Wednesday, March 26, 2014

മാധ്യമങ്ങളുടെ വിക്ക്

ജനാധിപത്യത്തിനെതിരായ മികച്ച വാദഗതി എന്ന ആമുഖത്തോടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അവതരിപ്പിച്ചൊരു കാര്യമുണ്ട്. "ശരാശരി വോട്ടറുമായുള്ള അഞ്ച് മിനിറ്റ് സംഭാഷണം" എന്നതാണ് അതിലെ കേന്ദ്ര പ്രമേയം. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധകാല നേതൃത്വത്തില്‍ ഏറ്റവും പ്രമുഖനായി അറിയപ്പെട്ട ചര്‍ച്ചില്‍ ഏതര്‍ഥത്തിലാണ് അത്തരമൊരു നിര്‍വചനം മുന്നോട്ടുവെച്ചതെങ്കിലും ആ ധ്വനി ഇപ്പോഴും ചില സൂചനകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രിയായ അദ്ദേഹം യുവ ആര്‍മി ഓഫീസറായി ബ്രിട്ടീഷ് ഇന്ത്യയിലെയും സുഡാനിലെയും രണ്ടാം ബോവര്‍ യുദ്ധത്തിലെയും സൈനിക നീക്കങ്ങള്‍ക്ക് നേരിട്ട് സാക്ഷിയാവുകയും ചെയ്തിരുന്നു. ജീവിതത്തിലുടനീളം വിക്ക് അലട്ടിയ ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ എന്നാല്‍ അറച്ചുനിന്നവ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ ബലിഷ്ഠത വെറും തെരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ തെരയുന്ന മാധ്യമങ്ങളുടെ വിക്കിന് അറച്ചുനില്‍പ്പും അകമ്പടിയായുണ്ട്. രണ്ടും ഒന്നിച്ചുചേരുമ്പോള്‍ അവ്യക്തതയുടെ പൊടിപടലമാണുയരുന്നത്. അതുകൊണ്ട് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട തയ്യാറാക്കുമ്പോഴും അവ വഞ്ചനയുടെ പാതയിലാണ്. തവിടും അരിയും കൂടിക്കലര്‍ന്ന പാത്രത്തില്‍നിന്ന് തവിട് അരിച്ചെടുത്ത് അച്ചടിക്കുന്നവരായി മാറിയിരിക്കുന്നു പത്രാധിപന്മാര്‍.

പരസ്യ കൗശലം മുന്‍നിര്‍ത്തി അമേരിക്കന്‍ ഹാസ്യകാരന്‍ വില്‍ റോജേഴ്സ് പറയാറുള്ള ഫലിതവും ഇതോട് ചേര്‍ത്തുവെക്കാം. തങ്ങള്‍ക്കില്ലാത്ത പണം തങ്ങള്‍ക്ക് ആവശ്യമില്ലാത്തവയ്ക്കുവേണ്ടി ചെലവഴിക്കാന്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കല എന്നാണ് പരസ്യത്തെ അദ്ദേഹം വിലയിരുത്തിയത്. അതിനാല്‍ വിക്ക്/തവിട്/ഇല്ലാത്ത പണം/ആവശ്യമില്ലാത്ത വസ്തുക്കള്‍ തുടങ്ങിയവ സംവാദരൂപകങ്ങളായാണ് ഇപ്പോള്‍ മനസ്സിലിരുത്തേണ്ടതും. അമേരിക്കന്‍ സംഗീതജ്ഞന്‍ ഫ്രാങ്ക് സാപ്പ പറഞ്ഞതുപോലെ, വായിക്കാന്‍ അറിയാത്തവര്‍ക്കായി സംസാരിക്കാന്‍ ആവാത്തവരെ അഭിമുഖം നടത്തി എഴുതാന്‍ വശമില്ലാത്തവര്‍ കൊണ്ടുവന്ന് ആഘോഷിക്കുന്നതായിരിക്കുന്നു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനവും. വംശഹത്യയുടെ പ്രവാചകനായ നരേന്ദ്രമോഡിയും ദാരിദ്ര്യ വിനോദ സഞ്ചാരിയായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള മല്‍പിടുത്തമാണ് വരാനിരിക്കുന്ന ഇന്ത്യന്‍ പരീക്ഷണം എന്ന മട്ടിലുള്ള വാര്‍ത്താരീതികള്‍ അടിസ്ഥാന ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കൊലക്കയര്‍ ഒരുക്കുകയാണ്. മോഡിയുടെ പ്രസംഗം, ഭാഷ, ശരീരസൂചകങ്ങള്‍ തുടങ്ങിയവക്കൊപ്പം രാഹുലിന്റെ ഹൈടെക് ഗാന്ധീയത, സ്ത്രീകളുടെ ചുംബനം, കലാവതി പുരാണം എന്നിവയും ചേര്‍ത്തുവെച്ചാണ് പ്രചാരണങ്ങള്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച ഗ്രാമങ്ങള്‍ വിണ്ടുകീറിയതും ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ അവയെ വീണ്ടും കീറിമുറിച്ചതും വാര്‍ത്തകള്‍ക്ക് പുറത്താണ്.

കൊള്ളപ്പലിശക്കാരുടെ തീന്‍മേശക്കുമേലെ വെട്ടിയറുക്കപ്പെടുന്ന ഇറച്ചിയായി മാറിയ ജനകോടികളുടെ ശബ്ദം അവയിലൊന്നും കേള്‍ക്കാനുമില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യകളിലേക്ക് പലായനം ചെയ്യുന്നതും വാര്‍ത്തകളാല്ലാതായി മാറിയിരിക്കുന്നു. അസമത്വത്തിന്റെ ആഗോളവല്‍ക്കരണം അതിദരിദ്രരെ സ്ഥിതിവിവരക്കണക്കുമാത്രമായി ചുരുക്കിക്കെട്ടുകയുമാണ്. കൂട്ടപ്പലയാനങ്ങളും കുടിയേറ്റങ്ങളും മറ്റൊരു ദുരന്തം. ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍നിന്ന് നാലുലക്ഷം തൊഴിലാളികളാണ് ഗുജറാത്തിലെ പവര്‍ലൂം ഫാക്ടറികളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്. തുച്ഛമായ കൂലിക്ക് പന്ത്രണ്ട് മണിക്കൂറിലധികമാണ് അവര്‍ അരഞ്ഞുതീരുന്നതും.

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ സബ് സഹാറന്‍ ആഫ്രിക്കയുടെ നിലവാരത്തിനും പിറകിലാണ് "തിളങ്ങുന്ന ഇന്ത്യ". റുവാണ്ട പോലും നമുക്ക് മുന്നിലാണെന്നത് അവിശ്വസനീയമായി തോന്നാം. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് കാര്‍ഷികമേഖലക്കുമേല്‍ ഇറക്കിവെച്ചത്. കഴുത്തറുപ്പന്‍ വാണിജ്യവല്‍ക്കരണവും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും സ്ഥിതി ഗുരുതരമാക്കി. കൃഷി ജീവിതോപാധിക്കുപരി മാരക രോഗമായിരിക്കുന്നു. "ഘടനാപരമായ നീക്കുപോക്ക്" എന്ന മധുര വാഗ്ദാനത്തിനുള്ളില്‍ യാഥാര്‍ഥ്യങ്ങള്‍ ഒളിപ്പിക്കുകയാണ് മാധ്യമങ്ങള്‍. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ സംവിധാനങ്ങള്‍ക്കുള്ള പിന്തുണ ഭയാനകമായ നിലയില്‍ കുറച്ചുകൊണ്ടുവരുന്നത് അവ ചര്‍ച്ചയാക്കുന്നേയില്ല. ഭക്ഷ്യവസ്തുക്കളുടെ വില ചരിത്രത്തിന് ഓര്‍മയില്ലാത്തവിധം ആകാശം മുട്ടി. ലോകം വിശന്നു കരയുമ്പോള്‍ ലാഭനേട്ടത്തില്‍ ഭക്ഷ്യകമ്പനികള്‍ ഒന്നാം നിരയിലാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് കയറ്റിയയച്ച ഇന്ത്യ ഇപ്പോള്‍ വന്‍ വില കൊടുത്ത് അത് ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സൂചിപ്പിച്ച ""ഭക്ഷണം സമ്പത്തിന്റെ സ്രോതസ്സാണ്; ഭക്ഷ്യോല്‍പാദനമാകട്ടെ അവസാനിക്കാത്ത ദുരിതത്തിന്റെ നീരുറവയും"" എന്ന കാഴ്ചപ്പാടുപോലും കോര്‍പറേറ്റ് മാധ്യമഗൃഹങ്ങള്‍ക്ക് ദഹിക്കുന്നില്ല. മറ്റ് ജീവിത തുറകളില്‍നിന്ന് നോക്കുമ്പോള്‍ കാര്‍ഷിക രംഗത്തെ ആത്മഹത്യാനിരക്ക് 49 ശതമാനം കൂടുതലാണ് ഇന്ത്യയിലെന്നത് മാധ്യമങ്ങള്‍ക്ക് ഫലിതം മാത്രമാണ്.

പരുത്തി മേഖലയില്‍ ശ്മശാന മൂകതയാണിപ്പോള്‍. ദരിദ്ര ഭൂമിയിലെ വരണ്ട നിലത്ത് കഴിയുന്ന ആ കര്‍ഷകര്‍ക്ക് രാഷ്ട്രീയ സ്വാധീനം പേരിനുപോലുമില്ല. 1972-ല്‍ ഒരു ക്വിന്റല്‍ പരുത്തിയില്‍നിന്നുള്ള വരുമാനംകൊണ്ട് 15 ഗ്രാം സ്വര്‍ണം കിട്ടുമായിരുന്നു. ഇന്നത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. മഹാരാഷ്ട്രയില്‍ പഞ്ചസാരക്കുള്ള താങ്ങുവില വെളുത്ത സ്വര്‍ണമായി അറിയപ്പെടുന്ന പരുത്തിക്ക് സ്വപ്നം കാണാനായിട്ടില്ല. ഇതിനു പുറമെയാണ് ദരിദ്ര കൃഷിക്കാര്‍ക്കുള്ള കടങ്ങള്‍ പടിപടിയായി കുറച്ചുകൊണ്ടുവരുന്നത്. ആ ഉള്‍പ്രദേശങ്ങളില്‍ ചക്രമുരുളാത്ത കാര്‍ വായ്പയുടെ പലിശ ഏഴു ശതമാനമല്ലേയുള്ളൂ എന്നാണ് അക്കാദമിക് ധനതത്വശാസ്ത്രജ്ഞരുടെ ചാനല്‍ മൊഴികള്‍. സ്തംഭിച്ചുനില്‍ക്കുന്ന കൃഷി മുന്നോട്ടുനീക്കാന്‍ ആവശ്യമായ ട്രാക്ടറിന്റെ കടപ്പലിശ പതിനാല് ശതമാനമാണെന്നത് ചര്‍ച്ചകളില്‍ ഉയരുന്നുമില്ല. 70 ശതമാനം കര്‍ഷകര്‍ മൊബൈല്‍ ഉപയോക്താക്കളാണെന്ന വികസന വായാടിത്തവും മറക്കാവുന്നതെങ്ങനെ. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടില്ലെന്നതും അവര്‍ ഹുണ്ടികക്കാരുടെ ഷൈലോക്കിയന്‍ ദയാവായ്പിനുമുന്നില്‍ കൈനീട്ടുകയാണെന്നതും ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ ആരെയാണ് പ്രതീക്ഷിക്കുക?! ഫ്രീഡം ഓഫ് പേഴ്സ് പെയ്ഡ്ന്യൂസ് പല വകഭേദങ്ങളോടെ മനസ്സിലാക്കിയ മലയാളി വായനക്കാര്‍ക്ക് അതിന്റെ യഥാര്‍ഥ സ്വരൂപം തിരിച്ചറിയാനായെന്നതാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവേള തെളിയിച്ചത്.

ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ "സംഭാവനകള്‍" പണം വാങ്ങി വാര്‍ത്താ രൂപത്തിലെത്തിക്കുകയായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റും. എന്നിട്ടും അവയും രക്ഷിതാക്കളും വാര്‍ത്താ സ്വാതന്ത്ര്യം, വായനക്കാരുടെ അവകാശം, പൗരബോധം, രാഷ്ട്രീയ സത്യസന്ധത, ജനകീയാഭിലാഷം തുടങ്ങിയവയെക്കുറിച്ചൊക്കെ ഉപന്യാസങ്ങള്‍ രചിക്കുകയുമാണ്. പെയ്ഡ് ന്യൂസിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ മാധ്യമ സ്വാതന്ത്യം അപകടത്തിലായെന്ന് വിളിച്ചുകൂവും. ഇവിടെ നിലവിലുള്ളത് പണസഞ്ചിയുടെ സ്വാതന്ത്ര്യമാണ്; മാധ്യമ സ്വാതന്ത്ര്യമല്ല എന്ന പി സായ്നാഥിന്റെ രൂക്ഷ പ്രതികരണം കുറിക്കുകൊണ്ടിരുന്നു. സ്വാതന്ത്ര്യം അന്യാധീനപ്പെട്ടാലും അവയ്ക്ക് പ്രശ്നമില്ല, ലാഭം എത്തിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കിയെടുത്ത് തോണ്ടിത്തകര്‍ക്കുന്ന ഇടപെടല്‍ എന്ന് പൊതുവായി വിളിക്കാവുന്ന പെയ്ഡ് ന്യൂസ് വായനക്കാരന്റെയും പ്രേക്ഷകന്റെയും അവകാശങ്ങളെയും അനാഥമാക്കുന്നു. മൂന്ന് നിലയിലാണ് അതിന്റെ സാന്നിധ്യം. പരസ്യമേത്, വാര്‍ത്തയേത് എന്ന പ്രാഥമിക വിഭജനം മറച്ചുപിടിക്കുന്നതാണ് ആദ്യ ദൂഷ്യം. പെയ്ഡ് ന്യൂസിന്റെ "വില" വെളിപ്പെടാതെ വെക്കുന്നതിനാല്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. ഇതിലൂടെ കിട്ടുന്ന പണം ഒളിച്ചുവെക്കുമ്പോള്‍ മാധ്യമ സ്ഥാപനവും അതിന്റെ പ്രതിനിധികളും 1956-ലെ കമ്പനി നിയമവും 1961-ലെ ആദായനികുതി നിയമവും അംഗീകരിക്കാതാവുന്നു എന്നതാണ് മൂന്നാമത്തെ അട്ടിമറി. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്നതാണ് പെയ്ഡ് ന്യൂസ് എന്ന 2009 ജൂണ്‍ ആറിന്റെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണം അതീവ ഗൗരവമേറിയതാണ്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അത് അനാഥമാക്കുകയും ചെയ്യുന്നു. ലേഖനങ്ങളും മുഖപ്രസംഗങ്ങളും തുറന്നുവിടുന്ന അഭിപ്രായങ്ങളെക്കാള്‍ പെയ്ഡ് ന്യൂസിന് ആധികാരികതയും കൈവരുന്നുണ്ട്. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങിനെ കടന്നാക്രമിക്കുന്ന അധാര്‍മികവും പക്ഷപാതപരവുമായ ധാരയാണ് അങ്ങനെ മേല്‍ക്കൈ നേടുന്നതും.

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനുവേണ്ടി 2009 സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ എല്ലാ അതിരുകളും കടന്നുവെച്ച നിലയിലായിരുന്നു പെയ്ഡ് ന്യൂസിന്റെ പ്രകടനം. 2009 ഏപ്രില്‍ - മെയ് കാലയളവിലെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശും ഇതേ പരീക്ഷണം നടത്തി. ലോക്സത്ത പാര്‍ടിയുടെ പര്‍ച്ച കോതണ്ട രാമറാവു ഇത് തെളിയിക്കുന്ന ശക്തമായ തെളിവ് നല്‍കുകയുണ്ടായി. തനിക്കനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം "ഈനാട്" പത്രത്തിനാണ് കോഴ നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് സത്യവാങ്മൂലത്തില്‍ രാമറാവു ആ പണത്തിന്റെ കണക്കും ഉള്‍പ്പെടുത്തുകയുണ്ടായി. ജനാധിപത്യത്തിന്റെയും കമ്പോളത്തിന്റെയും സങ്കല്‍പങ്ങള്‍ വ്യക്തിയുടെ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ബിന്ദുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പോളത്തില്‍ സമ്പത്ത് കുന്നുകൂട്ടിയവര്‍ ജനാധിപത്യ സങ്കല്‍പത്തിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നതാണ് ഇതിലെ മഹാദുരന്തം. മാധ്യമ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകളും കമ്പോള താല്‍പര്യങ്ങളും പൊതുജനാഭിപ്രായത്തെ പരിഗണിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മാതൃഭൂമി മുതലാളി എം പി വീരേന്ദ്രകുമാര്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന പത്രസ്ഥലത്തിനും ടെലിവിഷന്‍ സ്ക്രീനിനും കൈയും കണക്കുമുണ്ടാവില്ല. മിത്തുകളെക്കുറിച്ച് റൊളാങ് ബാര്‍ഥ് നിരീക്ഷിച്ചതുപോലെ, വീരന്റെയും മാത്തുക്കുട്ടിച്ചായന്റെയും പത്രങ്ങളും ചാനലുകളും ഒന്നും മറച്ചുവെക്കുന്നില്ല; പകരം വക്രീകരണമാണ് അവയുടെ പ്രധാന അജണ്ട.

എഡെല്‍മാന്‍ എന്ന അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് സ്ഥാപനം 2010ല്‍ നടത്തിയ സര്‍വേ ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യയടക്കം ഏഴു രാജ്യങ്ങളെയും ഉള്‍പ്പെടുത്തി 22 രാജ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ആ അന്വേഷണം. ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയും ചുമതലാബോധവും നേര്‍ത്തുനേര്‍ത്തു വരുന്നതായാണ് ട്രസ്റ്റ് ബാരോമീറ്റര്‍ എന്ന സര്‍വേ കണ്ടെത്തിയത്. വിമാനത്തിനു പിറകെ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ലെന്ന് തുറന്നടിച്ച എഐസിസി വക്താവ് പി സി ചാക്കോയുടെയും തുടര്‍ന്ന് ധനമന്ത്രി പി ചിദംബരത്തിന്റെയും പ്രസ്താവനകള്‍ക്ക് മാതൃഭൂമിയിലും മനോരമയിലും എവിടെയായിരുന്നു സ്ഥാനം. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് ഉറപ്പിച്ച ചാക്കോ. തെരഞ്ഞെടുപ്പ് ബാലികേറാമലയാണെന്നും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണെന്നും വിലയിരുത്തിയ ചിദംബരം. ഇരുവര്‍ക്കും ആണിരോഗം ഭേദമാക്കിയ മരുന്നിന്റെ പരസ്യത്തിലെ വൃദ്ധന്റെ പരിഗണനപോലും ലഭിച്ചില്ല.

വിമാനം പറത്തി നടന്നയാള്‍ ഒരു സുപ്രഭാതത്തില്‍ എഐസിസി ആസ്ഥാനത്ത് ഇറങ്ങിവന്നപ്പോള്‍ ജനാധിപത്യം പുഷ്പിച്ചുവെന്നായിരുന്നല്ലോ പഴയ മാധ്യമ വായ്ത്താരി. വി എം സുധീരനും വി ഡി സതീശനും കെപിസിസി ഭാരവാഹികളായി നിയമിക്കപ്പെട്ടപ്പോഴും അതേ രീതിയിലായിരുന്നു മാധ്യമ കോറസ്. പത്രങ്ങളും ചാനലുകളും പുളകം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു. ഹാപ്പി ജാമിന്റെ പരസ്യത്തിലെ കൊച്ചുകുട്ടിയെപ്പോലെ അവര്‍ക്ക് സന്തോഷം വന്നിട്ട് ഇരിക്കാന്‍ മേലാതായി. ആകാശത്തും തൂണിലും ചാടിക്കയറി ആഹ്ലാദപൂത്തിരി കത്തിക്കുകയായിരുന്നു പംക്തിയെഴുത്തുകാരും. "ഗ്രൂപ്പുകള്‍ക്കതീതനും ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന നേതാവുമെന്ന പ്രതിഛായയാണ് വി എം സുധീരനെ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിച്ചത്"" എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്താ തുടക്കം. സുധീരന്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ വരുമ്പോള്‍ കേരളത്തിലെ ജാതി സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകാനുള്ള സാധ്യതയും ഹൈക്കമാന്‍ഡ് കണക്കിലെടുത്തുവെന്ന് വ്യക്തം എന്ന മട്ടിലാണ് അതിന്റെ ഉപസംഹാരം. "കെപിസിസിക്ക് പുതിയ സാരഥി" എന്ന മുഖപ്രസംഗത്തിലും പ്രശംസയുടെ കാലിച്ചാക്കുകള്‍ കൊണ്ട് മൂടുകയാണ് വീരഭൂമി. ""സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നോക്കാതെ പ്രശ്നാധിഷ്ഠിതമായിത്തന്നെ നിലപാടുകളെടുക്കാനും സ്വന്തം പാര്‍ടിയിലും പൊതുസമൂഹത്തിലും ഒരു തിരുത്തല്‍ ശക്തിയായി നില്‍ക്കാനും സുധീരന് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി വഴിതെറ്റുന്ന സന്ദര്‍ഭങ്ങളിലെല്ലാം ജനതാല്‍പര്യം മാത്രം നോക്കി സ്വന്തം നിലപാടുകള്‍ അദ്ദേഹം സമര്‍ഥിച്ചുപോന്നു"" തുടങ്ങിയ വാക്കുകള്‍ ആരെ തൃപ്തിപ്പെടുത്താനായിരുന്നു. മനോരമ ഒന്നാം പുറ വാര്‍ത്തയിലെഴുതി: ""കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന തീരുമാനമാണ് സോണിയാഗാന്ധി പ്രഖ്യാപിച്ചത്"". പാര്‍ടിയിലും സര്‍ക്കാരിലും ഉറച്ച ചുവടുകളോടെ സഞ്ചരിച്ചയാളാണ് സുധീരന്‍. ചെളിയില്ലാത്ത ഖദറും കറയില്ലാത്ത കൈകളും അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അവ സധൈര്യം തുറന്നുപറയാനും അദ്ദേഹത്തെ ശക്തനാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഉള്‍പ്പേജ് ലേഖനമായ "കാലം ആ കുട്ടിയെ സുധീരനാക്കി"യിലും ഉപമോല്‍പ്രേക്ഷകള്‍ വഴുതിവീഴുന്നതാണ്. സുധീരന്റെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകളിലൊന്നും മധുരപലഹാര വിതരണമോ ആഹ്ലാദ പ്രകടനമോ ഉണ്ടായില്ലെങ്കിലും മാതൃഭൂമി, മനോരമ വാര്‍ത്തകളില്‍ സന്തോഷത്തിന്റെ പൂര സദ്യയായിരുന്നു. 1971-ല്‍ കെഎസ്യു പ്രസിഡന്റായശേഷം സംഘടനാ പദവികളിലൊന്നും ഇരുത്താതിരുന്ന സുധീരനെ കെപിസിസി അധ്യക്ഷനാക്കുകവഴി ഹൈക്കമാന്‍ഡ് വീണ്ടും അപഹാസ്യമാവുകയാണ്.

ഗ്യാലറിയിലിരുന്ന് കളി കാണുന്നവരെ ഫുട്ബോള്‍ ടീം ക്യാപ്റ്റനാക്കുംപോലെ ലളിതമാണോ ഈ നിയമനം. കാര്യമായൊന്നും ചെയ്യാത്തവരെ വിശേഷിപ്പിക്കാന്‍ മുതിര്‍ന്ന എന്ന പദം പേരിനും തൊഴിലിനും പിന്നില്‍ ചേര്‍ക്കുന്ന പതിവുണ്ട്. മുതിര്‍ന്ന കളിക്കാരന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, മുതിര്‍ന്ന കലാകാരന്‍ തുടങ്ങിയ വിളികള്‍ക്ക് അത്രയേറെ അര്‍ഥവും ഉള്‍ക്കനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന സുധീരന്റെ തലപ്പട്ടം. രാഹുല്‍ സേനയിലെ മോഹന്‍ ഗോപാലിന്റെ നാമനിര്‍ദേശം. മാധ്യമങ്ങള്‍ ഊതിപ്പൊന്തിച്ച കപട ആദര്‍ശ വ്യക്തിത്വം. മതനിരപേക്ഷതയെ കൊല ചെയ്യുന്ന സമവാക്യങ്ങള്‍. നിരുത്തരവാദപരമായ നാട്യം-തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ പൊയ്മുഖം വരെ മാധ്യമങ്ങള്‍ കണ്ടതേയില്ല. സുധീരന്റെ നിയമനത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെഴുത്തിലും ഹൈക്കമാന്‍ഡ് എന്ന മായാവിയും സാന്നിധ്യമറിയിച്ചു. മുസ്ലിം ലീഗിലാണെങ്കില്‍ സംസ്ഥാന അധ്യക്ഷനുമുന്നില്‍ ദേശീയ അധ്യക്ഷന്‍ സീറ്റിനുവേണ്ടി യാചിക്കുന്നതാണ് ജനാധിപത്യം. ബലാത്സംഗക്കേസില്‍ പ്രതിയായ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെയും മാധ്യമങ്ങള്‍ വിഴുങ്ങിക്കളഞ്ഞു.

ബലാത്സംഗക്കേസില്‍ ആരോപണ വിധേയന്‍ മാത്രമാണ് മാതൃഭൂമിക്ക് മോഡിക്കുട്ടി. മനോരമയുടെ ഒന്നാംപുറ വാര്‍ത്തയിലെ ഒരു ഭാഗം ശ്രദ്ധിക്കാം: "അബ്ദുള്ളക്കുട്ടി ഒളിവിലായിരുന്നെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നു." എന്നാല്‍ അബ്ദുള്ളക്കുട്ടിയേക്കാള്‍ തെറ്റുകാരന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈയാണെന്ന മട്ടിലാണ് 2014 മാര്‍ച്ച് 14ന്റെ പ്രധാന വാര്‍ത്തകളിലൊന്ന്. ""എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ കൈയേറ്റം ചെയ്ത കേസില്‍ കസ്റ്റഡിയിലായ ഡിവൈഎഫ്ഐ നേതാവ് സിപിഎം നിയന്ത്രണ ത്തിലുള്ള ആശുപത്രിയില്‍നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ സഹായിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ബാബുവിന്റെ പരാതിയിലാണ് കേസ്."" മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പിന്മേലാണത്രെ ആശുപത്രിക്കെതിരെ കേസെടുത്തതെന്നും മനോരമ വിശദീകരിച്ചു.

ബലാത്സംഗക്കേസ് പ്രതിയെ ഒളിപ്പിച്ചവര്‍ക്കും താമസിപ്പിച്ച ഹോട്ടലിനും കൂടെ പ്രസംഗിച്ച നേതാക്കള്‍ക്കും ഏതായാലും താമ്ര പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും തയ്യാറാക്കുന്ന തിരക്കിലാവാം മനോരമ. കോണ്‍ഗ്രസ് നിലംപൊത്തുമെന്ന പി ചിദംബരത്തിന്റെയും പി സി ചാക്കോയുടെയും അഭിപ്രായപ്രകടനങ്ങള്‍, ബലാത്സംഗക്കേസിലെ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിത്തം, ഇടുക്കി ബിഷപ്പ്, ഡീന്‍ കുര്യാക്കോസിനെ ആട്ടിവിട്ടത്. എം ഐ ഷാനവാസിനെതിരെ കോണ്‍ഗ്രസുകാരുടെതന്നെ പ്രതിഷേധം. പൊട്ടിയൊലിക്കുന്ന യുഡിഎഫ് ശരീരം മറച്ചുപിടിക്കാന്‍ മാതൃഭൂമിയും മനോരമയും കാണാതായ മലേഷ്യന്‍ വിമാനത്തിനുപിറകെ ഷെര്‍ലക് ഹോംസിനെപ്പോലെ ഓടിപ്പോവുകയായിരുന്നല്ലോ. കുറ്റാന്വേഷണ കഥകളും തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് തെളിയിക്കുകയായിരുന്നു അവ. ആയിരം വോട്ട് തികയ്ക്കാത്ത ഡാങ്കെ പാര്‍ടി രാഷ്ട്രീയ നയങ്ങളോ പൊതു നിലപാടുകളോ അല്ല മുന്നണികളുടെയും സഖ്യങ്ങളുടെയും അടിസ്ഥാനമെന്ന വാദം ഉറപ്പിക്കും മട്ടിലാണ് ആര്‍എസ്പി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട വാര്‍ത്തയെ മാതൃഭൂമിയും മനോരമയും പരിചരിച്ചത്. മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന പാര്‍ടിയുടെ നേതൃത്വത്തിന് മുഖക്കുരുവും വസൂരിക്കലയും ഉള്ളതിനാല്‍ തങ്ങള്‍ വിട്ടുപോകുന്നു എന്ന ലാഘവത്തോടെയാണ് ഇപ്പോഴത്തെ "സൂത്ര"വാക്യങ്ങള്‍. ഒരു ഇടതുപക്ഷ പാര്‍ടിയെ നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചില രീതിശാസ്ത്രങ്ങളും മാനദണ്ഡങ്ങളുമുണ്ട്. കെ മുരളീധരനെപ്പോലെ കോമാളിത്തരവും എം കെ മുനീറിനെപ്പോലെ കപട സാഹിത്യവും പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദൃതവേഗവും ആര്‍ ബാലകൃഷ്ണപിള്ളയെപ്പോലെ മാടമ്പിത്തരവും എം പി വീരേന്ദ്രകുമാറിനെപ്പോലെ പ്രേതരചനയും ടോം വടക്കനെപ്പോലെ ശുദ്ധമലയാളവും ഇറക്കിവെക്കുന്നവര്‍ എല്‍ഡിഎഫില്‍ ഇല്ലെന്ന് വിധിയെഴുതി. എന്‍ കെ പ്രേമചന്ദ്രന്‍ എന്ന അധികാരമോഹിക്ക് മറുകണ്ടം ചാടാം. എന്നാല്‍ റവല്യൂഷനും സോഷ്യലിസവും കുലുക്കിക്കുത്തുന്ന ചന്ദ്രചൂഡനെങ്കിലും നാണം തോന്നേണ്ടതല്ലേ. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി മോങ്ങി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ വാലാട്ടിനിന്ന പല പഴയ സിംഹങ്ങളും പിന്നീട് എലികള്‍പോലുമാവാതെ അജ്ഞാത ജഡങ്ങളായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്ത് ജനങ്ങളുടെ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങിയ എസ് എ ഡാങ്കെയുടെ ചരിത്രമെങ്കിലും മാധ്യമ മര്‍മജ്ഞര്‍ മറിച്ചുനോക്കുമോ? വലിയ പാരമ്പര്യത്തിന്റെ ബലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പതനത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ദുഃഖം തോന്നിയിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും പക്വതയും തിരിച്ചറിയാനാവാതെ ആശയപരമായി മുടന്തിയ ശ്രീപദ് അമൃത് ഡാങ്കെ പിന്നെ ജനമനസ്സുകളില്‍ നിന്നുപോലും വിസ്മൃതനായത് പ്രേമചന്ദ്രന്മാരും പത്രകേസരികളും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ഥ്യമാണ്. ഓള്‍ ഇന്ത്യാ കമ്യൂണിസ്റ്റ് പാര്‍ടി (എഐസിപി) രൂപീകരിച്ച് അതിന്റെ ജനറല്‍ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച ഡാങ്കെ കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചന കള്‍ക്കും കൈയൊപ്പ് നല്‍കി. ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ പ്രേരിപ്പിച്ചത് ഇന്തോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്കസ്) തകര്‍ക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഡാങ്കെക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ കോണ്‍ഗ്രസ് പോഷക സംഘടനയായി മാറുകയായിരുന്നു. മകള്‍ റോസ ദേശ്പാണ്ഡെ യും അവരുടെ ഭര്‍ത്താവ് ബാനി ദേശ്പാണ്ഡെയും മാത്രമായിരുന്നു ഡാങ്കെക്ക് ഒപ്പം.

1987-ല്‍ എഐസിപി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ലയിച്ച് യുനൈറ്റ ഡ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു. 2003-ല്‍ നിര്യാതനാകുംവരെ മൊഹിത്സെന്‍ ആയിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. ഒരിറ്റ് സ്വാധീനം ഉണ്ടാക്കാനാവാതെ നിഷ്ക്രമിച്ച ഡാങ്കേപാര്‍ടി 2007-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കി നാണംകെട്ടത് പരിതാപകരമായ നിലയിലായിരുന്നു. കാര്‍ക്കിയില്‍ മത്സരിച്ച ദേവിദയാല്‍ യാദവിന്റെ പെട്ടിയില്‍ 572 വോട്ട് മാത്രം. ബബേറുവില്‍ ആനന്ദകുമാര്‍ നേടിയതാവട്ടെ 899 വോട്ട്. വിമല്‍ കൃഷ്ണ ശ്രീവാസ്തവിന്റെ നിലയായിരുന്നു അതിദയനീയം. ബാന്‍ഡ മണ്ഡലത്തില്‍ അദ്ദേഹത്തിന് 456 വോട്ടേ നേടാനായുള്ളൂ. 2006-ല്‍ തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍നിന്നാകെ കൊയ്തത് 921 ന്റെ ബംബര്‍ വിള! ഇതെല്ലാം മറച്ചുവെച്ച ടൈംസ് ഓഫ് ഇന്ത്യയെ പെയ്ഡ് ന്യൂസ് ഓഫ് ഇന്ത്യയെന്ന് വിളിച്ചപോലെ മനോരമക്കും മാതൃഭൂമിക്കും വരുംനാളുകളില്‍ ശരിയായ പേര് വീഴാതിരിക്കില്ല.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

No comments: