Sunday, March 2, 2014

മിനിമം പെന്‍ഷന്‍ ആയിരം രൂപ

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെടുത്തി 1995 മുതല്‍ നടപ്പിലാക്കിയ തൊഴിലാളി പെന്‍ഷന്‍ പദ്ധതി മിനിമം പെന്‍ഷന്‍ 1000 രൂപ ഉറപ്പാക്കുംവിധം ഭേദഗതി ചെയ്യപ്പെടും. അതോടൊപ്പം അതിന് അര്‍ഹമായ ശമ്പളത്തിന്റെ നിലവിലുള്ള ഉയര്‍ന്ന പരിധി മാസം 6500 രൂപ എന്നത് 15,000 രൂപയായി ഉയര്‍ത്തുകയും വേണം. ഫെബ്രുവരി 5ന് അടിയന്തിരമായി വിളിച്ചുചേര്‍ത്ത സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) മീറ്റിങ്ങിലായിരുന്നു ഇതേക്കുറിച്ചുള്ള തീരുമാനമെടുത്തത്. ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ വരുത്തിയ ഭേദഗതികളെ സിബിടിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളെല്ലാം സ്വാഗതം ചെയ്യകയുണ്ടായി. എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുകയും അതോടൊപ്പം മറ്റുചില നിര്‍ദ്ദേശങ്ങള്‍ മീറ്റിങ്ങില്‍ മുന്നോട്ടുവയ്ക്കപ്പെടുകയും ചെയ്തു. സിബിടിയിലെ സിഐടിയു പ്രതിനിധി എ കെ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തു. മിനിമം പെന്‍ഷന്‍ ഉയര്‍ത്തുകയും അതോടൊപ്പം സ്കീമില്‍ മറ്റുചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യണമെന്ന ആവശ്യം ട്രേഡ് യൂണിയനുകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തുക എന്ന ആവശ്യം സംയുക്ത ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച 10 കാര്യങ്ങളില്‍ ഒന്നായിരുന്നു; അതിനായുള്ള പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരികയായിരുന്നു. ഇപിഎഫ് പെന്‍ഷന്‍കാരുടെ സംഘടനകളും വിവിധങ്ങളായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയായിരുന്നു. ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഈ പ്രശ്നം സംബന്ധിച്ച് 2010ല്‍ ഒരു വിദഗ്ധകമ്മിറ്റി പഠനം നടത്തുകയുണ്ടായി. അത് സിബിടിയില്‍ ചര്‍ച്ചചെയ്തു. 2012ല്‍ വിഷയം ക്യാബിനറ്റിന് വിട്ടു. കഴിഞ്ഞ 2 വര്‍ഷമായി അതവിടെ തീരുമാനമാകാതെ ഇരിക്കുകയായിരുന്നു.

തുടക്കം

തൊഴിലാളി പെന്‍ഷന്‍ പദ്ധതി (ഇപിഎസ്) 1995 നെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത് അത് ആരംഭിക്കുന്നതുമുതലാണ്. രാജ്യത്തെ തൊഴിലെടുക്കുന്ന ജനത, പ്രത്യേകിച്ചും ഒരുതരത്തിലുള്ള പെന്‍ഷന്‍ പദ്ധതിയിലുമില്ലാത്തവര്‍, ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ് ഫണ്ടും കൂടാതെ, ഒരു മൂന്നാം ആനുകൂല്യം എന്ന നിലയില്‍ പെന്‍ഷന്‍ വേണം എന്ന ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതിനുപകരം ഗവണ്‍മെന്റ്, എംപ്ലോയീസ് സ്കീം എന്ന ആശയം അടിച്ചേല്‍പ്പിച്ച്, നിര്‍ബന്ധമായും അത് നടപ്പിലാക്കുകയായിരുന്നു. പദ്ധതിയെപ്പറ്റി ആഴത്തില്‍ പഠിച്ച സിഐടിയു അനേകം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാകത്തക്കവിധം ആയിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി തൊഴിലാളികള്‍ക്ക് പ്രയോജനകരമാണെന്ന് "തെളിയിക്കുന്നതി"നായി ഗവണ്‍മെന്റ് അവ്യക്തമായ അനേകം വാദമുഖങ്ങള്‍ ഉന്നയിച്ചു. സുപ്രീംകോടതി പോലും ആ വാദമുഖങ്ങള്‍ അംഗീകരിക്കുകയാണുണ്ടായത്. ഈ പ്രശ്നത്തില്‍ സിഐടിയു രാജ്യവ്യാപകമായി ഒരു ദിവസത്തെ പണിമുടക്ക് നടത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, പദ്ധതിയ്ക്കെതിരെ അന്ന് യൂണിയന്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞുകഴിഞ്ഞു.

തുച്ഛമായ പെന്‍ഷന്‍ തുക, തൊഴിലാളികളെ രോഷാകുലരാക്കി. ഇപ്പോള്‍പോലും 2.92 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മാസം 250 രൂപയില്‍ താഴെയാണ് കിട്ടുന്നത്. 27 ലക്ഷത്തിലേറെ പെന്‍ഷന്‍കാര്‍ക്കും മാസം 1000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇതിനിടയ്ക്ക് 2008ല്‍ ചില പ്രധാനപ്പെട്ട ആനുകൂല്യങ്ങളായ 100 മാസത്തെ മൊത്തം തുകയുടെ മൂന്നിലൊന്ന് കമ്യൂട്ടേഷന്‍ ആയി ഒന്നിച്ചു നല്‍കുന്നതും "നിക്ഷേപ ആദായ"വും ഏകപക്ഷീയമായി പിന്‍വലിക്കുകയുണ്ടായി. ഈ രണ്ട് ആനുകൂല്യങ്ങളും നിര്‍ബന്ധിത പെന്‍ഷന്‍ പദ്ധതിയ്ക്കെതിരെയുള്ള കേസില്‍ സുപ്രീംകോടതി വലിയ നേട്ടമായി ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങളാണ്.

ധനകാര്യമന്ത്രാലയത്തിന്റെ ആവശ്യങ്ങള്‍

മിനിമം പെന്‍ഷന്റെ കാര്യത്തില്‍ നിലവില്‍ വരുത്തിയിട്ടുള്ള ഭേദഗതികളും വേതനപരിധി ഉയര്‍ത്തലും ജനുവരി 21ന് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. സിബിടിയില്‍ ജനുവരി 21ന് ധനകാര്യമന്ത്രാലയം സര്‍ക്കുലേറ്റ്ചെയ്ത കുറിപ്പിനനുസരിച്ച്, ഭേദഗതിയ്ക്കായുള്ള മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതും സമഗ്രമായ നിര്‍ദ്ദേശങ്ങളുടെ ഒരു ഭാഗവുമാണ്. സിബിടിയില്‍ ചര്‍ച്ചചെയ്യപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്നത് ഒരു വര്‍ഷത്തേക്കു (2014-15) മാത്രമാണെന്നും അത് 2014 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കും എന്നുമുള്ള നിര്‍ദേശം. "ഒരു വര്‍ഷം മാത്രം" എന്ന നിര്‍ദേശത്തെ സിബിടിയിലെ ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ എതിര്‍ത്തു. ഒരു വര്‍ഷത്തേക്കു മാത്രമായി പദ്ധതി ഭേദഗതി വരുത്താന്‍ കഴിയില്ല എന്ന് തൊഴില്‍ വകുപ്പിനുപോലും ബോധ്യപ്പെട്ടു. അവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരുകാര്യം, "ഒരിക്കല്‍ മാറ്റം നടപ്പാക്കിക്കഴിഞ്ഞാല്‍ അത് തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല" എന്നതാണ്. അവസാനം തൊഴില്‍വകുപ്പ ്മന്ത്രി, ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഒരു വര്‍ഷത്തിനുശേഷം വര്‍ധിപ്പിച്ച പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ഉറപ്പുതന്നു. ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ മിക്കതും തൊഴിലാളികളുടെ താല്‍പര്യങ്ങളെ ഹനിക്കുന്നതായിരുന്നു. സിഐടിയുവിന്റെയും മറ്റ് ട്രേഡ്യൂണിയനുകളുടെയും പ്രതിനിധികള്‍, നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ശക്തമായി ആവശ്യപ്പെട്ടു. ം ഇപ്പോള്‍ പെന്‍ഷന് അര്‍ഹമായ ശമ്പളമായി കണക്കാക്കുന്നത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ്. ഇത് അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി ആക്കണമെന്നതായിരുന്നു നിര്‍ദേശം. ഇത് തീര്‍ച്ചയായും പെന്‍ഷന് അര്‍ഹമായ ശമ്പളത്തെയും പെന്‍ഷന്‍ തുകയെയും കുറയ്ക്കുന്നതായിരിക്കും.

ശമ്പളത്തിന്റെ 1.6% വിഹിതം ഇന്ത്യാ ഗവണ്‍മെന്റ് ഇപിഎസിലേക്ക് മാറ്റുന്നു. ശമ്പള പരിധി ഉയര്‍ത്തിയപ്പോള്‍ ഈ വിഹിതം ചുരുക്കാന്‍ ഗവണ്‍മെന്റ് താല്‍പര്യപ്പെടുന്നു. ഉയര്‍ന്ന വേതന പരിധി കവിഞ്ഞവര്‍ സ്വമേധയാ ഇപിഎസില്‍ വിഹിതമടയ്ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഈ 1.16 ശതമാനം അടയ്ക്കേണ്ടതില്ലെന്നും ആ വിഹിതംകൂടി തൊഴിലാളികള്‍തന്നെ അടയ്ക്കണമെന്നുമാണ് നിര്‍ദേശം. കുറഞ്ഞ ശമ്പളം വാങ്ങിയിരുന്നപ്പോള്‍ മുതല്‍ ഇപിഎസ് അംഗങ്ങളായിരുന്നവര്‍ക്കുപോലും 15,000 രൂപവരെ 1.16% എന്ന പരിധിയില്‍പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഉയര്‍ന്ന പരിധി 15,000 രൂപ ആയി ഉയര്‍ത്തുമ്പോഴും 6500 രപ എന്ന പരിധിയില്‍ ഉണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടരണമെന്ന് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ടു.

സര്‍വീസില്‍നിന്നും പിരിയുന്നസമയത്ത് പെന്‍ഷന് അര്‍ഹതയുള്ള സര്‍വീസ് ഇല്ലാത്തവര്‍ക്ക് മൊത്തം തുകയും പിന്‍വലിക്കാന്‍ നിലവില്‍ കഴിയുന്നതാണ്. എന്നാല്‍ ഇങ്ങനെ പിന്‍വലിക്കുവാനുള്ള അവസരം എടുത്തുകളയണമെന്നാണ് ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിനെ തൊഴിലാളി പ്രതിനിധികള്‍ ശക്തിയായി എതിര്‍ത്തു. തൊഴില്‍ മന്ത്രാലയംപോലും പറഞ്ഞത്, ""ഇത് നീതീകരിക്കാനാകാത്തതാണ്. നിലവില്‍ തൊഴിലാളികള്‍ക്ക് സര്‍വീസിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ ഏതെങ്കിലും മെമ്പര്‍മാര്‍ക്ക് പകരം ജോലിയോ/തൊഴിലോ ഉറപ്പുനല്‍കാന്‍പോലും കഴിയില്ലെന്നതാണ് വസ്തുത"".

മറ്റൊരു നിര്‍ദേശം പെന്‍ഷന് അര്‍ഹതയ്ക്കുള്ള പ്രായപരിധി 58ല്‍നിന്നും 60 ആയി വര്‍ധിപ്പിക്കണമെന്നതായിരുന്നു. ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളിലും പെന്‍ഷന്‍പ്രായം സാര്‍വത്രികമായി 58 ആയിരിക്കുമ്പോള്‍, പെന്‍ഷന്‍ പ്രായം 60 ആക്കുന്നതുവരെ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ം മറ്റൊരു നിര്‍ദേശം, റിഡക്ഷന്‍ റേറ്റ് പ്രതിവര്‍ഷം 4% എന്നത് 6% ആക്കി വര്‍ധിപ്പിക്കുക എന്നതായിരുന്നു. മുമ്പ് ഇത് 6% ആയിരുന്നതാണ്; പിന്നീട് 3% ആക്കി; ഒടുവില്‍ 2008ല്‍ 4% ആയി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. പെന്‍ഷന്‍കാര്‍ക്ക് "നേരത്തേ പെന്‍ഷന്‍" കിട്ടുമ്പോഴാണ് ഇത് ബാധകമാകുന്നത്. നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഇത് ഇടയാക്കും.

ഇപിഎസിലെ, നിലവിലുള്ള നിക്ഷേപ രീതിയില്‍ കാതലായ മാറ്റം വരുത്തണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫണ്ടുകള്‍, ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം നേരത്തേതന്നെ ട്രേഡ്യൂണിയനുകള്‍ തള്ളിക്കളഞ്ഞിരുന്നു. യൂണിയന്‍ പ്രതിനിധികള്‍ അത് വീണ്ടും നിരസിക്കുകയും നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ സിബിടിയിലൂടെ മാത്രം തീരുമാനിക്കണമെന്ന് ശഠിക്കുകയും ചെയ്തു. ം 2014 ഏപ്രില്‍ 1 മുതല്‍ റിട്ടയര്‍മെന്‍റ് സമയത്തെ വേതനത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം പെന്‍ഷന്‍ കണക്കാക്കുന്നതിനുപകരം ഒരു നിശ്ചിത പെന്‍ഷന്‍ ആയിരിക്കും കണക്കാക്കുക എന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഒരു നിബന്ധനകൂടി കൂട്ടിച്ചേര്‍ക്കാനുള്ള ഒരു നിര്‍ദേശംകൂടി മുന്നോട്ടുവെയ്ക്കപ്പെട്ടു - ""ഗവണ്‍മെന്റിന് ഈ നിയമമനുസരിച്ച് ആവശ്യമെങ്കില്‍ കുടുംബ പെന്‍ഷന്‍കാരുടെ ഏതെങ്കിലും കാറ്റഗറിയുടെയോ എല്ലാ വിഭാഗത്തിന്റെയോ ഇത്തരം സബ്സിഡി മൊത്തമായോ ഭാഗികമായോ തുടരുകയോ നിര്‍ത്തലാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം"". ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമുതകുന്ന ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തെ സിഐടിയു ശക്തമായി എതിര്‍ത്തു. തൊഴില്‍മന്ത്രി ഗവണ്‍മെന്റിന്റെ ഈ നിര്‍ദേശത്തെ ന്യായീകരിക്കുകയായിരുന്നു. കമ്യൂട്ടേഷന്‍ പെന്‍ഷന്‍ കമ്യൂട്ടുചെയ്ത് നൂറുമാസത്തിനുശേഷംപോലും കമ്യൂട്ട്ചെയ്ത നിലയിലുള്ള കുറഞ്ഞ പെന്‍ഷന്‍ കിട്ടുന്നത് പെന്‍ഷന്‍കാരെ തുടര്‍ന്നും ചൂഷണംചെയ്യുകയാണെന്ന വിഷയം സിഐടിയു പ്രതിനിധികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. കമ്യൂട്ടുചെയ്ത തുക തിരിച്ചു ഈടാക്കി കഴിയുന്നതോടെ ഒറിജിനല്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊഴിലുടമകളുടെ ആവശ്യങ്ങള്‍

വേതനപരിധി ഒറ്റയടിക്ക് 15,000 ആയി വര്‍ദ്ധിപ്പിക്കുന്നതിനെ തൊഴിലുടമകളുടെ പ്രതിനിധികള്‍ എതിര്‍ത്തു. ആദ്യം 10,000 മാത്രമായി ഉയര്‍ത്തുകയും പിന്നത്തെ ഘട്ടത്തില്‍ 15,000 ആക്കുകയും ചെയ്താല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലൂടെയുണ്ടാകുന്ന വര്‍ദ്ധിച്ച ചെലവ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ബാധിക്കുന്ന പ്രശ്നവും അവര്‍ ഉന്നയിച്ചു.

മിനിമം പെന്‍ഷന്റെ വിഷയം ഗവണ്‍മെന്റ് അംഗീകരിച്ചെങ്കില്‍കൂടിയും മറ്റ് നിര്‍ദേശങ്ങളുടെ കാര്യത്തില്‍ അവര്‍ അവസാനം ചെയ്യുന്നതെന്താണെന്ന് ഗവണ്‍മെന്റിന്റെ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ മാത്രമായിരിക്കും അറിയുന്നത്. നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതിരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ജാഗ്രത്താവേണ്ടതുണ്ട്. കാലങ്ങളായി നമ്മുടെ സമരങ്ങളില്‍ നാം ഉന്നയിക്കുന്ന ആവശ്യങ്ങളായ, എല്ലാ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ ജീവിത നിലവാര സൂചികയ്ക്കനുസരിച്ചായിരിക്കുക, പെന്‍ഷന്‍ കമ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, നിക്ഷേപ ആനുകൂല്യത്തില്‍നിന്ന് ലഭിക്കേണ്ട ആദായം എന്നിവ ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

*
എ കെ പത്മനാഭന്‍ ചിന്ത വാരിക

No comments: