Tuesday, March 18, 2014

പെട്രോളിയം വിലവര്‍ധനയ്ക്കു പിന്നില്‍ നവലിബറല്‍ നയങ്ങള്‍

കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ കനത്തഭാരം ഏല്‍പ്പിച്ചുകൊണ്ട് അഞ്ചുവര്‍ഷമായി തുടര്‍ച്ചയായിട്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. വിലക്കയറ്റത്തിന്റെ നാളുകളില്‍ സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയാണ് ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്നു, കസ്റ്റംസ്, എക്സൈസ് തീരുവകള്‍ കുറച്ച് ഖജനാവിന് 49000 കോടിരൂപയുടെ നഷ്ടം, എണ്ണക്കമ്പനികള്‍ക്ക് വന്‍നഷ്ടം, അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധനവില ഇന്ത്യയില്‍ കുറവാണ് എന്നിങ്ങനെ വിലവര്‍ധനവിനെ ന്യായീകരിക്കുന്നു അവര്‍. അതിനുപുറമെ, അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ആഭ്യന്തരവില ക്രമീകരിച്ചില്ലെങ്കില്‍ ഇന്ധനവിതരണംതന്നെ പ്രശ്നത്തിലാവും എന്നും കേന്ദ്രം വാദിക്കുന്നു.

അസംസ്കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴത്തേത്. അതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ അവിടെ ഇന്ധനവില കുറയ്ക്കുന്നു എന്ന വാര്‍ത്ത വരുന്ന സമയത്താണ് വിലകൂടുന്നു എന്ന വാദം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ആഭ്യന്തരവില ക്രമീകരിക്കണമെന്നു വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍പ്പോലും വിലകുറയുന്ന സമയത്ത് ഇവിടെ വിലകുറച്ചിട്ടില്ല. വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയുമാണ് ഇവിടുത്തെ സമീപനം. രാജ്യത്താവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ട അസംസ്കൃതഎണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. ബാക്കി 20ശതമാനം ഇവിടെനിന്നും കുഴിച്ചെടുക്കുന്നതാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നവയ്ക്കും അന്താരാഷ്ട്രവിലതന്നെ വേണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കുവേണ്ട ശുദ്ധീകരണച്ചെലവും മറ്റെല്ലാച്ചെലവുകളും ലാഭവും ചേര്‍ത്താണ് ഉപഭോക്താക്കളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വില പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെയില്ല എന്നുപറഞ്ഞ് അവ തമ്മിലുള്ള വ്യത്യാസം നഷ്ടമായി അവതരിപ്പിക്കുന്നു. അണ്ടര്‍ റിക്കവറി എന്നതാണിത്. ഇത് സാങ്കല്‍പ്പിക നഷ്ടമാണ്.

പെട്രോളിയവുമായി ബന്ധപ്പെട്ട പല കമ്മിറ്റികളും ഈ നഷ്ടക്കണക്കിനോട് വിയോജിക്കുന്നുണ്ട്. ലോകമുതലാളിത്തത്തിന്റെ ചങ്ങാതിമാരായ മന്‍മോഹന്‍സിങ്ങും അലുവാലിയയും അണ്ടര്‍ റിക്കവറിയെ നഷ്ടമായിക്കണ്ട് അത് നികത്തുന്നതിനായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. എന്നാല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ കണ്ടെത്തല്‍ വര്‍ഷംകഴിയുംതോറും സബ്സിഡി കുറച്ചുകൊണ്ടുവരുന്നു എന്നാണ്. 2008-09ല്‍ 76,688 കോടിരൂപയാണ് പെട്രോളിയം ഉല്‍പ്പന്ന സബ്സിഡിയായി നല്‍കിയിരുന്നതെങ്കില്‍ 2010-11ല്‍ അത് 46,830 കോടി രൂപയായി കുറഞ്ഞു. ശുദ്ധീകരണകാര്യത്തില്‍ മികവാര്‍ന്ന ഇന്ത്യ എണ്ണ ഇറക്കുമതിചെയ്ത്, ശുദ്ധീകരിച്ച് കയറ്റി അയയ്ക്കുന്നു. അതിലൂടെ വന്‍വരുമാനം നേടുന്നത് മറച്ചുപിടിക്കുന്നു. എന്നിട്ടും നഷ്ടത്തിന്റെ കണക്കാണ് നിരത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളെല്ലാം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് എന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009 - 10ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയെല്ലാം ലാഭത്തിലായിരുന്നു. ഈ സ്ഥാപനങ്ങളില്‍നിന്നെല്ലാമായി കേന്ദ്രസര്‍ക്കാരിന് നികുതിയായും മറ്റും വലിയ തുക ലഭിച്ചിട്ടുണ്ട്. അതാതു സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്ന കണക്കുകള്‍ പ്രകാരം ഓഹരിയുടമകള്‍ക്ക് അവര്‍ ലാഭവിഹിതം നല്‍കിയിട്ടുമുണ്ട്. ഇങ്ങനെ എണ്ണക്കമ്പനികള്‍ ലാഭത്തിലായിരിക്കെ, അണ്ടര്‍ റിക്കവറി എന്നത് നഷ്ടമായി അവതരിപ്പിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകൂട്ടുന്നത്.

ഇല്ലാത്ത നഷ്ടത്തിന്റെ പേരില്‍ കമ്പനികളുടെ കൊള്ളലാഭേച്ഛയ്ക്കു കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം ഓരോതവണ വിലകൂട്ടുമ്പോഴും കൂടുന്നുണ്ട്. കേന്ദ്ര ഖജനാവിലേക്കുള്ള മൊത്തം വരുമാനത്തിന്റെ 20.1 ശതമാനം (2010-11) പെട്രോളിയം രംഗത്തുനിന്നുമാണ്. കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, വില്‍പ്പന നികുതി, ലാഭവിഹിതം എന്നിങ്ങനെയാണ് വരുമാനം. ഉപഭോക്താക്കള്‍ ഒരു ലിറ്റര്‍ പെട്രോളിനു നല്‍കുന്ന വിലയില്‍ പകുതിയും ഡീസലിനു നല്‍കുന്ന വിലയുടെ 40 ശതമാനവും നികുതികളാണെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഈ വരുമാനത്തിന്റെ മൂന്നിലൊന്നുപോലും സബ്സിഡിയായി നല്‍കുന്നില്ല എന്നുകാണാം. വിലകൂടുന്നതിനനുസരിച്ച് എക്സൈസ് ഡ്യൂട്ടി വര്‍ധിക്കുന്ന തരത്തില്‍ നിന്നുമാറ്റി ഒരു പ്രത്യേക നിരക്കായി നിജപ്പെടുത്തണമെന്ന് രംഗരാജന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് അവഗണിച്ച് വിലകയറ്റുമ്പോഴെല്ലാം സംസ്ഥാനങ്ങളോട് അവര്‍ക്കു ലഭിക്കുന്ന നികുതിയില്‍ കുറവുവരുത്താനോ ഉപേക്ഷിക്കാനോ ആണ് കേന്ദ്രം ഉപദേശിക്കാറുള്ളത്. ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യം നികുതിഘടനയില്‍ മാറ്റംവരുത്തി വിലവര്‍ധനവ് ഒഴിവാക്കണമെന്നതാണ്. എണ്ണയുത്പാദക രാജ്യങ്ങളിലാകെ സംഘര്‍ഷം പടര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. അക്കാലയളവില്‍ 70 മുതല്‍ 113 ഡോളര്‍വരെ വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായി. ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ് സമീപകാലത്തുള്ളത്്. 2008 ജൂലൈയില്‍ വീപ്പയ്ക്ക് 147 ഡോളറായിരുന്നത് ഗണ്യമായിക്കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇവിടെ വില കൂട്ടുന്ന എണ്ണക്കമ്പനികള്‍ വിലകുറയുന്ന സമയത്ത് ആനുപാതികമായി ഇവിടെ വില കുറച്ചിട്ടില്ല.

ഒരുവീപ്പ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില 2008 ജൂലൈയില്‍ 147 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍വില ലിറ്ററിന് 40 രൂപയായിരുന്നു. അന്ന് പെട്രോളിന്റ വില നിയന്ത്രിച്ചിരുന്നത് സര്‍ക്കാരായിരുന്നു. എന്നാല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം, 2011 ജനുവരിയില്‍ ഒരുവീപ്പ ക്രൂഡ്ഓയിലിന്റെ വില 92 ഡോളറായികുറഞ്ഞപ്പോഴും പെട്രോളിന്റെ വില ലിറ്ററൊന്നിന് 60രൂപയായി കൂട്ടുകയായിരുന്നു എണ്ണക്കമ്പനികള്‍. ക്രൂഡ്ഓയിലിന്റെ വില 87 ഡോളറായിരിക്കെ ഒരുലിറ്റര്‍ പെട്രോളിന്റെ വില എഴുപത് രൂപയ്ക്കടുത്ത്. സര്‍ക്കാര്‍ നിയന്ത്രിത വിലനിര്‍ണ്ണയ സംവിധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയത് 1976ലാണ്. ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനരംഗത്തേക്കും സ്വകാര്യകമ്പനികള്‍ കടന്നുവന്നു. അന്നുമുതല്‍തന്നെ വിലനിയന്ത്രണ സംവിധാനം മാറ്റണമെന്ന ആവശ്യമുയര്‍ന്നുവന്നു. 2002ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 1976നു മുന്‍പുള്ള ഇറക്കുമതി സന്തുലിത നിരക്ക് സംവിധാനം തിരികെ കൊണ്ടുവന്നു. അന്താരാഷ്ട്ര വിലയ്ക്കു തുല്യമായ വില - യഥാര്‍ഥത്തിലുള്ള സംസ്കരണ, ശുദ്ധീകരണച്ചെലവുകള്‍ കണക്കിലെടുക്കാതെ - ചുമത്തുന്നതാണീ സമ്പ്രദായം. അതിന്റെ ഫലമായി രാജ്യത്തിനകത്തുനിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ സംസ്ക്കരിച്ച്, ശുദ്ധീകരിച്ച് വില്‍പ്പനക്കെത്തിയാലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഉപഭോക്താക്കള്‍ നല്‍കണം.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കുന്നതിനെക്കുറിച്ചുപഠിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിലനിയന്ത്രണം എടുത്തുകളയരുതെന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം. ഇതു അവഗണിച്ചിട്ട് കിരിത് പരീഖ് കമ്മീഷന്‍ നല്‍കിയ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടണമെന്നും വിലനിയന്ത്രണം മാറ്റണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അതിന്റെ ഫലമായി പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം തുടരെത്തുടരെ അതിന്റെ വില കമ്പനികള്‍ കൂട്ടി. ചരക്കുകടത്തു വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ഡീസലായതിനാല്‍ സ്വാഭാവികമായും അതിന്റെ വിലകൂടിയാല്‍ കടത്തുകൂലി കൂടും. ട്രക്ക് ലോറി ഉടമാസംഘം എട്ടുശതമാനംകണ്ട് കടത്തുകൂലി കൂട്ടിക്കഴിഞ്ഞു. കടത്തുകൂലിയിലെ ഈ വര്‍ധനവ് ഉപഭോക്തൃ സാധനങ്ങളുടെ പ്രത്യേകിച്ച് അവശ്യസാധനങ്ങളുടെ വില ഉയര്‍ത്തുന്നു. ഇതേപോലെയാണ് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും കാര്യം. ഭക്ഷ്യസാധനങ്ങളുടെ വിലകയറിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചുവന്നത്.

*
രഘു Chintha Weekly

No comments: