Monday, March 3, 2014

പക്ഷഭേദത്തിന്റെ ഉറഞ്ഞുതുള്ളല്‍

നോം ചോംസ്ക്കിയും എഡ്വേര്‍ഡ് ഹെര്‍മനും നടത്തിയ മാധ്യമ പഠനത്തില്‍  സ്വകാര്യ മാധ്യമങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട് - കൊലപാതകമായാലും മരണമായാലും മാധ്യമങ്ങള്‍ തുല്യനിലയിലല്ല കാണുന്നതെന്ന്. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്താവതരണങ്ങളെക്കുറിച്ച് പഠിച്ചതിനെ തുടര്‍ന്നാണ് ചോംസ്ക്കിയും ഹെര്‍മനും ഈ നിരീക്ഷണം നടത്തിയത്. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. നമ്മുടെ മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരുദാഹരണം കൂടി - നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. മാധ്യമ നിഷ്പക്ഷതയെ സംബന്ധിച്ച് തരിമ്പെങ്കിലും സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ പോയവാരത്തെ, ഇതെഴുതുന്നതുവരെയുള്ള, പത്രങ്ങള്‍ ഒന്നോടിച്ച് നോക്കിയാല്‍ മതി; ചാനല്‍ പരിപാടികള്‍ - പ്രത്യേകിച്ചും അന്തിചര്‍ച്ചകള്‍ - ഒന്നോര്‍ത്തെടുത്താല്‍ മതി.

അച്ചായെന്‍റ ഒരു "കുടുങ്ങല്‍"

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയും അവിവാഹിതയുമായ രാധ എന്ന സ്ത്രീയെ കോണ്‍ഗ്രസ് ഓഫീസിനകത്തുവെച്ച് ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ചാക്കില്‍ കെട്ടി രണ്ടുനാള്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൈപ്പത്തി അങ്കിതമായ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ സൂക്ഷിച്ചിരുന്നു. നിലമ്പൂര്‍ അങ്ങാടിയിലെ തിരക്കേറിയ സ്ഥലത്താണ് കോണ്‍ഗ്രസ് ഓഫീസ്. ഭരണകക്ഷിയുടെ, അതും പ്രമുഖനായ ഒരു നേതാവിന്റെ, മന്ത്രിയുടെ സ്വന്തം തട്ടകത്തിലുള്ള, ഓഫീസില്‍ രണ്ടുദിവസം ആരും വരാതിരിക്കാനിടയില്ലല്ലോ, ചുരുങ്ങിയത് ആ പ്രദേശത്തെ ആര്യാടന്‍ ശിങ്കിടികളായ കോണ്‍ഗ്രസ് പ്രമാണിമാരെങ്കിലും. മാത്രമോ? കോണ്‍ഗ്രസ് അനുഭാവിയായ രാധ തന്നെയായിരുന്നു ആര്യാടന്‍ ഷൗക്കത്തിെന്‍റയും ആര്യാടന്‍ ആസാദിെന്‍റയും ഓഫീസുകളും തൂത്തു വൃത്തിയാക്കിയിരുന്നത്. ആ രാധയാണ് കൊല്ലപ്പെട്ടത്. രാധയുടെ സഹോദരങ്ങള്‍ രാധയെ അന്വേഷിച്ചലയുമ്പോള്‍ രാധയുടെ മൃതശരീരം കോണ്‍ഗ്രസ് ഓഫീസില്‍ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ ജീര്‍ണിക്കുകയായിരുന്നു.

ഫെബ്രുവരി 10നാണ് വാര്‍ത്ത പുറംലോകം അറിയുന്നത്, നിലമ്പൂരിനടുത്ത് ചുള്ളിയോട് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കപ്പെട്ടതിനെ തുടര്‍ന്ന്. സ്വാഭാവികമായും 11-ാം തീയതി മാധ്യമങ്ങളില്‍ ഒരു പ്രധാന വാര്‍ത്തയായി വരേണ്ടതല്ലേ? പ്രത്യേകിച്ചും ഒരു രാഷ്ട്രീയ പാര്‍ടിയുടെ അതും മുഖ്യഭരണകക്ഷിയുടെ ഓഫീസില്‍വെച്ച് നടന്ന കൊലപാതകമാകുമ്പോള്‍; ചരിത്രത്തില്‍ തന്നെ ഇതാദ്യത്തെ സംഭവം കൂടിയാകുമ്പോള്‍ ഇതിെന്‍റ പ്രാധാന്യവും വാര്‍ത്താമൂല്യവും വര്‍ദ്ധിക്കേണ്ടതല്ലേ? എന്നാല്‍ സംഭവിച്ചതോ? 11-ാം തീയതി "മനോരമ"യില്‍ 11-ാം പേജില്‍ ഒരു കുഞ്ഞു വാര്‍ത്ത ഇങ്ങനെ: ""തൂപ്പുകാരിയുടെ വധം; കോണ്‍ഗ്രസ് നിലമ്പൂര്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍"". തികച്ചും അപ്രധാനമായി അവതരിപ്പിച്ച് സംഭവം തമസ്കരിച്ചു. "മാതൃഭൂമി", "മാധ്യമം", "കേരള കൗമുദി" ആദിയായ മുഖ്യധാരക്കാര്‍ ഒന്നാം പേജിലാണെങ്കിലും അപ്രധാന കോണിലാണ് ഈ വാര്‍ത്തയ്ക്ക് ഇടം നല്‍കിയത്. തുടര്‍ന്നും അതിലൊരു മാറ്റവും വന്നതുമില്ല. അതുകൊണ്ട് തല്‍ക്കാലം "മനോരമ"യെ നമുക്ക് പിന്തുടരാം.

ഇതാ നോക്കൂ 12-ാം തീയതിയിലെ "മനോരമ". അന്ന് ഒന്നാം പേജില്‍ തന്നെ 5 കോളത്തില്‍ സംഭവം സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, അതിങ്ങനെയാണ്: ""തൂപ്പുകാരി വധം : തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു കുടുങ്ങി"". ഒപ്പം ഒരു തുടരന്‍ പൈങ്കിളി സാധനോം ഒണ്ട് - ""പഴ്സനലായിട്ട് പറയുവാ"". മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പറ്റി ഒരു സാധനം. കുറ്റം പറയരുതല്ലോ ഇടതുപക്ഷ ഭരണത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെക്കുറിച്ച് ഗോസിപ്പ് മോഡലില്‍പോലും "പഴ്സനലായിട്ട്" ഒന്നു കാച്ചാന്‍ കിട്ടാത്തതില്‍ കോട്ടയം കുട്ടികള്‍ക്ക് കുണ്ഠിതം അസാരമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും രാധ വധം (സോറി, തൂപ്പുകാരി വധം) അപ്രധാനമായി കാണാമറയത്തു തന്നെ. മാത്രമോ? തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചാണ് പാവം കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി കം കറന്‍റ് മന്ത്രീടെ പേഴ്സണല്‍ സ്റ്റാഫ് "കുടുങ്ങിയത്". എന്തൊരു ഭാഷാ വൈദഗ്ദ്ധ്യമെന്നു നോക്കണേ! "കുടുങ്ങി"പ്പോയത്രെ! ഒരു സ്ത്രീ ഭരണകക്ഷീടെ ഓഫീസില്‍വെച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതൊന്നും ഈ പത്ര ഭീകരന്, വാര്‍ത്തയേ അല്ല! അതൊക്കെ ഒരു തൂപ്പ് ഏര്‍പ്പാട്! ഈ രീതിയില്‍ വാര്‍ത്താവതരണം നടത്തണോന്‍മാരേം ഈ മഞ്ഞപത്രത്തിെന്‍റ നടത്തിപ്പുകാരേം, നാട്ടിന്‍പുറത്തെ ഭാഷാപ്രയോഗ പ്രകാരമാണെങ്കില്‍, ചന്തീല്‍ തെരണ്ടിവാലുകൊണ്ട് പത്ത് പെട കൊടുക്കയാണ് വേണ്ടത്!

പോട്ടെ, നമ്മള വിഷയത്തില് വരാം. 15-ാം തീയതിയായപ്പോള്‍ "മനോരമ" 17-ാം പേജില്‍ ഒരു ചിന്ന കടിതം കൊടുക്കുന്നു: ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. നിലമ്പൂരില്‍ പൊലീസിന്റെ മാരത്താണ്‍ തെളിവെടുപ്പ്. മുഖ്യപ്രതി കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിെന്‍റ മുന്‍ പിഎയുമായ ബിജു"". കൊലപാതകം നടക്കുമ്പോഴും ബിജു ആര്യാടെന്‍റ പിഎ തന്നെയാണ്. പിന്നെങ്ങനെ ഈ "മുന്‍" വാല് വച്ചുകെട്ടണത്? 5 ദിവസം പിന്നിട്ടപ്പോഴാണ് ""തൂപ്പുകാരി വധം"" "മനോരമ" 17-ാം പേജിലെങ്കിലും ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം"" എന്നവതരിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. 16-ാം തീയതി വീണ്ടും 9-ാം പേജില്‍, ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: 10 പേരെ ചോദ്യം ചെയ്തു"" എന്ന് നല്‍കിയിരിക്കുന്നു. 17-ാം തീയതിയാണ് "മനോരമേ"ടെ ഒരു കലക്കല്. 11-ാം പേജില്‍ ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല"". 12-ാം തീയതി മുതല്‍, ബലാല്‍സംഗം നടന്നതായുള്ള വാര്‍ത്ത പരന്നിട്ടും ചില ദൃശ്യമാധ്യമങ്ങളും പത്രങ്ങളും (ദേശാഭിമാനി, മാധ്യമം) അതു പ്രസിദ്ധീകരിച്ചിട്ടും "മനോരമ"യ്ക്ക് ആഴ്ചയൊന്നു കഴിഞ്ഞിട്ടും നിഷേധം പറയാനേ പറ്റുന്നുള്ളൂ.

ഞമ്മളെ സ്വന്തം പീഡനമല്ലേ, സ്വന്തം ആപ്പീസിലെ കൊലയല്ലേ. ഇതിന്റേക്കെ മുറിവെണ്ണാന്‍ പോയാല്‍ എവിടേക്കെ നോക്കണം, തപ്പണം? അതുകൊണ്ട്, കൂട്ടരേ, "മനോരമ" (നല്ല മണികെട്ടിയ "നുണരമ") തുടരുന്നു - ""രാധയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിന്റെ പിടി ഭാഗം കൊണ്ടതുമൂലം ഉണ്ടായതാണെന്ന് ഐജി എസ് ഗോപിനാഥ് പറഞ്ഞു. പീഡന ശ്രമത്തിനിടെ ഉണ്ടാകുന്ന രീതിയിലുള്ള മുറിവുകള്‍ രാധയുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ആധികാരികമായി കണക്കിലെടുക്കേണ്ടതെന്നിരിക്കെ, അതു തള്ളിക്കളഞ്ഞ് വേറെ ഭാഷ്യം ചമയ്ക്കാന്‍ നോക്കണ പൊലീസേമാനും അതിന് ചൂട്ടു പിടിക്കണ റബറ് പത്രോം കൊലയാളികളെ രക്ഷിക്കാനും കേസട്ടിമറിക്കാനുമാണ് തത്രപ്പെടുന്നത്. നോക്കണേ ഒരു ശൈലി, (ഐപിഎസ് ഏമാന്റെയോ മനോരമേടെയോ എന്നറിയില്ല) - ""സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിന്റെ പിടി ഭാഗം കൊണ്ടതുമൂലം"". ചൂലിന്റെ പിടി ഭാഗം അങ്ങു ചുമ്മാ അകത്തുകയറി മുറിവുണ്ടാക്കിയതായിരിക്കും അല്ലേ? അപ്പോ പ്രതി ചൂലിന്റെ പിടി? ആദ്യം ഒരു പൊലീസ് കോദണ്ഡരാമന്‍ പറഞ്ഞത്, അതിനകത്ത് മീന് കേറി കടിച്ചതെന്നാണ്. ഇപ്പോ ഈ ചൂലിനെ കണ്ടെടുത്തതു തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധരും. എെന്‍റ സാറന്മാരെ, ഡല്‍ഹീ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനിടയാക്കിയത് കമ്പിപ്പാരകൊണ്ടുള്ള പ്രയോഗമാണെന്നതു മറന്നുപോയോ? ഇവിടെ ഇന്നായിരുന്നെങ്കില്‍ നമ്മളെ പൊലീസേമാന്മാരും മനോരമ പിള്ളാരുംകൂടി "കമ്പിപ്പാര അകത്തുകയറി പോയതാ"ണെന്ന് പറയുമായിരുന്നല്ലോ!

സ്വന്തം രാഷ്ട്രീയ വളര്‍ത്തുനായ്ക്കളെ ലച്ചിച്ചെടുക്കാന്‍ ഈ പത്രം എത്ര തരംതാഴാനും തയ്യാറാകും എന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തു വേണം? അതേ സ്റ്റോറിയില്‍ നമുക്ക് ഇങ്ങനെ ഒരു സങ്കതി കൂടി വായിക്കാം: ""രാധയോടുള്ള രോഷം തീര്‍ക്കാന്‍ ചൂലിന്റെ പിടി ഉപയോഗിച്ചു മുഖ്യപ്രതി ബിജു അവരുടെ സ്വകാര്യ ഭാഗത്തു കുത്തിയെന്നാണ് പൊലീസ് ഭാഷ്യം. മുറിവ് അതുമൂലം ഉണ്ടായതാണെന്നു തെളിഞ്ഞതായും പൊലീസ് പറയുന്നു"". എത്ര ജുഗുപ്സാവഹമായ അവതരണമെന്നു നോക്കൂ. കേരളം ഭരിക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ വെള്ളപൂശാന്‍ മലയാള ഭാഷയെ തന്നെ "മനോരമ" (പൊലീസിന്റെ മറവില്‍) ബലാല്‍സംഗം ചെയ്യുകയാണ്. ബിജുവിന് "രോഷം തീര്‍ക്കാന്‍" ആ പാവം സ്ത്രീ ചൂലു കുത്തിക്കേറ്റാന്‍ പാകത്തിന് ഇരുന്നുകൊടുത്തതുപോലുള്ള നിസ്സാരവല്‍ക്കരിച്ച എഴുത്താണിതെന്നറിയാന്‍ എന്റെ മനോരമേ, പാഴൂര്‍ പടിക്കല്‍ വരെ പോകേണ്ടതില്ല. 48കാരിയായ ആ പാവം സ്ത്രീ സംഭവം നടക്കുമ്പോള്‍ കന്യകയുമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വിദഗ്ദ്ധര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ മാധ്യമ ഭീകരന്മാര്‍, ഈ ഭരണവര്‍ഗ കൂലിത്തല്ലുസംഘം ഖദറണിഞ്ഞ ക്രിമിനലുകളെ ലച്ചിക്കാന്‍ ഇരയെ കുറ്റവാളിയായി ചിത്രീകരിക്കാനും മടിക്കില്ലായിരുന്നു.

ജസീക്കാ ലാലിന്റെയും നയനാ സാഹ്നിയുടെയും സുനന്ദാ പുഷ്ക്കറിന്റെയും പിന്നാലെ ഒരു രാധ കൂടി.

നമ്മുടെ മാധ്യമ പടുക്കള്‍ ചരിത്രം വേണ്ടപ്പോള്‍ വേണ്ടപോലെ മേമ്പൊടിയായി പറയാനും ബഹുകേമന്മാരാണ്. എന്നാല്‍ ഇവിടെ അവര്‍ മറക്കുന്ന ചരിത്രം വേറെയുമുണ്ട്. അരങ്ങ് നിലമ്പൂരാണ്. ഇതേ നിലമ്പൂരില്‍ വെച്ചാണ് നിലമ്പൂരിെന്‍റ വീരപുത്രന്‍ സഖാവ് കുഞ്ഞാലിയുടെ നെഞ്ചില്‍ ഖദര്‍ധാരികളുടെ വെടിയുണ്ട തുളച്ചുകയറിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നുതന്നെയായിരുന്നു അതും. മുഖ്യപ്രതി ഇന്നത്തെ മന്ത്രി ആര്യാടനും. ഇനീമുണ്ട് ചരിത്രം. പഴേതല്ല, നല്ല പുതുപുത്തന്‍. സരിതക്കഥ. സരീതേരെ രഹസ്യമൊഴീല്‍ ഈ മന്ത്രീംപെടും എന്നാണ് നാട്ടുവര്‍ത്തമാനം. അപ്പോള്‍ ഇവിടേം പ്രതി പിതാശ്രീയോ മക്കള്‍ശ്രീയോ എന്നന്വേഷിക്കേണ്ടതല്ലേ, മനോരമേ? ഈ സംഭവം പുറംലോകം അറിഞ്ഞ് കൃത്യം എട്ടുദിവസമായിട്ടും, "മനോരമ"യ്ക്കോ "മാതൃഭൂമി"യ്ക്കോ ഇത് മുഖപ്രസംഗത്തിന്റെ വിഷയമാക്കേണ്ടതാണെന്നും തോന്നിയിട്ടില്ല; നമ്മുടെ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളും അന്തിചര്‍ച്ചകളും കണ്ടില്ല. മറുപുറത്ത് ആര്യാടനായതുകൊണ്ടായിരിക്കാം. എന്തായാലും "മാധ്യമം" 12-ാം തീയതി ഒരു രണ്ടാം മുഖപ്രസംഗം എഴുതിയിട്ടുണ്ട് - ""മന്ത്രിമാരുടെ തണലില്‍ ക്രിമിനലുകള്‍"". ""തങ്ങളുടെ എല്ലാ അത്യാചാരങ്ങള്‍ക്കും അനുയോജ്യരായ വ്യക്തികളെ മന്ത്രിമാര്‍ തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന് സര്‍ക്കാര്‍ ചെലവില്‍ പോറ്റി വളര്‍ത്തുകയോ?"" ഇനി ഇതാ ഉറഞ്ഞുതുള്ളല്‍ കോണ്‍ഗ്രസ് ഓഫീസിലെ ഭീകരമായ കൊലപാതകത്തിെന്‍റ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മുഖ്യധാരക്കാര്‍ തമസ്കരിച്ച (അപ്രധാനമാക്കി ഒതുക്കിയ) അതേ ദിവസം (ഫെബ്രുവരി 12) കോട്ടയം നുണരമയും കോയിക്കോട് വീരഭൂമിയും പുറത്തിറങ്ങിയതെങ്ങനെ എന്നു നോക്കണ്ടേ? അതാണ് അതിെന്‍റയൊരു ബ്യൂട്ടി!

"വീരഭൂമി" (നമ്മള തോട്ടം മുതലാളീന്റെ പത്രമേ) 12ന് ഒന്നാം പേജില്‍ 6 കോളം മത്തങ്ങയില്‍ അച്ച് നിരത്തിയിരിക്കുന്നു: ""കരാര്‍ മൂന്നിരട്ടി ഉയര്‍ന്ന നിരക്കില്‍ - സിബിഐ"". അതിനണിയിച്ചിരിക്കുന്ന തൊപ്പീംകൂടി വായിച്ചാലേ സങ്കതി പുടികിട്ടൂ: ""ലാവ്ലിന്‍: റിവിഷന്‍ ഹര്‍ജിയില്‍ പിണറായിക്ക് നോട്ടീസ്"". ഒപ്പം ഒരു ഹൈലൈറ്റും : ""കരാറിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍"". ഒരാഴ്ചമുന്‍പ്, ലാവ്ലിന്‍ ഇടപാടില്‍ ഒരു ക്രമക്കേടും ഉണ്ടായില്ലെന്ന് സംസ്ഥാന ഊര്‍ജവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തമസ്കരിച്ച പത്ര നീര്‍ക്കോലിയാണ് ഇപ്പോള്‍ തലപൊക്കി വിഷം ചീറ്റുന്നത്. ഇനി "നുണരമ"യോ? 12ന് ഒന്നാം പേജില്‍ 5 കോളം മത്തങ്ങയില്‍ സംഭ്രമജനകമായി കാച്ചിയിരിക്കുന്നു: ""ലാവ്ലിന്‍ കേസ് രേഖകള്‍ ഹൈക്കോടതിയിലേക്ക്"". ഹൈലൈറ്റ്: ""പിണറായി അടക്കമുള്ളവരെ വിട്ടയച്ച സിബിഐ കോടതി ഉത്തരവിനെതിരായ ഹര്‍ജി ഫയലില്‍"". പിന്നൊരു ബോക്സും: ""വിശദവാദം പിന്നീട്. വിധിക്കു സ്റ്റേ ആവശ്യം ഉയര്‍ന്നില്ല"". എന്താണിതിലെ "ന്യൂസ്"? "ക്രൈം കുമാര"നൊപ്പം സിബിഐയും ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അത് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയക്കാനും കീഴ്ക്കോടതിയിലെ രേഖകള്‍ വരുത്താനും നടപടി കൈക്കൊണ്ടു. വെറും സാധാരണ രീതി. ഏതെങ്കിലും പേജില്‍ ഒറ്റക്കോളത്തില്‍ ഒതുക്കാവുന്ന സങ്കതി. പക്ഷേ, ഇത് സിപിഐ എമ്മിനെതിരെയല്ലേ, പിണറായിക്കെതിരെയല്ലേ! വച്ച് താങ്ങുക തന്നെ മത്തങ്ങയില്‍! 2006 മുതല്‍ ഇതേ ചരക്ക് ഈ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് വിറ്റഴിക്കാന്‍ നോക്കണതുമാണ്. പിന്നെയോ: ഈ കേസു തന്നെ സിബിഐ പ്രത്യേക കോടതി വിചാരണാര്‍ഹം പോലുമല്ലാത്തവിധം ബാലിശവും അബദ്ധ പഞ്ചാംഗവുമാണെന്ന് വിധിച്ച് ഓടയിലെറിഞ്ഞതുമാണ്. എങ്കിലും നുണ നൂറാവര്‍ത്തിച്ച് കോണ്‍ഗ്രസിനായി ഒരു പ്രചരണം തന്നെ. അതുകൊണ്ടരിശം തീരാഞ്ഞവളുടെ മണ്ടിക്കളി വീണ്ടും.

14-ാം തീയതി "മനോരമ"യുടെ 11-ാം പേജില്‍ വായിക്കൂ: ""ലാവ്ലിന്‍ കേസ് കക്ഷിചേരാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കും"". അതില്‍ ഇങ്ങനെ: ""പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് 165 കോടി രൂപയുടെ പണിയേ നടന്നിട്ടുള്ളൂ എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടത്"". സിബിഐ അണ്ണന്മാര്‍ അങ്ങനെ കണ്ടെങ്കില്‍ ആരാ അതിനുത്തരവാദി? പണി പൂര്‍ത്തിയായപ്പോള്‍ എത്ര രൂപയുടെ പണി ചെയ്തു എന്നുറപ്പാക്കി കരാര്‍ തുക നല്‍കിയവരല്ലേ? 2003ല്‍ ആന്‍റണി മുഖ്യനും കടവൂര്‍ ശിവദാസന്‍ വൈദ്യുതികാര്യവും വഹിച്ചിരുന്നപ്പോഴല്ലേ ഇത് നടന്നത്? അതിന് പിണറായി എന്തു പിഴച്ചു? ഇനി, എത്ര രൂപേടെ പണി ചെയ്താലും കരാറില്‍ ക്വാട്ട് ചെയ്ത തുകയത്രേം നല്‍കണമെന്നാണെങ്കില്‍ ആദ്യം കരാര്‍ ഉണ്ടാക്കിയ ജി കാര്‍ത്തികേയനെയല്ലേ കൂട്ടില്‍ കേറ്റേണ്ടത്? ഗണ്‍മോനെ മറന്നോ?

ലാവ്ലിന്‍ ആഘോഷമാക്കിയ ഇതേ ദിവസം തന്നെ (ഫെബ്രുവരി 12) സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിനെക്കുറിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിബിഐ അപ്പീല്‍ പര്‍വതീകരിച്ച് ആഘോഷിച്ച "മനോരമേം" "മാതൃഭൂമീം" മുഖ്യന്റെ മുന്‍ ഗണ്‍മോന്‍ ഉള്‍പ്പെടുന്ന (കേരള പൊലീസ് അയാളെ ഇനീം പ്രതിചേര്‍ക്കാന്‍പോലും തയ്യാറാകാത്ത) കേസിലെ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തെ ചീളാക്കി ഒതുക്കുന്നത് നോക്കൂ. "മനോരമ" 12ന് 13-ാം പേജില്‍ ഇങ്ങനെ: ""സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം. സിബിഐ വേണോ വിജിലന്‍സ് മതിയോ എന്നു പരിശോധിക്കുകയാണ് എന്നു കോടതി"". മാതൃഭൂമീം സങ്കതി പേജ് 13ല്‍ തന്നെ ഒതുക്കീരിക്കുന്നു: ""സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി"". എത്ര ഗംഭീരമായി ഒടിച്ചുമടക്കി പെട്ടീല്‍ അടച്ചിരിക്കുന്നു, അധികമാരും ശ്രദ്ധിക്കാത്തവിധം. ""10 സെന്‍റുപോലും വാങ്ങാന്‍ കഴിവില്ലാത്ത രണ്ടുപേര്‍ ചേര്‍ന്ന് 500 കോടിയോളം മുടക്കാനും 45 ഏക്കര്‍ വാങ്ങാനും തയ്യാറാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല"" എന്ന് നിരീക്ഷിച്ച ഹൈക്കോടതി, ""അധികാര കേന്ദ്രങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ളതാണ് ഭൂമി തട്ടിപ്പു കേസുകള്‍"" എന്നും പ്രസ്താവിച്ചു. ("മാധ്യമം" റിപ്പോര്‍ട്ട്).

ഇതിനെക്കാള്‍ പ്രമാദമായ സാധനമാണോ പത്രാധിപശിങ്കങ്ങളേ, ഒരു കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നത്? സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് 18-ാം ദിവസം പിന്നിട്ടിരിക്കുന്നു. നാടും നഗരവും ഇളക്കിമറിച്ച്, ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനായിരങ്ങള്‍ അണിനിരന്ന് ആവേശകരമായി മാര്‍ച്ച് മലപ്പുറം ജില്ലവരെ എത്തിയിട്ടും നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ അതു കണ്ട മട്ടില്ല. നൂറാള് കൂടാത്ത രമേടെ ഉണ്ണാവ്രതത്തെ മഹാസംഭവമാക്കി അവതരിപ്പിക്കാന്‍ ഭാഷയിലെ സര്‍വപദങ്ങളും വാരിവിതറിയ, നിരന്തര ചര്‍ച്ചകള്‍ നടത്തിയ മാധ്യമ ഭീകരന്മാര്‍ ഈ ജനമുന്നേറ്റത്തിനുനേരെ കണ്ണടച്ചിരുട്ടാക്കാന്‍ നോക്കുകയാണ്.

വാല്‍ക്കഷ്ണം

""കൊല്ലപ്പെട്ട ദിവസം ടി പി വിളിച്ചത് സ്ത്രീയെ അല്ല, ആറെംപി നേതാവിനെ"" (മാതൃഭൂമി 15.2.14). അച്ഛന്‍ പത്തായത്തിലുമില്ലെന്ന് സ്ഥാപിക്കാന്‍ "മാതൃഭൂമി" ക്കെന്തൊരു വ്യഗ്രതയെന്നു നോക്കണേ!

*
ഗൗരി

No comments: