Monday, March 17, 2014

സോറി.. ഈ വികസനരേഖയിൽ യുവാക്കളില്ല!

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ്‌ `ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ ഡെവലപ്പ്മെന്റ്‌.` ഈ വിഖ്യാത സ്ഥാപനത്തിന്റെ `ഇന്ത്യൻ ലേബർ ആന്റ്‌ എംപ്ളോയ്മെന്റ്‌ റിപ്പോർട്ട്‌ 2014` ഇതിനോടകം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു! മാദ്ധ്യമങ്ങൾക്കും അവരെ നയിക്കുന്ന മൂലധന ഉടമകൾക്കും, ഈ രണ്ടു കൂട്ടരേയും കൊണ്ട്‌ ജീവിക്കുന്ന രാഷ്ട്രീയക്കാർക്കും പക്ഷേ, ഈ റിപ്പോർട്ടും അതിലെ കണ്ടെത്തലുകളും, പ്രത്യേകിച്ചും ഈ തെരഞ്ഞെടുപ്പ്‌ വർഷത്തിൽ, ചർച്ചയാവരുതെന്ന്‌ നിർബന്ധമുണ്ടാവും! അതുകൊണ്ടുതന്നെ രണ്ട്‌ ദശാബ്ദമായി തുടരുന്ന ആഗോളവൽക്കരണ നയങ്ങളുടെ അതിക്രൂരമായ പ്രത്യാഘാതങ്ങളിലേക്ക്‌ കടന്നുചെല്ലുന്ന ഈ പഠനം ഒരു തുടർചർച്ചയും ഉണ്ടാക്കിയില്ല! 99 ശതമാനം വരുന്ന ജനസഞ്ചയത്തിന്റെ വിലാപങ്ങൾ, ഒരു ശതമാനം മാത്രമുള്ള അതിസമ്പന്നരുടെ വർത്തമാനപ്പത്രങ്ങളിലും മാദ്ധ്യമങ്ങളിലും വരുമെന്നാഗ്രഹിക്കുന്നത്‌ തന്നെ വിഡ്ഢിത്തമാണ്‌. എന്നാലും 99 ശതമാനത്തിന്റെ `ഭാഗധേയം നിർണ്ണയിക്കുന്ന` പൊതു തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുവാനുള്ള പൊള്ളുന്ന ചില വാർത്തകൾ ഈ റിപ്പോർട്ടിലുണ്ട്‌.

125 കോടി മനുഷ്യരുള്ള മഹാരാജ്യമാണ്‌ ഇന്ത്യ! 15 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ്‌ `തൊഴിൽ ശക്തി` എന്നു വിളിക്കുന്നത്‌. തൊഴിലെടുക്കുന്ന സ്ത്രീസമൂഹം ഇന്ത്യയിൽ 31 ശതമാനം മാത്രമായതുകൊണ്ട്‌ ജനസംഖ്യയുടെ 56% ആണ്‌ നമ്മുടെ തൊഴിൽ ശക്തി!. അവർ 70 കോടി വരും! ദേശീയവരുമാനത്തിന്റെ 14 ശതമാനം മാത്രം സംഭാവന ചെയ്യുന്ന കാർഷിക മേഖലയിലാണ്‌ ഇതിന്റെ നേർപകുതി (49%) യും തൊഴിലെടുക്കുന്നത്‌! ജി.ഡി.പി യുടെ 58% സംഭാവന ചെയ്യുന്ന സർവ്വീസ്‌ മേഖലയിൽ 27 ഉം; 16% സംഭാവന ചെയ്യുന്ന നിർമ്മാണമേഖലയിൽ 13 ഉം ശതമാനം തൊഴിൽ ശക്തി വിന്യസിക്കപ്പെടുന്നു! വേറൊരു രൂപത്തിൽ പറഞ്ഞാൽ 49 പേർ പതിന്നാലുരൂപ പങ്കിടുമ്പോൾ 28 പേർക്ക്‌ 58 രൂപാ പങ്കുവയ്കാനാവുന്നു! മറ്റൊരു 13 പേർ ചേർന്ന്‌ 16 രൂപയും പങ്കിടുന്നു!

യാതൊരു സാമൂഹികസുരക്ഷാ-സംരക്ഷണ സംവിധാനങ്ങളുമില്ലാത്ത അസംഘടിതമേഖലയിലാണ്‌ തൊഴിലെടുക്കുന്നവരുടെ 92 ശതമാനവും. അതിന്റെ നേർപകുതി സ്വയം തൊഴിൽ ചെയ്യുന്നവരും, പിന്നെയൊരു 30% കാഷ്വല്‍ വേലക്കാരുമാണ്‌! 8% തൊഴിൽ ശക്തിയാണ്‌, ദുർബലമായ എന്തെങ്കിലും `സാമൂഹിക സുരക്ഷ` യുള്ള ഇന്ത്യൻ തൊഴിലാളി വർഗ്ഗം!

ഒരു ഡോളറിന്റെ വില 62 രൂപയെന്നു കണക്കാക്കിയാൽ ഒരു തൊഴിലാളിയുടെ പ്രതിദിന കൂലി ഏറ്റവും കുറഞ്ഞത്‌ 124 രൂപയെങ്കിലും ഇല്ലെങ്കിൽ, അവർക്ക്‌ ഈ കടുത്ത വിലക്കയറ്റത്തിൽ ദരിദ്രരായിട്ടല്ലാതെ കഴിയാനാവില്ലന്നുള്ള സത്യം അംഗീകരിച്ചുകൊണ്ട്‌, ഈ റിപ്പോർട്ട്‌ വിളിച്ചുപറയുന്നത്‌, 59 ശതമാനം ഇന്ത്യൻ തൊഴിലാളിയും ദരിദ്രരാണ്‌ എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്‌. തൊഴിലുള്ളവരിൽ അഞ്ചിൽ 3 പേരും ശരാശരി 124 രൂപയിൽ താഴെ, ഒരു പക്ഷേ വളരെ താഴെ, കൂലി വാങ്ങുന്നവരാണ്‌!

കേന്ദ്രസർക്കാറിന്റെ കണക്കനുസരിച്ച്‌ നഗരത്തിൽ ശരാശരി 33 രൂപയും, ഗ്രാമത്തിൽ 27 രൂപയും പ്രതിദിന വരുമാനമുള്ളവരെയാണ്‌ ദാരിദ്യരേഖക്കടിയിൽ ഉള്ളവരായി കണക്കാക്കുന്നത്‌. ഈ കണക്കിൽ നിന്ന്‌ പരിശോധിച്ചാൽപ്പോലും തൊഴിലെടുക്കുന്ന ഇന്ത്യാക്കാരിൽ 28% അതി ദരിദ്രരാണ്‌ എന്ന്‌ പഠനം പറയുന്നു!

ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ ഡവലപ്പ്മെന്റ്‌ പഠനം കണ്ടെത്തുന്നത്‌ രാജ്യത്തെ തൊഴിൽ രഹിതരുടെ 33 ശതമാനവും ബിരുദധാരികളാണെന്നാണ്‌! 15-28 വയസുകാരിൽ നേർപകുതിയും തൊഴിൽ ഇല്ലാത്തവരാണ്‌! 2011-12 ലെ കണക്കാണിത്‌. 5.6% തൊഴിൽ രഹിതരാണ്‌ രാജ്യത്ത്‌ ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്‌. 2004-05-ൽ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ 21% ആയിരുന്നു. 2012 ൽ അത്‌ 33 ശതമാനമായി ഉയർന്നു. 1999 മുതൽ 2004-05 വരെയുള്ള കാലത്ത്‌ രാജ്യത്ത്‌ 5 കോടി പുതിയ തൊഴിൽ സൃഷ്ടിക്കപ്പെട്ടുവെങ്കിൽ 2004-2010 കാലത്ത്‌ 1.7 കോടിയായി അത്‌ ചുരുങ്ങി! ഈ `വികസനരേഖ`യിൽ യുവാക്കളില്ല!

സ്ഥിരം തൊഴിലില്ല, കൂലിയും!

ശരാശരി 10% വിലക്കയറ്റമുള്ള ഇന്ത്യയിൽ കാൽ നൂറ്റാണ്ട്‌ കാലമായുള്ള (1983 ​- 2012) വാർഷിക കൂലിവർദ്ധനവ്‌ 3% മാത്രമായിരുന്നു. ഗ്രാമം മാത്രമെടുത്താൽ അത്‌ വെറും 1.7% മാത്രം! 1993 മുതൽ 2012 വരെയുള്ള കാലത്ത്‌ തൊഴിലാളികളുടെ ഉൽപ്പാദനശേഷി (​‍productivity)  300% വർദ്ധിച്ചുവെന്ന്‌ ഓർക്കുക! നാം വലിയ തോതിൽ സമ്പത്തുണ്ടാക്കുന്നു.! പക്ഷേ അതിന്റെ മാന്യമായ വിഹിതം പോയിട്ട്‌, വിലക്കയറ്റത്തിനനുസരിച്ചുള്ള വിഹിതം പോലും ഇന്ത്യൻ തൊഴിലാളിക്ക്‌ കിട്ടിയിട്ടില്ലന്ന്​‍ സാരം!

ഇന്ത്യൻ തൊഴിൽ ശക്തിയുടെ മൂന്നിലൊന്ന്‌ നിരക്ഷരരാണ്‌! പണിയെടുക്കുന്ന ഇന്ത്യൻ സ്ത്രീകളിൽ നേർപകുതിയും അക്ഷരം അറിയാത്തവരാണ്‌... തൊഴിലെടുക്കുന്നവരെ സാക്ഷരരാക്കുന്നതിൽ ഏറ്റവും പിറകിലാണ്‌ ഇന്ത്യയുടെ സ്ഥാനം! SC/ST/OBC വിഭാഗങ്ങളിലുള്ള തൊഴിലാളികളാണ്‌ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരിൽ ഭൂരിപക്ഷം.

ഇന്ത്യൻ കാർഷിക-കാർഷികേതര-വ്യവസായങ്ങളിൽ 84% വും അസംഘടിത വ്യവസായ മേഖലയാണ്‌! ഇതിന്റെ ഇപ്പോഴത്തെ ജി.ഡി.പി.വിഹിതം 19 ശതമാനമാണത്രെ! 2010-11-ൽ ഈ മേഖലയിൽ തൊഴിലെടുക്കുകയോ, സ്വയം തൊഴിൽ ചെയ്ത്‌ ജീവിക്കുകയോ ചെയ്തവർ മൊത്തം തൊഴിൽ സേനയുടെ 74% വരും! വേറൊരു രൂപത്തിൽ പറഞ്ഞാൽ 74 പേർ 19 രൂപാ വീതിച്ചെടുക്കുന്നു! 2004-05-ൽ ഈ മേഖലയുടെ ജി.ഡി.പി. വിഹിതം 30% ആയിരുന്നുവെന്നും 84.7% മനുഷ്യരെ അന്ന്‌ അത്‌ പോറ്റിയിരുന്നുവെന്നും ഓർക്കണം! ഈ കാലത്ത്‌ ലക്ഷക്കണക്കിന്‌ അസംഘടിത വ്യവസായ സ്ഥാപനങ്ങൾ പൂട്ടിപ്പോയത്‌ മറക്കേണ്ടതില്ല; അതെ ലക്ഷക്കണക്കിന്‌ !

1995-ൽ ഇന്ത്യയിലെ സംഘടിത വ്യവസായ സേവന മേഖലകളിൽ 13 ശതമാനം തൊഴിലാളികളായിരുന്നു കരാർ പണി ചെയ്തവർ! 2011-ൽ ഈ രംഗത്തെ ആകെ തൊഴിൽശക്തിയുടെ 34 ശതമാനം കരാർ/ കൂലിതൊഴിലാളികളാണത്രെ! യാതൊരു തൊഴിൽ സുരക്ഷയോ-സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ നൽകാതെ, സ്ഥിരം തൊഴിലാളികളുടെ പത്തിലൊന്ന്‌ കൂലി മാത്രം വാങ്ങി (മൂന്നിലൊന്നാണ്‌ ഔദ്യോഗികഭാഷ്യം) തൊഴിലെടുക്കുന്നവരാണ്‌ മൂന്നിലൊന്ന്‌ തൊഴിലാളികൾ എന്നാണ്‌ പഠനം പറയുന്നത്‌! ഒരു പൊതുമേഖലാ ജീവനക്കാരന്‌ (ഈ ലേഖകന്‌) 55,000 രുപാ പ്രതിമാസ വേതനവും സമസ്ത സാമൂഹിക സുരക്ഷയും ലഭിക്കുമ്പോൾ തൊട്ടടുത്തിരുന്ന്‌ അതേ ജോലി ചെയ്യുന്ന കരാർ തൊഴിലാളിക്ക്‌ പ്രതി മാസം കമ്പനി നൽകുന്നത്‌ 5000 രൂപയാണ്‌! പതിനൊന്നിൽ ഒന്ന്‌!

സംഘടിത മേഖല `അസംഘടിത മേഖല`യായി പരിണമിക്കുകയാണ​.‍്‌  സംഘടിത മേഖലയിലെ സ്ത്രീസാന്നിദ്ധ്യം 2004-ൽ 29% ആയിരുന്നത്‌ 2012-ൽ 22 ശതമാനമായി താണുവെന്നും റിപ്പോർട്ട്‌ പറയുന്നു! സ്ത്രീകളെ കമ്പോളത്തിന്‌ വേണ്ടാ!

ആഗോളവൽക്കരണം-സംഘടിത മേഖലയിലെ കരാർവത്ക്കരണം-തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ഭീതി-അടച്ചു പൂട്ടൽ പ്രവണതയിലെ വർദ്ധനവ്‌-പുതിയ സാങ്കേതിക വിദ്യയുടെ പ്രയോഗം-എല്ലാം ചേർന്ന്‌ സമരരഹിതമായൊരന്തരീക്ഷം ഇന്ത്യൻ സംഘടിത വ്യവസായ മേഖലയിൽ നിലനിൽക്കുന്നുവെന്ന്‌ റിപ്പോർട്ട്‌ വിശദീകരിക്കുന്നു! പണിമുടക്കുകൾ കൊണ്ടുള്ള `നഷ്ടം` എന്ന്‌ പറയാനില്ലാത്ത അവസ്ഥ! പ്രതിരോധങ്ങൾ ഇല്ല. മൂലധനം ഒരു Long March ലാണ്‌ നമ്മുടെ നെഞ്ചിലൂടെ...

പെൻഷനുമില്ല... സുരക്ഷയുമില്ല...

പെൻഷൻ കമ്പോളത്തിന്റെ ചൂതാട്ടത്തിന്‌ എറിഞ്ഞു കൊടുക്കുന്ന നിയമം കോൺഗ്രസും ബി.ജെ.പി. യും ചേർന്നാണ്‌ പാസാക്കിയത്‌! ഏറ്റവും അവസാനം വന്ന വാർത്തകൾ പറയുന്നത്‌ ഒരാളിന്റെ  പെൻഷൻ ഫണ്ടിലെ തുക രണ്ടു ലക്ഷമോ അതിൽ താഴെയോ ആണുള്ളതെങ്കിൽ, പണം പിൻവലിച്ച്‌ പദ്ധതിയിൽ നിന്ന്‌ പുറത്തുപോകാമെന്നാണ്‌.. പുതിയ പെൻഷൻ പദ്ധതിയിൽ ചേരുന്നവർ പിരിയുമ്പോൾ 60% പണം തിരിച്ചുനൽകുമെന്നും 40% ആന്വിറ്റി വാങ്ങാൻ മാറ്റിവക്കുകയും ചെയ്യും! പക്ഷേ ഈ 40 ശതമാനത്തിന്‌ ആന്വിറ്റി എടുത്താൽ പെൻഷൻ നാമമാത്രമേ ഉണ്ടാവൂ എന്നതിനാൽ, 2 ലക്ഷം രൂപ വരെ ഫണ്ടിലുള്ളവർക്ക്‌ പണം വാങ്ങിപ്പോകാമത്രെ!

ഫലത്തിൽ പെൻഷനില്ല, പിന്നെ എന്തിനാണ്‌ `പെൻഷൻ ഫണ്ടിൽ` പണം ഇട്ടത്‌? 60 വയസ്സാണ്‌ റിട്ടയർമെന്റ്‌ പ്രായമായി പെൻഷൻ നിയമത്തിൽ പറയുന്നത്‌. അത്‌ 70 ആയി ഉയർത്താനും ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരിക്കുകയാണിപ്പോൾ! പെൻഷൻ തരുകയല്ല, ഫണ്ടിൽ നിങ്ങളുടെ പണം എത്തുക, മരണംവരെ! കൊള്ളാം! പുതിയ പെൻഷൻ പദ്ധതി 2004 ജനുവരി ഒന്നിനുശേഷം സർവ്വീസിൽ വരുന്ന കേന്ദ്രജീവനക്കാർക്കാണ്‌ ഇപ്പോൾ ബാധകമാക്കിയിട്ടുള്ളത്‌.. കേരളാ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ 2013 ഏപ്രിൽ മുതൽ! അടിസ്ഥാന ശമ്പളവും ഡി.എയും ചേർന്നതിന്റെ 10% വീതം ജീവനക്കാർ നൽകണം. ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ്‌ ഫണ്ട്‌ തുടങ്ങിയവ ഇവർക്കിനി ഇല്ലന്നാണ്‌ പെൻഷൻ നിയമം പറയുന്നത്‌! ചുരുക്കത്തിൽ `പെൻഷൻ` അവകാശം കമ്പോളം വിഴുങ്ങിയപ്പോൾ, വേറെ അവകാശങ്ങളെല്ലാം ആ കടലിൽ ലയിച്ചു!കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നിട്ട്‌ 10 മാസമായിട്ടും സർക്കാർ വിഹിതം ഇതുവരെയും അടച്ചില്ല. കർണാടകയിൽ 2004-ൽ തന്നെ പദ്ധതി തുടങ്ങി! പക്ഷേ നാളിതുവരെയും സർക്കാരിന്റെ വിഹിതമായി അടക്കേണ്ടുന്ന പണം ഫണ്ടിലെത്തിയില്ല! 2010 വരെ ഫണ്ടിലേക്കടക്കാൻ പണമില്ലെന്ന്‌ പറഞ്ഞ്‌ 2004 നും 10 നും ഇടയിലെ ജീവനക്കാരുടെ വിഹിതം തിരിച്ചുനൽകിയിരിക്കുകയാണ്‌ കർണാടക സർക്കാർ! ഒഡീഷ, ബീഹാർ, ചത്തീസ്ഗഡ്‌ സംസ്ഥാനങ്ങളിലും പദ്ധതിയിലേക്ക്‌ സർക്കാർ വിഹിതമടച്ചിട്ടില്ല!സാമൂഹികസുരക്ഷയുടെ കമ്പോളമാതൃക അങ്ങനെ പൊടിപൊടിക്കുകയാണ്‌!

പെൻഷൻ നിയമപരമായ അവകാശമായിരുന്നിടത്ത്‌,അത്‌ സ്വയം സംഭാവന ചെയ്തുണ്ടാക്കേണ്ട `സുരക്ഷ` ആയി മാറി.. പക്ഷേ `സുരക്ഷ` വെറും കെട്ടുകഥയാവുകയാണെന്ന്‌ നിയമം പാസാക്കി വർഷം ഒന്നു തികയുമ്പോൾതന്നെ വ്യക്തമാവുന്നു! അനുഭവിച്ചാലെ നമ്മൾ പഠിക്കൂ! “നിങ്ങളെയല്ല നിങ്ങളുടെ മക്കളെയല്ലേ ഞങ്ങൾ ബലി നൽകുന്നത്‌” എന്ന്‌ പറഞ്ഞ്‌ പദ്ധതിക്കായി നിലകൊണ്ടവരും, എതിർക്കാതിരുന്നവരും അത്‌ നടപ്പാക്കിയവരും, കമ്പോളനയങ്ങളും ഒരുമിച്ച്‌ വിചാരണ ചെയ്യപ്പെടണം! തെരഞ്ഞെടുപ്പ്‌ അതിനുള്ള അവസരമാണ്‌.

*
പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ പുറത്തിറക്കിയ ‘തെരഞ്ഞെടുപ്പ് സൌന്ദര്യമത്സരമല്ല’ എന്ന പുസ്തകത്തില്‍ നിന്ന്

No comments: