Saturday, March 29, 2014

അരനിമിഷം തുടരരുത്

കോണ്‍ഗ്രസിനും യുഡിഎഫിനും അന്തസ്സിന്റെയോ മാന്യതയുടെയോ മര്യാദയുടെയോ നേരിയ അംശം അവകാശപ്പെടാന്‍ ബാക്കിയുണ്ടെങ്കില്‍ ഈ മുഖ്യമന്ത്രിയെ ഇറക്കിവിടണം. ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള ഏകവഴി രാജിമാത്രമാണ്. ഭൂമിതട്ടിപ്പുകാരുടെയും കൊള്ളരുതാത്തവരുടെയും താവളമാക്കി സ്വന്തം ഓഫീസ് മാറ്റി എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയശേഷവും ആ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മാത്രമല്ല, കേരളീയന്റെ ആത്മാഭിമാനത്തിനുകൂടിയാണ് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഇന്നുവരെ ഇവ്വിധം നീതിപീഠത്തിന്റെ രൂക്ഷവിമര്‍ശം കേള്‍ക്കേണ്ടിവന്നിട്ടില്ല. ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡറെയും സോളാര്‍ തട്ടിപ്പുകാരെയും ഇതര ക്രിമിനല്‍ പശ്ചാത്തലക്കാരെയും സര്‍ക്കാര്‍ ശമ്പളംകൊടുത്ത് തന്റെ ഓഫീസില്‍ കുടിയിരുത്തുക എന്ന ക്രിമിനല്‍കുറ്റമാണ് ഹൈക്കോടതി ഉമ്മന്‍ചാണ്ടിയില്‍ കണ്ടെത്തിയത്. അതിനര്‍ഥം കുറ്റകൃത്യങ്ങളുടെ കേന്ദ്രം ഉമ്മന്‍ചാണ്ടിതന്നെ എന്നാണ്. അത്തരമൊരാള്‍ക്ക് എങ്ങനെ നാടുഭരിക്കാന്‍ അവകാശമുണ്ടാകും? കുറ്റവാളികള്‍ക്ക് നിരങ്ങാനുള്ളതാണോ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം?

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളിയിലും എറണാകുളം ജില്ലയിലെ ഇടപ്പള്ളി പത്തടിപ്പാലത്തും നടന്ന ഭൂമി തട്ടിപ്പുകേസുകളാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിട്ടത്. കടകംപള്ളിയില്‍ 18 സര്‍വേ നമ്പരുകളിലായി 44.5 ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത ഗണ്‍മാനായിരുന്ന സലിംരാജും ഭൂമാഫിയയയും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി. 200 കോടിയിലേറെ രൂപ വിലവരുന്ന ഭൂമി അത്യുന്നത സ്വാധീനമുപയോഗിച്ച് രേഖകള്‍ തിരുത്തിയും നശിപ്പിച്ചും വ്യാജമായി ഉണ്ടാക്കിയുമാണ് സ്വന്തമാക്കാന്‍ തുനിഞ്ഞത്. ഇരുനൂറോളം കുടുംബം ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്‍കിയ പരാതി മുഖ്യമന്ത്രിതന്നെ പൂഴ്ത്തി. പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ 25 കോടി മതിക്കുന്ന സ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍തൊട്ട് വില്ലേജ് ഓഫീസറെവരെ ഉപയോഗിച്ചാണ് ക്രിമിനല്‍നീക്കം നടന്നത്. പൊലീസ് സേനയില്‍ ഒരു കോണ്‍സ്റ്റബിളായ സലിംരാജിന് തനിച്ച് ചെയ്യാനാവുന്നതല്ല ഇതൊന്നും. അവിടെയാണ്, എല്ലാ തട്ടിപ്പുകളുടെയും നായകസ്ഥാനത്ത്, തട്ടിപ്പുകാരുടെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി വരുന്നത്.

കോടതിയില്‍നിന്നുള്ള നേരിയ പ്രതികൂല പരാമര്‍ശംപോലും മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച നാടാണിത്. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞപ്പോള്‍ വനംമന്ത്രിപദം രാജിവച്ച കെ പി വിശ്വനാഥന്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍ത്തന്നെയാണ് ഇന്നും. അദ്ദേഹം കാണിച്ച മര്യാദയുടെ നൂറിലൊന്നെങ്കിലും സ്വന്തമായുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നേ രാജിവയ്ക്കുമായിരുന്നു. സോളാര്‍തട്ടിപ്പടക്കമുള്ള കേസുകള്‍ അട്ടിമറിച്ചാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും അനാശാസ്യത്തിന്റെപോലും അരങ്ങാണെന്നത് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘം മാത്രമേ വിസമ്മതിക്കുന്നുള്ളൂ.

പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പുറത്തുചാടിച്ചാണ് ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനം രക്ഷിച്ചത്. ടൈറ്റാനിയം, സൈന്‍ബോര്‍ഡ് അഴിമതിക്കേസുകളിലും അട്ടിമറിതന്നെ സംഭവിച്ചു. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ, ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ, ഇവിടെ എന്ത് ജനാധിപത്യമാണുള്ളത് എന്ന് കോടതി ചോദിച്ചതാണ്. ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥയോടും അല്‍പ്പമെങ്കിലും മതിപ്പുണ്ടെങ്കില്‍ അന്നുതന്നെ രാജിവക്കേണ്ടതായിരുന്നു. സംസ്ഥാന പൊലീസിലെ ഡിജിപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നു പറഞ്ഞ അനുഭവവുമുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം ഇതാവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹൈക്കോടതി ഒരു സംശയത്തിനുമിടയില്ലാതെയാണ് മുഖ്യമന്ത്രിക്കുനേരെ വിരല്‍ചൂണ്ടിയത്. നീതിപീഠത്തിനുമുന്നില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട, കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് പ്രഥമദൃഷ്ട്യാ കരുതപ്പെടുന്ന ഒരാള്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഒരു നാടിനും ഭൂഷണമല്ല. ആദര്‍ശത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോടതി വിധിയോട് പ്രതികരിച്ചത് പരിഹാസ്യമായ രീതിയിലാണ്. ആര്‍ജവം എന്നൊന്നുണ്ടെങ്കില്‍, രാജിവച്ച് പുറത്തുപോയി നിരപരാധിത്വം തെളിയിച്ച് വരൂ എന്നാണ് ഉമ്മന്‍ചാണ്ടിയോട് ആ പാര്‍ടി പറയേണ്ടിയിരുന്നത്. പകരം, എന്തു വന്നാലും രാജിയില്ല എന്ന ലജ്ജാശൂന്യമായ പ്രസ്താവനയ്ക്ക് അവസരമൊരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇങ്ങനെ വിവസ്ത്രമായി നില്‍ക്കുന്ന യുഡിഎഫ് നേതൃത്വത്തെ കള്ളന് കഞ്ഞിവച്ചവര്‍ എന്നാണ് ചരിത്രം രേഖപ്പെടുത്തുക.

ഹൈക്കോടതിയെ ഭീഷണിപ്പെടുത്താനും ജഡ്ജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനും ഒരുമന്ത്രിയെത്തന്നെ ഇറക്കിയ ഉമ്മന്‍ചാണ്ടി, ഭരണഘടനയെക്കൂടി വെല്ലുവിളിച്ചിട്ടുണ്ട്. ഈ ധാര്‍ഷ്ട്യത്തിനും അധികാരപ്രമത്തതയ്ക്കും നിയമനിഷേധത്തിനും കൊള്ളയ്ക്കും ജനങ്ങളുടെ കോടതിയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടുകൂടാ. ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ അനിവാര്യമായ കടമയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ആ കടമ കേരളം ഏറ്റെടുക്കുന്നതിന്റെ തുടക്കമാണ്. ആ ചുവരെഴുത്ത് മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള വിവേകം യുഡിഎഫ് കാണിച്ചാല്‍ നല്ലത്.
*
Deshabhimani Editorial

No comments: