Sunday, March 23, 2014

താളം + ലയം = തൃപ്പേക്കുളം

ചെണ്ടയെടുക്കാനാവാതെ സംഗമേശ്വരനുമുന്നില്‍ കരഞ്ഞുനില്‍ക്കുന്ന അച്ചുമ്മാനെ മറക്കാനാവില്ല. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ അരമണിക്കൂര്‍ നേരം കൂടല്‍മാണിക്യക്ഷേത്രത്തില്‍ പഞ്ചാരി കൊട്ടിയ തൃപ്പേക്കുളം അച്യുതമാരാരുടെ സമര്‍പ്പണം അന്ന് എല്ലാവരും അത്ഭുതത്തോടയാണ് കണ്ടത്. മറ്റ് മേളങ്ങള്‍ക്ക് പോകാതായിട്ടും ഇരിങ്ങാലക്കുട ഉത്സവത്തിന് ഒരുദിവസം അച്ചുമ്മാന്‍ കൊട്ടുമായിരുന്നു. കഴിഞ്ഞ ഉത്സവത്തിന് കാലില്‍ നീരു വരാതിരിക്കാന്‍ ചാക്ക് നനച്ചിട്ട് അതിനു മുകളില്‍നിന്നാണ് അദ്ദേഹം കൊട്ടിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ചെണ്ടയും താങ്ങി നില്‍ക്കാന്‍ പറ്റാതായി. തൊഴുത് കണ്ണീരണിഞ്ഞുനിന്ന അദ്ദേഹത്തെ മേളം നടക്കുന്നതിനടുത്ത് ഒരു കസേരയിട്ടിരുത്തി. പിന്നീട്ട് അഞ്ചാംകാലമെത്തിയപ്പോഴേക്കും വീണ്ടും കസേരയിട്ടിരുന്ന് ഞങ്ങള്‍ക്കൊപ്പം കൊട്ടിയവസാനിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ഇത് മേളചരിത്രത്തില്‍ മുമ്പുണ്ടാവാത്തതാണ്്. ഈ ഉത്സവം മുതല്‍ അദ്ദേഹം നമുക്കൊപ്പമില്ല.

താളവും ലയവും ഇത്ര ഇഴുകിച്ചേര്‍ന്ന മേളക്കാര്‍ വളരെ കുറവാണ്. ചിട്ടയായ പഠനത്തിലൂടെ മേളക്കാരനായ ആളല്ല തൃപ്പേക്കുളം അച്യുതമാരാര്‍. പ്രതിഭ എന്ന വാക്കിനെ അദ്ദേഹം അന്വര്‍ഥമാക്കി. ശാസ്ത്രീയ അഭ്യസനം ഇല്ലാതിരുന്നിട്ടും ഇത്രയും താള കണിശത പുലര്‍ത്തിയ കലാകാരനുണ്ടാവില്ല. അടിയന്തരക്കാരനായാണ് അദ്ദേഹം മേളകലയിലെത്തുന്നത്. ഊരകത്തമ്മത്തിരുവടിക്ഷേത്രത്തിലെ അടിയന്തരക്കാരാണ് തൃപ്പേക്കുളത്ത് മാരാത്തുകാര്‍. അതിന്റെ ഭാഗമായി എല്ലാ വാദ്യോപകരണങ്ങളും പ്രയോഗിക്കും. അങ്ങനെയായിരുന്നു ബാല്യം. പിന്നെ ശാസ്ത്രീയമായി അഭ്യസിച്ചത് തകിലാണ്. നെല്ലിക്കല്‍ നാരായണപ്പണിക്കരായിരുന്നു ഗുരു. ബാക്കിയെല്ലാം കണ്ടും കേട്ടും പഠിച്ചതാണ്. കുറേക്കാലം തകില്‍ വായനക്കാരനായാണ് അദ്ദേഹം പുറംലോകത്ത് അറിയപ്പെട്ടത്. പിന്നെ, അന്നമനട പരമേശ്വരമാരാരുടെ(സീനിയര്‍) കീഴില്‍ തിമില പഠിച്ചു. തകിലിനോടുവിടപറഞ്ഞ് കുറെക്കാലം പഞ്ചവാദ്യത്തില്‍ തിമിലക്കാരനായി. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ തിമിലക്കാരനായി. പിന്നീടാണ് ചെണ്ടപഠിച്ചത്. അമ്പതുവയസ്സുകഴിഞ്ഞാണ് അദ്ദേഹം മേളകലാകാരനായത്. എന്റെ അച്ഛന്‍ പെരുവനം അപ്പുമാരാരാണ് അച്ചുമ്മാന്റെ ചെണ്ടയിലെ ഗുരു. അച്ഛന്റെ കീഴിലാണ് അദ്ദേഹം പുളിമുട്ടിയില്‍ കൊട്ടിപ്പഠിച്ചത്. അച്ചുമ്മാനേക്കാള്‍ ഒരുവയസ്സ് ഇളയതായിരുന്നു അച്ഛന്‍. ഔദ്യോഗികമായ ചെണ്ടപഠനം നിന്നെങ്കിലും പ്രയോഗത്തിലൂടെ അദ്ദേഹം ഒരുപാട് പഠിച്ചു. മധ്യകേരളത്തിലെ ഒരുപാട് ഉത്സവങ്ങളില്‍ അദ്ദേഹം പ്രമാണിയായി. തൃശൂര്‍ പൂരം, തൃപ്പൂണിത്തുറ ഉത്സവം, ഇരിങ്ങാലക്കുട ഉത്സവം, കൊടുങ്ങല്ലൂര്‍, പെരുവനം, ആറാട്ടുപുഴ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേളക്കമ്പക്കാരെ ത്രസിപ്പിച്ചു. തായമ്പക പഠിച്ചിട്ടില്ലെങ്കിലും തൃത്താല കേശവന്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, പല്ലാവൂര്‍ അപ്പുമാരാര്‍ തുടങ്ങി അക്കാലത്തെ പ്രമുഖര്‍ക്കൊപ്പം തായമ്പകയ്ക് താളമിട്ടു. പെരുവനം അപ്പുമാരാരുടെ മരണശേഷം 1987 മുതല്‍ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ മേളപ്രമാണിയായി. 1992 മുതല്‍ തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി. മേളത്തോടൊഴികെ മറ്റൊന്നിനോടും മമതയുണ്ടായിരുന്നില്ല അച്ചുമ്മാന്. ശ്രുതിജ്ഞാനവും താളവൈഭവവും ഒന്നു വേറെതന്നെയായിരുന്നു. കുറുംകുഴല്‍പ്പറ്റില്‍ ചെണ്ട കൊട്ടാന്‍ ഇത്രയും വൈഭവമുള്ള മറ്റൊരു കലാകാരനില്ല. തൃപ്പൂണിത്തുറയിലെ തൃക്കേട്ട പുറപ്പാടിന് ഒന്നരമണിക്കൂറോളം വരുന്ന കുഴല്‍പ്പറ്റിന് ചെണ്ട അദ്ദേഹമായിരുന്നു. അച്ഛന്‍ മേളപ്രമാണിയായിരിക്കുമ്പോഴും കുഴല്‍പ്പറ്റിന് അച്ചുമ്മാനെയാണ് അയക്കാറ്. നാഗസ്വരത്തിന് തകില്‍വായിച്ചുള്ള പരിചയമാണ് അദ്ദേഹത്തിന് കുഴല്‍പ്പറ്റിന് ചെണ്ടക്കാരനാവാന്‍ സഹായകമായത്. തകില്‍ അദ്ദേഹത്തിന് അത്രയും താള കണിശത സമ്മാനിച്ചിരുന്നു.
 
തിമില, ഇടയ്ക്ക, ചെണ്ട, പാണി, കൊട്ടിപ്പാടിസേവ, തകില്‍ ഇവയിലെല്ലാം ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച വാദ്യകലാകാരനായിരുന്നു അച്യുതമാരാര്‍. 1921ല്‍ ഊരകം ക്ഷേത്രത്തിനടുത്ത് തൃപ്പേക്കുളത്ത് മാരാത്ത് പാപ്പമാരസ്യാരുടെയും സീതാരാമന്‍ എമ്പ്രാന്തിരിയുടെയും മകനായി ജനിച്ചു. 1970കളില്‍ പ്രശസ്ത നര്‍ത്തകന്‍ നട്ടുവാങ്കം പരമശിവത്തിന്റെ നൃത്തങ്ങള്‍ക്ക് തകില്‍ കലാകാരനായിരുന്നു. ഭരതനാട്യത്തിന് മൃദംഗം ഒഴിവാക്കി തകില്‍ വായിച്ച് ശ്രദ്ധേയനായി. 1997ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2006ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം, 2012ല്‍ കേന്ദ്ര സംഗീത അക്കാദമി അവാര്‍ഡ്, 2004ല്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ വീരശൃംഖല, 2003ല്‍ കലാമണ്ഡലം മേളാചാര്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.

*
പെരുവനം കുട്ടന്‍ മാരാര്‍
തയ്യാറാക്കിയത് :  കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: