Thursday, March 6, 2014

ഗുജറാത്തിലെ യാഥാര്‍ഥ്യം

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ രാജ്യമെങ്ങും പ്രചണ്ഡമായ പ്രചാരണം നടത്തിവരികയാണ്. "ഗുജറാത്ത് മോഡല്‍" ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം വോട്ടഭ്യര്‍ഥിക്കുന്നത്. എന്നാല്‍, ഗുജറാത്തിലെ യാഥര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ അതിന്റെ പൊള്ളത്തരം മനസിലാകും. ആ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാതിരിക്കാന്‍ മോഡിയെ പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ അത്യധ്വാനംചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ഭരണത്തിന് ഗുജറാത്ത് ഒരിക്കലും മാതൃകയല്ല. അഴിമതി തന്നെയെടുക്കാം. മോഡിമന്ത്രിസഭയിലെ മൂന്നുപേര്‍ അഴിമതിക്കേസ് നേരിടുന്നവരാണ്. ജലവിഭവ മന്ത്രി ബാബുലാല്‍ ബൊക്കാഡിയ, കൃഷിമന്ത്രി ദിലീപ്ഭായ് സംഘാനിയ, തൊഴില്‍ സഹമന്ത്രി പുരുഷോത്തം സോളങ്കി എന്നിവര്‍. ഖനത്തിന് അനധികൃതമായി ഭൂമി നല്‍കിയ കേസില്‍ വിചാരണക്കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ച മന്ത്രിയാണ് ബാബുലാല്‍ ബൊക്കാഡിയ.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള 400 കോടി രൂപയുടെ ഫിഷറീസ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടയാളാണ് പുരുഷോത്തം സോളങ്കി. ജലസേചനത്തിനുള്ള നൂറുകോടി രൂപയുടെ സഹായം കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതാണ് ദിലീപ്ഭായ് സംഘാനിയെ കുടുക്കിലാക്കിയത്. അഴിമതിക്കേസില്‍പ്പെട്ട ഒരു മന്ത്രിക്കെതിരെപോലും ചെറുവിരലനക്കാന്‍ തയ്യാറാകാത്ത മോഡിയാണ് ഇപ്പോള്‍ അഴിമതിക്കെതിരെ പ്രസംഗിക്കുന്നത്. ഗുജറാത്ത് ഇപ്പോള്‍ പനിച്ചു വിറയ്ക്കുകയാണ്. ഫെബ്രുവരിയില്‍മാത്രം വൈറല്‍ബാധകാരണം 53 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും അഹമ്മബദാബാദിലുള്ളവരാണ്. ബിജെപി ഭരണംനടത്തുന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മലിനജലം കുടിവെള്ളമായി നല്‍കിയതാണ് വൈറല്‍ ബാധയ്ക്ക് പ്രധാന കാരണം. അഹമ്മദാബാദില്‍മാത്രം 65000 വൈറല്‍ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. സൂറത്തിലും മൂവായിരത്തോളം പേര്‍ക്ക് വൈറല്‍ ബാധിച്ചിട്ടുണ്ട്. ജനങ്ങളാകെ ഭീതിയില്‍ കഴിയുമ്പോഴാണ് ശുചിത്വ മിഷന്‍ തുടങ്ങുന്നതിന് മോഡി നിര്‍ബന്ധിതമായത്. ഭാവനയുള്ള ഭരണാധികാരിയാണെങ്കില്‍ ദുരന്തമുണ്ടാകുമ്പോഴല്ല ഇത്തരം മിഷന് തുടക്കമിടുക.

രോഗബാധിതര്‍ക്ക് വേണ്ടത്ര ചികിത്സാസൗകര്യവും ലഭ്യമല്ല. പലയിടത്തും ആവശ്യത്തിന് മരുന്നില്ല. ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണമാണ് ഇതിന് പ്രധാനകാരണം. ഗ്രാമീണ മേഖലയിലുള്ള 1000 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തു. അതോടെ ചികിത്സ ചെലവേറിയതായി. ആശുപത്രികളിലാണെങ്കില്‍ വേണ്ടത്ര ഡോക്ടര്‍മാരുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ശതമാനം ഡോക്ടര്‍മാരുടെ ഒഴിവ് നികത്തപ്പെടാതെ കിടക്കുന്നു. പത്തുവര്‍ഷമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരെ റിക്രൂട്ട് ചെയ്യാറില്ല. തൊഴിലില്ലായ്മ ഗുജറാത്തില്‍ രൂക്ഷമാണ്. അടുത്തിടെ ബ്ലോക്ക്- വില്ലേജ് ഓഫീസുകളിലെ 15000 ഒഴിവ് നികത്താന്‍ നടന്ന പരീക്ഷയില്‍ എട്ടുലക്ഷം ബിരുദധാരികളാണ് പങ്കെടുത്തത്. അഭ്യസ്തവിദ്യര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ രൂക്ഷമാണെന്ന് ഈ ഉദാഹരണം തെളിയിക്കുന്നു. ഇതും അഴിമതിക്ക് അവസരമാക്കുകയാണ് മോഡി അനുകൂലികള്‍. പത്തുലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി തൊഴിലുറപ്പാക്കി കൊടുക്കുന്ന കല്യാണ്‍സിങ് എന്നയാളെ അടുത്തിടെ അറസ്റ്റ് ചെയ്തു. 1.6 കോടി രൂപയുമായാണ് ഇയാള്‍ അറസ്റ്റിലായത്. മോഡിയുമായി അടുത്ത ബന്ധമുള്ളയാളാണ് കല്യാണ്‍സിങ്. മോഡി നടപ്പാക്കുന്ന വികസനത്തിന്റെ പ്രധാന പോരായ്മ അതിന് മനുഷ്യമുഖമില്ലെന്നതാണ്. സിഎജി റിപ്പോര്‍ട്ട് ഇതിനുള്ള തെളിവാണ്. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് 1275 കോടിയുടെ ഇളവുകള്‍ നല്‍കിയെന്ന് സിഎജി ആരോപിച്ചു. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോര്‍പറേറ്റുകള്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നതും ഇതുകൊണ്ടുതന്നെ. കോര്‍പറേറ്റുകളുടെ കീശവീര്‍ക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണ്. 2008ലെ മനുഷ്യവികസന സൂചികയില്‍ പത്താംസ്ഥാനത്താണ് ഗുജറാത്ത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനത്തും. ബിജെപി വികസനമാതൃകയായി വാഴ്ത്തുന്ന ഗുജറാത്തില്‍ ജനസംഖ്യയുടെ 31.8 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതില്‍ ഏറ്റവും പിന്നില്‍നില്‍ക്കുന്ന സംസ്ഥാനം ഗുജറാത്തുതന്നെ. പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2011 ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് അവിടത്തെ പകുതിയോളം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നാണ്. 2012 ലെ യൂനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള ഒരോ രണ്ട് കുട്ടികളിലും ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്ന് കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 44 പേരും മരിക്കുന്നു. ഗ്രാമീണ മേഖലയില്‍ വേണ്ടത്ര ആരോഗ്യസംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ശൈശവ വിവാഹത്തില്‍ നാലാം സ്ഥാനം ഗുജറാത്ത് അലങ്കരിക്കുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. സാക്ഷരതയുടെ കാര്യത്തിലാകട്ടെ, ഏഴാം സ്ഥാനമാണ് ഗുജറാത്തിന്. മനുഷ്യവികസന സൂചികയില്‍ പിന്നോട്ടുപോകാന്‍ പ്രധാനകാരണം കുറഞ്ഞ കൂലിയും ശമ്പളവുമാണ്. വ്യവസായങ്ങള്‍ ഏറെയുണ്ടെങ്കിലും, ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെയുള്ള ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. മലിനീകരണത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നില്‍തന്നെ. 67 ശതമാനം വീടുകളിലും കക്കൂസില്ല. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിയുടെ നയമാണ് "ഗുജറാത്ത് മോഡല്‍" എന്ന് വിളിക്കപ്പെടുന്നത്. ഇതൊരിക്കലും അനുകരണീയ മാര്‍ഗമല്ല

*
deshabhimani editorial

No comments: