Tuesday, March 11, 2014

സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം

വന്‍കിട മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ ഏറെക്കുറെ കോര്‍പറേറ്റ് നിയന്ത്രണത്തിലാണ്. തൊഴിലാളി വര്‍ഗത്തിനെതിരായ താല്‍പ്പര്യങ്ങളാണ് അവയില്‍നിന്ന് നിരന്തരം പ്രസരിക്കുന്നത്. അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകളെ രൂപപ്പെടുത്തുന്നു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളെ തമസ്കരിക്കുന്നു; അല്ലെങ്കില്‍ അപ്രധാനമായോ തെറ്റായോ അവതരിപ്പിക്കുന്നു. ഭരണരാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മോധാവിത്വവും കോര്‍പറേറ്റുകളും പാരസ്പര്യത്തോടെ ഇടപെടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത്, മാധ്യമങ്ങള്‍ ആ ത്രയത്തില്‍നിന്ന് വേര്‍പെടുത്താനാവാത്ത വിധം ഒട്ടിച്ചേര്‍ന്ന് രാഷ്ട്രീയദൗത്യം നിര്‍വഹിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രമല്ല വരുന്നത്- ജനങ്ങളുടെ മനസ്സിനെ കോര്‍പറേറ്റുകള്‍ ഇച്ഛിക്കുന്ന വിധം പരുവപ്പെടുത്തിയെടുക്കാനുള്ള പദ്ധതികളുമാണ്. വാര്‍ത്താ പാക്കേജുകളും പെയ്ഡ് ന്യൂസും അഡ്വറ്റോറിയലുകളും അതിന്റെ വകഭേദങ്ങളാണ്. ആശയ പ്രചാരണരംഗത്തെ ഈ ആധിപത്യത്തെ മറികടക്കുന്നത് അത്യന്തം പ്രയാസകരമായ ഒന്നാണ്. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം മാധ്യമങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു; അതിന്റെ ഉല്‍പ്പന്നമായി ജനവിരുദ്ധ നയങ്ങളെ വിശുദ്ധപ്പെടുത്തുന്ന വാര്‍ത്തകളും വിശകലനങ്ങളും പ്രളയം സൃഷ്ടിക്കുന്നു. മാധ്യമരംഗത്തെ ജനകീയ ഇടപെടലുകള്‍ വഴിയേ ഇതിനെ മറികടക്കാനാവൂ. അച്ചടി-ദൃശ്യ മാധ്യമ രംഗത്ത് ഇന്ന് നമ്മുടെ രാജ്യത്തുള്ള ബദല്‍ സംരംഭങ്ങളുടെ പരിമിതമായ ശക്തി മാത്രം വിനിയോഗിക്കപ്പെട്ടാല്‍ പോരാ എന്നര്‍ഥം.

വര്‍ത്തമാനകാലത്തെ ആശയപ്രചാരണരംഗത്ത് പ്രധാന സ്ഥാനം നവമാധ്യമങ്ങള്‍ക്കുണ്ട്. ഈ രംഗത്ത് സാമൂഹ്യ മാധ്യമങ്ങള്‍ അഥവാ സോഷ്യല്‍ മീഡിയ തുറന്നിടുന്ന സാധ്യത വളരെ വലുതാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും പുതിയ വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീനിക്കാനുതകുന്നതുമാണ് സോഷ്യല്‍ മീഡിയ എന്നതരത്തിലുള്ള നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ആകെ 543 സീറ്റുള്ളതില്‍ 160ല്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും എന്നാണ് ഒരു റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജന്മമെടുത്ത ആം ആദ്മി പാര്‍ടി, ഫെയ്സ്ബുക്ക് മുഖേനയാണ് തെരഞ്ഞെടുപ്പിനായി പത്തു കോടി രൂപ സമാഹരിച്ചതും തങ്ങള്‍ക്കായി ലക്ഷക്കണക്കിന് വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതും. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി സ്വന്തം അപദാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്താന്‍ നാനൂറ് പ്രൊഫഷണലുകളെ ശമ്പളംകൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ആയിരം പേരെ സഹായികളായും നിയോഗിച്ചു. രാഹുല്‍ ഗാന്ധിയുടെ "യോഗ്യത" ജനങ്ങളെ അറിയിക്കാനുള്ള പരസ്യങ്ങള്‍ക്കായി എഴുനൂറു കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവിടുന്നത്.

ഒരമേരിക്കന്‍ കമ്പനിയും ഒരു ജാപ്പനീസ് കമ്പനിയുമാണ് രാഹുലിനുവേണ്ടി നവമാധ്യമങ്ങളില്‍ ഇടപെടുന്നത്. ജനാധിപത്യം പുലരുന്നു എന്ന് പലരും കരുതിയ നവമാധ്യമങ്ങളും പണാധിപത്യത്താല്‍ പരുവപ്പെടുന്നു എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കൂട്ടായ്മകള്‍ സൗഹൃദവിനിമയത്തിന്റെ പരിധികള്‍ കടന്ന് സാമൂഹിക സംഘാടനത്തിന്റെ ഉപാധിയായി തീര്‍ന്നിരിക്കുന്നു. അത് തുറന്നിടുന്ന സാധ്യതകള്‍ മറ്റേത് മാധ്യമങ്ങളേക്കാളും വലുതാണ്. ഇവയുടെ ജനപ്രിയത, സ്വീകാര്യത, ലഭ്യമായ സ്വാതന്ത്ര്യം, ഇടപെടലിനുള്ള അവസരം- ഇവയെല്ലാം ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതുതന്നെ ജനങ്ങള്‍ കൂട്ടായി പങ്കാളിത്തം വഹിക്കേണ്ട ഒരു പ്രക്രിയയാണ്. ജനപക്ഷ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ജനാധിപത്യ ഉപകരണമായി സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കണം എന്നു സാരം. പണംമുടക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാനും വ്യാജ പ്രചാരകരെയും അവരുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യാനുമുള്ള വേദിയാക്കി നവമാധ്യമങ്ങളെ മാറ്റാനുള്ള ചുമതല ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഏവരുടെയും കടമയാണ്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണക്കഥകള്‍ പൊളിച്ചടുക്കാനും നവലിബറല്‍ നയങ്ങള്‍ രാജ്യത്തിനുമേല്‍ വരുത്തിയ പരിക്കുകള്‍ എണ്ണിപ്പറയാനും ഈ വേദി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. വായിക്കാനും പ്രചരിപ്പിക്കാനും സംവാദങ്ങളില്‍ പങ്കെടുക്കാനും ലഭിക്കുന്ന സ്വതന്ത്രവും ലളിതവുമായ തലം പണക്കൊഴുപ്പിന്റെ ആര്‍ഭാടപ്രചാരണങ്ങളെ വെല്ലുന്ന വിധം വളര്‍ത്തിയെടുക്കണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് ഇടപെടേണ്ടതുണ്ട്. സമീപകാലത്ത് ലോകംകണ്ട പല ജനമുന്നേറ്റങ്ങളുടെയും സംഘാടനത്തില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കാളിത്തം വിസ്മരിക്കാവുന്നതല്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ പ്രക്ഷോഭകര്‍ ആശയപ്രചാരണം നടത്തുന്നതിന് പ്രധാനമായും ഉപയോഗിച്ചത് നവമാധ്യമങ്ങളെയാണ്.

ഏകപക്ഷീയമായി ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഇടതുപക്ഷ വിരോധം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന വന്‍കിട മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചുകീറാനുള്ള ആയുധമായി നവമാധ്യമങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അത്തരം ശ്രമങ്ങള്‍ക്ക് തടയിടാന്‍ സൈബര്‍ നിയമത്തിലെ കറുത്ത വകുപ്പുകള്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുന്നുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ജനധിപത്യമുന്നണിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ഫലപ്രദമായ ഉപാധികളിലൊന്നായി സോഷ്യല്‍ മീഡിയ സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. ചെറുചെറു കൂട്ടായ്മകളായും വിശാലമായ ഗ്രൂപ്പുകളായും വ്യക്തിഗതമായും ഫെയ്സ്ബുക്കിലും മറ്റും ഇടപെടപെടുന്നതിനു പുറമെ അഭിപ്രായ രൂപീകരണത്തിന് ഉതകുന്ന വിഷയങ്ങള്‍ വിശദീകരിക്കാനും വിശകലനം ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സംവാദവേദികളും ഉണര്‍ന്നിരിപ്പുണ്ട്. രാജ്യതിര്‍ത്തികള്‍ ബാധകമല്ലാത്ത ഇത്തരം ജനകീയ ഇടപെടലുകളെ ജാഗ്രതപ്പെടുത്തിയും ഉണര്‍ത്തിയും ആവേശപ്പെടുത്തിയുമാണ് കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ പണപ്രളയത്തെ ഇടതുപക്ഷത്തിന് നേരിടാനാവുക. സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കിയ കേരള രക്ഷാമാര്‍ച്ചിന് ലോകത്താകെ ലഭിച്ച പ്രചാരം സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ തത്സമയ സംപ്രേഷണമുള്‍പ്പെടെ സാധിച്ചു എന്നതുകൊണ്ടുകൂടിയാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തമസ്കരിച്ചാലും ജനങ്ങള്‍ അറിയാനുള്ള വിഷയങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നവമാധ്യമങ്ങളുടെ ജനകീയവല്‍ക്കരണവും പ്രയോഗവും സുപ്രധാനമാണ്.

*
deshabhimani editorial

2 comments:

Harinath said...

ഉപകാരപ്രദമായ ലേഖനം

ശിഖണ്ഡി said...

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടൂള്‍...
നല്ല വിവരണം