Sunday, March 16, 2014

വഴിതെറ്റിയ ഐടി വിപ്ലവം

""ലൈബ്രറികള്‍ പരിഷ്കൃത സമൂഹങ്ങളുടെ മുഖമുദ്രയാണ്. കേരളത്തിലുടനീളം ലൈബ്രറികളുടെ ഒരു ശൃംഖല ആരംഭിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നു. ദീര്‍ഘവീക്ഷണത്തോടെ കേരളം ഡിജിറ്റല്‍ ലൈബ്രറിയെക്കുറിച്ച് ചിന്തിക്കണം. പാശ്ചാത്യ അനുഭവത്തില്‍ ലൈബ്രറികള്‍ പഠിപ്പിക്കലിനുള്ള നല്ല വേദിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പല വികസ്വര രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വിവര വിനിമയ സാങ്കേതികവിദ്യയില്‍ ലൈബ്രറികളിലൂടെ പരിശീലനം നല്‍കുന്നുണ്ടെന്ന് താഴെ ബോക്സില്‍ കൊടുത്തിരിക്കുന്ന കേസ് പഠനങ്ങള്‍ കാണിക്കുന്നു"" (പരിപ്രേക്ഷ്യം 2030, അധ്യായം 12, പേജ് 485) കൊല്ലക്കടയില്‍ സൂചിവില്‍ക്കുന്നതുപോലുണ്ട് ഗ്രന്ഥശാലാ സംഘത്തിന്റെ നാടായ കേരളത്തില്‍ ലൈബ്രറി ശൃംഖല ആരംഭിക്കണമെന്ന പരിപ്രേക്ഷ്യം

2030ന്റെ ശുപാര്‍ശ

കേരളത്തില്‍ ഗണ്യമായ ഭാഗം ലൈബ്രറികളിലും ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉണ്ട്. ചിലയിടങ്ങളില്‍ കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നുണ്ട്. ഇതൊന്നും അറിയാത്ത പരിപ്രേക്ഷ്യം ഗവേഷകര്‍ക്ക് ഏതെല്ലാം രാജ്യത്ത് മാതൃകകള്‍ക്കുവേണ്ടി പരതേണ്ടി വന്നു എന്നു നോക്കൂ. ഘാനയിലെ നോര്‍ത്തേണ്‍ റീജിയണല്‍ ലൈബ്രറിയില്‍ ഒരു ഫലപ്രദമായ പരിശീലന പരിപാടിയുണ്ട്. കൊളംബിയയിലെ ബൊഗോട്ടയില്‍ ഒരു ലൈബ്രറി 5-18 വയസ്സു പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് പുസ്തകങ്ങളും കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നു. ഉക്രെയിനിലെ ഒരു പട്ടണത്തില്‍ പെണ്‍കുട്ടികളെ മയക്കുമരുന്നുകളില്‍നിന്ന് രക്ഷിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായി ഒരു ലൈബ്രറി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നുണ്ട്. ഹോണ്ടുറാസിലെ ഒരു ലൈബ്രറി സ്ത്രീകള്‍ക്ക് വിജയകരമായി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുകയും പരിശീലനം ലഭിച്ച സ്ത്രീകളില്‍ പലരും ഈ പരിശീലന പരിപാടിയില്‍ പിന്നീട് സന്നദ്ധ പ്രവര്‍ത്തകരാവുകയും ചെയ്തുവത്രെ. ഉഗാണ്ടയിലെ ദേശീയ ലൈബ്രറി കര്‍ഷക സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുന്നതിന് ഒരു പരിപാടി ആവിഷ്കരിച്ചുണ്ടത്രെ! ഇങ്ങനെ പോകുന്നു പരിപ്രേക്ഷ്യം 2030ല്‍ കേരളത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്ന ഡിജിറ്റല്‍ ലൈബ്രറി മാതൃകകള്‍!

സ്ഥൂലമായ വിവരണം

കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെക്കുറിച്ചുള്ള അജ്ഞത ഞെട്ടിപ്പിക്കുന്നതാണെങ്കിലും, കേരളം ടെലികോം വികസനത്തിലും വിവര സാങ്കേതിക വികാസത്തിലും വിന്യാസത്തിലും ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നതു സംബന്ധിച്ച വളരെ ദീര്‍ഘവും വിശദവുമായ പ്രതിപാദനത്തോടെയാണ് പരിപ്രേക്ഷ്യം 2030ന്റെ ഐടി അധ്യായം ആരംഭിക്കുന്നത്. 40 പേജുള്ള അധ്യായത്തിന്റെ 28 പേജും ഈ വിവരണമാണ്. ഇന്ത്യയിലെ ശരാശരിയോടു മാത്രമല്ല മറ്റ് ഓരോ സംസ്ഥാനത്തോടും മറ്റു രാജ്യങ്ങളോടും താരതമ്യപ്പെടുത്തി ടെലിഫോണ്‍ സാന്ദ്രത, നഗര-ഗ്രാമ അന്തരക്കുറവ്, വയര്‍ലസ് സാന്ദ്രത, ഇന്റര്‍നെറ്റ് ലഭ്യത, കമ്പ്യൂട്ടര്‍ ലഭ്യത തുടങ്ങിയ പലതിലും കേരളം മുമ്പിലാണെന്ന് സ്ഥാപിക്കുന്നുണ്ട്. പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഗ്രാഫുകളും നല്‍കുന്നുണ്ട്. എന്തിനാണ് ഇത്രയധികം സൂക്ഷ്മ വിവരം എന്നത് ചോദിക്കരുത്. കുട്ടികള്‍ ടേം പേപ്പറുകള്‍ തയ്യാറാക്കുമ്പോള്‍ പ്രബന്ധത്തിന്റെ വലിപ്പം കൂട്ടാന്‍ ഇങ്ങനെ എഴുതി പൊലിപ്പിക്കാറുണ്ട്. ഇതിനെയാണ് പാഡിംങ് എന്നു പറയുന്നത്. അതുതന്നെയാണ് ഇവിടെ പരിപ്രേക്ഷ്യക്കാര്‍ സ്വീകരിച്ചിരിക്കുന്ന അടവും.

എന്നാല്‍ പ്രസക്തമായ ചോദ്യത്തെ പൂര്‍ണമായി അവഗണിച്ചു. ഇത്രയേറെ അനുകൂല പശ്ചാത്തലമുണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിന്റെ ഐടി വികസനം വഴിതെറ്റി എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഒരു വിശകലനവും ഇല്ല. ചില ഉദാഹരണങ്ങള്‍ നല്‍കാം. സംഭവങ്ങള്‍ പാളിച്ചകള്‍ കേരളമായിരുന്നു ഐ ടി ഹാര്‍ഡ്വെയര്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ തുടക്കംകുറിച്ച സംസ്ഥാനങ്ങളിലൊന്ന്. എഴുപതുകളുടെ ഉത്തരാര്‍ധത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിതമായപ്പോള്‍ കേരളം ഇലക്ട്രോണിക്സ് രംഗത്ത് വന്‍ കുതിപ്പിന്റെ വക്കിലാണെന്ന് അവരും കരുതി. എന്നാല്‍ ഇന്ന് കെല്‍ട്രോണ്‍ ഒരു പീഡിത വ്യവസായമായി. പല യൂണിറ്റുകളും പൂട്ടേണ്ടി വന്നു. കെല്‍ട്രോണ്‍ മാതൃകയില്‍ പുതിയ മറ്റു സംരംഭങ്ങള്‍ ഉണ്ടായതുമില്ല. എന്തുകൊണ്ട്? ഇന്ത്യാ സര്‍ക്കാര്‍ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങിന്റെ ആഗോള കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് 2011ലെ ഇലക്ട്രോണിക് നയത്തില്‍ ലക്ഷ്യമിടുന്നുണ്ട്. കൊച്ചി കയറ്റുമതി വികസന മേഖലയെ വിപുലീകരിച്ചുകൊണ്ടും മൈക്രോ ഇലക്ട്രോണിക്സ്, നാനോ ഇലക്ട്രോണിക്സ്, ബയോ ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മേഖലകളില്‍ ദേശീയനയത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഇടപെടലിനുള്ള സാധ്യതകള്‍ കേരളം ആരായേണ്ടതുണ്ട്. പക്ഷേ ഇതിനുള്ള ഒരു തന്ത്രവും പരിപ്രേക്ഷ്യം 2030 മുന്നോട്ടുവയ്ക്കുന്നില്ല.

(രണ്ട്) ഐടി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്നോ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനും തുടക്കമിട്ടത് കേരളമായിരുന്നു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക് ഈ ഇനത്തിലെ രാജ്യത്തെതന്നെ ആദ്യകാല സംരംഭമായിരുന്നു. കഴിഞ്ഞ മൂന്നു ദശകംകൊണ്ട് വലിയതോതില്‍ പൊതു നിക്ഷേപം നടത്തുകയും പാര്‍ക്ക്മേഖല വിപുലീകരിക്കപ്പെടുകയും ചെയ്തു.

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിച്ചു. ഇവയുടെയും ജില്ലാതല പാര്‍ക്കുകളുടെയും ടെക്നോ ലോഡ്ജുകളുടെയും ഐടി വ്യവസായ വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിന്റെയും വിശദവിവരങ്ങള്‍ രേഖ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഇടപെടലുകള്‍ ഫലപ്രാപ്തിയിലെത്തിയില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആകെ തൊഴിലുകള്‍ 10,000ത്തില്‍ താഴെ മാത്രം. സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തില്‍ ഐടിയുടെ പങ്ക് ഒരു ശതമാനത്തില്‍ താഴെ. മൊത്തം രാജ്യത്തെ ഐടി കയറ്റുമതി വരുമാനത്തില്‍ ഐടിയുടെ പങ്കും ഒരു ശതമാനത്തില്‍ താഴെ മാത്രം. അതാകട്ടെ ആന്ധ്രയുടെതിന്റെയും തമിഴ്നാടിന്റെയും പതിനാലിലൊന്നും മഹാരാഷ്ട്രയുടെ ഇരുപത്തിനാലിലൊന്നും കര്‍ണാടകത്തിന്റെ മുപ്പത്തിനാലിലൊന്നും ആണ്. അതുതന്നെ ഇക്കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായ പത്തിരട്ടി വര്‍ധനവുകൂടി കണക്കിലെടുത്തിട്ടാണെന്നോര്‍ക്കണം. എന്തുകൊണ്ട് ഈ പിന്നോക്കാവസ്ഥ? മുതല്‍മുടക്കിനനുസൃതമായ നേട്ടം എന്തുകൊണ്ടുണ്ടായില്ല? മുതല്‍മുടക്കുതന്നെ അപര്യാപ്തമായതുകൊണ്ടാണോ? അതോ ചരക്കുകളുടെ സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും കാതലായ മാറ്റം ഉണ്ടാകേണ്ടതുണ്ടോ? പാര്‍ക്കുകളും സര്‍വ്വകലാശാലകളും ഉന്നത വിദ്യാപീഠങ്ങളും തമ്മില്‍ ഏകോപനം ഉണ്ടോ? എത്ര നൂതനത്വ സംരംഭങ്ങളെ പരിപോഷിപ്പിക്കാന്‍ പാര്‍ക്കുകള്‍ക്ക് കഴിഞ്ഞു? പാര്‍ക്കുകളിലെ സ്ഥാപനങ്ങളും കേരളത്തിലെ വ്യവസായമേഖലയും തമ്മില്‍ പരസ്പരപൂരക ബന്ധങ്ങള്‍ ഉണ്ടോ?

ടെക്നോപാര്‍ക്കിന് ഇടത്തരം-ചെറുകിട വ്യവസായശാലകളുടെമേല്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്മാര്‍ട്ട്സിറ്റിക്ക് ഇത്രയേറെ കാലതാമസമുണ്ടായി? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊണ്ടുമാത്രമേ ഇന്നത്തെ ദൗര്‍ബല്യങ്ങള്‍ മറികടന്നുകൊണ്ട് ഭാവി പാര്‍ക്ക് വികസന തന്ത്രത്തിന് രൂപം നല്‍കാനാവൂ.

(മൂന്ന്) ഐടി വ്യവസായവും കയറ്റുമതിയും പോലെതന്നെ പ്രധാനമാണ് ഐടി അധിഷ്ഠിതമായ സേവനങ്ങളുടെ സൃഷ്ടിയും. ഒട്ടെല്ലാ ഇ-ഭരണ പദ്ധതികളും ഓണ്‍ലൈന്‍ സേവന പ്രദാന പദ്ധതികളും രേഖ പട്ടികപ്പെടുത്തുന്നുണ്ട്. എന്നാല്‍ സൃഷ്ടിക്കപ്പെട്ട പശ്ചാത്തല സൗകര്യം ഉപയോഗിച്ച് നടത്തപ്പെട്ട ഇ-ഇടപാടുകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഇതു കാണിക്കുന്നത് നടപ്പാക്കപ്പെട്ട ഇ-ഭരണ പദ്ധതികളുടെ ഫലപ്രാപ്തി കുറവാണെന്നോ അവ പരാജയപ്പെട്ടു എന്നോ ആണ്. ഐടി @ സ്കൂള്‍, സ്പാര്‍ക്ക് എന്നിവയാണ്. പലതും ഫലപ്രാപ്തിയിലെത്തിയത് കാലാവധി കഴിഞ്ഞ് അനവധി വര്‍ഷങ്ങള്‍ക്കുശേഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് 14 വര്‍ഷമെടുത്തു. ഇ-ഭരണ പദ്ധതികള്‍ ഭരണപരിഷ്കാരമോ പ്രക്രിയ പുനഃസൃഷ്ടിയോ ലക്ഷ്യംവച്ചല്ല നടത്തപ്പെട്ടതെന്ന് രേഖ നല്‍കുന്ന കണക്കുകളും വിവരങ്ങളും കാണിക്കുന്നു. നിലവിലുള്ള ഭരണവകുപ്പുകള്‍ക്കും സാങ്കേതികമായി ഊന്നല്‍നല്‍കിയാണ് പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടത്. കേരളത്തിലെ ഉയര്‍ന്ന ഇ-സാക്ഷരതയും കണക്ടിവിറ്റിയും ഇ-ഭരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് അമാന്തം എന്നതു സംബന്ധിച്ച് സ്വയംവിമര്‍ശനപരമായ പരിശോധന ഇല്ല.

(നാല്) 1998ലെ ഐടി പോളിസി ഒരു നൂതന ജനകീയ പദ്ധതി ലക്ഷ്യമിട്ടു. ഇന്ത്യാ സര്‍ക്കാര്‍ പോലും കേരളത്തിന്റെ നയത്തില്‍ നിന്നാണ് ബഹുജന സമീപനം ഏറ്റെടുത്തതെന്ന് അവകാശവാദമുണ്ട്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ അകലം ഇല്ലാതാക്കുക, തൃണമൂലതലത്തില്‍ ഐടി സേവനങ്ങള്‍ ലഭ്യമാക്കുക, വിദ്യാഭ്യാസത്തിനും വികസന സംവേദനത്തിനുമാവശ്യമായി ഐടിയെ ഉപയോഗപ്പെടുത്തുക, മലയാളം കമ്പ്യൂട്ടിങ് കാര്യശേഷി സൃഷ്ടിക്കുക എന്നിങ്ങനെ നാലു ജനകീയ മുന്‍കൈകള്‍ ഈ നയത്തിലടങ്ങിയിരുന്നു. ഈ തന്ത്രത്തെ വിലയിരുത്തുന്നതിനും ഇതിലൂടെ കൈവരിച്ച എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ഉപയോഗപ്പെടുത്തുന്നതിനുമുള്ള യാതൊരു ശ്രമവും രേഖയിലില്ല.

(അഞ്ച്) നാസ്കോമില്‍ ലിസ്റ്റ്ചെയ്തിട്ടുള്ള 20 വന്‍കിട കമ്പനികള്‍ ഇപ്പോള്‍തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നിട്ടും എന്തുകൊണ്ട് ഐടി കയറ്റുമതിയില്‍ കേരളം പിന്നില്‍ കിടക്കുന്നു? കേരളത്തിലെ സോഫ്റ്റ്വെയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധിയുടെ കാരണവും അതു മറികടക്കാനുള്ള തന്ത്രവും ആവിഷ്കരിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റു വ്യവസായമേഖലകളിലെ ഐടി വ്യാപനത്തിലും കേരളം പിന്നിലാണ്. ഇ-കമേഴ്സ് കേരളത്തില്‍ വളര്‍ച്ച നേടിയിട്ടില്ല. കേരളത്തിന്റെ വികസന അനുഭവങ്ങളെക്കുറിച്ച് ഒട്ടേറെ വസ്തുതകള്‍ രേഖ നിരത്തുന്നുണ്ട്. എന്നാല്‍ മേല്‍ വിവരിച്ചതുപോലെ വൈപരീത്യങ്ങളെക്കുറിച്ച് വിശലനങ്ങളോ നിഗമനങ്ങളോ ഇല്ല. അതിനുപകരം നേരിട്ട് പരിപ്രേക്ഷ്യം 2030 "മിഷന്‍" പ്രഖ്യാപനത്തിലേക്കും "വിഷ്യന്‍" ചിത്രീകരണത്തിലേക്കും പുതിയ വികസന തന്ത്രത്തിന്റെ രൂപീകരണത്തിലേക്കും നീങ്ങുന്നു. ഈ വികസനതന്ത്രത്തിന് ""ഏഴു തൂണുകള്‍"" ഉണ്ട്. അവയിലൂടെ ഹ്രസ്വമായി കണ്ണോടിക്കാം. തന്ത്രപ്രധാനമായ ഏഴു തൂണുകള്‍

1. സാങ്കേതികവിദ്യ: ഗവേഷണത്തിനുള്ള ലോകോത്തര സൗകര്യങ്ങള്‍ക്കൊപ്പം വാണിജ്യമൂല്യമുള്ള ഗവേഷണങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. ഇതിന് സമയമെടുക്കും. അതുകൊണ്ട് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് ലോകമാകെ നടക്കുന്ന ഗവേഷണ വിവരങ്ങളുടെ റെപ്പോസിറ്ററി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. നാം നേടേണ്ട സാങ്കേതികവിദ്യ ക്ലൗഡ് കമ്പ്യൂട്ടിങ്ങും മിഷന്‍ ടു മിഷന്‍ കമ്പ്യൂട്ടിങ്ങും ആണെന്നും മറ്റുമുള്ള പ്രസ്താവനകളും രേഖയിലുണ്ട്. മേല്‍പറഞ്ഞവ വെബ് ടെക്നോളജിയുടെ ഉപ ഘടകങ്ങളായി വരുന്ന വിവര കൈകാര്യ സാധ്യതകള്‍ മാത്രമാണെന്ന ലളിതമായ സാങ്കേതിക വിവരംപോലും ഇല്ലാതെയാണ് വിവര സാങ്കേതിക പരിപ്രേക്ഷ്യം തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നാണ് പരിഷത്തിന്റെ വികസന സംഗമത്തില്‍ ജോസഫ് മാത്യു (വിജ്ഞാന ജനാധിപത്യ സഖ്യം) അവതരിപ്പിച്ച രേഖയില്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം.

2. ഇ-ഭരണ മുന്‍കൈകള്‍: കൊറിയയാണ് ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുവരെയുള്ള നടപടികളുടെ മൂര്‍ത്തമായ വിലയിരുത്തലില്ലാതെ യുഎന്‍ ഇ-ഭരണ സൂചികയെക്കുറിച്ചും മറ്റും വിവരിക്കുകയാണ് ചെയ്യുന്നത്.

3. ഇ-തയ്യാറിപ്പ് : കേരളം ഇ-തയ്യാറിപ്പ് കൈവരിച്ചുകഴിഞ്ഞു. ഇനി ഗുണ നിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. അമേരിക്കയില്‍ മെരിലാണ്ടിലെ വിദ്യാര്‍ഥികളുടെ ഇ-സാക്ഷരത അളക്കുന്നതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങളുടെ വിശദമായ പട്ടികയും നല്‍കുന്നുണ്ട്. പക്ഷേ ഗുണനിലവാരമുയര്‍ത്താനുള്ള ഒരു കൃത്യമായ പരിപാടി മുന്നോട്ടുവയ്ക്കുന്നില്ല.

4. ഐടി വ്യവസായത്തെ വളര്‍ത്തുക: ഇവിടെ പുതിയ പാര്‍ക്കുകള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും വ്യവസായ പ്രോത്സാഹനങ്ങളെയുംകുറിച്ച് ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ടെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ആകെയുള്ള വിദ്യാഭ്യാസ ആഗോള നഗരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വ്യവസായ വളര്‍ച്ചയാണ്, ഇതിന് മാതൃകയായി ഉയര്‍ത്തിപ്പിടിക്കുന്നത് മിച്ചിഗണ്‍ സര്‍വ്വകലാശാല പ്രാന്തത്തിലുള്ള ആന്‍ ആര്‍ഡര്‍ എന്ന ഐടി പട്ടണമാണ്. പിന്നെ പുതു നൂതനത്വ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ""സ്മാര്‍ട്ട് ബിസിനസ് റൂളുകള്‍, ആവിഷ്കരിക്കാനുള്ള നിര്‍ദ്ദേശവും. അതോടെ ഐടി വ്യവസായ തൂണിന്റെ പണി തീര്‍ന്നു.

5. സമ്പദ്ഘടനയിലുടനീളം ഉള്ളടക്കത്തില്‍ ഐടി സന്നിവേശിപ്പിക്കുക. ഇതിന് ഏറ്റവും നല്ലത് കയറ്റുമതി മേഖലയില്‍ ആദ്യം ഊന്നുകയാണ്. അതുപോലെ ട്രാന്‍സ്പോര്‍ട്ട്-ലോജിസ്റ്റിക്സ് വ്യവസായവും ഇതിന് ഇപ്പോള്‍തന്നെ പര്യാപ്തമാണ്. തയ്വാന്‍പോലുള്ള രാജ്യങ്ങളില്‍ കാര്‍ഷിക മാര്‍ക്കറ്റിങ്ങിന് ഉപയോഗിക്കുന്ന വെബ്സൈറ്റുകളെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. മറ്റൊരു തൂണിന്റെ കൂടി പണി തീര്‍ന്നു!

6. ഇ-ഉള്‍ചേര്‍ക്കല്‍ (ലശിരഹൗശെീി): ഇതുവരെ ഈ മേഖലയില്‍ ചെയ്ത നല്ല പ്രവര്‍ത്തനം തുടരുകയേ വേണ്ടൂ. ഗ്രാമീണ കാള്‍ സെന്ററുകളാണ് മുഖ്യ നിര്‍ദ്ദേശം. അക്ഷയ പരിപാടി ഇതില്‍പെടുമോ എന്നറിയില്ല. ഏതായാലും കുടുംബശ്രീ ഐടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്. തുടര്‍ന്നാണ് കേരളത്തില്‍ ലൈബ്രറി ശൃംഖല കേരളത്തില്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്.

7. പരിസ്ഥിതി: പാര്‍ക്കുകള്‍ പോര. ഹരിത നഗരങ്ങള്‍തന്നെ ഐടിക്കു വേണം. പിന്നെ ഇ-മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നയംവേണം. ഈ വികസനതന്ത്രം നടപ്പാക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം, വിവര സംഭരണ നയം, സ്വകാര്യതാ നിയമം, സൈബര്‍ സുരക്ഷ നിയമം തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. വേണ്ടുന്ന ഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയൊന്നും പരിപ്രേക്ഷ്യക്കാരെ അലട്ടുന്നില്ല. അതുകൊണ്ട് മോണിട്ടറിങ്ങിനുള്ള മാനദണ്ഡങ്ങളിലേക്ക് രേഖ നീങ്ങുന്നു. 15 മാനദണ്ഡങ്ങളുടെ ഒരു സമഗ്ര സൂചികയാണ് നിര്‍ദ്ദേശം. ഇത്രയൊക്കെയായാല്‍ കേരളം 2030ല്‍ എവിടെ എത്തും? 100% ഇ-സാക്ഷരത കൈവരിക്കും. 100% ഡിജിറ്റല്‍ ആകും. സമ്പദ്ഘടനയുടെ ഉല്‍പാദനക്ഷമതയെ ഐടി ഉയര്‍ത്തും. രാജ്യത്തെ ഐടിയുടെ 5 ശതമാനം കേരളത്തില്‍ നിന്നായിരിക്കും. ആഗോള മത്സരക്ഷമത നേടും. ത്രസിക്കുന്ന വിവര വിനിമയ മേഖലയുടെ സഹായത്തോടെ കേരളം നോര്‍ഡിക് രാജ്യങ്ങള്‍ക്കൊപ്പം വിജ്ഞാന സമൂഹമായി മാറും. രേഖയ്ക്ക് എന്തു കുറവുണ്ടെങ്കിലും ഭാവനാ സമ്പന്നം തന്നെ!

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക 14 മാര്‍ച്ച് 2014

No comments: