Wednesday, March 12, 2014

ഈ കൊടുംവഞ്ചന ജനം അംഗീകരിക്കില്ല

രണ്ടുദിവസം മുമ്പുവരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃനിരയിലുണ്ടായിരുന്ന ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ 16-ാം ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി കൊല്ലം മണ്ഡലത്തില്‍ മത്സരിക്കുകയാണുപോലും. തന്റെ പുത്തന്‍ ആര്‍എസ്പി ഇടതുപക്ഷ പാര്‍ടിയാണോ, വലതുപക്ഷ പാര്‍ടിയാണോ എന്ന് വ്യക്തത വരുത്താനുള്ള ബാധ്യത പ്രേമചന്ദ്രനുതന്നെയാണ്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം ഇപ്പോഴും ദേശീയതലത്തില്‍ ഇടതുപക്ഷമുന്നണിയുടെ ഭാഗമാണ്; സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടിലാണ്. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന് ശഠിക്കുന്ന പാര്‍ടിയാണ് ആര്‍എസ്പി. കോണ്‍ഗ്രസ് നേതാവ് പ്രണബ്കുമാര്‍ മുഖര്‍ജി രാഷ്ട്രപതിസ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ സിപിഐ എമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കിയതാണ്. എന്നാല്‍, കോണ്‍ഗ്രസുകാരനാണെന്ന ഏക കാരണത്താല്‍ പ്രണബിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്ന് ശാഠ്യം പിടിച്ച പാര്‍ടിയാണ് ആര്‍എസ്പി. അതേ പാര്‍ടിയുടെ കേരളഘടകമാണ് ഒറ്റ ദിവസംകൊണ്ട് യുഡിഎഫില്‍ ചേക്കേറിയത്.

പ്രേമചന്ദ്രന്റെ ചര്‍ച്ചയും പ്രസംഗവുമൊക്കെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നതാണ്. അദ്ദേഹത്തിന്റെ നിലപാടിലും പെരുമാറ്റത്തിലും വാദഗതികളിലും ജനങ്ങള്‍ക്ക് നല്ല മതിപ്പായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാടിനോടൊപ്പം ചാഞ്ചാട്ടമില്ലാതെ ഉറച്ച നിലപാടെടുക്കുന്ന നേതാവാണെന്ന ഖ്യാതി പ്രേമചന്ദ്രനുണ്ടായിരുന്നു. പ്രേമചന്ദ്രന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് രണ്ടുതവണ കൊല്ലം നിയോജകമണ്ഡലത്തില്‍ ജയിച്ച് പാര്‍ലമെന്റ് അംഗമായത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്നുകൊണ്ടുതന്നെ രാജ്യസഭാംഗമായി; സംസ്ഥാന നിയമസഭയിലെ അംഗമായി; മന്ത്രിസഭയിലെ അംഗമായി. ആര്‍എസ്പിയുടെ രണ്ടോ മൂന്നോ ഭാഗങ്ങള്‍ മുമ്പുതന്നെ യുഡിഎഫിന്റെ ഭാഗമായി വലതുപക്ഷ രാഷ്ട്രീയം കൈകാര്യംചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ കോണ്‍ഗ്രസിനെതിരായ നിലപാടില്‍ ഉറച്ചുനിന്ന നേതാവാണ് പ്രേമചന്ദ്രന്‍. ഇപ്പോള്‍ പ്രേമചന്ദ്രന്‍ പറയുന്നു, കോണ്‍ഗ്രസാണ് ശരിയെന്ന്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തില്‍ നടന്ന ലോക റെക്കോര്‍ഡ് ഭേദിച്ച വന്‍ അഴിമതികളെല്ലാം മാതൃകാപരമാണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രേമചന്ദ്രന്‍ സമ്മതിദായകരോട് വിശദീകരിക്കുക. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തെയും ജനവിരുദ്ധനയങ്ങളെയും വെള്ളപൂശാനുള്ള കടമയാണ് പ്രേമചന്ദ്രന്‍ ഏറ്റെടുത്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെയും യുഡിഎഫ് ഭരണത്തിന്റെയും "മഹത്വം" പ്രേമചന്ദ്രന്റെ നാക്കില്‍ക്കൂടി അറിയാനുള്ള അസുലഭമായ അവസരം കൊല്ലം മണ്ഡലത്തിലെ തികഞ്ഞ രാഷ്ട്രീയബോധമുള്ള, അധ്വാനശീലരായ സമ്മതിദായകര്‍ക്ക് കൈവന്നിരിക്കുന്നു. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അവര്‍തന്നെ വിലയിരുത്തട്ടെ.

പ്രേമചന്ദ്രന്‍ എന്തിനാണ് യുഡിഎഫിലേക്ക് ചേക്കേറിയത്? നയപരമായ അഭിപ്രായവ്യത്യാസംമൂലമാണോ? ഇടതുപക്ഷ രാഷ്ട്രീയത്തോട് മടുപ്പും വലതുപക്ഷ രാഷ്ട്രീയത്തോട് മതിപ്പും ഉണ്ടായതുകൊണ്ടാണോ? പ്രേമചന്ദ്രന്‍ വാക്ചാതുര്യത്തോടെ ജനങ്ങളോട് സംവദിച്ച ഉമ്മന്‍ചാണ്ടി-സരിതാനായര്‍ ബന്ധവും ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെയ്തികളും വിശദീകരിക്കുമ്പോള്‍ പുതിയ ന്യായം കണ്ടെത്താനുള്ള തിരക്കിലായിരിക്കും സ്ഥാനാര്‍ഥി. ഇടതുപക്ഷ ജനാധിപത്യമുന്നണി രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പിക്ക് കൊല്ലം പാര്‍ലമെന്റില്‍ മത്സരിക്കാന്‍ സീറ്റ് അനുവദിച്ചില്ല എന്ന പരാതിയാണോ സമ്മതിദായകരോട് പറയാന്‍ പോകുന്നത്. അപ്പോള്‍ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി പറയും "രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പിയെ ക്ഷണിച്ചുവരുത്തി അവര്‍ ആവശ്യപ്പെട്ട ഒരു സീറ്റ് നല്‍കി. ദീര്‍ഘകാലമായി യുഡിഎഫില്‍ ഉറച്ചുനിന്ന യുഡിഎഫിന്റെ സാക്ഷാല്‍ സൃഷ്ടികര്‍ത്താവായ ഒമ്പത് എംഎല്‍എമാരുള്ള എന്റെ പാര്‍ടിക്ക് ഒരു സീറ്റേ തന്നുള്ളൂ". അത്തരം വിഷയങ്ങളൊക്കെ ജനങ്ങള്‍ക്ക് കാണേണ്ടതായും കേള്‍ക്കേണ്ടതായും വരും. പ്രേമചന്ദ്രന്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ (വാദത്തിനുവേണ്ടി അങ്ങനെ സങ്കല്‍പ്പിക്കാം) കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോ? കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ മൂന്നാം ബദലിനോടൊപ്പം നില്‍ക്കുമോ? കോണ്‍ഗ്രസ് അതിന്റെ വ്യവസ്ഥകള്‍ പരസ്യമായി പ്രസ്താവിച്ചുകഴിഞ്ഞു. പ്രേമചന്ദ്രന്‍ രേഖാമൂലം ഉറപ്പ് കൊടുത്തിരിക്കും. ഇടതുപക്ഷം ചര്‍ച്ചപോലും നടത്തിയില്ലെന്നാണ് പ്രേമചന്ദ്രനും കൂട്ടരും ആവലാതിപ്പെടുന്നത്. സത്യം അതാണോ? സീറ്റ് വിഭജനം ചര്‍ച്ചചെയ്യാനുള്ള എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ ബോധപൂര്‍വം മാറിനില്‍ക്കുകയല്ലേ ചെയ്തത്. ഉമ്മന്‍ചാണ്ടിയുമായി വളരെ മുമ്പേ രഹസ്യചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കിയ കാര്യം പൊതുജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഇടുക്കി സീറ്റിനുള്ള അവകാശവാദവും കടുത്തുവന്നപ്പോള്‍ ഭരണം ഉറപ്പിക്കാന്‍ യുഡിഎഫിന് കിട്ടാവുന്നത്ര എംഎല്‍എമാരെ ചാക്കിട്ടുപിടിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അത് യുഡിഎഫ് നേതൃത്വം പലതവണ പുറത്തുപറഞ്ഞിട്ടുമുണ്ട്. അതിനെന്ത് വിലയും നല്‍കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാണ്. നെയ്യാറ്റിന്‍കര മെമ്പറെ പിടികൂടിയതുപോലെ പ്രേമചന്ദ്രന്റെ പാര്‍ടിയിലെ എംഎല്‍എമാരെയും ചാക്കിലാക്കാന്‍ ശ്രമം നടത്തി. ഈ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവന്നത്. എല്‍ഡിഎഫ് പ്രേമചന്ദ്രനോടോ കേരളത്തിലെ ആര്‍എസ്പിയോടോ ഒരു തെറ്റും ചെയ്തിട്ടില്ല. കൊല്ലം സീറ്റ് തന്നാലും ഞങ്ങള്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നു പറഞ്ഞത് മുന്‍കൂട്ടി കരാര്‍ ഒപ്പിട്ടതുകൊണ്ടല്ലേ? ഇത് രാഷ്ട്രീയ വഞ്ചനയാണ്. പ്രേമചന്ദ്രന്റെ ശുദ്ധഗതിയിലും വാക്ചാതുരിയിലും ആത്മാര്‍ഥതയിലും സത്യസന്ധതയിലും വിശ്വസിച്ച ജനങ്ങള്‍ ഈ വഞ്ചനയ്ക്ക് മാപ്പ് നല്‍കില്ലെന്ന് ഓര്‍ത്താലും.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: