Sunday, March 16, 2014

കോണ്‍ഗ്രസ്സിനായി കൈമെയ് മറന്ന്

വാവച്ചന്‍ മുതലാളി നല്ലൊരു ബിസിനസ്സുകാരനാണ് - അതായത് നിക്ഷേപകന്‍. തുടക്കത്തില്‍ റബ്ബര്‍ കൃഷിയിലായിരുന്നു അദ്ദേഹം മൂലധനനിക്ഷേപം നടത്തിയത്. മകന്‍ പഠിച്ച് ഡോക്ടറായപ്പോള്‍, മകെന്‍റ ഉപദേശപ്രകാരം റബ്ബര്‍ കൃഷിയെക്കാള്‍ കൂടുതല്‍ ആദായകരമായ മെഡിക്കല്‍ കോളേജിനായി നിക്ഷേപം നടത്തി. മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ പുതിയൊരു കീറാമുട്ടി ഉയര്‍ന്നുവന്നു - മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കീറിമുറിച്ച് പഠിക്കാന്‍ ശവശരീരങ്ങള്‍ വേണം. മികച്ച സംരംഭകനായ വാവച്ചന്‍ മുതലാളി അതിനും ഒരു "ഫാക്ടറി" തുടങ്ങി - ച്ഛായ്, "ഫാക്ടറി"യല്ല, ഒരു സേവന വ്യവസായം. മുതലാളി തുടങ്ങിയതല്ല, ഒരു സേവനത്തെ ഏറ്റെടുത്ത് വ്യവസായമാക്കുകയാണുണ്ടായത്. സംഭവം ഇങ്ങനെ:

കന്യാസ്ത്രീ മഠത്തോടനുബന്ധിച്ച് നടത്തിയിരുന്ന "കരുണാലയം" എന്ന അനാഥ വൃദ്ധസദനത്തിന് ആവശ്യമായ ചെലവുകള്‍ക്ക് എല്ലാം വാവച്ചന്‍ മുതലാളി പണംമുടക്കും. (ഒരു മൂലധനനിക്ഷേപം തന്നെ) പകരം കരുണാലയത്തിലെ അന്തേവാസികള്‍ മരിച്ചു കഴിഞ്ഞാല്‍ മൃതശരീരം വാവച്ചന്‍സ് മെഡിക്കല്‍ കോളേജിന് നല്‍കണം; ആവശ്യത്തിന് മൃതശരീരം കിട്ടണമെങ്കില്‍ കരുണാലയത്തില്‍ അനാഥരായ വൃദ്ധരുടെ എണ്ണം കൂടണം. അതിന് നാട്ടില്‍ എവിടെനിന്നും അനാഥരെ കണ്ടെത്തി കരുണാലയത്തില്‍ എത്തിക്കുന്ന ദൗത്യവും വാവച്ചന്‍ മുതലാളി തന്നെ ഏറ്റെടുത്തു. അതിനുവേണ്ടിവന്നാല്‍ കൃഷ്ണനെയും കേശവനെയും ഔസേഫും മത്തായിയുമാക്കാനും മുതലാളിക്കു മടിയില്ല. വിശ്വാസത്തിലും ആചാരത്തിലുമൊന്നും മാറ്റം വേണമെന്നില്ല. പേരില്‍ മാത്രം മാറ്റം. ഇനി അത്യാവശ്യമായി മൃതശരീരം ആവശ്യമായി വരുമ്പോള്‍ അന്തേവാസികള്‍ ആരും മരിച്ചില്ലെങ്കിലോ, എന്തെങ്കിലും അസുഖംമൂലം ആശുപത്രിയില്‍ എത്തുന്ന അന്തേവാസികളില്‍ പറ്റുന്ന ഒരെണ്ണത്തിനെ ശരിപ്പെടുത്താനുള്ള ദൗത്യം - കാലന്റെ ജോലി - ഡോക്ടറായ പുത്രന്‍ ഏറ്റെടുക്കും. വൈശാഖ് സംവിധാനം ചെയ്ത "വിശുദ്ധന്‍" എന്ന സിനിമയുടെ കഥാ പശ്ചാത്തലമാണിത്.

സിനിമാക്കഥ പൂര്‍ണമായി അവതരിപ്പിക്കുന്നത് ഈ പംക്തിയുടെ ലക്ഷ്യമല്ലാത്തതിനാല്‍, സിനിമയുടെ അന്ത്യരംഗത്തെക്കുറിച്ചുകൂടി വിവരിച്ച് നമ്മുടെ വിഷയത്തിലേക്ക് കടക്കാം. ഇത്തരം സിനിമകളിലെ സ്വാഭാവിക പരിണതി തന്നെയാണ് ഇതിലും ഉണ്ടായത്. ക്രൂരതയുടെ പര്യായമായ വാവച്ചന്‍ മുതലാളിയുടെ മകന്‍ ഡോക്ടറെ സിനിമയിലെ നായകനായ സണ്ണിച്ചന്‍ (കുഞ്ചാക്കോ ബോബന്‍) വെട്ടിക്കൊന്ന് കല്ലുകൊണ്ടിടിച്ച് ആളറിയാത്തവിധം മുഖം വികൃതമാക്കി മുതലാളിയുടെ ഗേറ്റിനുമുന്നില്‍ ഉപേക്ഷിച്ചു. ഗേറ്റിനടുത്ത് "അജ്ഞാത" മൃതശരീരം കണ്ട സെക്യൂരിറ്റി ഗാര്‍ഡ് വാവച്ചന്‍ മുതലാളിയോട് വിവരം പൊലീസില്‍ അറിയിക്കട്ടോ എന്നന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി, അതെടുത്ത് ഇരുചെവിയറിയാതെ പിള്ളേര്‍ക്ക് പഠിക്കാനായി മാറ്റാനാണ്. മൂലധനത്തിന്റെ സഹജമായ ലാഭക്കൊതിയാണ് ആരുടെ മൃതശരീരമാണെന്നുപോലും നോക്കാതെ പഠനോപകരണമാക്കി മാറ്റാന്‍ അയാളെക്കൊണ്ട് പറയിക്കുന്നത്. ഇതുപറയുമ്പോള്‍ സണ്ണിച്ചെന്‍റ രൂപത്തില്‍ മരണം അയാളെയും തേടി എത്തിക്കഴിഞ്ഞിരുന്നു.

മാര്‍ക്സ് "മൂലധന"ത്തിന്റെ ഒന്നാം വാള്യത്തില്‍ ഉദ്ധരിച്ചുചേര്‍ത്ത എ ജെ ഡണ്ണിങ്ങിന്റെ പ്രസിദ്ധമായ വരിയുണ്ടല്ലോ, ""മൂലധനം അതിന്റെ ഉടമയെതന്നെ കൊന്ന് കെട്ടിത്തൂക്കും"" എന്നത്, അത് അന്വര്‍ഥമാക്കുകയാണ് അറിയാതെയാണെങ്കിലും സിനിമാ സംവിധായകനും തിരക്കഥാകൃത്തും. ആഗോളവല്‍കരണത്തിന്റെ ഈ കാലത്ത് ഭരണവര്‍ഗരാഷ്ട്രീയം തന്നെ ഒരു മെഗാബിസിനസ്സായി മാറിയിരിക്കുമ്പോള്‍ മൃതശരീരങ്ങള്‍ക്കും വിപണിമൂല്യം വര്‍ധിക്കുന്നു. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചൂണ്ടിക്കാണിക്കുന്നതുപോലെ, മരണവും കൊലപാതകവുമെല്ലാം രണ്ടുതരമുണ്ട്, അവരുടേതും നമ്മുടേതും. അതക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്നതാണ് സമകാലിക കേരളീയ മാധ്യമ പരിസരം.

ആഘോഷമായൊരു ശവഘോഷയാത്ര

ഒഞ്ചിയത്തെ ആറെംപിയുടെ നേതാവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമാകാറായി. കേസന്വേഷണം പൂര്‍ത്തിയായി വിചാരണയും കഴിഞ്ഞ്, വിചാരണക്കോടതി വിധി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. സ്വാഭാവികമായും നിയമപ്രക്രിയയുടെ തുടര്‍ നടപടികളുമായി മേല്‍കോടതിയില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം പോകാവുന്നതുമാണ്. നിയമവാഴ്ചയെ അംഗീകരിക്കുന്നവര്‍ അതാണ് ചെയ്യേണ്ടത്. ആദ്യ അന്വേഷണത്തില്‍ കണ്ടെത്താത്ത പുതിയ മറ്റെന്തെങ്കിലും തെളിവ് ലഭിച്ചാല്‍ മാത്രമേ, പുനരന്വേഷണത്തിനോ മറ്റെന്തെങ്കിലും അന്വേഷണത്തിനോ സാധ്യതയുള്ളൂ; നിയമപരമായ സാധുതയുള്ളൂ. എന്നാല്‍ അതൊന്നും പരിഗണിക്കാതെ തന്നെ പുതിയൊരു അന്വേഷണാവശ്യം ഉയര്‍ത്തപ്പെടുകയും അതംഗീകരിക്കപ്പെടുകയും ചെയ്തു. അതില്‍നിന്നു തന്നെ വ്യക്തമായിരുന്നു, ചന്ദ്രശേഖരെന്‍റ ആള്‍ക്കാര്‍ക്കും സര്‍ക്കാരിനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തലോ ശിക്ഷിക്കലോ അല്ല ലക്ഷ്യം. മറിച്ച്, സിപിഐ എം വിരുദ്ധ രാഷ്ട്രീയ പ്രചരണ വിഷയമായി നിലനിര്‍ത്തലാണ് ലക്ഷ്യം. അതാണ് ഇപ്പോഴും വാര്‍ത്തകളിലും ചര്‍ച്ചകളിലും എഡിറ്റ്പേജ് ലേഖനങ്ങളിലുമെല്ലാമായി മുഖ്യധാരാ മാധ്യമങ്ങള്‍ ശവഘോഷയാത്ര നടത്തുന്നത്.

ഈ പരമ്പരയില്‍ ഒടുവില്‍ കണ്ട ഒരിനമാണ് വള്ളിക്കുന്ന് അപ്പുക്കുട്ടെന്‍റ ഫെബ്രുവരി 28ലെ "മാതൃഭൂമി" ലേഖനം. ഉദ്ദിഷ്ട കാര്യം നടക്കാതാവുമ്പോള്‍ സമനില തെറ്റുന്നവെന്‍റ പിച്ചും പേയും പറച്ചില്‍പോലെ പരസ്പര ബന്ധമില്ലാതെയുള്ള ഒരു പുലമ്പല്‍ മാത്രമാണ് വള്ളിക്കുന്നന്‍ നടത്തുന്നത് - കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച വലതുപക്ഷ എഴുത്തുകാരുടെ ഒരു സ്ഥിരം ശൈലി. സിപിഐ എമ്മിനെ പുലഭ്യം പറയാന്‍ വള്ളിക്കുന്നന്‍മാര്‍ക്ക് യുക്തിക്കു നിരക്കുന്ന എന്തെങ്കിലും കാര്യം വേണമെന്നില്ലല്ലോ. നോക്കൂ, അപ്പുക്കുട്ടെന്‍റ ഒരു വാദം - ""കോടതിവിധി വന്നതിന്റെ നാലാംദിവസം ആരംഭിച്ച കേരള രക്ഷാ മാര്‍ച്ചിന്റെ സമാപനത്തില്‍ പങ്കെടുക്കുന്ന ജനറല്‍ സെക്രട്ടറി ടി പി വധത്തെക്കുറിച്ച് എന്തു പറയുമെന്നാണ് കേരളം യഥാര്‍ഥത്തില്‍ കാതോര്‍ത്തത്"". കേരളം എന്നാല്‍ തന്റെ ചവുട്ടടിയിലെ ഒരു പിടി മണ്ണാണെന്നു അപ്പുക്കുട്ടന്‍ ധരിച്ചുവശായപോലുണ്ട്. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ മറ്റൊരു വിഷയവുമില്ലെന്ന് ഈ വലതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന് പറയാനാവില്ലല്ലോ! കേരളത്തിലെ, ഇന്ത്യയിലെയും ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍ - വിലക്കയറ്റം, അഴിമതി, വര്‍ഗീയത, ക്രമസമാധാനത്തകര്‍ച്ച, വികസനപ്രശ്നങ്ങള്‍, ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെടുന്നത് എന്നിങ്ങനെ നൂറുനൂറു കാര്യങ്ങള്‍ - കണ്ടില്ലെന്നു നടിച്ച് ചന്ദ്രശേഖരനില്‍ എല്ലാം ഒതുക്കണമെന്ന വലതുപക്ഷ രാഷ്ട്രീയക്കാരെന്‍റ കുരുട്ടുബുദ്ധിയാണ് അപ്പുക്കുട്ടന്‍ പ്രതിഫലിപ്പിക്കുന്നത്.

കേരള രക്ഷാ മാര്‍ച്ചിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ സ്വീകരണ കേന്ദ്രത്തിലും ഒഴുകിയെത്തിയ പുരുഷാരത്തെക്കണ്ട് വള്ളിക്കുന്നുകാരെന്‍റ സമനില തന്നെ തെറ്റിയെന്നാണ് തോന്നുന്നത്. കേരളവും ഇന്ത്യയും ഈ കാലത്ത് സിപിഐ എമ്മില്‍നിന്ന് കേള്‍ക്കാന്‍ കാതോര്‍ക്കുന്ന രാഷ്ട്രീയ ദൗത്യത്തെക്കുറിച്ചു തന്നെയാണ്, കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചു തന്നെയാണ് കോഴിക്കോട്ടെ യോഗത്തില്‍ പ്രകാശ് കാരാട്ട് അവിടെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പ്രസ്താവിച്ചത്. ""വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവാ""യിരുന്നത്രെ ചന്ദ്രശേഖരന്‍. വളര്‍ച്ച പടവലങ്ങ പോലായിരുന്നെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയാകുമായിരുന്നു. പഴയൊരു പത്രപ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ സമചിത്തതയോടെ ഒന്നു പിന്തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശമെന്ന പേരില്‍ പോലും ഇത്തരമൊരു വാദം നിരത്തില്ലായിരുന്നു. 2009ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍നിന്ന് 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെത്തുമ്പോള്‍, അതുകഴിഞ്ഞ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോള്‍ അപ്പുക്കുട്ടന്‍ പറയുന്ന "വളര്‍ന്നുവരുന്ന" പാര്‍ടിയുടെ "വളര്‍ച്ച"യുടെ ഗതി എങ്ങോട്ടായിരുന്നു എന്നൊന്ന് പരിശോധിക്കാന്‍ അപ്പുക്കുട്ടന്മാര്‍ എന്തേ തയ്യാറാകുന്നില്ല? ആറെംപിയുടെയും ചന്ദ്രശേഖരെന്‍റയും "വളര്‍ച്ച" കണ്ട് അസൂയാലുക്കളായി സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന വാദമുയര്‍ത്തുമ്പോള്‍ ഇത്തരമൊരു പരിശോധനയാണല്ലോ വസ്തുനിഷ്ഠതയില്‍ തല്‍പരരായവര്‍ നടത്തേണ്ടത്? ഇവിടെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷത്തുനിന്ന് അച്ചാരം വാങ്ങിയ അപ്പുക്കുട്ടനും കൂട്ടരും സത്യത്തെ കുഴിച്ചുമൂടുകയാണ്. ""സിപിഎം നേതാക്കള്‍ നടത്തിയ വധഗൂഢാലോചന തെളിഞ്ഞു"" എന്നാണ് അപ്പുക്കുട്ടന്‍ തറപ്പിച്ചു പറയുന്നത്. ഒരു നിമിഷം കണ്ണടച്ചാല്‍ ആചന്ദ്രതാരം ഇരുട്ടാകുമായിരുന്നെങ്കില്‍ അപ്പുക്കുട്ടന്‍മാര്‍ക്ക് ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കാമായിരുന്നു.

ആറെംപിക്കാരും അവരുടെ ഗോഡ്ഫാദര്‍ ചമയുന്ന, അവരും തോളിലേറ്റുന്ന മുല്ലപ്പള്ളിക്കാരന്‍ കേന്ദ്രമന്ത്രിയും കൊടുത്ത പട്ടിക വച്ച് തിരുവഞ്ചൂര്‍ പൊലീസ് പ്രതിചേര്‍ത്ത സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും അവര്‍ക്കെതിരെ തെളിവുകളുടെ കണികപോലും കണ്ടെത്താനാകാതെ കോടതി വിട്ടയച്ച കാര്യം മാനസിക വിഭ്രാന്തിയില്‍പെട്ട അപ്പുക്കുട്ടന്മാര്‍ക്ക് കാണാനാവില്ല. സിപിഐ എം ഗൂഢാലോചനയ്ക്ക് തെളിവായി "മനോരമ"ക്കാരെന്‍റ കഥ - ""കൊലയാളി സംഘത്തിന്റെ നേതാവ് അന്ന് വേദിക്കു ചുറ്റും (സിപിഐ എം 20-ാം കോണ്‍ഗ്രസിന്റെ സമാപന റാലി നടന്ന വേദിക്കുചുറ്റും - ഗൗരി) കറങ്ങിയതിന്റെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്"" എന്ന് അപ്പുക്കുട്ടന്‍ - കെട്ടിയെഴുന്നള്ളിക്കുന്ന അപ്പുക്കുട്ടന്‍ സ്വന്തം അധഃപതനമാണ് പ്രകടിപ്പിക്കുന്നത്. "സിപിഐ എമ്മിെന്‍റ പ്രവര്‍ത്തകര്‍" ശിക്ഷിക്കപ്പെട്ടാല്‍ അത് സിപിഐ എം ഗൂഢാലോചനയാകുന്നതെങ്ങനെയാണൈന്‍റ അപ്പുക്കുട്ടാ? മാത്രമോ? സിപിഐ എം സംഘടനാതലത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണം പോലും!

കേസിപ്പോഴും മേല്‍ക്കോടതിയില്‍ അപ്പീലിലാണല്ലോ. പോരെങ്കില്‍ സേതുരാമയ്യര്‍ സിബിഐയുടെ അന്വേഷണവും വരുന്നുണ്ടല്ലോ. പിന്നെന്തിനിത്ര പെടയ്ക്കുന്നു അപ്പുക്കുട്ടന്മാര്‍? അവിഭക്ത പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി കണ്ണൂരിലെത്തി കയ്യൂര്‍ കേസ് പ്രതികളെ കണ്ടതിനെക്കുറിച്ച് സന്ദര്‍ഭവുമായി ഒരു ബന്ധവുമില്ലാത്തവിധം ഓര്‍ക്കുന്ന അപ്പുക്കുട്ടന്‍, ചന്ദ്രശേഖരനെ അബൂബക്കറുമായി തുലനം ചെയ്യാന്‍ നടത്തുന്ന ശ്രമം പരിഹാസ്യം മാത്രമാണ്. "അങ്കമാലി കല്ലറയിലും തെക്കുതെക്കൊരു ദേശത്തെ തിരമാലകളുടെ തീരത്തും" രക്തസാക്ഷികള്‍ അന്ത്യവിശ്രമംകൊള്ളുന്നതായി കമ്യൂണിസ്റ്റുകാര്‍ക്ക് കാണാനാവില്ലല്ലോ. "പി സി ജോഷിയെപ്പോലെ വേദനിക്കാനും കണ്ണീര്‍ ചോര പൊടിയാനും" പ്രകാശ് കാരാട്ടിന് ഒഞ്ചിയത്തേക്കോടേണ്ടതില്ല. ഇടുക്കിയിലെ അനീഷ്രാജെന്‍റയും കാസര്‍ഗോട്ടെ ബാലകൃഷ്ണെന്‍റയും ചാവക്കാട്ടെ വല്‍സലന്റെയും കരുനാഗപ്പള്ളിയിലെ അജയപ്രസാദിെന്‍റയും ഉള്‍പ്പെടെ പല തലമുറകളിലെ ഒരുപാട് ധീരരക്തസാക്ഷികളുടെ ബലികുടീരങ്ങളും അവരുടെയെല്ലാം കുടുംബങ്ങളുമുണ്ട്. ചന്ദ്രശേഖരനെ ആദര്‍ശവല്‍കരിച്ച്, ധീരനായ കമ്യൂണിസ്റ്റും രക്തസാക്ഷിയുമാക്കി, ഒരു കള്‍ട്ട്ഫിഗറായികൊണ്ടു നടന്ന് സിപിഐ എമ്മിനെ, ലക്ഷോപലക്ഷം അധ്വാനിക്കുന്നവരുടെ ആശയും ആവേശവുമായ മഹാപ്രസ്ഥാനത്തെ തകര്‍ക്കാനാണ് അപ്പുക്കുട്ടന്മാര്‍ അച്ചാരം വാങ്ങിച്ചതെങ്കില്‍, അവരുടെ ആ മോഹം പൂവണിയാന്‍ പോകുന്നില്ലെന്ന് കാണുമ്പോഴുള്ള അങ്കലാപ്പാണ് "മാതൃഭൂമി"യിലൂടെ അപ്പുക്കുട്ടന്‍ പ്രകടിപ്പിക്കുന്നത്.

കൈയും മെയ്യും മറന്ന് മുഖ്യധാരക്കാര്‍

മാര്‍ച്ച് ഒന്നിന്റെ "മനോരമ" ഒന്നാം പേജില്‍ ""കൈ നിറയെ"" എന്ന 8 കോളം റിപ്പോര്‍ട്ടുമായാണ് പുറത്തിറങ്ങിയത്. ""ജനപ്രിയ തീരുമാനങ്ങളുമായി കേന്ദ്ര മന്ത്രിസഭ"" എന്ന തൊപ്പിയും ""കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 100% ഡിഎ, കുറഞ്ഞ ഇപിഎഫ് പെന്‍ഷന്‍ 1000 രൂപ. മാസം ഒന്നിലേറെ പാചകവാതക സിലിണ്ടര്‍"" എന്നിങ്ങനെ ഹൈലൈറ്റുകളും നല്‍കിയിരിക്കുന്നു "മനോരമ". 90 ശതമാനം ക്ഷാമബത്ത ലഭിച്ചിരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം കൂടി അനുവദിക്കേണ്ടി വന്നത് കഴിഞ്ഞ ആറുമാസത്തിനകം വില വര്‍ധനവ്മൂലം 10 ശതമാനത്തിലധികം ജീവിതച്ചെലവില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തിലാണ്. ജനങ്ങള്‍ക്കാകെ കടുത്ത ജീവിതഭാരം സൃഷ്ടിച്ച നയങ്ങള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരാണ് വിലവര്‍ധനവിന് ഉത്തരവാദിയെന്നിരിക്കെ ക്ഷാമബത്ത നല്‍കിയത് മഹാകാര്യമായി അവതരിപ്പിക്കാന്‍ "മനോരമ"യ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും?

ഇപിഎഫ് പെന്‍ഷന്‍ 1000 രൂപയാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്നതും നിരവധി ദേശീയ പണിമുടക്കുകളിലെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നുമായിരുന്നു. 2013 ഫെബ്രുവരിയിലെ ദ്വിദിന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇതനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചതുമാണ്. ഇത്രയും കാലം അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്നാള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ശുദ്ധ തട്ടിപ്പും സ്റ്റണ്ടുമാണെന്ന് ആര്‍ക്കാണറിയാത്തത്? ഈ തീരുമാനം നടപ്പാക്കാന്‍ യുപിഎ ഉണ്ടാവില്ലെന്നതും ഉറപ്പ്.

ഇനി സിലിണ്ടണ്ടറിന്റെ കാര്യം. ബുക്കു ചെയ്താല്‍ മൂന്നാഴ്ചവരെ, ചിലപ്പോള്‍ ഒരു മാസം വരെയും, കാത്തിരുന്നാല്‍ മാത്രമേ പാചകവാതകം ലഭിക്കൂ എന്നിരിക്കെ മാസമല്ല, ദിവസവും ഒന്നിലേറെ സിലിണ്ടര്‍ എന്നു തീരുമാനിച്ചാലും ഒന്നും സംഭവിക്കില്ല. വെറും ഏട്ടിലെ പശു. മാത്രമല്ല, പാചകവാതക സിലിണ്ടറിന് നിയന്ത്രണം കൊണ്ടുവന്നതും ഇതേ സര്‍ക്കാരാണല്ലോ. ഇതേ പേജില്‍ തന്നെ താഴെയറ്റത്ത് നല്‍കിയിട്ടുള്ള ഒറ്റക്കോളം വാര്‍ത്ത സര്‍ക്കാരിന്റെ നയം പ്രതിഫലിപ്പിക്കുന്നുമുണ്ട്. അതിങ്ങനെ: ""പെട്രോളിന് 75, ഡീസലിന് 61 പൈസ വര്‍ധിപ്പിച്ചു"".

"മാതൃഭൂമി"യാകട്ടെ, മുട്ടനാടിനെപ്പോലെ നാക്കും നുണഞ്ഞ് സിപിഐ എമ്മിനു പിന്നാലെ കൊതിയോടെ പായുന്നതിനിടയിലും ഒന്നാം പേജില്‍ തന്നെ ""പാചകവാതകം: ആധാര്‍ ഇല്ലാത്തവര്‍ക്കും സബ്സിഡി തുടരും"" എന്ന ശീര്‍ഷകത്തില്‍ മന്ത്രിസഭാ തീരുമാനം റിപ്പോര്‍ട്ടു ചെയ്യുന്നു. എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വാക്കാല്‍ നിര്‍ദേശം നല്‍കിയതായും രേഖാമൂലം യാതൊരു സന്ദേശവും വെള്ളിയാഴ്ച (ഫെബ്രുവരി 28) വൈകിട്ടുവരെ കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പത്രം വായനക്കാരെ തെര്യപ്പെടുത്തുന്നു. ആധാര്‍ നിര്‍ബന്ധമാക്കുമെന്ന ചിദംബരത്തിന്റെ ബജറ്റ് പ്രസംഗത്തിലെ വാക്കുകളും എല്ലാ സബ്സിഡികള്‍ക്കും ആധാര്‍ ആധാരമാക്കുമെന്ന നന്ദന്‍ നിലേക്കനിയുടെ പ്രസ്താവനയും "മാതൃഭൂമി" മറന്നുപോയോ ആവോ? മാത്രമോ? പാര്‍ലമെന്‍റില്‍ മന്ത്രിയുടെ പ്രസ്താവന പോലും നടപ്പാക്കാത്ത എണ്ണക്കമ്പനികള്‍ വാക്കാല്‍ സന്ദേശം നടപ്പാക്കുമെന്ന് കരുതാന്‍ പമ്പര വിഡ്ഢികള്‍ക്കേ കഴിയൂ. തിരഞ്ഞെടുപ്പ് സ്റ്റണ്ടു തന്നെ "മാതൃഭൂമി" നടത്തുന്നത്. ഉടമയ്ക്ക് ഒരു സീറ്റൊപ്പിക്കാന്‍ വിഡ്ഢിവേഷം കെട്ടുക തന്നെ!

വ്യക്തിപൂജ! ""ഫ്ളെക്സിലൂടെ വ്യക്തിപൂജ.

സിപിഎമ്മിനെതിരെ സിപിഐയുടെ രൂക്ഷ വിമര്‍ശനം"" - ഒന്നാം തീയതിയിലെ "മനോരമ"യുടെ 11-ാം പേജിലെ സ്റ്റോറിയുടെ ശീര്‍ഷകമാണിത്. സിപിഐയുടെ മാസികയായ "നവയുഗ"ത്തില്‍ ""ബ്രാഞ്ച് സെക്രട്ടറി""മാര്‍ക്കുള്ള കത്ത് എന്ന പംക്തിയില്‍ പന്ന്യന്‍ സിപിഐ എമ്മിനെ പൊരിച്ചു കിടത്തിയിരിക്കുന്നു എന്നാണ് റബ്ബറ് പത്രത്തിന്റെ കണ്ടെത്തല്‍. പക്ഷേ, "നവയുഗം" ലേഖനത്തിലെവിടെയും സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. അത് "മനോരമ"യും സമ്മതിക്കുന്നു. മാത്രമോ? എന്താണ് വിഷയമെന്ന് "മനോരമ" പറയുന്നത് നോക്കൂ - ""സിപിഐയുടെ കോട്ടയം ജില്ലാ ജാഥയ്ക്കായി ചെന്നപ്പോള്‍ തന്റെ ചിത്രം അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ടു എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്"" ജില്ലാ ജാഥയുടെ ബോര്‍ഡില്‍ സംസ്ഥാന സെക്രട്ടറിയുടെ പടംവെച്ച് പ്രചരണം നടത്തുന്നതാണ് ""വ്യക്തിപൂജ"". ജാഥ നയിക്കുന്നയാളിെന്‍റ പടം ബോര്‍ഡില്‍ കാണുന്നത് വ്യക്തിപൂജയാകില്ലെന്ന് അറിയാത്തയാളുമല്ല പന്ന്യന്‍.

കമ്യൂണിസ്റ്റ് വിരോധം മുറ്റിയ "മനോരമ" വിഷം ചീറ്റാന്‍ എന്തെല്ലാം പ്രയോഗിക്കും. തിരഞ്ഞെടുപ്പടുക്കുംതോറും ഇനി എന്തെല്ലാം കാണാനിരിക്കുന്നു? വെറും കൂതറയാണ് തങ്ങളെന്ന് കോട്ടയം പത്രം ആവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞത്, ""മാധ്യമങ്ങള്‍ ഉയര്‍ന്ന ധാര്‍മിക മൂല്യം പുലര്‍ത്തണം"" എന്നത്രെ! "മനോരമ"യിലും "മാതൃഭൂമി"യുടെ ആ പ്രസ്താവന ശ്രദ്ധിക്കുംവിധം കൊടുത്തു കണ്ടില്ല. ധാര്‍മമൂല്യങ്ങള്‍ക്കും സത്യസന്ധതയ്ക്കും വില കല്‍പിക്കാത്ത ഈ വലതുപക്ഷ വാറോലകള്‍ എങ്ങനെ ഈ വാര്‍ത്ത നല്‍കും?

വാല്‍ക്കഷ്ണം

""കോണ്‍ഗ്രസ് ലയനമില്ലെന്ന് ടി ആര്‍ എസ്; ബീഹാറില്‍ ലാലു അയഞ്ഞു; തെലങ്കാനയില്‍ സഖ്യ തീരുമാനവുമായില്ല"" - "മനോരമ" (മാര്‍ച്ച് 3 പേജ് 13) വല്ലതും രണ്ട് സീറ്റു തരണേ എന്ന് ലാലുവിനും ടിആര്‍എസിനും പുറകെ കേണു നടക്കുകയാണ് നാടു ഭരിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന രാഹുല്‍ കോണ്‍ഗ്രസ്! ഗതികെട്ടാല്‍ പുലി പുല്ലു മാത്രമല്ല, മണ്ണും തിന്നും!

*
ഗൗരി, ചിന്ത വാരിക 14 മാര്‍ച്ച് 2014

No comments: