Tuesday, March 18, 2014

കൃഷ്ണനും ഓഷോയും അമേരിക്കയും പിന്നെ മോഡിയും

ഓര്‍ക്കുക, ഒരു യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്ത സമൂഹമാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ സമൂഹം! തന്റെ "കൃഷ്ണനും കൃഷ്ണധര്‍മ്മവും" എന്ന പുസ്തകത്തില്‍ ഓഷോ അടയാളപ്പെടുത്തുന്ന സത്യവാങ്മൂലമാണിത്. മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിച്ചത് അമേരിക്കയാണെന്ന് ചരിത്രം. അമേരിക്ക ജയിച്ച യുദ്ധമാണ് ലോകാനുഭവം രേഖപ്പെടുത്തിയ ഏറ്റവും വലിയ കൊടുംപാതകമെന്നതും ചരിത്രം. ഈ വിജയയുദ്ധത്തിലാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുശക്തിയുടെ അന്തികലശങ്ങളെറിഞ്ഞതും ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഉരുകിമരിച്ചതും. എന്നാല്‍ ഓഷോ തന്റെ കൃഷ്ണധര്‍മ്മത്തിന്റെ ആരൂഢം കണ്ടെത്തുന്നത് ഈ യുദ്ധവിജയത്തിലാണ്.

ഓഷോ ധാര്‍മികരോഷം കൊള്ളുന്നു. "എന്നാല്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. യുദ്ധവിരോധികള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല" തിരിച്ചറിയുക. ഓഷോയുടേത് വിഷം നിറഞ്ഞ പാനമാണ്. യുദ്ധനീതികരണത്തിന്റെ ദുഷ്ടജലമാണ് അതില്‍ നിറച്ചിരിക്കുന്നത്. അടുത്തകാലത്ത് മലയാളി ധിഷണയില്‍ ഓഷോയ്ക്കുണ്ടായികൊണ്ടിരിക്കുന്ന വലിയ വേരുപടര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു താക്കീത് നല്‍കേണ്ടിവരുന്നത്. ഓഷോ മാത്രമല്ല അമേരിക്കയും മലയാളിയുടെ പ്രിയ പദമായിരിക്കുന്നു. മലയാള സിനിമയില്‍ നന്മയുടെ തിരുരൂപങ്ങളായി അമേരിക്കയില്‍ നിന്നെത്തുന്ന "മോളിയാന്റി"മാര്‍ സ്ഥിരം കാഴ്ചയാണ്. ഒന്നുകില്‍ അമേരിക്കയില്‍ നിന്നുവരുന്നവര്‍. അല്ലെങ്കില്‍ അമേരിക്കയിലേക്ക് മടങ്ങുന്നവര്‍. ഇത്തരം സീനുകളില്‍ അമേരിക്ക എന്ന പേരുദ്ധരിക്കുന്നത് ഒരു വിശുദ്ധ ശാദ്വലത്തിന്റെ നാമമന്ത്രം പോലെയാണ്. ഒപ്പം മറ്റൊരു പേര്‍കൂടി ചേരാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്രമോഡി. ഗോധ്രയില്‍ ചത്തൊടുങ്ങിയ പതിനായിരങ്ങള്‍ എത്ര വേഗമാണ് മറക്കപ്പെട്ടത്!

നോക്കൂ. ഓഷോയുടെ കൃഷ്ണദര്‍ശനം ജോര്‍ജ് ബുഷിനേയും നരേന്ദ്രമോഡിയെയും എത്ര നിഷ്പ്രയാസമാണ് നീതികരിക്കുന്നത് എന്ന്. ഓഷോ ഉദ്ധരിക്കുന്ന കൃഷ്ണവചനം നോക്കുക. "അര്‍ജുനാ ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ കഴിയുമെന്ന് നീ കരുതുന്നുവെങ്കില്‍ നീ വിഡ്ഢികളുടെ മാര്‍ഗത്തിലാണ്". ഇതാകട്ടെ കൃഷ്ണന്റെ ചിരവിഖ്യാതമായ ഗീതാവാക്യവും. ഈ വാക്യം തുടരുന്നതിങ്ങനെയാണ്. "ശരീരത്തിനു മാത്രമേ നാശമുള്ളു. ആത്മാവ് അനശ്വരമാണ്". ഈ അര്‍ഥത്തില്‍ ആരും ആരേയും കൊല്ലുന്നില്ല. ശരീരമെന്ന ജീര്‍ണവസ്ത്രത്തെ നശിപ്പിച്ച് പുതുജന്മത്തിന്റെ വസ്ത്രം മാറ്റിയുടുക്കാന്‍ സഹായിക്കുക മാത്രമാണ്. ഇനി ഈ കണക്കുകള്‍ നോക്കുക. 1945 ആഗസ്ത് 6ന് രാവിലെ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ബോയ് എന്ന അണുബോംബിട്ട് അമേരിക്ക കൊന്നത് 140 ലക്ഷം പേരെ! നാഗസാക്കിയില്‍ ഫാറ്റ്മാന്‍ എന്ന അണുബോംബില്‍ വെന്തെരിഞ്ഞത് ഒരു ലക്ഷം പേര്‍. വിയറ്റ്നാമില്‍ 75 ദശലക്ഷം ടണ്‍ ഏജന്റ് ഓറഞ്ച് രാസായുധം വര്‍ഷിച്ച് തുടച്ചുനീക്കിയത് ദശലക്ഷങ്ങളെ.

ഇറാഖില്‍ 1,100,600 പേരെ കൊന്നൊടുക്കിയത് വെറും കള്ളക്കഥയുടെ മറവില്‍. അഫ്ഗാനിസ്ഥാനിലും സമാനം. ഈ കൂട്ടക്കൊലകളൊന്നും ഓഷോയുടെ നീതികരണത്തില്‍ ക്രൂരഹത്യകളേയല്ല. ജീര്‍ണവസ്ത്രം മാറ്റാന്‍ സഹായിക്കല്‍ മാത്രമാണ്. ഇത്തരമൊരു സങ്കല്‍പ്പത്തിന് ദാര്‍ശനികമായ ഉള്ളടക്കം ചമയ്ക്കുകയാണ് ഓഷോ "കൃഷ്ണനും കൃഷ്ണദര്‍ശനവും" എന്ന കൃതിയില്‍. മാനവപുരോഗതിയുടെ മുഖ്യചാലകശക്തിയായി യുദ്ധത്തെ നിര്‍വചിക്കുകയും അതിന്റെ വിരാട് രൂപമായി അമേരിക്കയെ വാഴ്ത്തുകയും ചെയ്യുന്ന ഓഷോ തന്റെ കാവ്യഭംഗിയുള്ള വാങ്മയത്താല്‍ കമ്യൂണിസത്തെ പരമാവധി ഇകഴ്ത്തുന്നുമുണ്ട്. ഓഷോയുടെ ലിഖിതങ്ങളില്‍ തന്നെ വായിക്കുക. "ഹിംസ സാധ്യമാകുമെന്ന് കരുതുന്ന അതേ നിമിഷത്തില്‍ അഹിംസയും പ്രസക്തമായിത്തീരുന്നു. വാസ്തവത്തില്‍ ഹിംസയും അഹിംസയും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ്. അതാണെങ്കില്‍ ഒരു ഭൗതിക നാണയവുമാണ്. ഒരാള്‍ ഹിംസാത്മകനോ അഹിംസാത്മകനോ എന്നു ചിന്തിക്കുന്നത് ഭൗതികതയാണ്. ആരെയെങ്കിലും കൊല്ലാനാകുമെന്ന് ചിന്തിക്കുന്നവന്‍ ഭൗതികവാദിയാണ്. താന്‍ ആരേയും കൊല്ലാന്‍ പോകുന്നില്ലെന്ന് ചിന്തിക്കുന്നവനും ഭൗതികവാദിയാണ്. ഒരു കാര്യം അവരില്‍ പൊതുവായിട്ടുണ്ട്. ഒരാളെ യഥാര്‍ഥത്തില്‍ കൊല്ലാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആധ്യാത്മികത ഹിംസയേയും അഹിംസയേയും ഒരുപോലെ തിരസ്കരിക്കുന്നു! അത് ആത്മാവിന്റെ അമൃതത്വത്തെ അംഗീകരിക്കുന്നു! മാത്രമല്ല അത്തരത്തിലുള്ള അദ്ധ്യാത്മികത യുദ്ധത്തെ തന്നെയും ലീലയാക്കി മാറ്റുന്നു". ഈ അര്‍ഥത്തില്‍ അമേരിക്ക ജപ്പാനിലും വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൊളംബിയയിലും നിക്കരാഗ്വയിലും പനാമയിലും ഹോണ്ടുറാസിലും ഹെയ്തിയിലും ഡൊമനിക്കന്‍ റിപ്പബ്ലിക്കിലും മെക്സിക്കോയിലുമൊക്കെ നടത്തിയ നടുക്കുന്ന മനുഷ്യക്കുരുതികള്‍ വെറും ലീലകള്‍ മാത്രം. ഹാ എത്ര മഹോന്നതമാണ് ആത്മീയത! "സാമ്രാജ്യത്വവും ഭീകരതയും ഒരു തിരിഞ്ഞുനോട്ടം" എന്ന കൃതിയില്‍ സി പി നാരായണന്‍ എഴുതുന്നു. "ലോകത്തിലെ മറ്റുപല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാണ് അമേരിക്ക. ഒരു ജനത എന്ന നിലയില്‍ ഏറെ നൂറ്റാണ്ടിന്റെ ചരിത്രം അവര്‍ക്കില്ല. അങ്ങനെയൊരു ചരിത്രമുള്ളവര്‍ -അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ്- കൊളംബസ്സും കൂട്ടരും അവിടെ എത്തിയശേഷം കൂട്ടത്തോടെ വധിക്കപ്പെട്ടു!"

മഹരാജ് കെ കൗള്‍ "ആംനസ്റ്റി ഇന്റര്‍നാഷണല്‍ നവ കൊളോണിയല്‍ ദൗത്യത്തിന്റെ മറ്റൊരു മുഖം" എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. "അമേരിക്ക വിയറ്റ്നാമിനോട് ചെയ്തത് ഹിറ്റ്ലര്‍ യഹൂദരോട് ചെയ്തതിനേക്കാള്‍ കൊടിയ ക്രൂരതകളായിരുന്നു!" സി പി നാരായണനും കെ കൗളുമൊക്കെ ഇത്തരം "വിഡ്ഢിത്ത"ങ്ങള്‍ എഴുതുന്നത് അവര്‍ ഭൗതികവാദികളായതുകൊണ്ടാണ്. യുദ്ധത്തെ ഈശ്വരന്റെ ലീലകളായികാണുന്ന ഓഷോയുടെ മഹനീയമായ ആത്മീയ ദര്‍ശനത്തിന്റെ ഔന്നത്യമൊന്നും അവര്‍ക്കില്ലല്ലോ! ഓഷോ, നീഷേയുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. "സ്വര്‍ഗത്തിന്റെ ഔന്നത്യങ്ങളില്‍ എത്താന്‍ കൊതിക്കുന്ന ഒരു വൃക്ഷം ഭൂമിയുടെ ആഴങ്ങളിലേക്ക് അതിന്റെ വേരുകള്‍ ആഴ്ത്തേണ്ടതുണ്ട്". ഓഷോയുടെ പ്രശ്നവിചാര പശ്ചാത്തലത്തില്‍ പുരോഗതി ആഗ്രഹിക്കുന്ന ഓരോ സമൂഹവും യുദ്ധത്തിന്റെ അഗാധതയിലേക്ക് വേരുകള്‍ ആഴ്ത്തേണ്ടതുണ്ട്. നോക്കൂ ഓഷോ വിടര്‍ത്തിക്കാട്ടുന്ന യുദ്ധത്തിന്റെ ഉല്‍കൃഷ്ട ദലങ്ങള്‍! ഓഷോ എഴുതുന്നു. "മനുഷ്യന്റെ സര്‍വ ആധുനിക സമ്പല്‍സമൃദ്ധികളുടെയും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളുടെയും ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള എല്ലാ സമ്പദ്സമൃദ്ധികളുടെയും അസ്തിത്വം യുദ്ധത്തോട് കടപ്പെട്ടിരിക്കുന്നു. വാസ്തവം പറഞ്ഞാല്‍ യുദ്ധം മനുഷ്യമനസ്സില്‍ അത്തരത്തിലുള്ള ഒരു പിരിമുറുക്കം സൃഷ്ടിക്കുകയും അത്തരം വെല്ലുവിളികളെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നമ്മിലെ നിദ്ര കൊള്ളുന്ന ഊര്‍ജങ്ങള്‍ വേരോടെ പിടിച്ചുകുലുക്കപ്പെടുകയും അതിന്റെ ഫലമായി അവ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു". യുദ്ധത്തെ ന്യായീകരിക്കാന്‍ മനഃശാസ്ത്രത്തേയും കവിതയേയും വിശകലനോപാധിയാക്കുന്ന ഓഷോ യുദ്ധത്തെ ന്യായീകരിക്കുന്ന കൃഷ്ണധര്‍മ്മത്തെ വാനോളം പുകഴ്ത്തുകയും യുദ്ധവിരോധികള്‍ എന്ന നിലയില്‍ ബുദ്ധനേയും റസ്സലിനേയും ഗാന്ധിയെയുമൊക്കെ പുലഭ്യം പറയുകയും ചെയ്യുന്നു. മഹാഭാരതയുദ്ധമാണ് ഭാരതത്തെ പുരോഗതിയുടെ കാര്യത്തില്‍ യുഗങ്ങളോളം പിന്നോട്ട് വലിച്ചതെന്ന് ദയാനന്ദസരസ്വതി പറയുന്നുണ്ട് (പുസ്തകം -സത്യാര്‍ത്ഥ പ്രകാശം).

എന്നാല്‍ ഓഷോ മറുപുറത്താണ്. ഓഷോ പറയുന്നു. "കൃഷ്ണന്‍ മഹാഭാരതയുദ്ധം ഒഴിവാക്കിയിരുന്നെങ്കില്‍ ഇന്ത്യ മഹത്തായ ഒരു സമ്പദ്സമൃദ്ധി കൈവരിക്കുമായിരുന്നെന്ന് ധാരാളമാളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം നേരെ മറിച്ചാണ്. കൃഷ്ണനെപ്പോലുള്ള കുറച്ചാളുകള്‍കൂടി നമുക്കുണ്ടായിരുന്നെങ്കില്‍ ഭാരതം ഇന്ന് വളര്‍ച്ചയുടെ പരമകാഷ്ഠയില്‍ എത്തുമായിരുന്നു." ഭഗവത്ഗീതയെ മുന്‍നിര്‍ത്തിയാണ് ഓഷോ കൃഷ്ണനെ ഒരു യുദ്ധോത്സുകനായി ന്യായീകരിക്കുന്നത്. വ്യാസ വിരചിതം എന്ന് നമ്മള്‍ വിശ്വസിക്കുന്ന മഹാഭാരതത്തെ മുന്‍നിര്‍ത്തിയാണ് ഗീത മഹത്വവല്‍ക്കരിക്കപ്പെടുന്നത്. എന്നാല്‍ മഹാഭാരതത്തിന്റെ ആദ്യനാമം "ജെയ്" എന്നായിരുന്നുവെന്നും ഇന്നുള്ളതിന്റെ മൂന്നിലൊന്ന് ശ്ലോകങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീടുള്ളതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട, അല്ലെങ്കില്‍ കുത്തിത്തിരുകപ്പെട്ടതാണ് ഭഗവത്ഗീതയെന്നും. അര്‍ജുനന്റെ തേരാളി എന്നതിലുപരി യുദ്ധതാത്വികനായ ഒരാളായിരുന്നു കൃഷ്ണന്‍ എന്നു വിചാരിക്കാന്‍ ഈ പശ്ചാത്തലത്തില്‍ ന്യായമൊന്നും കാണുന്നില്ല. എന്നാല്‍ ഭഗവത്ഗീതയെ ഉദാഹരണമാക്കി ഓഷോ കൃഷ്ണനെ യുദ്ധത്തെ മാനവ പുരോഗതിയുടെ അനിവാര്യ ഘടകമായി വ്യാഖ്യാനിക്കുകയാണ്. ഓഷോ എഴുതുന്നു:

"യുദ്ധവും സമാധാനവും ജീവിതത്തിന്റെ രണ്ട്ചിറകുകളാണ്. അവയില്‍ ഒന്നുമാത്രമായി നമുക്ക് മുന്നോട്ടുപോകാനാകില്ല." ഓഷോ ഇത്രകൂടി പറയുന്നു: "മറ്റൊരു മഹാഭാരതയുദ്ധം നടത്താനുള്ള ധൈര്യമില്ലായ്മയാണ് നമ്മുടെ ദൗര്‍ഭാഗ്യങ്ങളുടെയെല്ലാം വേര്". ചന്ദ്രനെക്കൂടി യുദ്ധവേദിയാക്കേണ്ടത് മനുഷ്യവളര്‍ച്ചക്ക് അത്യാവശ്യമാണെന്നും ഓഷോ ആവേശപ്പെടുന്നു. "ഭൂമിയില്‍നിന്ന് വിദൂരസ്ഥമായി നിലകൊണ്ടുള്ള ഒരു പോരാട്ടം ആരംഭിച്ചിരിക്കുന്നു. മനുഷ്യന്‍ അവന്റെ ദൃഷ്ടികള്‍ വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങളിലേക്ക്, ചന്ദ്രനിലേക്ക്, ചൊവ്വയിലേക്കുപോലും ഉയര്‍ത്തിയിരിക്കുന്നു. ഇനി ശൂന്യാകാശത്തിന്റെ വിശാലതയില്‍ യുദ്ധങ്ങള്‍ നടത്തപ്പെടും". ഓഷോ തുടരുന്നു. "ഈ പശ്ചാത്തലത്തിലും കൃഷ്ണന്റെ സന്ദേശം പ്രത്യേകം സ്വാര്‍ഥകത്വം വഹിക്കുന്നുണ്ട്". ഒരുപക്ഷേ ഈ ലോകം ഒരിക്കല്‍ക്കൂടി വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരിക്കാം. നിര്‍ണായകമായ ഒരു നിമിഷം വന്നുചേരുമ്പോഴും യുദ്ധം അനിവാര്യമായിത്തീരുമ്പോഴും സാധാരണയായി ഇത് സംഭവിക്കുന്നു. ഈ സംഭവ്യാവസ്ഥയില്‍ ഗാന്ധിയേയും റസ്സലിനേയും പോലുള്ള ആളുകള്‍ നിഷ്പ്രയോജനമായിരിക്കും.

ഒരര്‍ഥത്തില്‍ അവരെല്ലാം അര്‍ജുനന്‍മാരാണ്. അവര്‍ പറയും യുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണമെന്ന്. മറ്റുള്ളവരെ കൊല്ലുന്നതിനേക്കാള്‍ നല്ലത് സ്വയം കൊല്ലുന്നതാണ്. ഒരു കൃഷ്ണന്‍ വീണ്ടുമവിടെ ആവശ്യമായിവരും. നന്മയുടെ ശക്തികള്‍ യുദ്ധം ചെയ്യണമെന്ന് വ്യക്തമായും പറയാനാകുന്ന ഒരു കൃഷ്ണന്‍! ഇതാ - ഓഷോയുടെ പൂച്ച ചാക്കിനുള്ളില്‍നിന്ന് പുറത്തു ചാടിക്കഴിഞ്ഞു. ലോകം രണ്ട് ചേരിയായി മാറിയിരിക്കുന്നുവെന്നും അവര്‍ തമ്മില്‍ ഒരു യുദ്ധം അനിവാര്യമാണെന്നും അതില്‍ ഒരു ചേരി നന്മയുടേതാണെന്നും തിന്മയുടെ മറുചേരിയെ അത് കീഴടക്കുമെന്നും ഓഷോ പ്രവചിക്കുന്നു. അദ്ദേഹം ഈ കൃതി എഴുതുന്ന കാലത്ത് ലോകം വ്യക്തമായും രണ്ടു ചേരിയായിരുന്നു. ഒന്ന് റഷ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും മറ്റൊന്ന് അമേരിക്കയുടെ മേധാശക്തിയിലമര്‍ന്ന മുതലാളിത്ത ചേരിയും. ഇതില്‍ ഏതാണ് ജയിക്കേണ്ട ശക്തി എന്ന് ഓഷോ സ്വപ്നം കാണുന്നുണ്ട്. ഓഷോ നയം വ്യക്തമാക്കുന്നു.

"സ്വാതന്ത്ര്യമാണ് ഏറ്റവും ഉന്നതമായത്. അതാണ് ഇന്നത്തെ ഏറ്റവും നിര്‍ണായകമായ ചിന്താവിഷയം. മനുഷ്യന്റെ സ്വാതന്ത്ര്യം വളരുകയും പൂവിടുകയും ചെയ്യാനിടയുള്ള ഒരു സമൂഹത്തെ, ലോകത്തെ നമുക്ക് ആവശ്യമുണ്ട്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുകയും ചങ്ങലയ്ക്കിടുകയും ചെയ്യുന്ന ഒരു സമൂഹത്തെ, ഒരു ലോകത്തെ നമ്മള്‍ ആഗ്രഹിക്കുന്നില്ല". കമ്യൂണിസത്തെക്കുറിച്ച് മുതലാളിത്തലോകം എക്കാലത്തും പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒന്നാണിത്. അത് മനുഷ്യസ്വാതന്ത്ര്യത്തിനെതിരാണെന്ന്! ഒടുവില്‍ ഓഷോ എല്ലാ മൂടുപടങ്ങളും വലിച്ചെറിഞ്ഞ് പ്രഖ്യാപിക്കുന്നു. "സമൂഹത്തില്‍ സമത്വം കൈവരിക്കുന്നതിനുവേണ്ടി ഒന്നാമതായി രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അമര്‍ത്തിവയ്ക്കണമെന്നും വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കുകയും ഒരു സ്വേച്ഛാധിപത്യം സ്ഥാപിക്കണമെന്നും ഉള്ള വീക്ഷണം മാര്‍ക്സ് പുലര്‍ത്തിയിരുന്നു!" ഇത്രമാത്രമല്ല മാര്‍ക്സിസത്തിന്റെ അടിത്തറയായ സമത്വചിന്തയെ തന്നെ ഓഷോ ആക്രമിക്കുന്നു. "സമത്വം പ്രകൃത്യാനുസാരിയല്ല, സാധ്യവുമായ കാര്യവുമല്ല. സമത്വമെന്ന സങ്കല്‍പ്പം മനഃശാസ്ത്രവിരുദ്ധവുമാണ്. എന്റെ കാഴ്ചപ്പാടില്‍ കൃഷ്ണന്‍ സ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരിക്കും നിലകൊള്ളുക. സമത്വത്തിന്റെ പക്ഷത്തായിരിക്കുകയില്ല". രതിയുടെ സര്‍വസ്വാതന്ത്ര്യത്തിന്റെ പ്രവാചകന്‍ എന്ന നിലയില്‍ ഭഗവാന്‍ രജനീഷ് അഥവാ ഓഷോ നമ്മുടെ മേല്‍ത്തട്ട് സമൂഹത്തെയാണ് ആദ്യം ആകര്‍ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ വായനയില്‍പ്പോലും ഓഷോ വലിയൊരു ഫാഷനായി തീര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഓഷോയുടെ പാനപാത്രത്തില്‍ എന്തായിരുന്നു. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ലഹരി നുരയുന്ന അമേരിക്കന്‍ പ്രചാരണം. അമേരിക്കയാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസയെന്നാണല്ലോ വെപ്പ്. തീര്‍ച്ചയായും ഓഷോയുടെ കൃഷ്ണന്‍ അമേരിക്കയോടൊപ്പമാണ്. ഓഷോ അടിവരയിടുന്നു.

"തിന്മയുടെ ശക്തികള്‍ വ്യക്തിക്ക് എതിരും, സംഘത്തിന് അനുകൂലവുമായിരിക്കും." "സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍" എന്നുപറഞ്ഞ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം "തിന്മ"യുടെ ശക്തിയാണെന്ന് ഓഷോ ഇതില്‍പ്പരം വ്യക്തമായി എങ്ങനെയാണ് പറയുക? ഈ അര്‍ഥത്തില്‍ ഓഷോ നല്‍കുന്ന ആത്മീയതയുടെ കനി സാമ്രാജ്യത്വത്തിനും അത് സൃഷ്ടിക്കുന്ന യുദ്ധക്രൂരതകള്‍ക്കും അനുകൂലമായ ധൈഷണിക കൂട്ടിക്കൊടുപ്പ് മാത്രമാണ്. പാനപാത്രത്തിന്റെ മനോഹാരിതയില്‍ ഓഷോ നമ്മെ കുടിപ്പിക്കുന്നത് വിഷമാണ്. നരേന്ദ്രമോഡിയുടെ കാര്യം തന്നെയെടുക്കുക. മോഡി ഇപ്പോള്‍ കേരളീയ മനസ്സിനും ആത്മനിന്ദയില്ലാതെ സ്വീകരിക്കാവുന്ന ഒരു സാന്നിധ്യമായിരിക്കുന്നു. ഗുജറാത്ത് കലാപത്തിന്റെ സ്മരണയൊന്നും ഇപ്പോള്‍ നമുക്കത്ര കാര്യമല്ല. അല്ലെങ്കില്‍ തന്നെ മോഡി ആരെയാണ് കൊന്നിട്ടുള്ളത്? ആത്മാവിനെ വസ്ത്രം മാറാന്‍ സഹായിക്കുക മാത്രമല്ലേ? ഹിംസയെ ജീവിതത്തിന്റെ സമഗ്രതയില്‍ സ്വീകരിക്കുന്ന കൃഷ്ണസങ്കല്‍പ്പം മോഡിക്കുകൂടി യോജിച്ചുവരും. മോഡിയുടെ ഈ സ്വീകാര്യതയ്ക്കു പുറകില്‍ വിശാലമായ ഓഷോ വായനകൂടി നിലപാടുതറയൊരുക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

*
ശ്രീപ്രതാപ് ദേശാഭിമാനി വാരിക

No comments: