Saturday, March 15, 2014

അടിത്തറയും സുധീരനും

ഇടതുമുന്നണിയുടെ അടിത്തറ ഇളകിയെന്നാണ് പുതുതായി ഡല്‍ഹിയില്‍നിന്ന് ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഗവേഷണം നടത്തി കണ്ടെത്തിയത്. സ്വയം വരുത്തിയ വിനകളാലാണ് അത് സംഭവിച്ചതെന്നും സുധീരന് വെളിപാടുണ്ടായി. അതുകൊണ്ട് സുധീരന്‍ ഉദ്ദേശിച്ചത് യുഡിഎഫിന്റെ അടിത്തറ ശക്തമായി എന്നായിരിക്കുമല്ലോ. രണ്ട് ആര്‍എസ്പി എംഎല്‍എമാരെ അടര്‍ത്തിയെടുത്തതിലൂടെയാകും അടിത്തറ ശക്തിപ്പെട്ടത്! സുധീരന്റെ പ്രസ്താവന അച്ചടിച്ചിറക്കിയ അതേ മാതൃഭൂമിയില്‍ കോണ്‍ഗ്രസ് മേധാവിത്വം യുഡിഎഫിന് ദോഷം എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞതായ വാര്‍ത്തയുമുണ്ട്. മാത്രമല്ല, ജെഎസ്എസിന്റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞ വാര്‍ത്തയുമുണ്ട്. പോരാ, മറ്റൊരു വാര്‍ത്തകൂടിയുണ്ട്- ഇതേവരെ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ബാബു ദിവാകരന്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കൊല്ലത്തുനടന്ന ലയനസമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയവരാണ് ഇപ്പോള്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ മത്സരിക്കുകയാണ്. കോണ്‍ഗ്രസുകാരനായിരുന്ന വി അബ്ദുള്‍റഹ്മാന്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലയിലും നിരവധി വ്യക്തികളും കുടുംബങ്ങളും ഗ്രൂപ്പുകളും യുഡിഎഫ് വിട്ട് എല്‍ഡിഎഫിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ഇതൊക്കെയാണ് എല്‍ഡിഎഫിന്റെ അടിത്തറ ഇളകിയതിനും യുഡിഎഫിന്റെ അടിത്തറ ശക്തമായതിനും കാരണമായതെങ്കില്‍ സുധീരന്റെ തിരിച്ചറിവിന്റെ നിലവാരം വല്ലാതെ ഇടിഞ്ഞുപോയി എന്നുമാത്രമേ പറയാനുള്ളൂ.

2009ലെ തെരഞ്ഞെടുപ്പില്‍ ഐക്യപുരോഗമനസഖ്യത്തിന്റെ പ്രധാന കണ്ണിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ഈ പാര്‍ടി യുപിഎ സഖ്യത്തില്‍നിന്ന് പുറത്തായി. തമിഴ്നാട്ടിലെ ഡിഎംകെയും കോണ്‍ഗ്രസ് മുന്നണിയില്‍നിന്ന് പുറത്തുകടന്നു. യുപിഎക്ക് പിന്തുണ നല്‍കിപ്പോന്ന പാര്‍ടിയാണ് മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ടി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്വാദി പാര്‍ടി ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമല്ല. ഈ പട്ടിക ഇനിയും നീട്ടുന്നില്ല. ഡല്‍ഹിയില്‍ 15 വര്‍ഷമായി അധികാരത്തിലുണ്ടായിരുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഷീല ദീക്ഷിത്തും. അവിടെ 70ല്‍ 8 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഒടുവില്‍ ലഭിച്ചത്. അടിത്തറയുടെ ശക്തികൊണ്ടാണോ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റത്? രാജസ്ഥാനിലെ ഭരണകക്ഷിയായിരുന്നു കോണ്‍ഗ്രസ്. അവിടെയും അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധീരന്റെ പാര്‍ടി ദയനീയമായി പരാജയപ്പെട്ടു. അടിത്തറ ശക്തമായതുകൊണ്ടാണോ എല്ലായിടത്തും കോണ്‍ഗ്രസിന് തോല്‍വി സംഭവിച്ചത്?

ഇടതുമുന്നണിയുടെ അടിത്തറ ഇളകിയെന്ന് പറയുന്ന സുധീരന്‍ തന്റെ പാര്‍ടി ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സമ്മതിദായകരില്‍നിന്ന് മൂടിവയ്ക്കാമെന്ന് കരുതിയായിരിക്കും ഇത് പറഞ്ഞത്. സീറ്റ് വിഭജന പ്രശ്നം രമ്യമായി പരിഹരിച്ചെന്നാണോ സുധീരന്‍ അവകാശപ്പെടുന്നത്. കൊല്ലത്ത് പീതാംബരക്കുറുപ്പിന്റെ സിറ്റിങ് സീറ്റ് പ്രേമചന്ദ്രന് വിട്ടുകൊടുത്താണ് കാലുമാറ്റിച്ചത്. ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ ഈ തീരുമാനത്തിനെതിരാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പി സി ചാക്കോയുടെ പിണക്കം തീര്‍ക്കാനാണ് ധനപാലനെ പറിച്ചുനട്ടത്. കോണ്‍ഗ്രസിന്റെ ഉറച്ച സഖ്യകക്ഷിയായ മുസ്ലിംലീഗിന്റെ ഗതിയെന്താണ്? ലീഗിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഗതികേട് ആ പാര്‍ടിക്ക് വന്നുപെട്ടിട്ടില്ല. സീറ്റ് നിഷേധിച്ച് തന്നെ അപമാനിക്കരുത് എന്നാണ് കേന്ദ്രമന്ത്രി ഇ അഹമ്മദ് പരസ്യമായി വിലപിച്ചത്. ഗതികേടെന്നല്ലാതെ മറ്റെന്ത് പറയാന്‍. മലപ്പുറം സീറ്റില്‍ അഹമ്മദ് വീണ്ടും മത്സരിക്കുന്നതിലുള്ള അണികളുടെ പ്രതിഷേധം ഒതുക്കിനിര്‍ത്താന്‍ കഴിയാതെവന്നു. വി എം സുധീരന്‍ നയിക്കുന്ന യുഡിഎഫിന്റെ അടിത്തറ ജീര്‍ണിച്ചതും ദുര്‍ബലവുമാണെന്ന് സമ്മതിദായകരൊക്കെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന്റെ അടിത്തറയുടെ ശക്തിയും യുഡിഎഫിന്റെ അടിത്തറയുടെ ജീര്‍ണതയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ലെന്നും സുധീരനെ ഓര്‍മിപ്പിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: