Saturday, March 29, 2014

ഇത്തിള്‍ക്കണ്ണികളുടെ തത്വവിചാരം

""നാം എത്ര കൂടുതല്‍ വിജയിക്കുന്നോ അത്രയും കൂടുതല്‍ ശത്രുക്കള്‍ ഒന്നിക്കാന്‍ പഠിക്കുന്നു; അത്രയും കൂടുതല്‍ വാശിയോടെ അവര്‍ കടന്നാക്രമണം നടത്തുന്നു"" എന്ന് ലെനിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നതനായ നേതാവ് വി എസ് അച്യുതാനന്ദന്‍ പൊടുന്നനെ നാനാഭാഗത്തുനിന്നും ആക്രമിക്കപ്പെടുമ്പോള്‍ ഓര്‍ക്കേണ്ട തത്വംതന്നെയാണ് അത്. തീവ്ര ഇടതുപക്ഷക്കാരെന്നു നടിക്കുന്നവരും വലതുപക്ഷവും ഒരൊറ്റ വികാരവുമായി കമ്യൂണിസ്റ്റ് പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും നേരിടുന്നതില്‍ പുതുമയില്ല. കേരളത്തിന്റെ അതിജീവനത്തിന്; പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളിയുടെ ഉപജീവനത്തിന് വയലേലകള്‍ സംരക്ഷിക്കപ്പെടണമെന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍, പാര്‍ടി സെക്രട്ടറിയായിരുന്ന വി എസിനെ "വെട്ടി നിരത്തല്‍ വീര"നാക്കിയ അനുഭവം വളരെ പഴയതല്ല. പിന്നീട്, തനിക്ക് ശരി എന്നു തോന്നിയ ചില നിലപാടുകള്‍ വി എസ് എടുത്തപ്പോള്‍, അത് പാര്‍ടിയെ അടിക്കാനുള്ള വടിയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ നിരന്തരം ഉണ്ടായി. പാര്‍ടിയെ "ദുര്‍മൂര്‍ത്തി"യും വി എസിനെ പാര്‍ടിയില്‍നിന്ന് വേറിട്ട വ്യക്തിത്വവും ആയി ചിത്രീകരിച്ച്, ഏഴുപതിറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍നിന്നുപോലും വി എസിനെ പറിച്ചെടുക്കാമെന്ന അതിമോഹം തലയില്‍കയറി ഭ്രാന്തെടുത്തുള്ള നീക്കമാണുണ്ടായത്. താന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പാര്‍ടി പരിഗണിച്ചിരിക്കുന്നു; പരിഹരിച്ചിരിക്കുന്നു; അതില്‍ തൃപ്തനാണ് എന്ന് വി എസ് തുറന്നുപറഞ്ഞതോടെ അത്തരക്കാര്‍ മോഹഭംഗത്തിന്റെ പടുകുഴിയിലേക്കാണ് വീണത്.

പാര്‍ടിയെ തകര്‍ക്കാന്‍ തക്കംപാര്‍ത്തിരുന്ന ഏതാനും ഗൂഢാലോചകര്‍ അതോടെ ഹതാശരായി. ഉപജാപങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും സൃഷ്ടിച്ച മലീമസമായ രാഷ്ട്രീയപരിസരത്ത് അഴിഞ്ഞാടാന്‍ ആര്‍ത്തിപൂണ്ട് നടന്നവരോട് വി എസ് വെട്ടിത്തുറന്നു പറഞ്ഞു: എന്റെ പാര്‍ടി തീര്‍ക്കുന്ന രാഷ്ട്രീയ സമരത്തിന്റെ പടയണിയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവുകയാണ് ഞാന്‍ .

ആ നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ആര്‍എംപി നേതാവിന്റെ ശാപം- "വി എസിനെ ജനം പുച്ഛിച്ച് തള്ളും". പിന്നീട് വി എസിനുനേരെ പഴിയും ശാപവും ശകാരവും ശരവര്‍ഷമായിവന്നു. കെ കെ രമമുതല്‍ രമേശ് ചെന്നിത്തലവരെ. ഉമ്മന്‍ചാണ്ടിമുതല്‍ കെ വേണുവരെ. ജമാ അത്തെ ഇസ്ലാമിമുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നുവരെ. ഏഴുപതിറ്റാണ്ടുകൊണ്ട് വി എസ് ആര്‍ജിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് അവര്‍ വിലയിടുന്നു. തങ്ങളുടെ ഇംഗിതത്തിനൊത്തല്ല വി എസിന്റെ നിലപാടെന്ന് തിരിച്ചറിയുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപത്തിന് മുതിരുന്നു.

ഭൂതകാലപ്രേതങ്ങളെ ആവാഹിച്ചുവരുത്തി, അവരില്‍നിന്ന് പേരുകളും പോര്‍വിളികളും വേഷങ്ങളും കടമെടുത്ത്, കാലപ്പഴക്കത്തിന്റെ മാന്യതയാര്‍ന്ന പ്രച്ഛന്നവേഷത്തിലും കടമെടുത്ത ഭാഷയിലും അഭിനയിക്കുന്നവരെക്കുറിച്ചും മാര്‍ക്സ് എഴുതിയിട്ടുണ്ട്. ആ ഭാഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വായിച്ചിട്ടില്ല. "സ്വന്തം കാര്യം നോക്കിയായ വൃദ്ധ"നോടുപമിച്ച് മാതൃഭൂമിയുടെ താളില്‍ (വി എസ്സും പാര്‍ടിയും- മാര്‍ച്ച് 27) വി എസിനെ അപമാനിക്കാന്‍ അപ്പുക്കുട്ടന്‍ തയ്യാറാകുന്നത്, അജ്ഞതകൊണ്ടല്ല; അസ്തിത്വമില്ലായ്മകൊണ്ടാണ്. ഉപജാപങ്ങളില്‍ ഉപജീവനംതേടുന്ന ഇത്തിള്‍ക്കണ്ണിയാണെന്ന് സ്വയം തിരിച്ചറിയപ്പെടുമ്പോഴുണ്ടാകുന്ന വിഭ്രമവും വിവരക്കേടുമാണ് അപ്പുക്കുട്ടനെ മാര്‍ക്സിനെയും ഹെഗലിനെയും നീഷേയെയുമൊക്കെ സമൃദ്ധമായി ഉദ്ധരിച്ച് വി എസ് വിരുദ്ധസാഹിത്യം ചമയ്ക്കുന്നതിലേക്ക് നയിക്കുന്നത്.

"ചന്ദ്രഗ്രഹണം ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കണോ" എന്ന റുഡോള്‍ഫ് സ്റ്റാംളറുടെ ചോദ്യത്തിന് കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗപാര്‍ടി സംഘടിപ്പിച്ചുകൊണ്ടാണ് ഉത്തരം നല്‍കിയത്. സാമൂഹ്യ പരിവര്‍ത്തനം സൂര്യാസ്തമനങ്ങള്‍പോലെയോ ഗ്രഹണങ്ങള്‍പോലെയോ സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന യാഥാര്‍ഥ്യമാണ് പാര്‍ടിയെ തള്ളിപ്പറഞ്ഞ് ഈ "മുന്‍ കമ്യൂണിസ്റ്റ്" സൗകര്യപൂര്‍വം മറക്കുന്നത്. തൊഴിലാളി വര്‍ഗം അധ്വാനിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും മര്‍ദിത ജനതയെയും ഏകീകരിക്കാനും അവരുടെ പ്രവര്‍ത്തനത്തിന് ലക്ഷ്യബോധവും സംഘടിത സ്വഭാവവും നല്‍കാനുമായി രൂപീകരിക്കുന്ന പാര്‍ടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി എന്ന അടിസ്ഥാന ധാരണയാണ് അപ്പുക്കുട്ടനില്ലാത്തത്. അതുകൊണ്ടാണ്, സകലം മാറ്റിമറിക്കാന്‍ ചെറുഗൂഢാലോചനാ സംഘം മതി എന്ന ബ്ലാങ്കിസ്റ്റ് ബുദ്ധിശൂന്യതയുടെ വക്താവായി അപ്പുക്കുട്ടസംഘം മാറിയത്. ആ വ്യാമോഹങ്ങള്‍ക്ക് അന്ത്യമായപ്പോഴാണ്, വി എസിനെ "സ്വരക്ഷയ്ക്കായി രക്ഷകനു കുഴിവെട്ടുന്ന വൃദ്ധ"നായി ചിത്രീകരിക്കാനും "വി എസിന്റെ രക്ഷകനായ ചെറുപ്പക്കാരനായി" സ്വയം അവരോധിക്കാനും അപ്പുക്കുട്ടന് തോന്നുന്നത്. അതിനുള്ള മറുപടി ബൈബിളിലുണ്ട്-"വൈദ്യരേ, സ്വയം ചികിത്സിക്കൂ" എന്ന്.

ഇത്തരം ഇത്തിള്‍ക്കണ്ണികളുടെ ആത്മാവിഷ്കാരത്തിനുമപ്പുറത്തേക്ക് പോവുകയാണ് ജമാ അത്തെ ഇസ്ലാമി പത്രം. കീഴാള-നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നൊക്കെയുള്ള പുണ്യപദങ്ങളുടെ അകമ്പടിയോടെയാണ് "മാധ്യമം" പത്രം (മാര്‍ച്ച് 26- ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്റെ പതനം) വി എസിനെ ഭര്‍ത്സിക്കുന്നത്. ഇരുകൂട്ടരും ഉന്നയിക്കുന്ന ഒരു വിഷയം ടി പി ചന്ദ്രശേഖരന്‍വധമാണ്. ആരും ന്യായീകരിക്കാത്ത കൊലപാതകം; അതിനുകിട്ടിയ അതിശയകരവും അസാധാരണവുമായ പ്രചാരണം; നാടിളക്കിയ അന്വേഷണം; വിചാരണ; വിധിപ്രസ്താവം- എല്ലാം കഴിഞ്ഞിരിക്കുന്നു. അന്വേഷണം ശരിവച്ചവര്‍ക്കും വിധി സ്വാഗതംചെയ്തവര്‍ക്കും പിന്നെയും രാഷ്ട്രീയം കളിക്കാന്‍ ചന്ദ്രശേഖരന്റെ ചോര വേണമെന്നത് അവരുടെ കാര്യം. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആ കളി തുറന്നുകാട്ടിയാണ് വി എസ് പറഞ്ഞത്, അതിനു പിന്നിലെ കരങ്ങള്‍ യുഡിഎഫിന്റേതാണ് എന്ന്്.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ ആക്ഷേപം വന്നപ്പോള്‍ പാര്‍ടി അന്വേഷണം നടത്തുകയും നിഗമനത്തിലെത്തുകയും സിപിഐ എമ്മുമായി ബന്ധപ്പെട്ട സംഘടനാ നടപടി കൈക്കൊള്ളുകയും ചെയ്തു. ""മറ്റേതു പാര്‍ടിക്കുണ്ട് അതിനുള്ള ആര്‍ജവം"" എന്ന വി എസിന്റെ ചോദ്യത്തിന് ഉത്തരം പറയുകയല്ല- ആ അന്വേഷണത്തെ അപഹസിക്കുകയാണ് നിരാശാബാധിത സംഘം. മാധ്യമം പത്രം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ടേ ആയിട്ടുള്ളൂ. അതിനും അരനൂറ്റാണ്ടുമുമ്പ് വി എസ് ചുവന്ന കൊടി പിടിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ മുഖംമൂടിയിട്ട് പ്രതിലോമ രാഷ്ട്രീയം ഒളിപ്പിച്ച്, കമ്യൂണിസ്റ്റുകാരെ ഹൈജാക്ക് ചെയ്യാമെന്ന് ആ പത്രവും അതിന്റെ യജമാനസംഘവും കൊതിച്ചിട്ടുണ്ടങ്കില്‍ അവര്‍ക്കുള്ള ഇര അപ്പുക്കുട്ടനെപ്പോലുള്ളവരാണ്. കൊക്കിലൊതുങ്ങുന്നത് കൊത്തിക്കൊള്ളുക.

ജമാ അത്തെ ഇസ്ലാമി പ്രതിനിധാനംചെയ്യുന്ന വിഭാഗീയതയുടെ രാഷ്ട്രീയമല്ല കമ്യൂണിസ്റ്റുകാരുടേത്. റോഡ് വീതികൂട്ടുന്നതിനെതിരെ ഭൂമാഫിയക്കുവേണ്ടിയും സ്വാധീനമില്ലാത്തിടത്ത് നുഴഞ്ഞുകയറാനും കുഴപ്പമുണ്ടാക്കാനും വെടക്കാക്കി തനിക്കാക്കാനും തുനിഞ്ഞിറങ്ങുന്ന ആ ശൈലിയിലുള്ള സമരവുമല്ല. ഏറ്റവും പ്രതിലോമപരവും പിന്തിരിപ്പനുമായ ആശയഗതിക്കാരില്‍നിന്ന് ശകാരം വര്‍ഷിക്കപ്പെടുമ്പോള്‍ അലിഞ്ഞുപോകുന്നതല്ല വി എസിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നെഞ്ചുറപ്പ്. പ്രസ്ഥാനത്തെ നയിക്കുന്ന വി എസിനെ മോശക്കാരനാക്കുന്ന അവസരവാദം അപ്പുക്കുട്ടന്റെയും ആര്‍എംപിയുടെയും കോണ്‍ഗ്രസിന്റെയും പൊതു സ്വഭാവമാകാം. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ ചിന്തയും വികാരവും മറ്റൊന്നാണ്. അതുകൊണ്ടാണ്, അവര്‍ ആവേശത്തോടെ ആഹ്ലാദത്തോടെ വി എസിനെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ വരവേല്‍ക്കുന്നത്. ഇന്നലെവരെ വി എസിനെയും പാര്‍ടിയെയും രണ്ടുതട്ടില്‍ നിര്‍ത്തി മാര്‍ക്കിട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ വിവരശൂന്യത. അതിന് മറ്റാരെയും ശപിച്ചിട്ടുകാര്യമില്ല- വിലാപമാണ് അത്യുത്തമം.

*
പി എം മനോജ് ദേശാഭിമാനി

No comments: