Saturday, March 22, 2014

വീണ്ടും വീണ്ടും മലിനമാകുന്ന ഭരണ രാഷ്ട്രീയം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് നിഷ്കളങ്കമായല്ല എന്ന് കോണ്‍ഗ്രസില്‍നിന്നുതന്നെ വന്ന പ്രതികരണങ്ങളില്‍ തെളിയുന്നു. യുഡിഎഫ് സര്‍ക്കാര്‍ എന്ന മുങ്ങുന്ന കപ്പലിനെ താങ്ങി രക്ഷിക്കാന്‍ ഏതു നീചമാര്‍ഗങ്ങളിലും സഞ്ചരിക്കാന്‍ മടിയില്ലാത്തയാളാണ് ഉമ്മന്‍ചാണ്ടി. കാലുമാറ്റത്തിലൂടെയും ബ്ലാക്ക് മെയിലിങ്ങിലൂടെയും പണം വാരിയെറിഞ്ഞും ഭരണയന്ത്രത്തെ തരംതാണ രീതിയില്‍ ദുരുപയോഗിച്ചും അധികാരം നിലനിര്‍ത്താന്‍ ഒരിക്കലും മടിച്ചുനില്‍ക്കാത്തവരാണ് യുഡിഎഫ്. ആദ്യം ഒരു പ്രതിപക്ഷ എംഎല്‍എയെ വിലയ്ക്കെടുത്താണ് നിയമസഭയിലെ നൂലിഴവ്യത്യാസത്തിന്റെ ഭീഷണി മറികടന്നതെങ്കില്‍, രണ്ടാം ഘട്ടത്തില്‍ ഒരു പാര്‍ടിയെത്തന്നെ കച്ചവടമാക്കി. ആര്‍എസ്പി ഒരു സുപ്രഭാതത്തില്‍ യുഡിഎഫിലെത്തിയതിനുപിന്നിലെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. എന്‍സിപിയെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ളതായി അടുത്ത നീക്കം. തങ്ങളെ വില്‍പ്പനയ്ക്ക് വച്ചിട്ടില്ല എന്ന് ആ പാര്‍ടിയിലെ രണ്ട് എംഎല്‍എമാരും ആര്‍ജവത്തോടെ നിലപാടെടുത്തപ്പോഴാണ് പദ്ധതി പൊളിഞ്ഞത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേപോലെ ഇടപെട്ടു. ഇങ്ങനെ, "ആയാറാം ഗയാറാം" രാഷ്ട്രീയാഭാസംകൊണ്ട് കേരളത്തെ മലീമസമാക്കിയ കൂട്ടരുടെ അവസാനത്തെ അടവുകളിലൊന്നാണ്, ഉമ്മന്‍ചാണ്ടിയുടെ നാവില്‍നിന്നു പിറന്നുവീണ "മന്ത്രിസഭാ പുനഃസംഘട".

പുനഃസംഘടന ആവശ്യമായ രീതിയിലുള്ള കുറവ് ഇപ്പോള്‍ മന്ത്രിസഭയ്ക്കില്ല എന്നാണ് രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജും രംഗത്തുവന്നു. പെട്ടെന്നുതന്നെ, ചര്‍ച്ചകള്‍ അതിലേക്ക് വഴുതി മാറുകയുംചെയ്തു. തെരഞ്ഞെടുപ്പു രംഗത്ത് ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ചചെയ്യപ്പെടരുത് എന്ന കുരുട്ടു ബുദ്ധിക്കുപുറമെ, ഈ വിവാദത്തിന് മറ്റു പല മാനങ്ങളുമുണ്ട്. പ്രലോഭിപ്പിച്ച് പലരെയും കൂടെനിര്‍ത്താനുള്ള പ്രീണന തന്ത്രമാണതില്‍ പ്രധാനം. കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തിന് എംഎല്‍എയുണ്ട്; മന്ത്രിയില്ല. ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്, അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുതന്നെ ഉയര്‍ന്ന ആക്ഷേപങ്ങളും പ്രശ്നങ്ങളും കാരണമാണ്. ഒരു പൊതുപ്രവര്‍ത്തകന് യോജിക്കാത്ത; സമൂഹത്തിന് നെറ്റിചുളിച്ചുമാത്രം കാണാന്‍ കഴിയുന്ന വിഷയങ്ങളാണുയര്‍ന്നത്. അതില്‍പിന്നെ നടന്ന പുനഃസംഘടനയിലാണ് രമേശ് ചെന്നിത്തല മന്ത്രിയായത്. സ്ഥാനം ലഭിക്കാത്തതിലെ നൈരാശ്യവും പ്രതിഷേധവും ഗണേശും പിള്ളയും പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. ഗണേശ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയുംചെയ്തു. ആ ഭീഷണിയുടെ പശ്ചാത്തലത്തിലാണ്, തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പുനഃസംഘടന എന്ന ചൂണ്ട മുഖ്യമന്ത്രി എറിഞ്ഞത്.

ആര്‍എസ്പിയില്‍നിന്ന് യുഡിഎഫിലേക്ക് പിടിച്ചുകയറിയ രണ്ട് എംഎല്‍എമാരുണ്ട്. അവര്‍ക്കും പ്രതീക്ഷ നല്‍കുകയാണ് ഉമ്മന്‍ചാണ്ടി. അതായത്, കൂറ് മാറിയോ അരുതാത്തത് ചെയ്തോ ആരും എത്തിക്കൊള്ളട്ടെ, അവര്‍ക്ക് മന്ത്രിസ്ഥാനമുള്‍പ്പെടെ നല്‍കാമെന്ന പരസ്യമായ പ്രഖ്യാപനം. അതിനും പുറമെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, പല കേന്ദ്രങ്ങളെയും സ്ഥാനം കാട്ടി മോഹിപ്പിക്കാനുള്ള മുന്ത്യടവ്. വിശ്വാസ്യത തകര്‍ന്ന്, അപഹാസ്യരായി, സ്വന്തം അണികളില്‍നിന്നുതന്നെ അകന്നു നില്‍ക്കുന്ന യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് കഠിനപരീക്ഷയാണ്. അതിനെ അഭിമുഖീകരിക്കാന്‍ എത്രയൊക്കെ താഴും എന്നതിന്റെ തെളിവ് ഇതിനുപുറമെയുമുണ്ട്. സോളാര്‍ കേസിലെ തട്ടിപ്പുനായിക സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി രംഗത്തുവന്നത് ഒരുദാഹരണമാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരകയായി ആ സ്ത്രീയെ മാറ്റിയിരിക്കുന്നു. തട്ടിപ്പുകേസുകളില്‍നിന്ന് രക്ഷപ്പെടുത്തുകയും വഴിവിട്ട് സഹായിക്കുകയും പൊലീസ് കസ്റ്റഡിയിലും ജയിലിലും സുഖവാസമൊരുക്കുകയുംചെയ്ത സര്‍ക്കാരിന് അത്തരക്കാരില്‍നിന്ന് പ്രത്യുപകാരവും സ്വീകരിക്കേണ്ടിവരുന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളെന്നു കരുതിയ മണ്ഡലങ്ങളില്‍പ്പോലും രാഷ്ട്രീയചിത്രം മാറുകയും എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തുകയും ചെയ്യുമ്പോള്‍, രാഷ്ട്രീയേതര മാര്‍ഗങ്ങളിലൂടെ വോട്ട് സമ്പാദിക്കാനുള്ള പതിവുതന്ത്രംതന്നെയാണ് യുഡിഎഫിന്റേത്. പരിഹാസ്യവും ജനങ്ങള്‍ക്ക് അറപ്പുളവാക്കുന്നതുമായ തലത്തിലേക്ക് താണുപോകുന്നു എന്ന വസ്തുതയാണ് മറയില്ലാതെ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് കോണ്‍ഗ്രസ് ഇരുത്തും എന്നതിനുറപ്പില്ല. ഇത്തരമൊരു തെരഞ്ഞെടുപ്പിനു ശേഷം എ കെ ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍നിന്നിറക്കി വിട്ട് കേരളത്തില്‍നിന്നുതന്നെ ഓടിച്ച പാരമ്പര്യമാണ് ഉമ്മന്‍ചാണ്ടിയുടേത്. അങ്ങനെയൊരാള്‍, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് സംസാരിക്കുന്നത് എന്തര്‍ഹതയിലാണ് എന്നതാണത്ഭുതം. ആ അത്ഭുതമാണ്, രമേശ് ചെന്നിത്തല മറയില്ലാതെ പ്രകടിപ്പിച്ചത്.

ഇന്നത്തെ നിലയില്‍മന്ത്രിസഭയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍, നിലവിലുള്ളവരെ ഒഴിവാക്കണം. ആരെയാണ് ഉമ്മന്‍ചാണ്ടി പുറത്താക്കാനുദ്ദേശിക്കുന്നത്, അതല്ല, പരാജയം മുന്‍കൂട്ടി സമ്മതിച്ച് സ്വന്തം രാജിയാണോ ലക്ഷ്യമാക്കുന്നത് എന്നിങ്ങനെയൊക്കെ ചര്‍ച്ച ഉയരുകയാണ്. ഉമ്മന്‍ചാണ്ടിയും സംഘവും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വീണ്ടും വീണ്ടും മാലിന്യം പടര്‍ത്തുകയാണ് എന്നാണിതില്‍നിന്ന് മനസിലാക്കേണ്ടത്. ആ മാലിന്യത്തില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രക്രിയ ആയിക്കൂടി ലോക്സഭാ തെരഞ്ഞെടുപ്പിനെ ഉയര്‍ത്തുന്നതിലാണ് ജനാധിപത്യത്തിന്റെ സാകല്യം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: