Monday, March 17, 2014

പാവപ്പെട്ട കര്‍ഷകരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്

കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നടന്നുവരുന്ന സമരത്തിന്റെ തീ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അണയാതെ നില്‍ക്കുകയാണ്. യുഡിഎഫിലെ കക്ഷികള്‍ തമ്മിലും ആ കക്ഷികള്‍ക്കുള്ളിലും ജനലക്ഷങ്ങളെ വഴിയാധാരമാക്കുന്ന ആ പ്രശ്നം അമര്‍ന്നും പകര്‍ന്നും കത്തുകയാണ്. ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍ണ്ടറിന്റെ ആവശ്യപ്രകാരം കേന്ദ്ര പരിസ്ഥിതി വകുപ്പ് അംഗീകരിച്ച് പത്രക്കുറിപ്പും ഓഫീസ് മെമ്മോറാണ്ടവും ഇറക്കി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സഭയിലെ തീവ്രവാദികളാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. ഈ സംഭവവികാസം കോണ്‍ഗ്രസിന്റെയും യുഡിഎഫിെന്‍റയും തിരഞ്ഞെടുപ്പ് മോഹങ്ങളെ തകര്‍ക്കും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പൊതുവിലുള്ളത്.

പശ്ചിമഘട്ട മേഖലയിലായാലും മറ്റെവിടെയായാലും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍. വനസംരക്ഷണവും ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍, വന്‍കിട കോര്‍പറേറ്റുകള്‍ക്കായി ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി നശിപ്പിക്കുന്നതിനു പച്ചക്കൊടി കാണിക്കാന്‍ യുപിഎ സര്‍ക്കാരിനു ഒരു മടിയും ഒരിക്കലും ഉണ്ടായിട്ടില്ല. ജയറാം രമേശും ജയന്തി നടരാജനും പരിസ്ഥിതി മന്ത്രിമാരായിരിക്കെ പരിസ്ഥിതി അനുമതി നല്‍കാതെ തടഞ്ഞുവെച്ച ദക്ഷിണകൊറിയന്‍ പോസ്കൊ കമ്പനിയുടെ ഒഡീഷയിലെ പുതിയ ഫാക്ടറിക്ക് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടിത്തെളിയിക്കാന്‍ ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി പച്ചക്കൊടി കാട്ടി. അങ്ങനെ പലേടങ്ങളിലുമുണ്ടായി. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ ദശാബ്ദങ്ങളായി കൃഷി ചെയ്തു പാര്‍ത്തുവരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ കൃഷിക്കാരുടെ കഞ്ഞികുടി തടയുന്ന രീതിയിലാണ്, അവരുടെ കിടപ്പാടങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ കമ്മിറ്റി വര്‍ഗീകരിച്ചതിനെ അംഗീകരിക്കുന്നത്.

കേരള സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി പഞ്ചായത്ത് സമിതികളുടെ സഹായത്തോടെ 123 പരിസ്ഥിതി ലോല വില്ലേജുകളില്‍ ചൂണ്ടിക്കാട്ടിയ പാര്‍പ്പിട - കൃഷിയിട - തോട്ട പ്രദേശങ്ങളെ ഒഴിവാക്കിയതായി കേന്ദ്ര പരിസ്ഥിതി - വനം വകുപ്പ് ഓഫീസ് മെമ്മോറാണ്ടവും പത്രക്കുറിപ്പും ഇറക്കി. പക്ഷേ, കഴിഞ്ഞ നവംബര്‍ 13ന് ഇവയാകെ പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാട്ടി ആ വകുപ്പ് ഇറക്കിയ ഉത്തരവ് തിരുത്താത്തപക്ഷം ഈ ഓഫീസ് മെമ്മോറാണ്ടത്തിനും പത്രക്കുറിപ്പിനും ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയുടെ ഹരിത ട്രിബ്യൂണല്‍ ഒരു വിലയും കല്‍പിക്കില്ല. അതുകൊണ്ടാണ് ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് എമ്മും ക്രിസ്തീയ സഭകളും ഒക്കെ ഉടന്‍ നവംബര്‍ 13െന്‍റ ഉത്തരവ് തിരുത്തുന്ന പുതിയ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇതിന്റെ അനിവാര്യത ഈ പ്രശ്നം കൈകാര്യം ചെയ്യുന്ന മിക്കവരും അംഗീകരിക്കുന്നു. എന്നാല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കുന്ന കാര്യത്തില്‍ മടി കാണിക്കുന്നു. അങ്ങനെ വന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര മന്ത്രിമാരായ എ കെ ആന്‍റണിയും വീരപ്പമൊയ്ലിയും മറ്റും നല്‍കുന്ന ആശ്വാസവചനങ്ങളും ഉറപ്പും ജലരേഖയായി മാറും. ഇടുക്കിയിലെ കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയത്തിന്റെ കാര്യത്തില്‍ നേരിടേണ്ടിവന്ന അരക്ഷിതാവസ്ഥ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രശ്നത്തിലും ആവര്‍ത്തിക്കും. ഇടുക്കിയിലും വയനാട്ടിലും മറ്റും ആദിവാസികളുടെ വനാവകാശത്തിന്റെയും ദരിദ്ര - ഇടത്തരം കൃഷിക്കാരുടെ പട്ടയ പ്രശ്നത്തിന്റെയും കാര്യത്തില്‍ ഉണ്ടായ അവഗണനയുടെ ആവര്‍ത്തനമായിരിക്കും അത്. അതേസമയം, ആ പ്രദേശങ്ങളിലെ കയ്യേറ്റക്കാരായ വന്‍കിടക്കാരുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വങ്ങളും കോടതികളും കാണിക്കുന്ന ഉല്‍ക്കണ്ഠയും ജാഗ്രതയും ഈ പാവപ്പെട്ടവരുടെ കാര്യത്തില്‍ ഒട്ടു കാണാനുമില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്യപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇത്തരത്തില്‍ ശതകോടീശ്വരരെയും സാധാരണക്കാരെയും രണ്ടുതട്ടുകളിലായി പരിഗണിച്ച് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പ്രകടമാണ്. അതിന്റെ ആവര്‍ത്തനമാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച പ്രശ്നത്തോടുള്ള സമീപനത്തിലും കാണാവുന്നത്. ഇതാണ് ഈ പ്രശ്നത്തിലെ രാഷ്ട്രീയത്തിന്റെ മര്‍മം.

പരിസ്ഥിതിലോല പ്രദേശങ്ങളായി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ ദശകങ്ങളായി താമസിച്ച് കൃഷി ചെയ്യുന്നവരാണ് ഈ പാവപ്പെട്ടവര്‍. അതുകൊണ്ട് അവിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം ഈ ജനസഞ്ചയത്തിന്റെ നിലനില്‍പ് ഉറപ്പാക്കിക്കൊണ്ട് മാത്രമേ ആകാവൂ. അതിനുതകുന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വിജ്ഞാന മേഖലകളിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും അടങ്ങുന്ന സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ സമവായം ഉണ്ടാകുന്നതുവരെ പതിറ്റാണ്ടുകളായി പശ്ചിമഘട്ട മേഖലയില്‍ പാര്‍ക്കുന്ന പാവപ്പെട്ടവരുടെ താല്‍പര്യത്തിനെതിരായ ഒരു ഇടപെടലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂട. അത് ഉറപ്പാക്കുന്ന തരത്തില്‍ കഴിഞ്ഞ നവംബര്‍ 13െന്‍റ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാണ് ആ പ്രദേശങ്ങളിലുള്ള കൃഷിക്കാരുടെയും മറ്റും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അത് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകരിച്ച് നടപ്പാക്കിയേ തീരൂ. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം വേണ്ടത് അതിനുശേഷമാണ്.

*
Editorial, Chintha Weekly 14 March 2014

No comments: