Sunday, March 30, 2014

അകം ദ്രവിക്കുന്ന ബിജെപി

പ്രചാരണരംഗത്ത് വര്‍ണപ്പൊലിമയാര്‍ന്നാണ് നില്‍ക്കുന്നതെങ്കിലും ആന്തരികമായി ദ്രവിക്കുകയാണ് ബിജെപി. വിജയത്തെക്കുറിച്ച് പെരുമ്പറയടിക്കുന്നുണ്ടെങ്കിലും അകമേ ഭീതിയിലാണ് ബിജെപി. ഗുജറാത്ത് സര്‍ക്കാര്‍ ഖജനാവിലെ പണമുണ്ട്. മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സുനില്‍ ഭാര്‍ട്ടി മിട്ടല്‍, അനില്‍ അംബാനി, അഡാനി തുടങ്ങിയ വമ്പന്‍ കോര്‍പറേറ്റുകള്‍ വച്ചുനീട്ടുന്ന കോടികളുടെ പണക്കിഴികളുണ്ട്. ഇവയുടെയൊക്കെ ബലത്തില്‍ പ്രചാരണരംഗത്ത് തിളക്കത്തോടെതന്നെയാണ് ബിജെപിയുടെ നില്‍പ്പ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, തിളക്കം പ്രചാരണരംഗത്തേയുള്ളൂ. ജനങ്ങള്‍ക്കിടയിലിറങ്ങുമ്പോള്‍ ഇല്ല. ഇതിന്റെ വിഷമം ബിജെപിയെ ഒട്ടൊന്നുമല്ല അലട്ടുന്നത്.

ആന്തരികമായി ദ്രവിക്കുന്നത് പരമ്പരാഗത ബിജെപിക്കാരില്‍ വലിയ ഒരു വിഭാഗം രാജ്യത്തിന്റെ പല ഭാഗത്തും അതില്‍നിന്ന് അകന്നുനില്‍ക്കുന്നതിന്റെയും കുറെ പുത്തന്‍കൂറ്റുകാര്‍ കടന്നുവന്നതിന്റെയുംകൂടി അടിസ്ഥാനത്തിലാണ്. നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പാര്‍ലമെന്ററി സമിതിയും ചേര്‍ന്ന് പാര്‍ടിക്കുള്ളില്‍ വലിയ ഒരു അസംതൃപ്ത വിഭാഗത്തെ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഏത് ഘട്ടത്തിലും നെടുകെ പിളരുന്ന ഒരു പൊട്ടിത്തെറിയിലേക്ക് ബിജെപി എത്താം.

എല്‍ കെ അദ്വാനി, ശിവരാജ്സിങ് ചൗഹാന്‍, സുഷമ സ്വരാജ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ സന്നദ്ധതയുള്ളവരല്ല. ബിജെപി അണികളില്‍ കാര്യമായ സ്വാധീനമുള്ളവരാണ് ഇവര്‍. അത്തരം സ്വാധീനങ്ങളില്ലാത്ത അരുണ്‍ജെയ്റ്റിലിമാരാണ് മോഡിക്കുവേണ്ടി കാര്യങ്ങള്‍ നടത്തുന്നത്. ഇത് ആപത്താണ് എന്ന ബോധം ബിജെപിയില്‍ പൊതുവിലും സീനിയര്‍ നേതാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും വളര്‍ന്നുവരുന്നു. ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിലെ ഭോപാലില്‍നിന്ന് ജനവിധി നേടണമെന്ന അദ്വാനിയുടെ ആഗ്രഹം വിലപ്പോയില്ല. പല പ്രമുഖ നേതാക്കള്‍ക്കും അതേ ഗതിതന്നെ വന്നു. തന്റെ മേല്‍വിലാസംകൊണ്ട് ജയിച്ചാല്‍മതി എന്ന മോഡിയുടെ കല്‍പ്പനയ്ക്കു കീഴില്‍ അസംതൃപ്തിയുടെ കയ്പുനീര്‍ കടിച്ചിറക്കുകയാണ് അദ്വാനിയടക്കമുള്ളവര്‍. രണ്ടംഗങ്ങള്‍ മാത്രമുള്ള അവസ്ഥയില്‍നിന്ന് ബിജെപിയെ ഇന്ത്യയിലെ പ്രമുഖ പാര്‍ടികളിലൊന്നാക്കി വളര്‍ത്തിയ അദ്വാനിയെപ്പോലും ഇങ്ങനെ കൈകാര്യംചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് മോഡി കാട്ടുന്നതെങ്കില്‍ തങ്ങളുടെ നില ഭാവിയില്‍ എന്താകുമെന്ന് പല പ്രമുഖരും അന്താളിപ്പോടെ ചോദിച്ചുതുടങ്ങിയിരിക്കുന്നു.

ജസ്വന്ത് സിങ് വളരെ പ്രമുഖമായ കേന്ദ്രമന്ത്രിസ്ഥാനങ്ങള്‍ പലവട്ടം വഹിച്ചയാളാണ്. അദ്ദേഹത്തിന് കണ്ണീരോടെയാണ് ബിജെപിയുടെ പടിയിറങ്ങേണ്ടിവന്നത്. അദ്ദേഹം രാജസ്ഥാനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബിജെപിക്കെതിരെ മത്സരിക്കുന്നു. നരേന്ദ്രമോഡിക്കെതിരെ വഡോദരയിലും വാരാണസിയിലും അതിശക്തമായ പ്രചാരണത്തിനിറങ്ങാന്‍ പോവുകയാണ് അദ്വാനിയുടെ അനുചരനായ ബിഹാറിലെ ലാല്‍മുനി ചൗബേ. ജനസംഘത്തിന്റെ കാലംമുതല്‍ക്കേ ഉറച്ചുനിന്ന ചൗബേക്ക് ഇക്കുറി മത്സരിക്കാന്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് മോഡി തീരുമാനിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 2000 വോട്ടിനുമാത്രമാണ് താന്‍ തോറ്റതെന്നും ഒരവസരംകൂടി തരണമെന്നുമുള്ള ഈ മുന്‍മന്ത്രിയുടെ അഭ്യര്‍ഥന കേട്ടഭാവം നടച്ചില്ല മോഡി. എങ്കില്‍ കാണിച്ചുകൊടുക്കാമെന്ന വൈരനിര്യാതനബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ് ചൗബേ. രാജ്നാഥ്സിങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത് അടിമകളുടെ പാര്‍ടിയുടെ തലവന്‍ എന്നാണ്.

ബിഹാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞുകൊണ്ട് കേന്ദ്രനേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ നീക്കിയതിനെതിരെ പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റിന് കത്തയച്ച് കാത്തിരിക്കുകയാണ് അവിടത്തെ മറ്റൊരു വിമത നേതാവ് ചന്ദമോഹന്‍. ഹരിയാനയില്‍ ബിജെപി നേതൃത്വത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന പ്രദീപ് സാംഗ്വാന്‍ പാര്‍ടിയെത്തന്നെ ഉപേക്ഷിച്ച് വേറെ പാര്‍ടിയില്‍ ചേര്‍ന്നിരിക്കുന്നു. സീനിയര്‍ നേതാവായ കിഷന്‍സിങ് സാംഗ്വാന്റെ മകനായ ഇദ്ദേഹം പതിനായിരക്കണക്കിന് അനുയായികളുമായി കണ്‍വന്‍ഷന്‍ നടത്തിയാണ് പാര്‍ടി വിട്ടത്. മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ജോഷിയടക്കം നിരവധിപേര്‍ അസ്വസ്ഥരാണ്. സുഷമ സ്വരാജ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ ശിവരാജ് ചൗഹാന്റെയല്ലാതെ നരേന്ദ്രമോഡിയുടെ പേര് പറയുന്നുപോലുമില്ല. "വളര്‍ത്തിക്കൊണ്ടുവന്ന കൈക്കുതന്നെ കടിച്ചയാള്‍" എന്ന നിലയ്ക്കുള്ള പ്രതിച്ഛായ അദ്വാനി സംഭവം മുന്‍നിര്‍ത്തി മോഡിക്കുചുറ്റും പാര്‍ടിയില്‍ വളര്‍ന്നുവരികയാണ്.

ബിജെപി മുമ്പ് അധികാരത്തില്‍വന്നിട്ടുണ്ട് എന്ന ചരിത്രം പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. 24 ഘടകകക്ഷികളുടെ ബലത്തില്‍ എന്‍ഡിഎ ആയാണ് പണ്ട് അധികാരത്തില്‍ വന്നത്. എന്നാല്‍, ഇന്ന് വിരലിലെണ്ണാനാവുന്ന ഘടകകക്ഷികളേയുള്ളൂ. പഴയ വീരസ്യം ആവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. മുലയം സിങ് യാദവ്, നവീന്‍പട്നായിക്, ശരദ്യാദവ് തുടങ്ങി പല സംസ്ഥാനങ്ങളിലെയും പ്രമുഖര്‍ ഒരുവിധത്തിലും ബിജെപിയുമായി അടുക്കാവുന്ന നിലയില്ല. പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയാണ് എന്നതുകൊണ്ടുതന്നെ പല പ്രാദേശിക കക്ഷികളും ബിജെപിയില്‍നിന്ന് കൃത്യമായ അകലംപാലിച്ച് സ്വന്തം വോട്ടുമേഖലകളില്‍ ക്ഷീണമുണ്ടാകാതെ നോക്കുന്നു.

ഒരു വശത്ത് വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. മറുവശത്ത് പ്രമുഖ നേതാക്കള്‍ പലരും പാര്‍ടി വിട്ടുപോകുന്നതിന്റെ ക്ഷീണം സഹിക്കേണ്ടതായും വരുന്നു. ഈ തകര്‍ച്ചയെ മൂടിവയ്ക്കാനുള്ള വാചാടോപങ്ങളില്‍ അഭിരമിക്കുകയാണ് നരേന്ദ്രമോഡി. അതാകട്ടെ, സ്വന്തം അണികളില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉയരുന്നതുമില്ല. പരാജയഭീതിയിലേക്കും ആന്തരിക തകര്‍ച്ചയിലേക്കും നീങ്ങുകതന്നെയാണ് ബിജെപി എന്നതാണ് സത്യം. പണക്കൊഴുപ്പിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ പുറമെമാത്രം.
*
deshabhimani editorial

No comments: