Sunday, March 30, 2014

തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം

കേരളത്തിലാണ് കോണ്‍ഗ്രസും ബിജെപിയും മുസ്ലിംലീഗും ഒന്നിച്ച കോ-ലീ-ബി പരീക്ഷണം നടന്നതും അതിനെ ജനങ്ങള്‍ നിഷ്കരുണം തള്ളിക്കളഞ്ഞതും. 1991ല്‍ ഈ വിചിത്രസഖ്യത്തിന്റെ സ്ഥാനാര്‍ഥികളായിരുന്ന രത്നസിങ്ങും മാധവന്‍കുട്ടിയും തങ്ങളെ എങ്ങനെ ഈ "വിരുദ്ധ"ശക്തികള്‍ ഒന്നിച്ചുനിന്ന് സഹായിച്ചു എന്ന് ഇപ്പോള്‍ തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്. അന്നും ഇന്നും കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അധികാരം പിടിക്കാനുള്ള മത്സരത്തിനപ്പുറം ജനങ്ങളോടുള്ള അടിസ്ഥാനസമീപനത്തില്‍ അവരില്‍ ഭിന്നതകളില്ല. നവ ലിബറല്‍ നയങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും ബിസിനസ് അനുകൂല സമീപനത്തിന്റെ കാര്യത്തിലും അവര്‍ പരസ്പരം മത്സരിക്കുന്നു. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കംകുറിച്ചത് വന്‍കിട വ്യവസായികളുടെ സംഘടനകള്‍ സംഘടിപ്പിച്ച യോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ്; അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തുടരുമെന്ന് ഇരുവരും അങ്ങോട്ടുചെന്ന് ഉറപ്പുകൊടുത്തു.

എവിടെ, എപ്പോള്‍ അധികാരത്തിലിരുന്നാലും, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അവരുടെ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും തൊഴിലാളികള്‍ക്കും ജനസാമാന്യത്തിനുംമേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നവ ലിബറല്‍ വാഴ്ചയോടുള്ള പ്രതിബദ്ധതയില്‍നിന്ന് അണുവിട അവര്‍ പിന്മാറാറില്ല. അത്തരമൊരു സാഹചര്യത്തിലാണ്, ഈ രണ്ടുകൂട്ടരെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നത് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ അജന്‍ഡയായി ഉയരുന്നത്. തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ജീവിതസാഹചര്യം അഭിവൃദ്ധിപ്പെടുത്താന്‍ വേണ്ടത് ബദല്‍നയ പരിപ്രേക്ഷ്യമാണ്. തൊഴിലാളികളുടെ സമരങ്ങളെ പിന്തുണയ്ക്കുന്നതും കോര്‍പറേറ്റനുകൂല നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനപക്ഷ- തൊഴിലാളിപക്ഷ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളുമാണ്.

പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പരിമിതമായ വിഭവങ്ങളും അധികാരങ്ങളും ഉപയോഗിച്ചുതന്നെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കി തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനാകുമെന്ന് തെളിയിച്ച അനുഭവം രാജ്യത്തിനുമുന്നിലുണ്ട്. സിപിഐ എം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങളോട് സൂക്ഷ്മവും സമഗ്രവുമായ സമീപനമാണുള്ളത്. ഉപഭോക്തൃവിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയാക്കുക; വേതന നിര്‍ണയം ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ നിര്‍ദേശങ്ങളുടെയും റാപ്റ്റകോസ് ബ്രെറ്റ് കേസിലെ കോടതിവിധിയുടെയും കാലഹരണപ്പെട്ട വിലസൂചിക പുതുക്കി നിശ്ചയിച്ചതിന്റെയും അടിസ്ഥാനത്തിലാക്കുക. അന്യസംസ്ഥാന തൊഴിലാളിനിയമം ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളിനിയമങ്ങളും കര്‍ശനമായി നടപ്പാക്കുക. തൊഴിലിലെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും നിരുത്സാഹപ്പെടുത്തുക. കരാര്‍ തൊഴില്‍നിയമം (നിര്‍മാര്‍ജനവും നിയന്ത്രണവും) നിര്‍ബന്ധമായും നടപ്പാക്കുക. ഒരേ തൊഴിലിന് സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തുല്യവേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും നടപ്പാക്കുക- ഇങ്ങനെയുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നു.

അസംഘടിത തൊഴിലാളികള്‍ക്കായി ഫലപ്രദമായ ദേശീയ ഫണ്ടിനുപുറമെ മിനിമം സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി നടപ്പാക്കുമെന്നത് പാര്‍ടിയുടെ മറ്റൊരു വാഗ്ദാനമാണ്. പുതിയ പെന്‍ഷന്‍ പദ്ധതിയും പിഎഫ്ആര്‍ഡിഎ ആക്ടും എടുത്തുകളഞ്ഞ് തൊഴിലുടമകളുടെയും ഗവണ്‍മെന്റിന്റെയും മതിയായ ഫണ്ട് ഉള്‍പ്പെടുത്തിയുള്ള പെന്‍ഷന്‍ പദ്ധതി ആനുകൂല്യം കൊണ്ടുവരാനാണ് പാര്‍ടി നിലകൊള്ളുന്നത്. ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ പകുതി വിലസൂചിക കൂടി കണക്കിലെടുത്ത് പെന്‍ഷനായി ഉറപ്പാക്കുമെന്നും മാനിഫെസ്റ്റോ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെയും എല്ലാ കരാര്‍ തൊഴിലാളികളെയും ഗ്രാമീണ തപാല്‍ സര്‍വീസിലെ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക എന്നത് മറ്റൊരു വാഗ്ദാനമാണ്.

ട്രേഡ് യൂണിയനുകള്‍ക്ക് രഹസ്യബാലറ്റിലൂടെ അംഗീകാരം, ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ സംരക്ഷണം, എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള യൂണിയനുകള്‍ക്ക് അംഗീകാരം, ഐഎല്‍ഒ കണ്‍വന്‍ഷന്‍ നമ്പര്‍ 87 ഉം 98 മായി ബന്ധപ്പെട്ട സംഘം ചേരാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം എന്നിങ്ങനെ ട്രേഡ്യൂണിയനുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങളെയാകെ മാനിഫെസ്റ്റോ അഭിസംബോധന ചെയ്യുന്നു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, സഹ അധ്യാപകര്‍, എന്‍സിഎല്‍പി ജീവനക്കാര്‍ തുടങ്ങി വിവിധ കേന്ദ്രഗവണ്‍മെന്റ് പദ്ധതികളിലെ എല്ലാ തൊഴിലാളികളെയും 45-ാമത് ഐഎല്‍സി നിര്‍ദേശമനുസരിച്ച് തൊഴിലാളികളായി അംഗീകരിക്കുമെന്നാണ് പാര്‍ടിയുടെ നിലപാട്. അവര്‍ക്ക് നിയമപ്രകാരമുള്ള മിനിമം വേതനം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും സിപിഐ എം കാണുന്നു. എല്ലാ പ്രദേശങ്ങളിലെയും ജോലികള്‍ക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍ എല്ലാ സ്ത്രീതൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കുക, സ്ത്രീതൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യം ഉറപ്പാക്കുക. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുക എന്നിവയും സിപിഐ എം പ്രാധാന്യംനല്‍കി അവതരിപ്പിക്കുന്ന വിഷയങ്ങളാണ്.

മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കുക, വിദേശ ട്രോളറുകള്‍ നിരോധിക്കുക, മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക-ഇങ്ങനെ സംഘടിതരും അസംഘടിതരുമായ എല്ലാ തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാനുള്ള പാര്‍ടിയുടെ പ്രതിബദ്ധതയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ഈ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്, 16-ാം ലോക്സഭയില്‍ സിപിഐ എമ്മി ന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ശക്തി വര്‍ധിക്കേണ്ടതുണ്ട്. നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കുംമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഇടതുപക്ഷത്തിന്റെ വിജയം എന്നാണിതിനര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി തൊഴിലാളിവര്‍ഗം ഒന്നടങ്കം രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഇതില്‍ വ്യക്തമാകുന്നത്.
*
deshabhimani editorial

No comments: