടുന്ന സംഘടനയാണ് മാതാ അമൃതാനന്ദമയിമഠം എന്നുകൂടി അറിയുമ്പോള്‍ മഠത്തിന്റെ സ്വഭാവം ഒന്നുകൂടി വ്യക്തമാവുകയാണ്. സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടംനല്‍കുന്ന ജനപ്രിയ ആരാധനാ രൂപങ്ങളില്‍നിന്ന് ഇത്തരം ""പുതിയ തലമുറ"" സന്യാസിമഠങ്ങള്‍ക്കുള്ള അകല്‍ച്ചയും പ്രകടമാകുകയാണ്.

മാതാ അമൃതാനന്ദമയിമഠത്തോളം വലിപ്പമില്ലെങ്കിലും അവരുടെകൂടി പിന്തുണയോടെയാണ് കോഴിക്കോട്ടെ കാശ്യപവേദാശ്രമം ഒരു സോമയാഗം നടത്തിയത്. പുതിയ മഠങ്ങളും ഹിന്ദുത്വം മൊത്തത്തിലും പ്രചരിപ്പിക്കുന്ന ""ആധ്യാത്മിക"" ഹിന്ദുമതത്തിനും അതിനുള്ള പ്രകടമായ ചാതുര്‍വര്‍ണ്യ സ്വഭാവത്തിനും നല്ലൊരുദാഹരണമാണ് സോമയാഗം. പാലക്കാട്ട് തഥാതന്‍ എന്ന മറ്റൊരു സന്യാസിയും ""ധര്‍മ്മസൂയം"" എന്നപേരില്‍ യാഗം നടത്തിയതിനുശേഷമാണ് കോഴിക്കോട്ടെ യാഗം നടത്തിയത്. കോഴിക്കോട്ടെ യാഗത്തിന് മൂന്നുകോടിയോളം രൂപയുടെ പിരിവാണ് നടത്താന്‍ തീരുമാനിച്ചത്. അതിനുള്ള വസ്തുവകകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘടിപ്പിച്ചു. ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാദിവസവും അന്നദാനവും നടത്തി. യാഗച്ചടങ്ങുകളിലും അന്നദാനത്തിലുമായി 13 ലക്ഷംപേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ കണക്ക്. ചിലര്‍ എല്ലാ ദിവസവും പങ്കെടുത്തിട്ടുണ്ടാകാം. യാഗചടങ്ങുകളോടൊപ്പം വൈദിക പാരമ്പര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സംഘാടനം യാഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

യാഗങ്ങളും സന്യാസവും ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളും മറ്റുമായി പുതിയ ധാര്‍മ്മിക പ്രസ്ഥാനം സൃഷ്ടിക്കാനുള്ള ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനങ്ങളും വെന്‍ഡി ഡോണിജറിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരുടെ പഠനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളും കൂട്ടിവായിക്കേണ്ടതാണ്. വേദോപനിഷത്തുകളും പൗരാണികമതവും കൂടിച്ചേര്‍ന്ന ഒരു ബ്രാഹ്മണ-സംസ്കൃത പാരമ്പര്യവും നിരവധി പ്രാദേശിക വഴക്കങ്ങളും തമ്മില്‍ നടന്ന കൊള്ളക്കൊടുക്കകളുടെ ഫലമായാണ് നമ്മുടെ ദേവാലയങ്ങളും ആരാധനാരൂപങ്ങളും കലാ സാംസ്കാരികാവിഷ്കാരങ്ങളും വളര്‍ന്നുവന്നത്. വൈവിധ്യമാണ്, ഏകീകൃത രൂപമല്ല അതിനുണ്ടായത്. നമുക്ക് ശൈവാരാധനയും വൈഷ്ണവാരാധനയും ശാക്തേയരൂപങ്ങളും പലതരത്തിലുള്ള പൂര്‍വികാരാധനകളും ഉര്‍വരതാ കാമദേവപൂജകളും ഒക്കെ കലര്‍ന്ന രീതികളാണുള്ളത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തില്‍ ഇത്തരം രീതികള്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പാരമ്പര്യങ്ങള്‍ എന്തെന്നു തിരിച്ചറിയാന്‍ ഇത്തരം വൈവിധ്യങ്ങളുടെ മൂര്‍ത്തമായ പഠനം ആവശ്യമാണ്. ഡോണിജറെയും ലോറന്‍സനെയും ഫ്രൈഡംഹെം ഹാര്‍ഡിയെയും സൂസന്‍വാഡ്ലിയെയുംപോലുള്ള നിരവധി നരവംശ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ചരിത്രകാരന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പഠനങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടാം. അതിനെ വിമര്‍ശിക്കാനുള്ള ബാധ്യത അതുകണ്ടെത്തുന്നവര്‍ക്കുണ്ട്. പക്ഷേ അത്തരം പഠനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടാനും അത് നടപ്പിലാക്കണമെന്ന് ശഠിക്കാനുമുള്ള താല്‍പര്യം വിജ്ഞാനനിഷേധമാണ്.

ഹാരപ്പന്‍ സംസ്കാരത്തെയും പ്രാചീന ഇന്ത്യാചരിത്രത്തെയുംകുറിച്ച് ശുദ്ധ വങ്കത്തങ്ങള്‍ എഴുതി നിറച്ച പുസ്തകങ്ങള്‍ ""ഹൈന്ദവ""മായതുകൊണ്ട് യഥേഷ്ടം അച്ചടിച്ചു വില്‍ക്കുന്നുണ്ടെന്ന വസ്തുതയും നാം ഓര്‍ക്കണം. ഇത്തരം ""ഹൈന്ദവ"" വാദങ്ങളെ പിന്തുണയ്ക്കുന്ന ഡേവിഡ് ഫ്രൌലിയെയും മിഷെല്‍ ദാനിനോയെയും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അപ്പോള്‍ വിദേശികളുടെ വിവരമില്ലായ്മയും മുന്‍വിധികളുമല്ല പ്രശ്നം.സ്വന്തം മുന്‍വിധികളനുസരിച്ച് എഴുതാന്‍ വെന്‍ഡിഡോണിജറിനെപ്പോലുള്ളവര്‍ തയ്യാറില്ല എന്നതുതന്നെയാണ്.

ഡോണിജറിന്റെ പുസ്തകം പിന്‍വലിപ്പിച്ചതുകൊണ്ട് ഹിന്ദുത്വവാദികള്‍ എന്താണ് നേടുന്നത്? സല്‍മാന്‍ റുഷ്ദിയുടെ ""സാത്താനിക് വേഴ്സസ്"" നിരോധിപ്പിച്ചതുകൊണ്ട് മുസ്ലീം തീവ്രവാദികള്‍ക്കുണ്ടായ അതേ നേട്ടംതന്നെ. വിശുദ്ധ ഇസ്ലാമിലേക്കുള്ള സാത്താന്റെ കടന്നുകയറ്റം തടഞ്ഞതോടെ യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യം ""കണ്ടുപിടിക്കാന്‍"" ഇസ്ലാമിന്റെ വക്താക്കള്‍ക്കായി. അതുപോലെ ജനപ്രിയ ഹിന്ദുമതത്തില്‍ ""കടന്നുകൂടിയ"" ലൈംഗികതയെയും "അശ്ലീല"ത്തെയും മറ്റ് "ജീര്‍ണ"മായ ആചാരരൂപങ്ങളെയും അവയെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു ഗവേഷകയുടെ ശ്രമത്തെ തകര്‍ത്ത് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ ""ആധ്യാത്മിക"" പാരമ്പര്യം "കണ്ടുപിടിക്കാന്‍" ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നു. ഇത്തരം വ്യത്യസ്തരൂപങ്ങള്‍ കുറിച്ചിട്ട സമൂഹസംഘര്‍ഷങ്ങളെയും അവര്‍ തമസ്കരിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ""ആധ്യാത്മിക""മായ ധാര്‍മ്മിക ഹിന്ദുമതത്തിന്റെ തേര്‍വാഴ്ചയാണ് "വിശുദ്ധ നരക"ത്തിലൂടെ വരച്ചുകാണിക്കുന്നത്. അത് സൃഷ്ടിക്കുന്ന പുതിയ ജനപ്രിയ മതമാണ് യാഗങ്ങള്‍ മുതല്‍ പൊങ്കാലവരെ പുതിയ ഭക്തജനങ്ങള്‍ കഞ്ഞിവെച്ചും ഭക്ഷണംകഴിച്ചും പായസമുണ്ടുമൊക്കെ ആഘോഷിക്കുന്നത്. പുതിയ ഭക്തി ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് സ്ത്രീകളിലുമാണ്.

പുതിയ ഹിന്ദുമതവും മൂലധനാധിപത്യവും തമ്മിലുള്ള ബന്ധവും മറന്നുകൂട. മാതാ അമൃതാനന്ദമയിമഠം വിദേശ ഫണ്ടുവാങ്ങുന്നുവെന്നു മാത്രമല്ല, അതു നടത്തുന്ന നിരവധി സ്ഥാപനങ്ങളിലൂടെ ഇന്നത്തെ മൂലധനാധിപത്യത്തിന് കീഴടങ്ങുന്ന ഭൗതികതതന്നെയാണ് പ്രചരിപ്പിക്കുന്നത്. മറ്റു നിരവധി "ഹിന്ദു" സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും വ്യത്യസ്തമല്ല. "ഹിന്ദുത്വം" പ്രചരിപ്പിക്കുകയും ""പാശ്ചാത്യഭൗതിക ""സംസ്കാരത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന നവലിബറല്‍ പരിഷ്കാരങ്ങളെ വിമര്‍ശിക്കാന്‍ തയ്യാറില്ല. ഹിന്ദുത്വത്തിന്റെ ""വികസനനായക""നായ മോഡിയുടെ പരിഷ്കാരങ്ങള്‍ പൂര്‍ണമായും തികഞ്ഞ കോര്‍പറേറ്റ്വല്‍ക്കരണമാണ്. ഇതിനെക്കുറിച്ചുനടന്ന വിവാദങ്ങളിലൊരിടത്തുപോലും നമുക്ക് ഹിന്ദുത്വവാദികളെയോ സന്യാസികളെയോ കാണാനാവില്ല. ""ആധ്യാത്മിക"" ഹിന്ദുമതത്തിന് ഭൗതികമായ മൂലധനാധിപത്യവുമായി ഒരുവിധത്തിലുള്ള പിണക്കവുമില്ല. നേരെതിരിച്ചും അങ്ങനെതന്നെയാണെന്നും വ്യക്തമാണ്. പെന്‍ഗ്വിന്‍ബുക്സ് ഒരുകാലത്ത് (1934ല്‍) സോഷ്യലിസ്റ്റ് പക്ഷപാതികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ അല്ലെന്‍ ലെയിന്‍ എന്ന തൊഴില്‍രഹിതനായ ചെറുപ്പക്കാരന്‍ തുടങ്ങിയ സ്ഥാപനമാണ്. പുരോഗമന സാഹിത്യമടക്കം നിരവധി ലോകോത്തര സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളെ ചുരുങ്ങിയ വിലയ്ക്ക് ജനസമക്ഷമെത്തിച്ചവരാണവര്‍.

ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ ചെലവായത് പെന്‍ഗ്വിന്‍ ബുക്സ് വഴിയായിരുന്നു. പിന്നീട് സ്ഥിതി മാറി. പെന്‍ഗ്വിന്‍ ബുക്സ് അടച്ചുപൂട്ടുന്ന സ്ഥിതിയായി. അമേരിക്കന്‍ പുസ്തകശാലയായ പിയേഴ്സന്‍ കോര്‍പറേഷന്‍ പെന്‍ഗ്വിന്‍ ഏറ്റെടുത്തു. അവരുടെ നിലപാടുകള്‍ക്കും മാറ്റംവന്നു. ഈ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണ് വെന്‍ഡി ഡോണിജറുടെ പുസ്തകം കണ്ടുകെട്ടി നശിപ്പിക്കാനുള്ള അവരുടെ നീക്കം. മതത്തിന്റെ സമ്മര്‍ദ്ദത്തിന് മൂലധനം കീഴടങ്ങുന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. ശിവാജിയെക്കുറിച്ച് ഒരു വിദേശ ചരിത്രകാരന്‍ എഴുതിയ പുസ്തകം ഇതുപോലെ പിന്‍വലിക്കപ്പെട്ടിട്ട് അധികകാലമായില്ല എന്നും ഓര്‍ക്കണം. നമ്മുടെ നാട്ടിലെ മതപ്പെരുമാക്കന്മാരുടെ തീട്ടൂരങ്ങളനുസരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും പിന്‍വലിക്കുകയും ചെയ്തതുകൊണ്ട് പുസ്തകക്കുത്തകകള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ജ്ഞാനസമ്പാദനത്തിനുള്ള സാധാരണക്കാരുടെ അവകാശമാണ് ഇല്ലാതാക്കുന്നത്. അറിവിനെ മതവും മൂലധനവും ഒരുപോലെ ഭയപ്പെടുന്നു എന്നാണിതിന്റെ അര്‍ത്ഥം.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

1 comment:

P.C.MADHURAJ said...

Marx, the God of K.N Ganesh sexually abused his servant maid and made her pregnent.She was probaly not more than 20 years of age and Comrade was 50+. And then when it became 'evident' the God requested this assistand god, Frederic Engels to own the responsibility, the way Jayarajans asked K.C.Ramachandran to own the responsibility of murdering T.P. So what? We must see whether Pinarayi will resign when the vote share of CPM will be an all time low this time.