Sunday, March 16, 2014

വസ്തുതകള്‍ക്ക് നിരക്കാത്ത സര്‍ക്കാര്‍ പരസ്യം

മാര്‍ച്ച് 2 ഞായറാഴ്ചത്തെ പത്രങ്ങളില്‍ കേരള സര്‍ക്കാരിന്റെ മുഴുപേജ് പരസ്യം, ""50,414 കോടി കേന്ദ്രം നമുക്ക് നല്‍കിയത്"" എന്ന തലക്കെട്ടോടെ. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ പരസ്യം ""50,414 + 18,994 = 69408 കോടി കേന്ദ്രം നമുക്ക് നല്‍കിയത്"" എന്ന തലക്കെട്ടില്‍. ഇനിയും ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള പരസ്യം വരുമോ എന്നറിയില്ല. എല്ലാ പരസ്യങ്ങളുടെയും തലപ്പത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പടമുണ്ട്. ആദ്യത്തേതില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ചെറിയ പടങ്ങളും. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരസ്യങ്ങള്‍ ആണിവ. സാധാരണഗതിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കാറുള്ളത് സര്‍ക്കാരിന്റെ ആണ്ടറുതികളിലോ ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ ശിലാസ്ഥാപനത്തിന്റെയോ ഉദ്ഘാടനത്തിന്റെയോ വേളയിലാണ്. ഇപ്പോള്‍ അത്തരം സന്ദര്‍ഭമൊന്നുമില്ല. അതിനാല്‍ പരസ്യം നല്‍കിയതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

സുപ്രീംകോടതിയില്‍ ഇതേക്കുറിച്ച് ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നപ്പോള്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ ഗവണ്‍മെന്‍റിനെ കോടതി ഉപദേശിക്കുകയുണ്ടായി. മാര്‍ച്ച് 2െന്‍റ പരസ്യത്തില്‍ ഒരിനം, കൊച്ചിയിലെ ബിപിസിഎല്‍ റിഫൈനറിയുടെ വിപുലീകരണമാണ്. 24000 കോടി രൂപ ചെലവിലാണത് ചെയ്യുന്നത്. ഭാരത് പെട്രോളിയം കമ്പനി ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ വിപുലീകരണം നടത്തുന്നത് അതിന്റെ സ്വന്തം പണം ഉപയോഗിച്ചാണ്.കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍ണ്ടറിന്റെ കാലത്തുതന്നെ ആ കമ്പനിയും കേന്ദ്ര സര്‍ക്കാരുമായി വിപുലീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിക്കപ്പെട്ടിരുന്നതാണത്. ആ നിലയ്ക്ക് ആ പദ്ധതിക്ക് ബിപിസിഎല്‍ ചെലവഴിച്ചത് യുഡിഎഫ് സര്‍ക്കാര്‍ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണെന്നുള്ള അവകാശവാദം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിന്റെ "അത് ഞമ്മളാണ് അത് ഞമ്മളാണ്" എന്ന വാദത്തെ ഓര്‍മ്മിപ്പിക്കുന്നു.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്നതല്ല. അതിന്റെ ഉദ്ഘാടനം ഈയിടെ നടന്നു എന്നു മാത്രം. അത് ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. അത് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് വലിയ ബാധ്യതയാണിപ്പോള്‍. എല്‍എന്‍ജി പദ്ധതിയും നേരത്തെ പണിതുയര്‍ത്തിയതാണ്. അവയ്ക്കു രണ്ടിനും കൂടിയുള്ള 7000 കോടി രൂപ പരസ്യത്തിലെ കണക്കില്‍പെടുത്തിയത് അങ്ങേയറ്റം പരിഹാസ്യമാണ്. ഹ എഫ്എസിടിക്കും എച്ച്എംടിക്കും അനുവദിച്ച പണം അവയുടെ ബാധ്യതകള്‍ തീര്‍ക്കാനാണ്. കേരള വികസനത്തിന് കേന്ദ്രം അനുവദിച്ച തുകയായി അവയ്ക്ക് അനുവദിച്ച 280 കോടി രൂപയെ കണക്കാക്കാനാകൂ. ഹ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. ആദ്യത്തെ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞത് ഈയിടെയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 11-ാം പദ്ധതിയുടെ ഭാഗമായി അത് നിലവില്‍വന്നത്. അവിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ ഘടകം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത് ആ സര്‍ക്കാരിന്റെ കാലത്തുതന്നെ. അതിനാല്‍ അവയ്ക്കു രണ്ടിനും കൂടി വകയിരുത്തിയ 437 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി കണക്കാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

കണ്ണൂരില്‍ ഏഴിമല നാവിക അക്കാദമി അനുവദിക്കപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി. അതിന്റെ നിര്‍മാണ പ്രവര്‍ത്തനവും വര്‍ഷങ്ങളായി നടക്കുകയായിരുന്നു. അതിനെ യുപിഎ സര്‍ക്കാരിന്റെ സമ്മാനമായോ അതിനു വകയിരുത്തിയ 1120 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായോ കണക്കാക്കുന്നത് ശരിയല്ല. ഹ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥിതിയും അതുതന്നെ. ഹ വയനാടിനു പിന്നോക്ക മേഖലാ സഹായനിധി അനുവദിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അങ്ങനെതന്നെ. ഹ മലപ്പുറത്തെ അലിഗഡ് സര്‍വകലാശാലയുടെ കാമ്പസ് സെന്‍റര്‍ അനുവദിക്കപ്പെട്ടതും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതുമൊക്കെ എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു. അതിന്റെ 140 കോടി രൂപയുടെ നേട്ടം യുഡിഎഫ് സര്‍ക്കാരിന് അവകാശപ്പെടാനാവില്ല.

പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിയുടെ തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആണെങ്കിലും കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവുമായി ധാരണ ഉണ്ടാക്കിയതും അതിനു സ്ഥലം കൊടുത്തതും 2009 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. തറക്കല്ലിട്ടത് ഒഴിച്ചാല്‍ അന്നത്തെ സ്ഥിതിയില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. അവിടത്തെ ബിഇഎംഎല്‍ ഫാക്ടറിയില്‍ പ്രതിരോധ - റെയില്‍ സ്ഥാപനങ്ങള്‍ക്കായി പുതിയ നിര്‍മാണ യൂണിറ്റ് അനുവദിക്കപ്പെട്ടതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേ പ്രതിരോധ വകുപ്പ് കേരളത്തിന് പണം അനുവദിച്ചിട്ടുള്ളൂ എന്ന് എ കെ ആന്‍റണി പോലും തുറന്നു പറഞ്ഞ കാര്യമാണ്. അതിനു 100 കോടി രൂപ വകയിരുത്തിയതിന്റെ നേട്ടം യുഡിഎഫ് സര്‍ക്കാരിനു അവകാശപ്പെടാനാവില്ല.

കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും പ്രഖ്യാപിക്കപ്പെട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അവ രണ്ടിെന്‍റയും പ്രവര്‍ത്തനം സാവധാനമാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ ബജറ്റിലായി കുറെശ്ശെ പണം അനുവദിച്ചുവരികയാണ്. അതിനാല്‍ അവ രണ്ടിനും കൂടി അനുവദിച്ച 2591 കോടി രൂപ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കണക്കില്‍പെടുത്തിക്കൂട. ആ തുക മുഴുവന്‍ ലഭിച്ചുകഴിഞ്ഞിട്ടില്ല താനും. ഹ കൊല്ലം - പുനലൂര്‍ ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണം ഇപ്പോഴാണ് പൂര്‍ത്തിയാകുന്നത്. എങ്കിലും അത് അനുവദിക്കപ്പെട്ടതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഹ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയിസ് ടെക്നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനങ്ങളാണ്. അവയുടെ സ്ഥിരം കാമ്പസുകളുടെ നിര്‍മാണം ഇപ്പോഴും നടന്നുവരികയാണ്. അതിനാല്‍ അവയ്ക്കായി വകയിരുത്തിയ 400 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ കണക്കില്‍ എഴുതേണ്ടതല്ല. ഹ ഭക്ഷ്യസബ്സിഡിയും ഭക്ഷ്യസുരക്ഷയും ഇടതുപക്ഷവും മറ്റും ഏറെ നിര്‍ബന്ധിച്ചതുകൊണ്ട് നടപ്പാക്കപ്പെട്ട കാര്യങ്ങളാണ്.

ഭക്ഷ്യസബ്സിഡിയും മറ്റും ഇല്ലായ്മ ചെയ്യാനാണ് യുപിഎ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കപ്പെട്ടത്. അതിനാല്‍ ആ ഇനത്തില്‍ വകയിരുത്തിയ 2897 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ടുകൂട. ഹ അതായത് പ്രഥമവീക്ഷണത്തില്‍ തന്നെ 50414 കോടി രൂപയില്‍ 35000 കോടി രൂപയോളം യുഡിഎഫ് സര്‍ക്കാരിന് അവകാശപ്പെടാനാവില്ല. അതായത് 15,000 കോടി രൂപയില്‍ കുറവേ അവരുടെ കണക്കില്‍ വരാവൂ. അതില്‍ തന്നെ, കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തിയാല്‍ പലതും വെട്ടിമാറ്റേണ്ടിവരും. ഹ ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, എസ്എസ്എ, എന്‍ആര്‍എച്ച്എം തുടങ്ങിയ 13 കേന്ദ്ര ഫ്ളാഗ്ഷിപ്പ് പദ്ധതികള്‍ എല്ലാ സംസ്ഥാനത്തും പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നവയാണ്. പരസ്യത്തിലെ കണക്കനുസരിച്ച് 4048 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതും മേല്‍പറഞ്ഞ 50,414 കോടി രൂപയില്‍നിന്ന് കുറയ്ക്കണം. അപ്പോള്‍ അവശേഷിക്കുന്നത് ഏതാണ്ട് 11,000 കോടി രൂപ മാത്രമാണ്.  യുപിഎ സര്‍ക്കാരില്‍നിന്ന് അത്രയും തുക നേടിയെടുത്തത് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപാപ്പരത്തത്തിന്റെ അനിഷേധ്യമായ തെളിവാണ്.

രണ്ടാമത്തെ പരസ്യത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് 18,994 കോടി രൂപയുടെ പദ്ധതികളാണ്. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ കൂട്ടിയാല്‍ ഈ തുകയിലെത്തില്ല. അവയില്‍ നാലക്ക സംഖ്യ വരുന്ന ഏക പദ്ധതി അങ്കമാലി - ശബരി പാത മാത്രമാണ്. അതാണെങ്കില്‍ ഇപ്പോഴൊന്നും അനുവദിച്ചതല്ല. മാത്രമല്ല, പാതയുടെ അലൈന്‍മെന്‍റ്പോലും അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ആ പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്ന പല പദ്ധതികളുടെയും കാര്യത്തില്‍ സ്ഥിതി ഇത്തരത്തിലാണ് എന്ന് ഓരോ പ്രദേശത്തുകാര്‍ക്കും അറിയാം. ലോക്സഭാ തിരഞ്ഞെടുപ്പായതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ യുഡിഎഫ് ഭരിക്കുന്ന കേരളത്തെ സഹായിച്ചിരിക്കുന്നു എന്ന പ്രതീതി പരത്താനാണ് ഈ വന്‍ പരസ്യങ്ങള്‍ രണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയാകട്ടെ, വസ്തുതകളില്‍നിന്ന് ഏറെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

*
സി പി നാരായണന്‍ ചിന്ത വാരിക

No comments: