Thursday, March 20, 2014

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു. ഇത്തരം സംഭവങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശമോ ചിത്രമോ പോസ്റ്റ് ചെയ്യുന്നവരെപ്പോലെ അവ ഷെയര്‍ ചെയ്യുന്നവരും നിയമപ്രകാരം കുറ്റക്കാരാണെന്ന് സൈബര്‍സെല്‍ വ്യക്തമാക്കി"" എന്ന ഭീഷണികൂടി മുഴക്കിയിട്ടേ പത്രം നിര്‍ത്തുന്നുള്ളൂ.

തിരുവനന്തപുരത്ത് മറ്റൊരു മാനഷ്ടക്കേസിന്റെ വാര്‍ത്തയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ കൊടുത്ത പരാതിയാണ്. സിപിഐ എം നേതാവ് എം വിജയകുമാറിന്റെ പ്രസംഗത്തില്‍ തനിക്ക് അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്ന് കാണിച്ച്. ""വിജയകുമാറിനെതിരെ മാത്രമല്ല, വി എസ് സുനില്‍കുമാര്‍ എംഎല്‍എയ്ക്കും മഹിളാ മോര്‍ച്ചയ്ക്കും എതിരെയും തരൂര്‍ പരാതി നല്‍കി. ഭാര്യ സുനന്ദയെ തരൂര്‍ കൊലപ്പെടുത്തിയെന്ന് ചാനല്‍ചര്‍ച്ചയില്‍ സുനില്‍കുമാര്‍ ആരോപിച്ചതായി പരാതിയില്‍ പറയുന്നു. ഇതു നിയന്ത്രിക്കാനോ എഡിറ്റ് ചെയ്യാനോ ശ്രമിച്ചില്ല എന്നതിന് ചാനലിനെതിരെയും പരാതിയുണ്ട്. തന്റെ ഫോട്ടോയില്‍ ചെരുപ്പുമാലയിട്ടു ചെരുപ്പ് കൊണ്ടു തല്ലുന്ന പോസ്റ്ററുകള്‍ പതിച്ചുവെന്നതാണ് മഹിളാ മോര്‍ച്ചയ്ക്കെതിരെ ഉന്നയിച്ച പരാതി. പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുമെന്ന്&ശഴൃമ്ല;തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു."" (മനോരമ വാര്‍ത്ത)

പുതിയ യുദ്ധം കോടതിയും കേസും വച്ചാണെന്ന് സാരം. രാഷ്ട്രീയ പ്രസംഗങ്ങളില്‍ പലപ്പോഴും ചില പ്രയോഗങ്ങള്‍ എതിരാളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ തെറ്റാണ്; ഒഴിവാക്കപ്പെടേണ്ടതാണ് എന്നതില്‍ ഒരു കക്ഷിക്കും തര്‍ക്കവുമില്ല. ഇവിടെ പക്ഷേ, അതൊന്നുമല്ല പ്രശ്നം. സോളാര്‍ ഉള്‍പ്പെടെ ഭരണകക്ഷിയിലെ ഉന്നതര്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകള്‍, മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍; വന്ന തെളിവുകള്‍, സരിത-ശാലുമേനോന്‍ തുടങ്ങിയ തട്ടിപ്പുകേസ് പ്രതികളുമായി ബന്ധപ്പെടുത്തി വന്ന അശ്ലീല കഥകള്‍, കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത എസ് നായര്‍ നല്‍കിയ കേസ്, കെ ബി ഗണേശ് കുമാറിന് മന്ത്രിപദം ഒഴിയേണ്ടിവന്ന സാഹചര്യം, ശശി തരൂരിന്റെ ഐപിഎല്‍ അഴിമതിയും അതിലെ വിയര്‍പ്പോഹരിയും- ഇങ്ങനെ എത്രയെത്ര വാര്‍ത്തകളാണ് കഴിഞ്ഞ നാളുകളില്‍ കേരളം ചര്‍ച്ചചെയ്തത് എന്ന് ഓര്‍ക്കുക.

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി കുടുംബത്തില്‍ എല്ലാവരും ഇരുന്ന് വായിക്കാന്‍ കൊള്ളില്ല. ഇനിയും കുറെ പേരുകള്‍ ആ ഗണത്തില്‍ ഉണ്ട് എന്നും സരിത പറഞ്ഞു. കുറെയേറെ ഉന്നതരുമായി ബന്ധപ്പെടുത്തി അമ്മട്ടില്‍ വാര്‍ത്ത വന്നിട്ടുമുണ്ട്. ഇങ്ങനെ മലീമസമായ ഒരന്തരീക്ഷത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ പലരും സ്ഥാനാര്‍ഥികളാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തിയ അരുതായ്മകള്‍ തെരഞ്ഞെടുപ്പ് വിഷയമാകുമെന്നത് നിസ്തര്‍ക്കം. അങ്ങനെ എന്തുപറഞ്ഞാലും കേസ് കൊടുത്ത് തടയാമെന്ന് കരുതുന്നത് മൗഢ്യവും.

ശശി തരൂര്‍ തന്നെ ഉദാഹരണം. അദ്ദേഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആരോപണം ഉയര്‍ത്തിയത് ഭാര്യയായിരുന്ന സുനന്ദ പുഷ്കറാണ്. ഐഎസ്ഐ ഏജന്റുമായി ബന്ധമുണ്ടെന്നാണ് അതിലൊന്ന്. പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും തരൂരും തമ്മിലുണ്ട് എന്ന് സുനന്ദ പറഞ്ഞ ബന്ധം എന്ത് എന്ന് മനസിലാക്കാനുള്ള അവകാശം തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്കുണ്ട്. സുനന്ദ ഏറ്റെടുത്തു എന്ന് വെളിപ്പെടുത്തിയ ഐപിഎല്‍ അഴിമതി എന്തായിരുന്നു എന്ന് വിശദീകരിക്കാനുള്ള ബാധ്യത തരൂരിനുമുണ്ട്. ഐഎസ്ഐ ഏജന്റുമായുള്ള ബന്ധത്തെച്ചൊല്ലിയടക്കം കടുത്ത വാഗ്വാദങ്ങള്‍ നടന്ന ഘട്ടത്തിലാണ് സുനന്ദയുടെ മരണം എന്നതും ജനങ്ങള്‍ക്ക് വിട്ടുകളയാന്‍ കഴിയുന്ന വിഷയമല്ല. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മൂടിവയ്ക്കപ്പെട്ടാല്‍, തങ്ങള്‍ എങ്ങനെയുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് അറിയാനും വിലയിരുത്താനുമുള്ള അവസരമാണ് വോട്ടര്‍മാര്‍ക്ക് നഷ്ടപ്പെടുക. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനംതന്നെയാകും.

വ്യക്തികളെ കേന്ദ്രീകരിച്ച് സ്വഭാവഹത്യയിലേക്ക് വഴുതിമാറുംവിധമുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക, വാക്കുകള്‍ നിയമത്തിന്റെ വാളിന്‍ മുനയില്‍ വരാതെ സൂക്ഷിക്കുക എന്നതുമാത്രമേ ഇതിന് പോംവഴിയുള്ളൂ. അല്ലെങ്കിലും സോളാര്‍, സരിത, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍, സലിംരാജ് എന്നൊക്കെ വെറുതെ പറഞ്ഞാല്‍തന്നെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്.

നേതാക്കളെ ഹീനമായി തേജോവധംചെയ്യുന്നത് യുഡിഎഫ് സംസ്കാരമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യയുടെ പേര് വലിച്ചിഴച്ചത് കോണ്‍ഗ്രസാണ്. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് റിയാസിനെതിരെ "ബിനാമി" ആരോപണംകൊണ്ടുവന്ന് ആക്ഷേപിച്ചത് യുഡിഎഫ് നേതാവ് വീരേന്ദ്രകുമാറാണ്. അദ്ദേഹത്തിന്റെ പത്രം അക്കാലത്തു നടത്തിയ സ്വഭാവഹത്യാശ്രമങ്ങളുടേത് നീണ്ട നിരതന്നെയാണ്. അത്തരക്കാര്‍തന്നെ, ഇന്ന് സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണ്. ഓരോന്ന് ചെയ്തുകൂട്ടുമ്പോള്‍ മാനത്തെക്കുറിച്ചോര്‍ക്കാത്തവര്‍ക്ക് നിയമത്തിന്റെ ഉറുമിതന്നെ വീശണം- പിടിച്ചു നില്‍ക്കാന്‍. ആദ്യ കേസ് രജിസ്റ്റര്‍ചെയ്തു എന്ന് മനോരമ എഴുതിയാല്‍ ഇനിയും കേസ് വരാനുണ്ട് എന്നാണര്‍ഥം. ലൈക്കും ഷെയറും കുറ്റമാകും എന്ന് ഭീഷണിമുഴക്കിയാല്‍, നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ ഇട്ടെറിഞ്ഞ് ഓടിക്കൊള്ളണം എന്നാണ് ഭീഷണി.

സത്യം സത്യംപോലെ പറഞ്ഞാല്‍ ഒരു കേസും വരില്ല; യാഥാര്‍ഥ്യത്തെ മൂടിവയ്ക്കാനും ജനാധിപത്യപരമായ ചോദ്യങ്ങള്‍ക്ക് തടയിടാനും ഒരു നിയമവുമില്ല എന്ന പ്രാഥമിക ധാരണ ഓര്‍മിപ്പിക്കലാണ് ഈ ഭീഷണിക്കുള്ള മറുപടി.
*
പി എം മനോജ്

1 comment:

P.C.MADHURAJ said...

കൊലയാളികളേ ...പേടിക്കേണ്ട
വധശിക്ഷ ഞങ്ങൾ നിർത്തലാക്കും
ആ അധികാരം സര്ക്കാരിനില്ല
ആ അധികാരം പാര്ട്ടിക്കു മാത്രം
ചെങ്കൊടി പാറിപ്പറക്കട്ടെ
കൊടിസുനീ നീണാൾ വാഴട്ടെ