Saturday, March 22, 2014

പാവങ്ങളുടെ പടത്തലവന്‍

പ്രക്ഷോഭങ്ങളെ ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 37 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് സഖാവ് വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകര മര്‍ദനവും. എ കെ ജി ഈ സമരത്തിന്റെയും മുന്‍നിരയിലുണ്ടായി. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് സഖാവിനെ പാവങ്ങളുടെ പടത്തലവനാക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാമേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണെന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്ക് അനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റായിരുന്നു സഖാവ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി രാജ്യത്തു നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു അദ്ദേഹം. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് സഖാവ് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനപക്ഷനിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരടിച്ചത്.

എ കെ ജിയുടെ ചരമദിനമാചരിക്കുന്ന ഈ ഘട്ടത്തില്‍ രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ കുത്തുപാളയെടുപ്പിക്കുകയുമാണ്. 2003ല്‍ പതിമൂന്ന് ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നത് ഇന്ന് 122 ആയി വര്‍ധിച്ചു. അതേ അവസരത്തില്‍ 20 രൂപ ദിനംപ്രതി വരുമാനമുള്ളവരുടെ എണ്ണം 77 ശതമാനമാണ്. അതായത്, 86.3 കോടിയോളം. രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചാലാണ് നേട്ടമുണ്ടാവുക എന്ന നിലപാടായിരുന്നു യുഡിഎഫിന്റേത്. ഇന്നേവരെ ഇല്ലാത്ത രീതിയില്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായി. എന്നാല്‍, കേരളം ഇതുപോലെ അവഗണിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. 1970ല്‍ കേന്ദ്രനിക്ഷേപത്തിന്റെ 3.1 ശതമാനം കേരളത്തിലുണ്ടായിരുന്നു. ഇന്നത് 1.2 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങളോട് തികഞ്ഞ അവഗണനയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളിലൊന്നാണ് ഐഐടി ലഭിക്കുക എന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കുതിപ്പ് പകരാന്‍ സഹായിക്കുന്നതാണ് റെയില്‍വേ സോണ്‍. എന്നാല്‍, ഇത് അനുവദിക്കുന്നതിനുപകരം കേരളത്തിലെ പ്രധാന ഡിവിഷനുകളിലൊന്നായ പാലക്കാടിനെ തുടര്‍ച്ചയായി വെട്ടിമുറിക്കുന്നു.
കേരളത്തിന്റെ വികസനത്തിന് സഹായകമായ മറ്റൊരു പദ്ധതിയാണ് വിഴിഞ്ഞംപദ്ധതി. പലവിധ ന്യായങ്ങള്‍ പറഞ്ഞ് വിഴിഞ്ഞംപദ്ധതി തകര്‍ക്കുകയാണ്. പുതിയ കേന്ദ്രനിക്ഷേപങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച തുക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എച്ച്എംടി, പാലക്കാട് ഐടിഐ, എഫ്എസിടി തുടങ്ങിയ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമംപോലും ഉണ്ടായില്ല. പരമ്പരാഗതവ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള പാക്കേജും നടക്കാതെ പോയി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളമെന്ന സംസ്ഥാനത്തെ പരിഗണിക്കാന്‍പോലും തയ്യാറായില്ല. കേരളത്തിലെ

സുപ്രധാന നാണ്യവിളകളിലൊന്നായ റബറിന്റെ വില കുത്തനെ ഇടിയുകയാണ്. ഇത് തടയുന്നവിധം ഇറക്കുമതി നിയന്ത്രിക്കുന്നതിന് തയ്യാറാകുന്നില്ല. മറ്റു കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ നില തുടരുന്നു. കേരളത്തിന് അടുത്തകാലത്ത് ഏറെ പരിഗണന ലഭിച്ചത് ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഘട്ടത്തിലായിരുന്നു. അക്കാലത്ത് അനുവദിക്കപ്പെട്ടതാണ് പാലക്കാട്ടെ കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി, തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളേജ്, നേമത്തെ കോച്ച് റിപ്പയറിങ് സെന്റര്‍ എന്നിവ. എന്നാല്‍, ഈ പദ്ധതികള്‍ തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു ഇടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കേരളത്തിലെ മലയോരത്തെയും തീരദേശത്തെയും ജനങ്ങളെ കിടപ്പാടത്തില്‍നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ വിജ്ഞാപനം അത്തരത്തിലുള്ളതാണ്. 1986ലെ പരിസ്ഥിതി നിയമത്തിന്റെ സെക്ഷന്‍ 5 പ്രകാരം ഇറക്കിയ ഈ വിജ്ഞാപനം നിലനില്‍ക്കെ ഓഫീസ് മെമ്മോറാണ്ടംകൊണ്ടോ കരട് വിജ്ഞാപനംകൊണ്ടോ മലയോരജനതയുടെ ആശങ്ക പരിഹരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഇറക്കിയ കരട് വിജ്ഞാപനത്തിലും, 2013 നവംബര്‍ 13ന്റെ വിജ്ഞാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും കാര്യങ്ങള്‍ നീങ്ങുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, കരട് വിജ്ഞാപനംകൊണ്ട് മലയോരജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ സംരക്ഷണ നിയമമാകട്ടെ മത്സ്യത്തൊഴിലാളികളെ കടലോരമേഖലയില്‍നിന്ന് ആട്ടിപ്പുറത്താക്കുന്ന വിധത്തിലുള്ളതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് പുതുതായി വീട് നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടാവുക. അതേസമയം, അഞ്ചുകോടിയിലേറെ ചെലവഴിച്ച് ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നിര്‍മിക്കുന്നതിന് തടസ്സവുമില്ല. അതുകൊണ്ടുതന്നെ, ഫലത്തില്‍ ഈ നിയമം കടലോരമേഖലയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്നതും റിസോര്‍ട്ട് മാഫിയകള്‍ക്ക് അവിടെ പിടിമുറുക്കുന്നതിന് സാഹചര്യമൊരുക്കുന്നതുമാണ്. മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചും കടലോരമേഖലയിലെ ജനതയെ കണ്ണീര്‍ കുടിപ്പിച്ചതിനു പുറമെയാണിത്. ഇറ്റാലിയന്‍ നാവികര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊലചെയ്തിട്ടും അവര്‍ക്കെതിരെ സുവ നിയമപ്രകാരം കേസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളജനതയുടെ ജീവനേക്കാള്‍ ഇറ്റലിക്കാരുടെ രോദനമാണ് കേന്ദ്രസര്‍ക്കാരിന് പ്രധാനമെന്ന് വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസി മലയാളികള്‍. സ്വദേശിവല്‍ക്കരണം ഉള്‍പ്പെടെ അവിടെ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍ ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. ഈ സ്ഥിതിഗതികളെ നേരിടുന്നതിന് മറ്റു പല രാജ്യങ്ങളും മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. രാജ്യത്തെ വിദേശനാണ്യശേഖരത്തിന് വലിയ സംഭാവന നല്‍കുന്ന പ്രവാസികളോട് കാണിക്കുന്ന അവഗണന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നയസമീപനമാകട്ടെ കേരളം നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ക്കുന്ന വിധത്തിലാണ്. കേരളത്തിന്റെ വികസനത്തിന് അടിത്തറയായി വര്‍ത്തിച്ച ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിക്കുന്നു. വിശ്വവിഖ്യാതമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യ സംവിധാനത്തെയും തകര്‍ക്കുന്നു. പുതുതായി 2500 സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് പൊതുവിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കും. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം അട്ടിമറിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരു നടപടിയും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. അഴിമതിയാകട്ടെ സര്‍വതലങ്ങളെയും ബാധിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ പലവട്ടം കോടതി പരാമര്‍ശം നടത്തിയിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തിയ അഴിമതികളെ വെള്ളപൂശാനും അവരെ വിജിലന്‍സ് കേസുകളില്‍നിന്ന് രക്ഷിക്കുന്നതിനുമാണ് ഇപ്പോള്‍ ശ്രമം. ക്രമസമാധാനരംഗത്ത് മുമ്പന്തിയിലായിരുന്ന കേരളം ഇന്ന് പുറകോട്ട് പോയി. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് സംസ്ഥാനം മാറുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനുപകരം എല്ലാ തലങ്ങളിലുമുള്ള സ്ത്രീപീഡകരെ സംരക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഇത്തരം നില തുടരുന്നതു കാണാം.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച നേതാവായിരുന്നു എ കെ ജി. പൊതുവിതരണസമ്പ്രദായം പ്രാബല്യത്തിലാക്കുന്നതിനും കൊച്ചി കപ്പല്‍നിര്‍മാണശാലപോലുള്ള കേന്ദ്രപദ്ധതികള്‍ കൊണ്ടുവരുന്നതിനും സഖാവ് നടത്തിയ പോരാട്ടങ്ങള്‍ എക്കാലവും ഓര്‍മിക്കുന്നതാണ്. നാടിന്റെ വികസനത്തിനുവേണ്ടിയും ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പാര്‍ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മ കരുത്തു പകരും. അതിന്റെ ഭാഗമായി 16-ാം ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പോരാട്ടത്തില്‍ സഖാവിന്റെ ഓര്‍മ നമുക്ക് ആവേശമാകും.
*
പിണറായി വിജയന്‍

No comments: