Wednesday, March 26, 2014

പ്രബുദ്ധരായ വോട്ടര്‍മാരേ...

ചീട്ടുകളിയില്‍ "പെരിശ്" പറയുക എന്നൊരേര്‍പ്പാടുണ്ട്. കളിക്കുശേഷം പറയുന്ന വിദഗ്ധാഭിപ്രായങ്ങളാണ് ഇത്. കാലദേശങ്ങള്‍ക്കനുസരിച്ച് ഈ വാക്കിന് മാറ്റമുണ്ടാവാം. പെരിശ് ഒരു വാമൊഴി വഴക്കമാണ്. കളിക്കുന്നവര്‍ മാത്രമല്ല, കണ്ടുനില്‍ക്കുന്നവരും ചിലപ്പോള്‍ പെരിശു പറയും.

"ക്ലവര്‍ ഗുലാനു പകരം ഡൈമണ്‍ റാണി ഇറക്കിക്കളിക്കണമായിരുന്നു. ഇസ്പേഡിന്റെ കളിവന്നപ്പോള്‍ ആണ്ഡ്യന്‍ തഴഞ്ഞുനിര്‍ത്തണമായിരുന്നു." ഇത്യാദിയാണ് പെരിശിന്റെ വായ്ത്താരി. ഇതുകേട്ട് അരിശം വരുന്ന കളിക്കാരന്‍ "എന്നാ താനിരി" എന്ന് പറഞ്ഞ് പെരിശുകാരനെ ഇരുത്താന്‍ ശ്രമിക്കും. ആ സമയത്താണ് പെരിശുകാരന്‍ ബുദ്ധി കാണിക്കുക. മാറിക്കളയും. പെട്ടെന്നുണ്ടാവുന്ന ആവശ്യങ്ങള്‍ ഒരുപാടാണല്ലൊ മനുഷ്യജീവിതത്തില്‍. എന്താണ് മാറിക്കളയലിന്റെ പിന്നിലുള്ള രഹസ്യം? സ്വയം ചിന്തിക്കുക എന്നതില്‍ "റിസ്ക്കു"ണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി ചിന്തിക്കുന്നതില്‍ ആ ബുദ്ധുമുട്ടില്ല. പോയാല്‍ അവനു പോയി. മെച്ചം കിട്ടിയാലോ അതിലൊരു പങ്ക് നമുക്കും കിട്ടും. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് സ്വയം ചിന്തിക്കുക എന്നുള്ളതാണ്. ഈ ഭാരം ഒഴിവാക്കാനാണ് നാം വിശ്വാസികളായി മാറുന്നത്. ആള്‍ദൈവമായാലും അരൂപി ദൈവമായാലും വിശ്വാസിയെ കാക്കേണ്ടത് പുള്ളിയുടെ ബാധ്യതയാണ്. വിശ്വാസിയേക്കാള്‍ റിസ്ക്ക് ദൈവത്തിനാണ്. ദൈവത്തെ മനുഷ്യന്‍ വാരിക്കുഴിയില്‍ വീഴ്ത്തുന്ന ഏര്‍പ്പാടാണ് വിശ്വാസം. കൂടെ നില്‍ക്കുന്നവരെ കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് ദൈവം? എന്ത് ശക്തി? എന്ത് ആത്മീയം? ഭക്തനെ തഴഞ്ഞാല്‍ ദൈവത്തോട് നമ്മള്‍ ചോദിക്കും,"എന്ത് പണിയാണ് ആശാനെ ഇക്കാണിച്ചത്?

ഇത്രയും നാള് നിങ്ങളുടെ പിന്നാലെ നടന്നിട്ട്...?" പിന്നെ ദൈവം വിശദീകരണക്കുറിപ്പ് ഇറക്കേണ്ടി വരും. തൃപ്തികരമല്ലെങ്കില്‍ ആളുകള്‍ വേറെ ദൈവത്തെ നോക്കി പോവും. ദൈവത്തിന് ഇവിടെ പഞ്ഞമൊന്നുമില്ലല്ലോ? എന്തിനെയും കയറി ദൈവമാക്കി കളയും. മനുഷ്യനെ കിട്ടിയില്ലെങ്കില്‍ മരത്തിനെ കിട്ടിയാലും മതി. മരമില്ലെങ്കില്‍ കല്ല് കിട്ടിയാലും മതി. പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാന്‍ കൊണ്ടുവന്ന കല്ലുകള്‍ കൊച്ചുകൊച്ചു ദൈവങ്ങളായി എത്ര വീട്ടിലാണ് "വെച്ചുസേവ"യുടെ രൂപത്തില്‍ ഇരിക്കുന്നത്! എല്ലാവരുടെയും കച്ചോടം അല്‍ഭുതം തന്നെ. സത്യത്തില്‍ ഇവര്‍ തമ്മിലുള്ള മത്സരമാണ് ഏറ്റവും വലുത്. ചിലപ്പോള്‍ എല്ലാത്തിനെയും വിഴുങ്ങിക്കൊണ്ട് ഒരു ദൈവം ഏതെങ്കിലും മുനിസിപ്പാലിറ്റിയില്‍ ഉദയം കൊള്ളും. അതോടെ ചില ദൈവങ്ങള്‍ക്ക് ആളു കുറയും. മാള്‍ വരുമ്പോള്‍ തട്ടുകട പൂട്ടിപ്പോവുന്ന പോലെ. അങ്ങനെ കച്ചവടം പൂട്ടിപ്പോയ ദൈവങ്ങളുമുണ്ട്. ജീര്‍ണോദ്ധാരണം, ഗൃഹാതുരത്വം എന്നെല്ലാം പറഞ്ഞ് പിന്നെ തിരിച്ചുകൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടാണ്. ചികില്‍സിക്കാനറിയാത്ത ഡോക്ടറുടെയടുത്ത് ഏത് രോഗിയാണ് പോവുക? വിശ്വാസികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. വിശ്വാസം പ്രഖ്യാപിച്ചാല്‍ പണി കഴിഞ്ഞു. ഈ വിശ്വാസം മുഴുവന്‍ ഏറ്റെടുക്കുന്നയാളുടെ സ്ഥിതിയൊന്ന് ആലോചിച്ച് നോക്ക്!

വെറുതെയല്ല തൂണിലും തുരുമ്പിലും വരെ കയറിയിരിക്കുന്നത്. എന്നിട്ട് തന്നെ കാര്യങ്ങള്‍ ശരിക്കും നടക്കുന്നില്ല. ഒന്ന് കണ്ണടയ്ക്കാന്‍ നിവൃത്തിയില്ല. പ്രപഞ്ചോല്‍പ്പത്തി മുതല്‍ ഈ നിമിഷം വരെ ഒരു പോള കണ്ണടക്കാതെ ജീവിക്കേണ്ടി വരിക! അമ്പമ്പോ... ദൈവത്തിന് മാത്രമെ ഇത് പറ്റൂ. നമുക്ക് കൂടി വന്നാല്‍ രണ്ടുദിവസം. അന്യനുവേണ്ടി ചിന്തിക്കാനുള്ള ഭാരം തലയില്‍ നിന്ന് പോവുന്നതോടെ മനുഷ്യന് വേറെ ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവും. സമയലാഭം കിട്ടും. അരകല്ലില്‍ നിന്ന് മിക്സിയിലേക്കും അലക്കുകല്ലില്‍ നിന്ന് വാഷിങ് മെഷീനിലേക്കും മാറിയപ്പോള്‍ കിട്ടിയ ലാഭമല്ല. അതിന്റെ നാലിരട്ടി കിട്ടും. ഏറ്റവും പ്രധാനം നമുക്ക് നമ്മളില്‍ തന്നെ കേന്ദ്രീകരിക്കാം എന്നതാണ്.

അന്യന്റെ വാക്ക് സംഗീതമാണെങ്കില്‍ ആസ്വദിക്കാം അല്ലെങ്കില്‍ വിട്ടുകളയാം എന്ന മട്ട്. കിട്ടുന്ന സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് ഫോക്നറുടെ ഒരു നോവലുണ്ട്-"ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍". അതില്‍ അഞ്ചു മക്കളുടെ അമ്മയായ അഡ്ഢി മരിക്കാന്‍ കിടക്കുകയാണ്. മൂത്തമകന്‍ ക്യാഷിന് അമ്മയുടെ അടുത്തു വന്ന് നില്‍ക്കാന്‍ നേരമില്ല. അയാള്‍ അമ്മക്ക് ശവപ്പെട്ടി ഉണ്ടാക്കുകയാണ്. സ്വന്തമായി ശവപ്പെട്ടി ഉണ്ടാക്കിയാല്‍ മൂന്ന് ഡോളര്‍ ലാഭിക്കാം. അതാണ് അയാളുടെ ചിന്ത.

അഡ്ഢിയുടെ മൃതദേഹം നഗരത്തിലെ പള്ളിയില്‍ അടക്കം ചെയ്യണമെന്നാണ് ഭര്‍ത്താവിന്റെ ആഗ്രഹം. അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് നഗരത്തില്‍ നിന്ന് ഒരു പുതിയ സെറ്റ് പല്ല് വാങ്ങാം. ശവം കൊണ്ടുപോവുന്ന വണ്ടിയില്‍ പോയാല്‍ യാത്രക്കൂലിയും ലാഭിക്കാം. അതാണ് അയാളുടെ ചിന്ത. ഡ്യുയിഡെല്‍ എന്ന ഒരു മകള്‍ അമ്മയെ വീശിക്കൊണ്ട് കൂടെത്തന്നെയുണ്ട്. പക്ഷെ അവളുടെയും ആഗ്രഹം നഗരത്തിലെ പള്ളിയിലേക്ക് തന്നെ കൊണ്ടുപോവണമെന്നാണ്. കാരണം, കാമുകനില്‍ നിന്ന് അവള്‍ അവിഹിത ഗര്‍ഭം ധരിച്ചു. അത് അലസിപ്പിക്കാന്‍ നഗരത്തിലെ മരുന്ന് കച്ചവടക്കാരനെ കാണാം. അതാണ് അവളുടെ ചിന്ത. മറ്റൊരു മകന്‍ ജുവലിന് അമ്മ ഒരു പ്രശ്നമേയല്ല. അയാള്‍ സമയം പാഴാക്കാതെ പണമുണ്ടാക്കുകയാണ്.

അഡ്ഢിക്ക് മക്കളില്‍ ഏറ്റവും ഇഷ്ടം ജുവലിനോടായിരുന്നു. ഒരിക്കല്‍ അവന്‍ ആരോടും പറയാതെ നാടുവിട്ടു. തിരിച്ചുവന്നത് ഒരു കുതിരയുമായാണ്. അച്ഛന്‍ ചോദിച്ചു-" നീ എന്റെ അനുവാദമില്ലാതെ കുതിരയെ വാങ്ങിയത് എന്തിനാണ്?" അവന്റെ മറുപടി-"ഞാനുണ്ടാക്കിയ പണം കൊണ്ട് കുതിരയെ വാങ്ങാന്‍ എനിക്ക് ആരുടെയും അനുമതി വേണ്ട." ജുവല്‍ പറഞ്ഞു- "എനിക്ക് എന്റെ അമ്മ എന്റെ കുതിരയാണ്." അങ്ങനെയാണ് അയാളുടെ ചിന്ത.

മറ്റൊരു മകന്‍ വാര്‍ദ്ധമാന്‍. ലേശം ബുദ്ധിക്കുറവുണ്ട്. അവന്‍ മീന്‍കൊതിയനാണ്. കട്ടിലില്‍ കിടക്കുന്ന അമ്മയെ ഒരു വലിയ മീനായാണ് അവന്‍ കാണുന്നത്. അങ്ങനെ ചിന്തിക്കുന്നു അയാള്‍. ഡാള്‍ എന്നാണ് അവസാനത്തെ മകന്റെ പേര്. ഇവന്‍ മാത്രം ദുഖിതനാണ്. പക്ഷെ അവനെ ആരും ശ്രദ്ധിക്കുന്നില്ല.

ഒടുവില്‍ അമ്മ മരിച്ചു. എല്ലാവരും ശവവണ്ടിയില്‍ കയറി. ഓരോരുത്തരും ചിന്തിച്ചത് അവരവര്‍ക്ക് കിട്ടാന്‍ പോവുന്ന ലാഭത്തെക്കുറിച്ചാണ്. പക്ഷെ ഈ ജനാധിപത്യം ചെയ്യുന്ന ഒരു ചെറുതല്ലാത്ത ദ്രോഹം സമൂഹത്തിനു വേണ്ടി സ്വന്തമായി തീരുമാനമെടുക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നു എന്നതാണ്. ഏറ്റവും പണിയുള്ള ഒരു പ്രക്രിയ മനുഷ്യന്റെ തലയിലിടുന്നു. രാജഭരണത്തിലും പട്ടാള ഭരണത്തിലും ഇമ്മാതിരി മെനക്കേടില്ല. അതാണ് നല്ലത് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ടല്ലൊ! സ്വാതന്ത്ര്യം വേണോ സുരക്ഷിതത്വം വേണോ എന്ന് ചോദിച്ചാല്‍ മനുഷ്യന്‍ സുരക്ഷിതത്വത്തിനേ വോട്ടു ചെയ്യൂ എന്നാണ് ദസ്തയേവ്സ്ക്കി പറഞ്ഞത്.

സ്വതന്ത്രനായി നടക്കുമ്പോളുണ്ടാവുന്ന ദുരന്തം തടവില്‍ കിടക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദത്തേക്കാള്‍ വലുതാണ് എന്നതെല്ലാം വെറും ഡയലോഗ്. അപ്പോള്‍ ഇത്രയും വിസ്തരിച്ച് പറഞ്ഞത് ജനാധിപത്യത്തിന്റെ മഹോല്‍സവം ആരംഭിച്ചതുകൊണ്ടാണ്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു പോയതു കൊണ്ടുമാണ്. ഒന്നാമത് ഞാന്‍ അങ്ങനെ ആലോചിക്കേണ്ട കാര്യമില്ല. ഞാന്‍ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് വിശാരദന്മാര്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ ചാനലിലും മറ്റും കയറിയിരുന്ന് കേരളത്തെ വിവിധ മേഖലകളാക്കി തിരിച്ചിട്ടുണ്ട്. പെരിശുകാര്‍!

സര്‍വെ നടത്തി വന്യമൃഗങ്ങളുടെ കണക്കും ഇവരുടെ കയ്യിലുണ്ട്. നായരിത്ര, നമ്പൂതിരിയിത്ര, ഈഴവരിത്ര, മുസ്ലീങ്ങളിത്ര, ക്രിസ്ത്യാനികളിത്ര.. എന്നിങ്ങനെ കണക്കുകളുമുണ്ടാവും. പിന്നെ ഗുണകോഷ്ടം പഠിപ്പിക്കും. ആയിരം കോഴിക്ക് അരക്കാട എന്ന തോതില്‍. പതിനായിരം നായര്‍ക്ക് കാല്‍ സീറ്റ്. പന്തീരായിരം ഈഴവര്‍ക്ക് അര സീറ്റ്. പതിനയ്യായിരം ക്രിസ്ത്യാനിക്ക് മുക്കാല്‍ സീറ്റ് എന്നിങ്ങനെയാണത്രെ കണക്ക്. നാട്ടിലെ ഏതെങ്കിലും ബാപ്പുജി മെമ്മോറിയല്‍ വായനശാലയുടെ അടുത്തു കൂടി പോയിട്ടുണ്ടെങ്കില്‍ വരെ അറപ്പു തോന്നുന്ന രീതിയിലാണ് വിശകലനഡിംഭന്മാരുടെ തിംതരികിടതോം. വിശപ്പിനും വികാരത്തിനുമില്ലാത്ത ജാതി പെട്ടെന്നവ് വിരല്‍ത്തുമ്പില്‍ കയറി വരുന്നു. അതോടെ ചിന്തിക്കാനുള്ള ഭാരം എനിക്ക് കുറഞ്ഞു കിട്ടി.

ഞാന്‍ എങ്ങനെയാണ് വോട്ടു ചെയ്യുന്നത് എന്ന് ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ പണ്ഡിതഡിംഭന്മാരും ഇങ്ങനെയാണോ ചെയ്യുന്നതെന്ന് തിരിച്ചു ചോദിക്കാന്‍ നമുക്ക് കഴിയില്ലല്ലോ? ഒന്ന് ഇവര്‍ തീരുമാനിച്ചു- എനിക്ക് സ്വന്തം കണ്ണുകളോ ചെവികളോ ഇല്ല. ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവനുമല്ല. എന്റെ കണ്ണുകള്‍ വെള്ളാപ്പള്ളി നടേശന്റെയോ, ജി സുകുമാരന്‍ നായരുടെയോ, മെത്രാന്‍ സമിതിയുടെയോ ആണെന്ന് അവര്‍ തീരുമാനിച്ചു. അവരുടെ കണ്ണുകളും അങ്ങനെയൊക്കെ ആവട്ടെ!

എനിക്ക് കാലുകളില്ലെന്നും അതെല്ലാം മേല്‍പ്പറഞ്ഞവര്‍ പണിയിച്ചു തന്നതാണെന്നും അവര്‍ തീരുമാനിച്ചു. അവരുടെ കാലുകളും അങ്ങനെതന്നെ ആവട്ടെ. എനിക്ക് തലച്ചോറില്ലെന്നും ഒഴുക്കിലൂടെ പോവുന്ന കരിയിലയാണെന്നും അവര്‍ തീരുമാനിച്ചു. അവരും അങ്ങനെ തന്നെ ആവട്ടെ. എന്നാല്‍ ഈ വിദഗ്ധ വൈദ്യന്മാര്‍ ഇതില്‍ നിന്നെല്ലാം വിമുക്തരാണ്. നമ്മുടെ മൂത്രത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവാണ് അവര്‍ എടുക്കുന്നത്. ഈ വൈദ്യന്മാര്‍ അവരുടെ മൂത്രം ഒരിക്കലും പരിശോധിക്കാറില്ല. നമ്മള്‍ എങ്ങനെ എന്ന് കണ്ടെത്തിയവരാണ് അവര്‍.

"രാമാ... നിനക്ക് അതുമതി..." എന്ന് പണ്ട് ജന്മി കല്‍പിക്കുന്ന പോലെ. അവര്‍ ബുദ്ധിയുടെ ജന്മിമാരാണല്ലോ. നമ്മള്‍ മണ്ടന്മാര്‍ അവരില്‍നിന്ന് ബുദ്ധി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍. ഞാന്‍ എന്താണെന്ന് എനിക്ക് പറഞ്ഞു തന്നതിന് നന്ദി. നിര്‍ണായക നിമിഷത്തില്‍ ഞാന്‍ നായരോ, ഈഴവനോ, ക്രിസ്ത്യാനിയോ ആയി മാറും എന്ന് അവര്‍ പറഞ്ഞു തന്ന സ്ഥിതിക്ക് ഇനി ഞാന്‍ എനിക്കു വേണ്ടി ചിന്തിക്കേണ്ടതില്ല. ഞാന്‍ വെറും പെട്ടിയിലടച്ച മാങ്ങ. പെട്ടി പോകുന്നിടത്തേക്ക് ഞാനും പോവുന്നു. പെട്ടി എവിടെ കൊടുക്കണമെന്ന് ഉടമസ്ഥന്‍ തീരുമാനിക്കും. എന്തൊരു ഭാഗ്യം!

ഞാന്‍ സ്വന്തമായി ചിന്തിക്കുന്നില്ലെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് വരുമ്പോള്‍ ഞാന്‍ വെള്ളാപ്പള്ളിയോട് ചോദിക്കും, സുകുമാരന്‍ നായരോട് ചോദിക്കും, മെത്രാന്‍ സമിതിയോട് ചോദിക്കും. ഞാന്‍ എത്ര ഭാഗ്യവാന്‍! എനിക്കു ചുറ്റും നടക്കുന്നതിനെ കുറിച്ച് പ്രബുദ്ധനായ ഞാന്‍ ആലോചിക്കുകയേ വേണ്ട. അസ്വസ്ഥനാവണ്ട, ആകുലചിത്തനാവണ്ട. പത്തായം പെറും, ചക്കി കുത്തും ഞാനുണ്ണും. പരമസുഖം. എന്നെ ഒരു ഷോകേസില്‍ വെച്ച് അവശേഷിക്കുന്ന എന്നെ ഒരു ശവശരീരമാക്കി ഉറങ്ങാം. ചിന്തകളില്ലാതെ, കൂര്‍ക്കം വലിച്ച്. അപ്പോള്‍ ശവശരീരങ്ങളെണ്ണി അവര്‍ പറയും- നായരിത്ര, ഈഴവരിത്ര, ക്രിസ്ത്യാനിയിത്ര.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

4 comments:

മുക്കുവന്‍ said...

you too are not far different from this story... listen Procrustes kavitha few times.. you might open your eyes too.

Unknown said...
This comment has been removed by the author.
Unknown said...

well said, dear comrade

Unknown said...
This comment has been removed by the author.