Friday, March 7, 2014

കാപട്യത്തിന് കൂട്ടുനില്‍ക്കുന്നവര്‍

അധികാരക്കസേരയാണോ മലയോര കര്‍ഷകജനതയുടെ ജീവിതമാണോ പ്രധാനമെന്ന് കര്‍ഷകതാല്‍പ്പര്യത്തിന്റെ സംരക്ഷകര്‍ എന്നു സ്വയം വിശേഷിപ്പിക്കാറുള്ള രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് നിശ്ചയിക്കേണ്ടിവരുന്ന സവിശേഷ ഘട്ടമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പറയുന്ന വാക്കുകളല്ല, എടുക്കുന്ന നിലപാടുകളാവും ഇവിടെ ഉരകല്ല്. ഈ ഉരകല്ലില്‍ ഉരച്ച് ജനങ്ങള്‍, പ്രത്യേകിച്ച് മലയോര കര്‍ഷകജനത, തങ്ങള്‍ക്കുവേണ്ടി ആണയിടാറുള്ള പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥത പരിശോധിക്കുന്ന ഘട്ടമാണ് സംജാതമായിട്ടുള്ളത്.

ഒരു ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഹരിത ട്രിബ്യൂണലിനെ രേഖാമൂലം അറിയിക്കുക. മറുഭാഗത്ത് അതിനെതിരായി ഉയരുന്ന ജനരോഷത്തെ തണുപ്പിക്കാന്‍ വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജ്ഞാപന പ്രഹസനം നടത്തുക. ഈ തട്ടിപ്പ് ജനങ്ങള്‍ക്കാകെ ബോധ്യമുണ്ട്. എന്നിട്ടും ഈ തട്ടിപ്പിനെ മറയിട്ട് രക്ഷിക്കാനാണോ കര്‍ഷകരെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവരുടെ നീക്കം?- കേരളം ഉറ്റുനോക്കുകയാണിത്.

ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരുന്നപ്പോഴൊക്കെ ഒരു ആശങ്കയും വേണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഉറപ്പു നല്‍കിയെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പ് വീരപ്പ മൊയ്ലി തിരുത്തി. പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനക്രമീകരിക്കുമെന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും അതില്‍നിന്ന് ഒഴിവാക്കുമെന്നും ഉറപ്പ് കിട്ടിയതായി ഒരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആ വാര്‍ത്ത അച്ചടിച്ചു വന്ന പേജിലെ മഷിയുണങ്ങും മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റമില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രേഖാമൂലം ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടമാണ് നിലനില്‍ക്കുകയെന്നും അത് വന്നതോടെ നവംബര്‍ 13ന്റെ ഉത്തരവ് അസ്ഥിരപ്പെട്ടു എന്നും ഉമ്മന്‍ചാണ്ടി വാദിച്ചു. എന്നാല്‍, ഡിസംബര്‍ 20ന്റേതിനുമേല്‍ നിലനില്‍ക്കുക നവംബര്‍ 13ന്റെ രേഖതന്നെയാണെന്ന് വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ എഴുതിക്കൊടുത്തു. നവംബര്‍ 13ന്റെ രേഖ റദ്ദാക്കണമെന്ന് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി, അത് റദ്ദാക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ആ രേഖയുടെ പക്ഷത്തേക്കു നിലപാട് മാറ്റി. എന്നുമാത്രമല്ല, 13ന്റെ രേഖ റദ്ദായിപ്പോയാല്‍ പിന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുകയെന്ന വിചിത്രമായ നിലപാടിലേക്കുപോലും ചെന്നെത്തി.

ഏറ്റവുമൊടുവില്‍ നവംബര്‍ 13ന്റെ രേഖ റദ്ദാക്കുന്നതായോ പരിസ്ഥിതിലോലമെന്ന് മുദ്രയടിച്ച 123 വില്ലേജുകളിലെ കൃഷി-ജനവാസമേഖലകളെ ഒഴിവാക്കുന്നതായോ ഒന്നും പരാമര്‍ശിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഒരു ഓഫീസ് മെമ്മോറാണ്ടം ഇറക്കി; കേന്ദ്രം. ഉടന്‍തന്നെ എല്ലാ പ്രശ്നവും അവസാനിച്ചുവെന്ന് പറഞ്ഞ് കേന്ദ്രനടപടിയെ സ്വാഗതം ചെയ്തിരിക്കുന്നു മുഖ്യമന്ത്രി. കേരളത്തില്‍ അതിരൂക്ഷമാവുന്ന ജനരോഷത്തെ തെറ്റിദ്ധരിപ്പിച്ച് തണുപ്പിക്കാനുള്ള കപടവിദ്യയാണ് ഈ വിജ്ഞാപന പ്രഹസനമെന്നറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ പൊട്ടിത്തെറിക്കേണ്ട മുഖ്യമന്ത്രിയാണ് നിര്‍ലജ്ജം അതിനെ സ്വാഗതംചെയ്തത്. മുഖ്യമന്ത്രിതന്നെ സ്വാഗതംചെയ്ത സ്ഥിതിക്ക് ഇതിനപ്പുറത്ത് ഇനി ഒന്നും വേണ്ടല്ലോ എന്ന മട്ടിലായി കേന്ദ്രം. മലയോര കര്‍ഷകരുടെ ജീവിതത്തിനുമേല്‍ ആശങ്ക കാര്‍മേഘങ്ങളായി ഉരുണ്ടുകൂടുമ്പോഴാണ് മുഖ്യമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിലുള്ള ഈ സ്വാഗതംചെയ്യല്‍. ജനങ്ങളെ ഒറ്റുകൊടുക്കലാണിത്; ആശങ്കയകറ്റാന്‍ ഉദ്ദേശിച്ചുള്ള സംഘടിത നീക്കങ്ങളെ കേന്ദ്രത്തിന്റെ പക്ഷംചേര്‍ന്ന് തകര്‍ത്തുകൊടുക്കലാണിത്.

കേരള നിയമസഭ മുന്നോട്ടുവച്ച ആവശ്യത്തെ കേന്ദ്രം അധിക്ഷേപിച്ച് തള്ളി. നവംബര്‍ 13ന്റെ രേഖ ഇപ്പോഴും സാധുതയോടെ നിലനില്‍ക്കുന്നു. കരട് വിജ്ഞാപനമിറക്കുമെന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഓഫീസ് മെമ്മോറാണ്ടമേയുള്ളു എന്ന നിലവന്നു. ഇനി അഥവാ, വിജ്ഞാപനമിറക്കിയാല്‍തന്നെയും മാര്‍ച്ച് നാലിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കത്തിനപ്പുറത്തേക്ക് അത് പോവില്ല. മുഖ്യമന്ത്രി സ്വാഗതംചെയ്ത ആ ഓഫീസ് മെമ്മോറാണ്ടം സത്യത്തില്‍ എന്താണ് പറയുന്നത്? അത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ കൃഷി-ജനവാസകേന്ദ്രങ്ങളെക്കുറിച്ചോ 10 കിലോമീറ്റര്‍ ബഫര്‍ മേഖല നീക്കുന്നതിനെക്കുറിച്ചോ ഒന്നും ഖണ്ഡിതമായി പറയുന്നില്ല. "തത്വത്തില്‍ അംഗീകരിച്ചു" എന്നു മുഖ്യമന്ത്രി പറയുന്നു. തത്വത്തില്‍ എന്താണ് അംഗീകരിച്ചത്? അതറിയാന്‍ മുഖ്യമന്ത്രി ഓഫീസ് മെമ്മോറാണ്ടം വായിച്ചുനോക്കണം. ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന് തത്വത്തിലുള്ള അംഗീകാരത്തെക്കുറിച്ചാണത്. അത് കേന്ദ്രത്തിന്റെ വര്‍ക്കിങ് ഗ്രൂപ്പാണ്; കേരളത്തിന്റെ ഉമ്മന്‍ കമ്മിറ്റിയല്ല. ഈ ഓഫീസ് മെമ്മോറാണ്ടം ആകെ പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പ്രതികരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുമെന്നു മാത്രമാണ്. ഇതാണ് മുഖ്യമന്ത്രിക്ക് സ്വാഗതാര്‍ഹമായി തോന്നിയത്!

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ ഈ കാപട്യത്തിന് കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഈ കാപട്യത്തിനു മറയിടാമോ? അതും ഒന്നുരണ്ട് മന്ത്രിക്കസേരകള്‍ രക്ഷിക്കാന്‍വേണ്ടി. ഇതാണ് ഈ ഘട്ടത്തിലെ പ്രസക്തമായ ചോദ്യം.
*
Deshabhimani Editorial

No comments: