Monday, March 24, 2014

ആം ആദ്മി പാര്‍ടിയും സാധാരണക്കാരുടെ രാഷ്ട്രീയവും

2013ല്‍ കേജരിവാള്‍ തന്റെ സാധാരണക്കാരുടെ പ്രസ്ഥാനത്തിലൂടെ ജനശ്രദ്ധയും അധികാരവും നേടുകയുണ്ടായി. കൃത്യം നാല്‍പത്തിഒന്‍പതാം നാള്‍ സര്‍ക്കാര്‍ പടിയിറങ്ങി. ഈ രാഷ്ട്രീയപ്രതിഭാസത്തെ ഒരുപക്ഷേ ജയപ്രകാശ് നാരായണനു ശേഷം ഇന്ത്യയിലെ മത-ജാതീയ അഭിരുചികള്‍ക്കപ്പുറം ഉണ്ടായ ചുരുക്കം ചില രാഷ്ട്രീയ മുന്നേറ്റങ്ങളിലൊന്നായി കാണാം. ഈ കാലയളവില്‍ മറ്റ് മുന്നേറ്റങ്ങളില്‍ നിന്നൊക്കെ കേജരിവാള്‍ വ്യത്യസ്തനാകുന്നത് തന്റെ രാഷ്ട്രീയ സംരംഭത്തിന് അദ്ദേഹം ആം ആദ്മി (സാധാരണക്കാര്‍) എന്ന പേര് നല്‍കിയതിലൂടെയാണ്. സാധാരണക്കാരന്‍ ഒരു രാഷ്ട്രീയ പ്രമേയമായി മുന്നോട്ടു വയ്ക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ചില പ്രാഥമികമായ ചോദ്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ആരാണ് സാധാരണക്കാര്‍ എന്നതുതന്നെ. മറ്റൊരുചോദ്യം, സാധാരണക്കാര്‍ എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ ഇക്കാലമത്രയും പ്രാതിനിധ്യം ഉറപ്പാക്കിയത്? സാധാരണക്കാരന്‍ പ്രതിനിദാനം ചെയ്യുന്ന വര്‍ഗമേതാണ്? ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത് ജനസഞ്ചയ രാഷ്ട്രീയം സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കും എന്ന വാദം ഉന്നയിക്കപ്പെടുമ്പോഴാണ്. ഉത്തരങ്ങള്‍ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ പ്രസക്തിയേയും ആം ആദ്മി പോലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ പൂര്‍ണമായും ജനസഞ്ചയ രാഷ്ട്രീയമല്ല എന്നോ, സംഘടിത പ്രസ്ഥാനങ്ങളുടെ സ്വഭാവമല്ല പുലര്‍ത്തുന്നത് എന്ന വസ്തുതയോ ആണ്.

ആദ്യമായി പരിശോധിക്കേണ്ടത് എത്തരത്തിലാണ് ജയപ്രകാശ് നാരായണന്റെ ജനതാ പാര്‍ടിയില്‍ നിന്നും കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ടി രാഷ്ട്രീയമായി വ്യത്യസ്തമാകുന്നത് എന്നതാണ്. ജയപ്രകാശ് നാരായണന്റെ ജനത എന്ന പ്രയോഗം ഒരു രാഷ്ട്രീയ സംജ്ഞയാണ്. കാരണം, ഈ മനുഷ്യക്കൂട്ടത്തിന് നിയതമായ ഒരു ലക്ഷ്യമോ, സ്വത്വമോ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനതാ പാര്‍ടി രാഷ്ട്രീയ ബോധത്തെ പ്രതിനിധീകരിച്ച ജനാവലിയാണെന്ന് പറയാം. ഇന്ത്യ ഒട്ടാകെ പടര്‍ന്നു പന്തലിച്ച പ്രസ്ഥാനം അതിനാല്‍ തന്നെ ഛിന്നഭിന്നമായപ്പോള്‍ നാനാവിധ ലക്ഷ്യ/സ്വത്വ ബോധത്തെ അവശേഷിപ്പാക്കി വിസ്മൃതിയിലാണ്ടു. നേരെമറിച്ച്, കേജരിവാളിന്റെ സാധാരണക്കാര്‍ നിയതമായ രാഷ്ട്രീയ സ്വത്വത്തെ വെളിപ്പെടുത്താത്ത ഒരു ജനാവലിയാണ്. ഇത് ഓരോ കൂട്ടത്തിലും ദ്രുതവും വ്യത്യസ്തവുമായ പ്രമാണങ്ങളെയാണ് അവലംബിക്കുന്നത്. അതുകൊണ്ടുതന്നെ, സാധാരണക്കാരുടെ പാര്‍ടി എന്നത് ആരേയും എന്തിനേയും വേഗത്തില്‍ സ്വാംശീകരിക്കുന്ന അതിരുകളില്ലാത്ത രാഷ്ട്രീയ പ്രമേയമാണ് അവതരിപ്പിക്കുന്നത്. ഈ വസ്തുത വെളിവാക്കുന്നതാണ് ഇവരുടെ കടന്നുപോയ ദിനങ്ങള്‍. ഇത് സ്പഷ്ടമാക്കുന്നത് സാധാരണക്കാരന്‍ എന്ന സൂചിക, ഏതുമൂല്യത്തേയും സ്വാംശീകരിക്കുകയും എന്തിനേയും നിരാകരിക്കുകയും ചെയ്യുമെന്ന വസ്തുതയാണ്. അഥവാ സാധാരണക്കാര്‍ എന്ന രാഷ്ട്രീയസീമ ഒരു മഴവില്‍ ബന്ധനമാണ്. നാനാത്വത്തിന്റെ പുത്തന്‍ താല്‍പര്യമായി വിന്യസിക്കാവുന്ന ജനായത്ത സമ്പ്രദായമെന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. എന്നാല്‍ ബി രാജീവന്‍ അഭിപ്രായപ്പെടുന്നതുപോലെ ആം ആദ്മി പൂര്‍ണാമായ ജനസഞ്ചയമല്ല. കാരണം ജനസഞ്ചയത്തിന്റെ ലക്ഷ്യബോധം നിയതമല്ല. ഇതിന്റെ ഫലമായി ജനസഞ്ചയ രാഷ്ട്രീയം ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തെ അംഗീകരിക്കണമെന്നുമില്ല. ആയതിനാല്‍ ജനം സംഘടിത രാഷ്ട്രീയത്തിന് ബദലാകുമോ എന്ന് ചോദിച്ചാല്‍ ബദലാകുന്നത് നേതൃത്വ നിരാസം സാധ്യമാകുന്ന രാഷ്ട്രീയ ബദല്‍ നിര്‍മിക്കപ്പെടുമ്പോള്‍ മാത്രമാണ്. അത് സാധ്യമാക്കുന്നത് അരാജകത്വം  സ്വീകാര്യമാകുമ്പോഴും.

നേരേമറിച്ച് നേതാക്കളെ മുന്നില്‍ നിര്‍ത്തി നിയതമായ ആശയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ ജനസഞ്ചയ രാഷ്ട്രീയം എന്ന് വിളിക്കുന്നത് അപക്വമാണ്. കാരണം, ജനക്കൂട്ട രാഷ്ട്രീയത്തിന്റെ സ്വഭാവം ആം ആദ്മി സ്വീകരിച്ചിട്ടുണ്ടെങ്കിലും നേതൃത്വ രാഷ്ട്രീയമാണ് അതിന്റെ കരുത്ത്. അതുകൊണ്ടുതന്നെ സംഘടിത രാഷ്ട്രീയം ജനസഞ്ചയത്താല്‍ ഭേദിക്കപ്പെടില്ലെന്നുകൂടി തെളിവാക്കുന്നതാണ് ആം ആദ്മി പാര്‍ടിയുടെ രാഷ്ട്രീയ രംഗപ്രവേശം. മഴവില്‍ ബന്ധനമായ ജനായത്ത സമ്പ്രദായമാണ് ആം ആദ്മി എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഇതിന് ഉദാഹരണമാകുന്നത് കുമാര്‍ വിശ്വാസിന്റെയോ സോമനാഥ് ഭാരതിയുടെയോ വര്‍ണവെറിയും സ്ത്രീവിരുദ്ധ നിലപാടുകളും ഒരുവശത്ത് സ്ഥാനം പിടിക്കുമ്പോള്‍ മറുവശത്ത് അഴിമതിയുടെ വ്യത്യസ്ത മുഖങ്ങളെ ചീന്തിയെറിയാന്‍ ശ്രമിക്കുന്ന കേജരിവാളും പ്രശാന്ത് ഭൂഷണും സ്ഥാനമുറപ്പിക്കുന്നു. ആദ്യത്തേതിനെ മനസ്സിലാക്കാന്‍ കഴിയുന്നത് നഗരങ്ങളിലും നഗരഗ്രാമാന്തരമില്ലാത്ത പ്രദേശങ്ങളിലും നിലനില്‍ക്കുന്ന പ്രാചീനമായ സദാചാരപരതയുടെ ബോധമാണ് അല്ലെങ്കില്‍ അതിന്റെ അവശേഷിപ്പുകളാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷമേധാവിത്വം പോലുള്ള കോയ്മ സംസ്കാരത്തിന്റെ സൃഷ്ടിയാണ് ഇത്തരം ബോധം. മറുപക്ഷത്തെ അഴിമതി വിരുദ്ധത അര്‍വാചീനമായ ബോധത്തിന്റെ ഉല്‍പ്പന്നമായാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യപോലെ മുതലാളിത്തത്തിലേക്ക് പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഇതിന്റെ നിലനില്‍പ്പ് സ്വാഭാവികമായ വികസനമായി വേണം കാണേണ്ടത്. എന്നാല്‍ ഈ രണ്ട് പ്രക്രിയകളും അരങ്ങേറുന്നത് സംഘടിതമായാണ് മറിച്ച് നേതൃനിരാസത്തിലൂടെയല്ല. ഈ പ്രതിപാദ്യത്തെ ഉള്‍കൊള്ളുകയാണെങ്കില്‍ അവസ്ഥാന്തര (ഠൃമിശെശേീിമഹ) സമൂഹം ജനത എന്ന രാഷ്ട്രീയ കൂട്ടത്തിനേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയേക്കാവുന്നത് സാധാരണക്കാര്‍ എന്ന അസ്പഷ്ട രാഷ്ട്രീയ പ്രമേയത്തിനായിരിക്കും. ഇത് ശരിവയ്ക്കുന്നതാണ് ഡല്‍ഹിയിലെ സംഭവ വികാസങ്ങള്‍. അഴിമതിക്കെതിരെ എന്ന രാഷ്ട്രീയ പ്രസ്താവന എത്രകണ്ട് സംഘടിത രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുമെന്ന് പരിശോധിക്കാം.

മുതലാളിത്തത്തില്‍ അഴിമതി എന്നത് നേരത്തേ സൂചിപ്പിച്ചതു പോലെ ആശയം മാത്രമല്ല. അത് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമായി പരിവര്‍ത്തനം ചെയ്യപ്പെട്ട സംസ്കാരമാണ്. അഴിമതി വിരുദ്ധത എന്നത് ഒരാശയമാണ്. മറിച്ച്, അതൊരു പ്രത്യയശാസ്ത്രമല്ല. ആശയത്തോട് നാം അനുഭാവമുള്ളവരാകാം. അത് നമ്മളെ പ്രോത്സാഹിപ്പിച്ചേക്കാം. എന്നാല്‍ അതിനെ നേരിടുന്ന അല്ലെങ്കില്‍ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ അംഗീകരിക്കണമെന്നില്ല. പ്രത്യയശാസ്ത്രം ആശയത്തെ സാധൂകരിക്കുന്ന രീതിശാസ്ത്രമാണ്. അതിനെ അംഗീകരിക്കുന്നു എങ്കില്‍ അതിലൂടെ നേടിയെടുക്കുന്ന ലക്ഷ്യത്തേയും അംഗീകരിക്കുന്നു എന്നാണ് വിവക്ഷ. ഇവിടെ ചൂണ്ടിക്കാണിക്കേണ്ടത് ആം ആദ്മി പാര്‍ടി മുന്നോട്ടു വെയ്ക്കുന്ന പ്രമേയം ഒരാശയ പ്രകടനമാണ്. എന്നാല്‍ ആ ആശയം അനാഥമല്ല. കൃത്യമായ സംഘാടനത്തോടുകൂടിയാണ് അതിന്റെ ചലനങ്ങള്‍. ആശയത്തിന് ലഭിക്കുന്ന പിന്തുണ അനുഭാവത്തിന്റേതാണെങ്കിലും അതിനെ മുന്നോട്ടുനയിക്കുന്നത് നേതൃമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അനുഭാവം നിര്‍മിക്കപ്പെടുന്നത് ഒരു സദാചാര മണ്ഡലത്തില്‍ മാത്രമാണെന്ന് പ്രഭാത് പട്നായിക് അഭിപ്രായപ്പെടുന്നു.

ചരിത്രപരമായി മുതലാളിത്ത സാമൂഹിക രാഷ്ട്രീയക്രമങ്ങളുടെ വികാസത്തിന്റെ ആദ്യപാദത്തിലാണ് അത്തരം സദാചാരമൂല്യങ്ങള്‍. കാരണം, ആശയത്തോടുള്ള അനുഭാവം ക്രമേണ പ്രത്യയശാസ്ത്രത്തില്‍ ഉണര്‍ന്നുവരുന്ന ബോധത്തിന് വഴിമാറും (മാറണം). എന്തെന്നാല്‍ പ്രത്യയശാസ്ത്രം വിവേകത്തില്‍ തെളിയുന്ന ധിഷണയാണ്. അത് പ്രവൃത്തിയുടെ അല്ലെങ്കില്‍ ബോധതലത്തിന്റെ ഉത്തരപാദത്തില്‍ തെളിയുന്ന അഥവാ സ്വാംശീകരിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. അങ്ങനെ ഉണരുന്ന രീതിശാസ്ത്രത്തെയാണ് പൂര്‍ണമായ രാഷ്ട്രീയ പ്രമേയമായി അംഗീകരിക്കാനാകുന്നത്. പ്രത്യയശാസ്ത്രത്തിന്റെ അഭാവം ഏതൊരു രാഷ്ട്രീയ പ്രമേയത്തേയും സദാചാര മൂല്യങ്ങളാല്‍ അല്ലെങ്കില്‍ മാറുന്ന മറ്റൊരാശയത്താല്‍ റാഞ്ചിയെടുക്കപ്പെടാം. ഈ സാധ്യതയാണ് പ്രത്യയശാസ്ത്രമില്ലായ്മയെ &ഹറൂൗീ;അരാഷ്ട്രീയം എന്ന പേരില്‍ മുദ്രകുത്തുന്നതും. അത്തരം "അരാഷ്ട്രീയത" ഏതൊരു പ്രസ്ഥാനത്തേയും വിസ്മൃതിയിലേക്ക് തള്ളിവിടാന്‍ പര്യാപ്തമാകുമെന്നും വാദിക്കാം. എന്നാല്‍ ആം ആദ്മി പാര്‍ടി അരാഷ്ട്രീയമാണെന്ന് വാദിക്കുന്നത് ശരിയല്ല. കാരണം ഇവരുടെ രാഷ്ട്രീയം നേരത്തേ സൂചിപ്പിച്ചതുപോലെ അസ്പഷ്ടമാണ്, അരാഷ്ട്രീയമല്ല. ഈ കാരണത്താലാണ് പ്രകാശ് കാരാട്ട് ഒരുഘട്ടത്തില്‍ ആം ആദ്മി പാര്‍ടി ഭാവിയില്‍ ഇടതുപക്ഷത്തിന്റെ സഹജസഞ്ചാരി ആയേക്കാമെന്ന് പ്രത്യാശിക്കുന്നത്. കാരണം ആം ആദ്മിയുടെ രാഷ്ട്രീയം സംഘടിത രാഷ്ട്രീയത്തിന് പുറത്തല്ല പകരം സംഘടിതരാഷ്ട്രീയം ആയിട്ടുതന്നെയാണ്. ഇത് ബി രാജീവന്റെ നിര്‍മിതിക്ക് പുറത്താണ്. അതുകൊണ്ടുതന്നെ ആം ആദ്മിയെ ജനസഞ്ചയ രാഷ്ട്രീയമായി ചുരുക്കുന്നത് തെറ്റിദ്ധാരണ മൂലമായിരിക്കണം.

ഇടതുപക്ഷം ആം ആദ്മിയോട് വിയോജിക്കുന്നത് അതിന്റെ രാഷ്ട്രീയ സ്വഭാവത്തോടല്ല. കാരണം ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത് പാര്‍ടി രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ തന്നെയാണ്. മറിച്ച്, സാമ്പത്തിക നയങ്ങളില്‍ ഇടതുരാഷ്ട്രീയം പൂര്‍ണമായും ആം ആദ്മിയില്‍ നിന്നും വിഭിന്നമാകുന്നത് മുതലാളിത്തത്തോടും നവലിബറല്‍ ആശയത്തോടുമുള്ള സമീപനത്തിലാണ്. നവലിബറല്‍ മാതൃകയില്‍, സര്‍ക്കാര്‍ ബിസിനസുകാര്‍ക്കും ധനമൂലധനത്തിനും വേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കും. കേജരിവാള്‍ ഇതിന് പൂര്‍ണമായും അനുകൂലമാണെന്നാണ് ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ഇത് കേജരിവാളിന്റെ സര്‍ക്കാര്‍ നയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. ഈ പ്രസ്താവനയോടെ ഇടതുപക്ഷത്തിന് ആം ആദ്മിയെക്കുറിച്ചുണ്ടായിരുന്ന എല്ലാ അവ്യക്തതകളും മറനീക്കി. നേതാവായ കേജരിവാളും പ്രത്യയശാസ്ത്രകാരനായ യോഗേന്ദ്ര യാദവും തങ്ങളുടെ നയം നവലിബറല്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ധനമൂലധനത്തിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാന്‍ പരിശ്രമം തുടങ്ങി. കാരണം ധനമൂലധനവും അവരുടെ നാവായ മാധ്യമങ്ങളും ഇല്ലെങ്കില്‍ ആം ആദ്മി ജനമദ്ധ്യത്തില്‍ എത്തില്ലെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടാകാം. കാരണം, മുതലാളിത്ത മധ്യവര്‍ഗത്തിന്റെ സൃഷ്ട്ടിയായ ആം ആദ്മിക്ക് തങ്ങളുടെ അഴിമതി വിരുദ്ധത എന്ന ആശയം പ്രചരിപ്പിക്കണമെങ്കില്‍ മുതലാളിത്ത മാധ്യമ ജിഹ്വ ഇല്ലാതെ പറ്റില്ല. ഇതിനെ ശരിവയ്ക്കുന്നതുകൂടിയാണ് ആനുകാലിക സംഭവവികാസങ്ങള്‍.

നേരത്തേ, ഇടതുപക്ഷം ആം ആദ്മിയെ ഭാവിയിലെ ഒരു സ്വാഭാവിക കൂട്ടായി കാണാന്‍ ശ്രമിച്ചത് ധനമൂലധനത്തിനെ ചെറുക്കുവാന്‍ അവര്‍ കാണിച്ച താല്‍പര്യം കണക്കിലെടുത്തുകൊണ്ടാണ്. ആം ആദ്മിയോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം അഴിമതി വിരുദ്ധത എന്ന ആശയത്തിലൂടെ (അതാണുദ്ദേശമെങ്കില്‍) മാത്രം മുതലാളിത്തത്തേയും നവലിബറല്‍ നയങ്ങളേയും അതുല്‍പ്പാദിപ്പിക്കുന്ന അഴിമതിയേയും നേരിടാനാകില്ലെന്നാണ്. കാരണം, അഴിമതി എന്ന പ്രത്യയശാസ്ത്രമാണ് മുതലാളിത്തം മുന്നോട്ടുവയ്ക്കുന്നത്. അഴിമതിയില്ലെങ്കില്‍ പരിഭ്രമിപ്പിക്കുന്ന തരത്തിലുള്ള മുതലിന്റെ സമാഹരണം മുതലാളിത്തത്തില്‍ അസാധ്യമാണ്. അതിനാല്‍ തന്നെ അഴിമതി സംസ്കാരമാണ് മുതലാളിത്തത്തിന്റെ ജീവരക്തമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതേ ദിശയില്‍ വായിക്കുമ്പോഴാണ് മുതലാളിത്തം നിര്‍മിക്കുന്ന അഴിമതി സംസ്കാരം കൂടുതല്‍ വ്യക്തമാകുന്നത്. ഇത് മനസ്സിലാക്കിയാണ് കേജരിവാള്‍ പ്രവര്‍ത്തിച്ചത് എങ്കില്‍, തീര്‍ച്ചയായും സൈദ്ധാന്തികമായി ആം ആദ്മി മുതലാളിത്തത്തിന് എതിരാണ്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ആം ആദ്മി ഇടതു ക്യാമ്പില്‍ വരേണ്ടവരാണ്. ഇടതുപക്ഷത്തിനെതിരെ നില്‍ക്കേണ്ടവരല്ല. ഇതോടൊപ്പം വായിക്കുമ്പോള്‍, കേജരിവാള്‍ നടത്തിയ മുതലാളിത്തത്തോട് കലഹത്തിനില്ല എന്നാല്‍ ചങ്ങാത്ത മുതലാളിത്തത്തോട് കലഹിക്കുകതന്നെ എന്ന പ്രസ്താവന ഒന്നുകില്‍ പ്രത്യയശാസ്ത്രപരമായ അവ്യക്തത അതല്ലെങ്കില്‍ നേരത്തേ സൂചിപ്പിച്ച താല്‍ക്കാകലികമായ രാഷ്ട്രീയനേട്ടത്തിനുള്ള തയ്യാറെടുപ്പ്. കാരണം, ചങ്ങാത്ത മുതലാളിത്തം മുതലാളിത്തം എന്ന ഗണത്തിലെ ഒരു രൂപം മാത്രമാണ്. രണ്ട് രൂപത്തിലും അഴിമതിയെന്നത് ആദ്യം ആശയമായും പിന്നെ പ്രത്യയശാസ്ത്രമായും പരിവര്‍ത്തന വിധേയമായതാണ്. അഴിമതിയോട് കലഹിക്കുമ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തോടുമാത്രമല്ല മുതലാളിത്തത്തോട് തന്നെയാണ് കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് കേജരിവാള്‍ സൗകര്യപൂര്‍വം മറക്കാനേ വഴിയുള്ളൂ. ഈ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ്, പരിവര്‍ത്തന സമൂഹത്തില്‍ താല്‍കാലികമായി രൂപപ്പെടുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ വിവേകത്തോടെ കൂടെനിര്‍ത്തി രാഷ്ട്രീയ ബദലുകള്‍ ഉണ്ടാക്കേണ്ടതായി വരുന്നത്. പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചത് പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. ഇടതുപക്ഷവുമായുള്ള യോജിച്ച പ്രവര്‍ത്തനമോ പ്രത്യയശാസ്ത്ര സ്വീകരണമോ മാത്രമാണ് സൈദ്ധാന്തികമായും പ്രവര്‍ത്തനപരമായും ആം ആദ്മിയെ സാധാരണവും ജനകീയവും ആക്കുക. ഇന്ത്യന്‍ ഭരണ രാഷ്ട്രീയത്തിലെ നവാഗതരായ ആം ആദ്മി പാര്‍ടിയെ ഈ തരത്തില്‍ മനസ്സിലാക്കുമ്പോഴാണ് ഇടതുപക്ഷം അവരോട് ആവശ്യപ്പെടുന്ന പ്രത്യയശാസ്ത്രവും നയരേഖകളും പ്രസക്തമാകുന്നത്.

ഇടതുപക്ഷം ഒരു രാഷ്ട്രീയ ബദലാകുന്നതും ആം ആദ്മി ഇടതുപക്ഷവുമായി സഹകരിക്കേണ്ടതും ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ് - ബിജെപി ഇതര ബദല്‍ പടുത്തുയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഡല്‍ഹിയും ആം ആദ്മിയും തുറന്നുതരുന്നത് ബിജെപിയെക്കാളും കോണ്‍ഗ്രസ്സിനേക്കാളും നല്ലത് മൂന്നാം മുന്നണിയാണെന്ന സന്ദേശമാണ്. ആം ആദ്മിയുടെ നവലിബറലിസത്തോടുള്ള അവ്യക്തതയേയോ, സമീപനത്തേയോ വിമര്‍ശന വിധേയമാക്കുമ്പോള്‍ തന്നെ അവരെ ഇടതുപാളയത്തേക്ക് അടുപ്പിക്കാനുള്ള നിരന്തരമായ പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ അത്യന്താപേക്ഷിതമാണ്. കാരണം ഒരു രാഷ്ട്രീയപാര്‍ടി എന്നനിലയ്ക്ക് ഇപ്പോഴും ആം ആദ്മി ആശയപരമായി ശൈശവാസ്ഥയിലാണ്. അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി നിരന്തരം ഇടതുപക്ഷ വിമര്‍ശനങ്ങള്‍ മാറേണ്ടതുണ്ട്. അങ്ങനെ ആയാല്‍, ഇവരുടെ ഇടതുപാളയത്തിലേക്കുള്ള വരവും പ്രത്യയശാസ്ത്രപരമായ വ്യക്തതയും സുഗമമായേക്കും. അല്ലെങ്കില്‍ ആം ആദ്മിയും ഇതര നവലിബറല്‍ പാര്‍ടി കളുടെ പാതയിലേക്ക് വഴുതിവീഴാം.

*
സിദ്ധിക്ക് റാബിയത്ത് ചിന്ത വാരിക

No comments: