Sunday, March 23, 2014

മനോരോഗമായി മാറിയ മോഹഭംഗം

സിഎംപിയും യുഡിഎഫിന്റെ പടിയിറങ്ങി. ജെഎസ്എസ് നേരത്തെതന്നെ അതുചെയ്തു. ഒരു തെരഞ്ഞെടുപ്പുകാലത്ത് രണ്ടു ഘടകകക്ഷികളെ നഷ്ടപ്പെട്ട മുന്നണിയായിട്ടും വലതുപക്ഷമാധ്യമങ്ങള്‍ യുഡിഎഫ് ശക്തിപ്പെട്ടു എന്ന പല്ലവി പാടുകയാണ്. യുഡിഎഫിന് എന്ത് സംഭവിച്ചു എന്ന് തെരഞ്ഞെടുപ്പുഫലത്തില്‍ കാണാവുന്നതേയുള്ളൂ. അതിനുമുമ്പ് ചര്‍ച്ചചെയ്യേണ്ട വിഷയം ഏതാനും മാധ്യമങ്ങളെ ബാധിച്ച ഗുരുതരമായ രോഗമാണ്. ഇടതുപക്ഷത്തിനെതിരെ വാര്‍ത്ത നല്‍കുകയും യുഡിഎഫിനെ പര്‍വതീകരിക്കുകയും പതിവുരീതിയാണ്. അതെല്ലാം കടന്ന് ""വി എസ് എല്ലാം മറന്ന്, "സന്തോഷകരമായ ശവസംസ്കാരത്തിന്" തയ്യാറെടുക്കുകയാണ്"" എന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ശനിയാഴ്ച എഴുതി. ഇന്ത്യയിലെ സമുന്നത കമ്യൂണിസ്റ്റ് നേതാവായ വി എസിന്റെ അന്ത്യം പ്രവചിക്കുക എന്ന തെമ്മാടിത്തത്തിലേക്കുവരെ മാധ്യമധര്‍മം അധഃപതിച്ചിരിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിയെയും നേതൃത്വത്തെയും തകര്‍ക്കാന്‍ ഏതു നീചമാര്‍ഗവും പ്രയോഗിക്കുമെന്ന് തെളിയിക്കുന്നതുമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതുകൂടിയാണ് ഈ മാധ്യമ അധമത്വം. ടൈംസ് ഓഫ് ഇന്ത്യ ഇറങ്ങുന്ന അതേപ്രസില്‍ അച്ചടിക്കുന്ന മാതൃഭൂമി, വി എസിനെ വികൃതമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുമായാണ് ഇറങ്ങിയത്. ശനിയാഴ്ച രാവിലെ തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ ഒരുപറ്റം ലേഖകര്‍ വി എസിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. സുവ്യക്തമായി വി എസ് പറഞ്ഞ വിഷയങ്ങളില്‍തന്നെ അവ്യക്തത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍. ഒറ്റദിവസംകൊണ്ട് വി എസിനെ വലതുപക്ഷമാധ്യമങ്ങള്‍ കരിമ്പട്ടികയിലാക്കി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മുതല്‍ കെ കെ രമവരെ, ഉമ്മന്‍ചാണ്ടിമുതല്‍ വി എം സുധീരന്‍വരെ വി എസിനെതിരെ "ആഞ്ഞടിക്കുക"യാണ്. ""എന്റെ പാര്‍ടിയുടെ പടയണിയില്‍ അംഗമായി ഞാന്‍ പോരാട്ടത്തിനിറങ്ങും"" എന്നു പറയുമ്പോള്‍, ""പാര്‍ടിയുമായുണ്ടായിരുന്ന എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടു; ഞാന്‍ പൂര്‍ണസംതൃപ്തനാണ്"" എന്നുപ്രഖ്യാപിക്കുമ്പോള്‍ ഇവര്‍ക്കെന്തിന് ഈ വെപ്രാളം വരണം?

ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറയുമ്പോള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇറച്ചിക്കച്ചവടത്തെയാണ് ഓര്‍മ വന്നതത്രേ. ശരിയാണ്, ആ ഇറച്ചിയും ചോരയും കച്ചവടംചെയ്ത് യുഡിഎഫിന് മുതല്‍ക്കൂട്ടാന്‍ തിരുവഞ്ചൂര്‍സംഘം രണ്ടുകൊല്ലത്തോളമായി ശ്രമിക്കുന്നു. വി എസിനെക്കൂടി അതില്‍ പങ്കാളിയാക്കാമെന്ന വിഫലസ്വപ്നമാണ് അവര്‍ കണ്ടത്. വി എസിനെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് പാര്‍ടിക്കെതിരെ യുദ്ധംചെയ്യാമെന്ന വന്യമായ മോഹമാണവര്‍ കൊണ്ടുനടന്നത്. അത് ദുര്‍മോഹംമാത്രമാണെന്നും തന്റെ സമരം കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമരമാണെന്നും പാര്‍ടിയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള വ്യാമോഹം അസ്ഥാനത്താണെന്നും അസന്ദിഗ്ധമായും ആവര്‍ത്തിച്ചും വി എസ് വ്യക്തമാക്കിയപ്പോഴാണ്, വലതുപക്ഷത്ത് നൈരാശ്യം മൂത്ത് മനോരോഗത്തിന്റെ അവസ്ഥ സൃഷ്ടിക്കപ്പെട്ടത്.

ഏഴുപതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവിനെതിരെ മോഹഭംഗക്കാര്‍ പരസ്യമായി ആക്ഷേപം ചൊരിയുന്നു. ചന്ദ്രശേഖരന്റെ വേര്‍പാടില്‍ അനുശോചനമറിയിക്കാനും ആശ്വസിപ്പിക്കാനും പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെ ചെന്ന വി എസിനെ, കെ കെ രമ ശപിക്കുകയാണ്- ""ജനം പുച്ഛിച്ചുതള്ളും"" എന്ന്. ഇതേ ആര്‍എംപിയാണ്, രമയുടെ കോളേജ് വിദ്യാര്‍ഥിയായ മകനെക്കൊണ്ട് വി എസിനെതിരെ ആക്ഷേപമുന്നയിപ്പിച്ചത്.

ചന്ദ്രശേഖരന്റെ ഇറച്ചി വിറ്റ് കാശാക്കിയത് തിരുവഞ്ചൂരാണെന്ന വി എസിന്റെ മറുപടിയില്‍ എല്ലാമടങ്ങിയിട്ടുണ്ട്. കൊലപാതകക്കേസിനെക്കുറിച്ച് പുസ്തകമെഴുതി കാശുണ്ടാക്കിയത് തിരുവഞ്ചൂരാണ്. സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ആയുധമായി ആ കേസിനെ മാറ്റാന്‍ ശ്രമിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതുവച്ച് വീണ്ടും കളിക്കാനുള്ള ശ്രമങ്ങളെയാണ്, ""ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സിപിഐ എം അന്വേഷണം നടത്തി കൃത്യമായ നടപടിയെടുത്തു. ഇത്തരത്തില്‍ ധീരമായ നിലപാടെടുക്കാന്‍ ഇന്ത്യയില്‍ മറ്റൊരു പാര്‍ടിക്കും കഴിയില്ല. പാര്‍ടി അങ്ങനെയൊരു നിലപാടെടുത്തതില്‍ പൂര്‍ണതൃപ്തനാണ്."" എന്ന വാക്കുകളിലൂടെ വി എസ് നേരിട്ടത്. വി എസിനെ സിപിഐ എമ്മില്‍നിന്നും ഇടതുപക്ഷത്തുനിന്നും അടര്‍ത്തിയെടുക്കുന്ന അസംഭവ്യമായ സ്വപ്നം പൊളിഞ്ഞ് നാശമായതിന്റെ വേവലാതി തിരുവഞ്ചൂരടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും കാറ്റുപോയ ആര്‍എംപിക്കും ഉണ്ടാകുന്നത് മനസ്സിലാക്കാം.

എന്തിന് മാധ്യമങ്ങള്‍ ഇങ്ങനെ ഉറഞ്ഞാടുന്നു? ചന്ദ്രശേഖരന്‍വധംവച്ച് മാധ്യമങ്ങള്‍ കൃഷി നടത്തുകയായിരുന്നു എന്ന വി എസിന്റെ വാക്കുകളാണതിന് മറുപടി. മാധ്യമധര്‍മത്തിന്റെ പ്രാഥമികപാഠംപോലും വിസ്മരിച്ച് സിപിഐ എംവേട്ടയ്ക്കിറങ്ങിയവര്‍ക്ക് ആ കൃഷി പാഴായിപ്പോകുമ്പോള്‍ സങ്കടമുണ്ടാകാം. അതുപക്ഷേ കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി തേജോവധംചെയ്യാനും അവരുടെ അന്ത്യത്തെക്കുറിച്ചടക്കം പ്രവചനം നടത്താനുമുള്ള ഭ്രാന്താകുമ്പോള്‍ ചിത്രം മാറും.

വി എസ് ചൂണ്ടിക്കാട്ടിയപോലെ വീണ്ടും വീണ്ടും ഒരേകാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റാനാണ്. വലതുപക്ഷത്തിന് ഹിതകരമല്ലാത്ത വിഷയങ്ങള്‍ ജനശ്രദ്ധയില്‍നിന്ന് മാറ്റിനിര്‍ത്താനാണ്. അതിനും ചില അതിര്‍വരമ്പുകളുണ്ട് എന്ന വിവേകം മാധ്യമപ്രവര്‍ത്തനത്തിന് അന്യമാകേണ്ടതല്ല. വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ഥിക്കുമുമ്പില്‍വച്ച് അതിക്രമത്തിനിരയായ യുവാവ് മരണമടഞ്ഞത് യുഡിഎഫിനുവേണ്ടി നിങ്ങള്‍ക്ക് പൂഴ്ത്തിവയ്ക്കാം. സുധീരന്റെ നിറംമാറ്റങ്ങളും വാക്കുമാറ്റങ്ങളും "ആദര്‍ശക്കണക്കി"ലെഴുതാം. രണ്ടു ഘടകകക്ഷികള്‍ പോയാലും യുഡിഎഫിന് കരുത്തുകൂടി എന്നു പാടിനടക്കുകയുമാകാം. അത് നിങ്ങളുടെ രാഷ്ട്രീയദൗത്യമായി ജനങ്ങള്‍ കരുതിക്കൊള്ളും. പക്ഷേ, എക്കാലത്തും സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും നീചമായ വ്യക്തിഹത്യ നടത്തിയും നുണകള്‍കൊണ്ട് മൂടിയും ആക്രമിക്കാമെന്നു കരുതുന്നത് ഒന്നാംതരം മൗഢ്യംതന്നെയാണ്. ഇത്തരം മര്യാദകേടിനുള്ള പ്രതികരണം ജനങ്ങള്‍ നല്‍കുന്നത് ജനാധിപത്യരീതിയിലാകുമെന്നും അത് ബാധിക്കുക യുഡിഎഫിന്റെ വോട്ടുകണക്കിനെയാണെന്നും ഓര്‍ത്താല്‍ നല്ലത്.
*
പി എം മനോജ്

1 comment:

മുക്കുവന്‍ said...

ഏഴുപതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവിനെതിരെ മോഹഭംഗക്കാര്‍ പരസ്യമായി ആക്ഷേപം ചൊരിയുന്നു. ചന്ദ്രശേഖരന്റെ വേര്‍പാടില്‍ അനുശോചനമറിയിക്കാനും ആശ്വസിപ്പിക്കാനും പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെ ചെന്ന വി എസിനെ, കെ കെ രമ ശപിക്കുകയാണ്- ""ജനം പുച്ഛിച്ചുതള്ളും""???


what are you planning to say here?

VS.... opportunistic leader. why is he doing like this. come on, people do really keep track of news.

one day kill a person due to political difference. next day sympathy to family.. another day, party did inquire about it...

... tomorrow TP did not live in this world!