Sunday, March 16, 2014

വാക്കിനുമുന്നില്‍ കമ്യൂണിസ്റ്റ് വിരോധം തുന്നിച്ചേര്‍ക്കുമ്പോള്‍

വാര്‍ത്തകളിലെ പക്ഷപാതത്തെപ്പറ്റി മാധ്യമചിന്തകരും മാധ്യമവിദഗ്ധരുമൊക്കെ ധാരാളം പറഞ്ഞിട്ടുണ്ട്. വസ്തുനിഷ്ഠതയുടെ നേര്‍വിപരീതമാണ് പക്ഷപാതം. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണമെന്നത് വാര്‍ത്തയെഴുത്തിലെ പരമ്പരാഗത സങ്കല്‍പ്പമാണ്. വാര്‍ത്തകളുടെ രീതിശാസ്ത്രമാകെ മാറിയിട്ടുണ്ടെങ്കിലും അവ വസ്തുനിഷ്ഠമായിരിക്കണമെന്ന പരമ്പരാഗതസങ്കല്‍പ്പം മുറുകെ പിടിക്കുന്നവരാണ് ഇപ്പോഴും മാധ്യമചിന്തകന്മാര്‍. പക്ഷപാതം വാര്‍ത്തയുടെ മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ വാര്‍ത്തയ്ക്കു പിന്നിലെ വസ്തുനിഷ്ഠത അറിയാനുള്ള വായനക്കാരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. ആധുനിക മാധ്യമസൈദ്ധാന്തികരില്‍ വിഖ്യാതനായ ഡെന്നിസ് മക്വയില്‍ മാധ്യമങ്ങളുടെ പക്ഷപാതങ്ങളെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രകടമായത് കരുതിക്കൂട്ടിയുള്ള പക്ഷപാതമാണെന്ന് മക്വയില്‍ പറയുന്നുണ്ട്. നിഷ്പക്ഷത മുഖമുദ്രയായി അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇത്തരത്തില്‍ പക്ഷപാതം പ്രകടിപ്പിക്കുമ്പോഴാണ് അത് കൂടുതല്‍ അപകടകരമാകുന്നത്.

ഇക്കാര്യത്തില്‍ ഏറ്റവും ആക്രമണോത്സുകമായ പക്ഷപാതം ഒരു രീതിയായിത്തന്നെ സ്വീകരിച്ചുപോരുകയാണ് മനോരമ. പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവു സംബന്ധിച്ച് ഫെബ്രുവരി 25ന് മനോരമ നല്‍കിയ വാര്‍ത്തയാണ് ഇത്തരമൊരു ചിന്ത ഉണര്‍ത്തുന്നത്. കാണാതായ തന്റെ മകളെ ഹാജരാക്കണമെന്നു കാണിച്ച് പാമ്പാടി വെള്ളൂര്‍ സ്വദേശി സാബു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാരന്റെ മകള്‍ എതിര്‍കക്ഷിയായ വിധിനുമായി നെടുമുടി നടുഭാഗം സിപിഐ എം ഓഫീസില്‍വച്ച് വിവാഹിതരായെന്നും വിവാഹം നെടുമുടി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. ഈ ഘട്ടത്തിലാണ് പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന കല്യാണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് കോടതി വിധിച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമസാധുതയുള്ളൂവെന്നും, ഇത്തരം വിവാഹങ്ങള്‍ മാത്രമേ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നുമാണ് കോടതി പറഞ്ഞത്.

എന്നാല്‍ മനോരമപത്രം "പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല"എന്ന വിധിപ്രസ്താവം വളച്ചൊടിച്ച് "സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല" എന്ന് വാര്‍ത്ത നല്‍കുകയാണ് ചെയ്തത്. സിപിഐ എംവിരുദ്ധ പക്ഷപാതം മനോരമ ആടിത്തിമിര്‍ക്കുമ്പോള്‍ കോടതിയുടെ നിലപാടും നിരീക്ഷണങ്ങളും പോലും വായനക്കാര്‍ തെറ്റായി ധരിക്കുകയാണ്.

വാര്‍ത്തകളിലെ പക്ഷപാതം പ്രകടമാകുന്നത് മൂന്നു ഘടകങ്ങള്‍ വഴിയാണെന്ന് മക്വയില്‍ നിരീക്ഷിക്കുന്നുണ്ട്. 1. റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്ര നിലപാടുകളും പാര്‍ടി വിധേയത്വവും. 2. മാധ്യമ ഉള്ളടക്കത്തിന്റെ സ്വഭാവം. 3. മാധ്യമസ്ഥാപനത്തിന്റെ ഘടന എന്നിവയാണ് അവ. പക്ഷപാതവാര്‍ത്തകളില്‍ പലപ്പോഴും ഇവയില്‍ ഏതെങ്കിലും ഒന്നായിരിക്കും പ്രകടമാവുക. മനോരമവാര്‍ത്തയെ സംബന്ധിച്ചിടത്തോളം റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്രനിലപാടുകള്‍ അപ്രസക്തമാണ്. മനോരമയുടെ കാര്യത്തില്‍ മാത്രമല്ല, പൊതുവില്‍ വലതുപക്ഷ മാധ്യമങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ എത്ര പുരോഗമനപരമായാലും വാര്‍ത്തകളുടെ സ്വഭാവം നിര്‍ണയിക്കുന്നത് സ്ഥാപനത്തിന്റെ ഘടനയും അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവവുമാണ്. അമേരിക്കയുടെ ഒന്നാം ഇറാഖ് അധിനിവേശം സംബന്ധിച്ച വാര്‍ത്തകളുടെ വിശകലനത്തില്‍, അമേരിക്കന്‍ അധിനിവേശത്തോട് വ്യക്തിപരമായി വിയോജിപ്പുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലും നല്‍കിയ വാര്‍ത്തകള്‍ നേരെ വിപരീതധ്വനിയിലായിരുന്നുവെന്ന് ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. "മാധ്യമം തന്നെയാണ് സന്ദേശം" എന്ന മാര്‍ഷല്‍ മക്ലൂഹാന്റെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. അതായത് മക്വയില്‍ നിരീക്ഷിക്കുന്ന ഒന്നിലേറെ ഘടകങ്ങള്‍ മനോരമയുടെ സിപിഐ എം വിരുദ്ധ വാര്‍ത്തകളില്‍ കാണാന്‍ കഴിയുമെന്നര്‍ത്ഥം. ഏതെല്ലാം ചേരുവകളിലാണെങ്കിലും അര്‍ധസത്യങ്ങളും അസത്യങ്ങളും ചാലിച്ചെടുത്ത് സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കുന്നത് മനോരമയുടെ ദൈനംദിന അജണ്ടയുടെ ഭാഗമാണെന്ന് അറിയാത്തവര്‍ ഇന്ന് ചുരുക്കമാണ്. അത് കലാപരമായും വിശ്വസനീയമെന്ന് തോന്നുന്ന മട്ടിലും നിര്‍വഹിക്കുകയാണ് മനോരമ ചെയ്യുന്നത്.

സിപിഐ എം നടുഭാഗം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍വച്ച് വിവാഹം നടത്തി രജിസ്റ്റര്‍ ചെയ്ത കാര്യം കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് പാര്‍ടി ഓഫീസുകളിലെ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിപ്രസ്താവം കോടതിയില്‍ നിന്നുണ്ടായത്. പാര്‍ടി ഓഫീസെന്നാല്‍ സിപിഐ എം ഓഫീസാണെന്ന് നിഷ്കളങ്കമായി ധരിച്ചിട്ടല്ലല്ലോ ഇങ്ങനെ വാര്‍ത്ത വളച്ചൊടിച്ചത്. പാര്‍ടി ഓഫീസ് എന്ന് കോടതി സാമാന്യവല്‍ക്കരിച്ചു പറഞ്ഞത് സിപിഐ എമ്മിലേക്ക് ചുരുക്കിക്കൊണ്ടുവന്നത് ആ പാര്‍ടിയോടുള്ള അന്ധമായ വിരോധമല്ലാതെ മറ്റൊന്നുമാവില്ലല്ലോ?

ആഗോള കോര്‍പറേറ്റ് മാധ്യമങ്ങളൊക്കെ തങ്ങളുടെ കോര്‍പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും അതിനു സഹായകരമായ പ്രത്യയശാസ്ത്ര സന്ദേശം ജനങ്ങളിലേക്ക് സംക്രമിപ്പിക്കാനും സമര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താറുണ്ട്. ഭാഷയുടെ പ്രയോഗം, വാര്‍ത്തയിലെ കാതലായ കാര്യത്തിനു നല്‍കുന്ന ഊന്നല്‍, ചില കാര്യങ്ങളുടെ തമസ്കരണം, മറ്റു ചിലവയുടെ പെരുപ്പിച്ചുകാട്ടല്‍ തുടങ്ങിയവ ഇതിനുപയോഗപ്പെടുത്തുന്ന രീതികളാണ്. ഇതുപക്ഷേ, വായനക്കാരനോ പ്രേക്ഷകനോ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്ത വണ്ണമായിരിക്കും ചെയ്യുക. റൊളാങ് ബാര്‍ത്ത് പറഞ്ഞിട്ടുള്ളത് "ഭാഷയില്‍ രാഷ്ട്രീയം ആലേഖനം ചെയ്തിരിക്കുന്നു" എന്നാണ്. ഇത് ഓരോ മാധ്യമവും അവരുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കനുസരിച്ച് ചെയ്യുന്ന കാര്യമാണ്. എന്നാല്‍ മനോരമ, നിഷ്പക്ഷ നിലപാടിന്റെ വായ്ത്താരി പേര്‍ത്തും പേര്‍ത്തും മുഴക്കിക്കൊണ്ടാണ് സിപിഐ എം വിരുദ്ധ വാര്‍ത്താനിര്‍മാണം നടത്തുന്നത് എന്നതാണ് ഏറെ കൗതുകകരം.

2012ലെ വിജയദശമി നാളില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ ഒരു കുട്ടിയെ എഴുത്തിനിരുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ പാര്‍ടി ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങ്. പണ്ടൊക്കെ ആശാന്‍കളരികളിലും ചില പ്രത്യേക ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന എഴുത്തിനിരുത്തിന് ഇപ്പോള്‍ പത്രമോഫീസുകളടക്കം നിരവധി കേന്ദ്രങ്ങള്‍ വേദികളാകാറുണ്ട്. എവിടെയായാലും കുഞ്ഞുങ്ങളെ അക്ഷരവെളിച്ചത്തിന്റെ നന്മയിലേക്ക് കൈപിടിച്ചു നടത്തുകയെന്ന ഏറ്റവും വിശുദ്ധമായ ചടങ്ങാണ് നടക്കുക. എന്നാല്‍ പാര്‍ടി ഓഫീസില്‍ എഴുത്തിനിരുത്തിയത് മനോരമയ്ക്ക് പിടിച്ചില്ല. ഇത് വലിയൊരപരാധമാണെന്ന മട്ടിലാണ് അന്ന് മനോരമ ഒരു വാര്‍ത്ത വേലികെട്ടി നല്‍കിയത്. തികച്ചും പരിഹാസച്ചുവയോടെ നല്‍കിയ ആ വാര്‍ത്തയിലെ ഒരു വാചകം ഇങ്ങനെയാണ്: ""ചുറ്റും കൂടിനിന്നവര്‍ എഴുത്തിനിരുത്തിന്റെ അവസാനഘട്ടത്തില്‍ ഒരു ഇങ്ക്വിലാബ് വിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല."" എഴുത്തിനിരുത്തിയതിനെ മാത്രമല്ല, ഇങ്ക്വിലാബ് വിളിയെപ്പോലും അപഹസിക്കാനാണ് മനോരമ ശ്രമിച്ചത്. എണ്ണമറ്റ ജനകീയവിപ്ലവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായതും അവയിലൂടെ മനുഷ്യജീവിതത്തിന്റെ സ്വരവും ദിശയും സൗന്ദര്യവും മാറിയതുമെല്ലാം ഒത്തിരി ഒത്തിരി ഇങ്ക്വിലാബ് വിളികളിലൂടെയാണെന്ന ചരിത്രസത്യത്തിനു നേരെപോലും കൊഞ്ഞനംകാട്ടുകയാണ് മനോരമ ഈ വാര്‍ത്തിയിലൂടെ ചെയ്തത്. സിപിഐ എം വിരോധം മനോരമ ഭാഷയില്‍ ആലേഖനം ചെയ്യുകയല്ല, മറിച്ച് ഭാഷയുടെ മുന്നില്‍ കയറിനിന്ന് ആര്‍ത്തട്ടഹസിച്ചു തീര്‍ക്കുകയാണ് ചെയ്യുന്നത്.

1998ല്‍ ഇഎംഎസിന്റെ മരണം കഴിഞ്ഞ് നാലഞ്ചുമാസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ വില്‍പ്പത്രം പ്രസിദ്ധപ്പെടുത്തിയതു സംബന്ധിച്ച വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ""ഇ എം എസിന്റെ ഷെയറുകള്‍ മകന്‍ ശ്രീധരന്"" എന്നായിരുന്നു. മരിക്കുമ്പോള്‍ ഇ എം എസിന് സ്വന്തമായി സ്വത്തൊന്നും ഉണ്ടായിരുന്നില്ല എന്ന് മലയാളികള്‍ക്കെല്ലാം അറിയാം. ആകെയുണ്ടായിരുന്ന സ്വത്ത് അദ്ദേഹം എഴുതിയ നൂറുകണക്കിനു പുസ്തകങ്ങളുടെ റോയല്‍റ്റിയിനത്തില്‍ കിട്ടുന്ന പണമാണ്. അതാകട്ടെ പുര്‍ണമായും പാര്‍ടിയുടെ പേരില്‍ എഴുതിവയ്ക്കുയാണ് ഇ എം എസ് ചെയ്തത്. ഇതുകൂടാതെ കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തില്‍ അദ്ദേഹത്തിന് 500 രൂപയുടെ ഓഹരിയുണ്ടായിരുന്നു. ഈ ഓഹരി ഇ എം എസ് മൂത്ത മകന്‍ ഇ എം ശ്രീധരന്റെ പേരില്‍ എഴുതിവച്ചു. എന്നാല്‍ ഇ എം എസിന് എന്തോ വലിയ ഓഹരികളൊക്കെ ഉണ്ടായിരുന്നുവെന്നും അതെല്ലാം സ്വന്തം മകനുതന്നെ എഴുതിവച്ചു എന്നും തെറ്റിദ്ധാരണ പരത്താന്‍ തക്കവണ്ണം തലക്കെട്ടിലൂടെ വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്ത സൃഷ്ടിക്കുകയാണ് മനോരമ ചെയ്തത്. ഓഹരി കുംഭകോണമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലത്താണ് ഇത്തരമൊരു വളച്ചൊടിക്കല്‍ മനോരമ നടത്തിയതെന്നോര്‍ക്കണം.

പി കൃഷ്ണപിള്ളയുടെ വേര്‍പാടിന്റെ 50-ാം വര്‍ഷത്തില്‍ 1998ല്‍ മനോരമ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തിനു നല്‍കിയ ശീര്‍ഷകം ""കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?"" എന്നതായിരുന്നു. ഇതിലെ ദുരര്‍ത്ഥസൂചന എത്രമാത്രം വഷളന്‍മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിമോചനസമരകാലത്ത് പരസ്യമായി വലതുപക്ഷമാധ്യമങ്ങള്‍ പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രേതം ഇപ്പോഴും മനോരമയെയും മറ്റും വിട്ടുപോയിട്ടില്ല. "വിമോചനസമരം" എന്ന വാക്കുപോലും കമ്യൂണിസ്റ്റ്വിരുദ്ധ പ്രത്യയശാസ്ത്രനിലപാടിന്റെ ഉല്‍പ്പന്നമാണ്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതും പിരിച്ചുവിടപ്പെടുന്ന സമയത്തും നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നതുമായ ഇ എം എസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ നടത്തിയ സമരമായിരുന്നു വിമോചനസമരം. സമഗ്ര കാര്‍ഷിക ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം തുടങ്ങിയവയിലൂടെ കേരളീയസാമൂഹ്യ ജീവിതത്തെ പുതുക്കിപ്പണിയുകയാണ് ഇ എം എസ് ഗവണ്‍മെന്റ് ചെയ്തത്. അങ്ങനെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ആശ്വാസകരവും ക്ഷേമകരവുമായ നടപടികളെടുത്ത ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാരും ചില മത-സാമുദായിക മേധാവികളും പണാധിപത്യക്കാരും ചേര്‍ന്നു നടത്തിയ അട്ടിമറി സമരമായിരുന്നു വിമോചന സമരം. അത്തരമൊരു സമരത്തെ വിമോചന സമരമെന്ന വിശുദ്ധമായ അര്‍ത്ഥസൂചനയുള്ള പദം കൊണ്ട് കേരളീയനസ്സുകളില്‍ കുടിയിരുത്തിയത്

കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷപാതത്തിലൂന്നിയ മാധ്യമപ്രവര്‍ത്തനമായിരുന്നു. മാധ്യമങ്ങളുടെ ഈ കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷപാതം തന്നെയാണ് കെഎസ്കെടിയു നടത്തിയ നെല്‍വയല്‍സംരക്ഷണ സമരത്തെ "വെട്ടിനിരത്തല്‍" സമരമെന്ന ദുരര്‍ത്ഥസൂചനയുള്ള പദംകൊണ്ട് വികൃതവല്‍കരിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിച്ചതും. പതിനെട്ടും ഇരുപത്തിയൊന്നും വയസു പൂര്‍ത്തിയായവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അധികാരസ്ഥാനങ്ങളില്‍ എത്താനും നിയമപരമായി സാധിക്കും എന്നിരിക്കെ ഈ പ്രായപരിധിയില്‍ വരുന്ന കോളേജുകളിലെ കുട്ടികള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന തികച്ചും യുക്തിരഹിതമായ വാര്‍ത്താപ്രചാരവേല സംഘടിപ്പിക്കുന്നതിന്റെ പിന്നിലും ഇതേ കമ്യൂണിസ്റ്റുവിരുദ്ധ പക്ഷപാതം തന്നെയാണ് കാണാന്‍ കഴിയുക.

*
കെ വി സുധാകരന്‍ ചിന്ത വാരിക 14 മാര്‍ച്ച് 2014

No comments: