Monday, March 31, 2014

ആന്റണി തെരഞ്ഞെടുപ്പിനെ തരംതാഴ്ത്തരുത്

യുപിഎ ഭരണത്തെ ചൂണ്ടി വോട്ടുപിടിക്കാന്‍ കഴിയാത്തതിന്റെ ദൗര്‍ബല്യവും ദയനീയതയുമാണ് എ കെ ആന്റണിയില്‍നിന്നുണ്ടാകുന്നത്. യുപിഎ സര്‍ക്കാരിലെ പ്രധാനിയായ ആന്റണിയില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ ചര്‍വിതചര്‍വണമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുവേണ്ടത്. അരനൂറ്റാണ്ടുമുമ്പ് പറഞ്ഞ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചും സെല്‍ഭരണമെന്ന പല്ലവി പാടിയും യുപിഎ സര്‍ക്കാരിന്റെ ദുര്‍മുഖം വിസ്മൃതമാക്കാമെന്ന മിഥ്യാധാരണയുമായാണ് അദ്ദേഹം കേരളത്തില്‍ പ്രചാരണത്തിനിറങ്ങിയത്. കാലഹരണപ്പെട്ട ഈ വൃഥാശ്രമത്തിനിടെ ആന്റണിയില്‍നിന്ന് ജനം മറ്റു നിരവധി വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലൊന്ന്, രാജ്യം കണ്ട ഏറ്റവും കൊടിയ അഴിമതികള്‍ക്ക് പ്രതിരോധമന്ത്രിയെന്ന നിലയില്‍ എന്തിന് കാര്‍മികത്വം വഹിച്ചു എന്നതാണ്. ചാരക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് നേരിട്ടു കുറ്റപ്പെടുത്തലില്ലാഞ്ഞപ്പോഴും കെ കരുണാകരനെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദത്തിലേറിയ ആന്റണി ഇപ്പോഴും അന്നത്തെ അഭിപ്രായഗതി വച്ചുപുലര്‍ത്തുന്നുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍, ഹൈക്കോടതിയുടെ നേരിട്ടുള്ള കുറ്റപ്പെടുത്തലിന് വിധേയനായ ഉമ്മന്‍ചാണ്ടിയെ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്ന് വിശദീകരിക്കാനുള്ള ബാധ്യത ആന്റണിക്കുണ്ട്. അത്തരം ഒരു കാര്യങ്ങളും സംസാരിക്കാതെ, രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിനെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തലത്തിലേക്ക് താഴ്ത്തി, തലക്കെട്ടു ലാക്കാക്കി പ്രസംഗം നടത്തുന്നത് അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ചേര്‍ന്നതല്ല.

തൊഴിലാളികള്‍ക്ക്, കര്‍ഷകര്‍ക്ക്, ദരിദ്രര്‍ക്ക്, കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക്, ദളിതര്‍ക്ക്, ഗോത്രജനതയ്ക്ക്, ന്യൂനപക്ഷത്തിന് - എന്ത് ഗുണമാണ് യുപിഎ ഭരണംകൊണ്ടുണ്ടായത് എന്ന് വിശദീകരിച്ച് വോട്ടുതേടാനുള്ള ആര്‍ജവം ആന്റണിക്കുണ്ടോ? ടാറ്റ ഗ്രൂപ്പിന്റെ ആസ്തി 1990 ല്‍ 10,922 കോടി രൂപയായിരുന്നത് 2012-13 ല്‍ 583554 കോടിയായി എന്നതാണ് രണ്ടു പതിറ്റാണ്ടുകാലത്തെ ആഗോളവല്‍ക്കരണ നയങ്ങളുടെ ഒരു സൂചിക. റിലയന്‍സ് ഗ്രൂപ്പിന്റെ സ്വത്ത് 3167 കോടിയില്‍നിന്ന് 500,000 കോടിയിലധികമായി. 1991 നും 2012 നും ഇടയില്‍ സമ്പദ്വ്യവസ്ഥയുടെ മൊത്തം സ്ഥിരനിക്ഷേപ ഓഹരി നാലുമടങ്ങ് വര്‍ധിച്ചപ്പോള്‍ സ്വകാര്യ കോര്‍പറേറ്റ് മേഖലയ്ക്കുണ്ടായ വര്‍ധന ഒന്‍പത് മടങ്ങാണ്. അതേ സമയം, 2011-12 ല്‍ ഗ്രാമീണ കുടുംബങ്ങളില്‍ 80 ശതമാനത്തിലധികം പേര്‍ക്കും പ്രതിദിനം അന്‍പതുരൂപയോ കുറവോ ആണ് വരുമാനം. 2013 ല്‍ 199 രാജ്യങ്ങളില്‍ ആഗോള ദാരിദ്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 94 ആണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതിയും തൂക്കക്കുറവോ മുരടിപ്പോ ഉള്ളവര്‍. സ്ത്രീകളില്‍ 60 ശതമാനത്തിനും വിളര്‍ച്ചബാധ. സെന്‍സസ് എടുത്ത 33 കോടി കുടുംബങ്ങളില്‍ 57 ശതമാനത്തിനും സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. 53 ശതമാനത്തിന് ശൗചാലയസൗകര്യമില്ല. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷമായിട്ടും ജനസംഖ്യയില്‍ 26 ശതമാനത്തിന് പ്രാഥമിക സാക്ഷരതയില്ല. ആന്റണിയുടെ പാര്‍ടിയല്ലാതെ മറ്റാരാണ് ഇതിന് സമാധാനം പറയേണ്ടത്?

സമ്പന്നര്‍ക്ക് ഉയര്‍ന്ന തോതിലുള്ള ഇളവുകള്‍ നല്‍കുമ്പോള്‍, സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമൂഹിക സാമ്പത്തിക വികസന ചെലവുകളും സബ്സിഡിയും വെട്ടിക്കുറയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍. ആന്റണിയുടെ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന ഇതേ സാമ്പത്തികനയമാണ് ബിജെപിയുടേതും. അവര്‍ നയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ബിജെപിയും ഈ സിദ്ധാന്തം കൈകാര്യംചെയ്യുന്നവരാണ്. അതുകൊണ്ടാണ്, കോര്‍പറേറ്റ് കൊള്ള അവസാനിപ്പിക്കുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തിന് ആവശ്യം, അത് കോണ്‍ഗ്രസും ബിജെപിയും നയിക്കുന്നതാവരുത് എന്ന് ഇടതുപക്ഷം പറയുന്നത്. അതിസമ്പന്നരില്‍നിന്ന് നികുതി പിരിക്കുകയും ജനങ്ങള്‍ക്കിടയിലെ അസമത്വം കുറയ്ക്കുകയും നീതി നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിനെയാണ് ഇന്ത്യക്കാവശ്യം. യുപിഎയ്ക്കും എന്‍ഡിഎയ്ക്കും അതിനുള്ള കഴിവില്ല എന്നാണ് അനുഭവത്തില്‍നിന്ന് തെളിഞ്ഞത്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുപിഎ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ഈ വിഷയങ്ങളാകെ തമസ്കരിക്കാന്‍ ആന്റണിക്ക് സാധ്യമല്ല. പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍, രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സ്വന്തം നിലപാട് പറഞ്ഞ് വോട്ടുചോദിക്കാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണം. തന്റെ വകുപ്പിലും അല്ലാതെയും നടമാടിയ കൂറ്റന്‍ അഴിമതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറയണം. തട്ടിപ്പുകേസുകളില്‍ തിമിര്‍ക്കുകയും നീതിപീഠത്തിന്റെ കഠിനശകാരം ഏറ്റുവാങ്ങുകയുംചെയ്ത ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ യുക്തി വിശദീകരിക്കണം. അതൊന്നും ചെയ്യാതെ, പ്രവചനത്തിന്റെയും പരിഹാസത്തിന്റെയും പരിഹാസ്യതയുടെയും വാചകക്കസര്‍ത്തുകളുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ സ്വയം ചെറുതാവുകയാണ് എന്ന തിരിച്ചറിവ് ആന്റണിക്കുണ്ടാകേണ്ടതുണ്ട്.
*
Deshabhimani Editorial

No comments: