Friday, March 28, 2014

കോണ്‍ഗ്രസിന്റെ ജനവഞ്ചനാപത്രിക

കോണ്‍ഗ്രസിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നത് ആ പാര്‍ടി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ദിവസംതന്നെ തെളിഞ്ഞു. രണ്ടുകാര്യങ്ങള്‍ക്കാണ് പ്രകടനപത്രികയില്‍ ഊന്നല്‍. ഒന്ന്: അഴിമതി നിര്‍മാര്‍ജനം. രണ്ട്: കള്ളപ്പണവേട്ട. റെയില്‍വേ അഴിമതിക്കുറ്റത്തിന്റെ കരിനിഴലിലായ പവന്‍കുമാര്‍ ബന്‍സല്‍ മുതല്‍ ആദര്‍ശ് കുംഭകോണത്തിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അശോക് ചവാന്‍വരെയുള്ളവര്‍ക്ക് വീണ്ടും മത്സരിക്കാനുള്ള കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുന്ന അനുമതിപ്പത്രത്തില്‍ വച്ച ഒപ്പിലെ മഷിയുണങ്ങുന്നതിനുമുമ്പാണ് അതേ കൈകൊണ്ട് സോണിയ അഴിമതി നിരോധന വാഗ്ദാനമുള്ള പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്! കള്ളപ്പണമാകെ വിദേശബാങ്കുകളില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന വാഗ്ദാനമടങ്ങിയ പ്രകടനപത്രിക അവര്‍ പ്രകാശനംചെയ്യുന്ന അതേ വേളയിലാണ് പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതി, കള്ളപ്പണത്തിന്റെ വിവരങ്ങളെല്ലാം കിട്ടിയിട്ടും വര്‍ഷങ്ങളായി നടപടിയെടുക്കാത്തതിന് യുപിഎ സര്‍ക്കാരിനെ തലങ്ങും വിലങ്ങും അതിനിശിതമായി വിമര്‍ശിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പ്പരം എന്തുവേണം?

അശോക് ചവാന് പാര്‍ടി ടിക്കറ്റ് നല്‍കുന്നതിനെ സോണിയ ഗാന്ധി പരസ്യമായി ന്യായീകരിച്ചപ്പോള്‍ വികസനപ്രക്രിയക്കിടയില്‍ അഴിമതിയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഇതും പ്രകടനപത്രികയുടെ പ്രകാശനവേളയില്‍തന്നെ. ഇതൊക്കെയാണ് മനസിലിരിപ്പ് എങ്കില്‍ 1,76,000 കോടിയുടെ സ്പെക്ട്രം കുംഭകോണത്തിനും 1,86,000 കോടിയുടെ കല്‍ക്കരിപ്പാട കുംഭകോണത്തിനുമൊക്കെ കാര്‍മികത്വംവഹിച്ച് അഴിമതി ദിനചര്യയാക്കിയവര്‍ പ്രകടനപത്രികയില്‍ അഴിമതി നിര്‍മാര്‍ജനത്തെക്കുറിച്ച് പറയുന്നു!

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ ലിസ്റ്റ് അതത് ബാങ്കുകള്‍ യുപിഎ സര്‍ക്കാരിന് നല്‍കിയിട്ട് വര്‍ഷങ്ങളായി. 90 ലക്ഷം കോടി വരും കള്ളപ്പണം. ഇത് പിടിച്ചെടുക്കുന്നതുപോകട്ടെ, ആരുടെയൊക്കെയാണിത് എന്ന് വെളിപ്പെടുത്താന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണക്കാരുടെ സംരക്ഷകരാണോ ഈ സര്‍ക്കാരിലുള്ളത് എന്ന് സുപ്രീംകോടതി ചോദിച്ചിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ പ്രകടനപത്രികാപ്രകാശനം നടക്കുന്ന സമയത്തുതന്നെ ഇതേ പ്രശ്നത്തില്‍ സര്‍ക്കാരിനെ സുപ്രീംകോടതി ശാസിച്ചത് യാദൃച്ഛികമാണെങ്കിലും അര്‍ഥപൂര്‍ണമാണ്.

2004ലെയും 2009ലെയും പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെത്തന്നെ പുതിയ വാക്കുകളിലൂടെ കുത്തിത്തിരുകിയിരിക്കുകയാണ് 2014 ലും. അഴിമതി നിരോധനിയമങ്ങള്‍ കൊണ്ടുവരുമെന്നു പറയുന്നു. പത്തുവര്‍ഷം എന്തുകൊണ്ട് ഇത് തോന്നിയില്ല? എല്ലാവര്‍ക്കും പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നിവ ഉറപ്പുനല്‍കുമെന്നു പറയുന്നു. ചെറിയ ഇടവേളകളോടെയാണെങ്കിലും പല പതിറ്റാണ്ടുകള്‍ ഭരിച്ചതല്ലേ കോണ്‍ഗ്രസ്? ഗരീബീ ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുമ്പോട്ടുവച്ചതുമല്ലേ കോണ്‍ഗ്രസ്. ഇത്രയും പതിറ്റാണ്ടുകള്‍ പോരായിരുന്നോ അവര്‍ക്ക് പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍? അന്നൊന്നും ചെയ്യാത്തത് ഇനി അധികാരം കിട്ടിയാല്‍ ചെയ്യുമെന്നാണ് പറയുന്നത്. ഇതിനേക്കാള്‍ വലിയ വഞ്ചനയുണ്ടോ?

പ്രകടനപത്രിക എന്നല്ല; വഞ്ചനാപത്രിക എന്നാണ് ബുധനാഴ്ച ഇറക്കിയ കോണ്‍ഗ്രസ് രേഖയെ വിശേഷിപ്പിക്കേണ്ടത്. പത്തുകോടി തൊഴിലവസരമുണ്ടാക്കുമെന്ന് അതില്‍ പറയുന്നു. വര്‍ഷം 20 ലക്ഷം കണ്ട് യുപിഎ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കിയതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ രേഖകള്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ നശിപ്പിച്ചിട്ട് തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വന്ന വേളയില്‍ പറയുന്നു!

ദാരിദ്ര്യം കുറച്ചു എന്നുപറയുന്നു. ദാരിദ്ര്യരേഖ നിര്‍ണയിക്കുന്ന കണക്കില്‍ കൃത്രിമം കാട്ടിയാണിത് എന്നത് മറച്ചുവയ്ക്കുന്നു. ദിവസം അഞ്ചുരൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളിലായതായി കണക്കാക്കും എന്ന് വ്യവസ്ഥചെയ്താല്‍ ദാരിദ്ര്യമുക്തരായവരുടെ എണ്ണം ഇനിയും കൂട്ടാം. പക്ഷേ, അതുകൊണ്ട് വിശപ്പുമാറുമോ? അതിതീവ്രവികസന പാതയിലാണ് രാജ്യം എന്നു പറയുന്നു. ആ വികസനം അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അല്ലാതെ സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടോ?

സ്വകാര്യവല്‍ക്കരണം തീവ്രതരമായി തുടരും എന്നുണ്ട് പ്രകടനപത്രികയില്‍. അത് റിലയന്‍സിനും മറ്റും വേണ്ടിയാണെന്നത് ജനങ്ങള്‍ മനസിലാക്കും. ആഗോളവല്‍ക്കരണ നയങ്ങളുടെ വിപത്ത് ജനങ്ങള്‍ സ്വന്തം ജീവിതംകൊണ്ടനുഭവിക്കുകയാണിന്ന്. ആ ദുരന്തം കൂടുതല്‍ ശക്തമാവുമെന്നതിന് വേണ്ടത്ര തെളിവുകള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. അതൊന്നുമാത്രം മതി ജനങ്ങളാല്‍ വെറുക്കപ്പെട്ട ഈ യുപിഎ സര്‍ക്കാര്‍ ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെടാന്‍.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. രാജ്യത്തിന് ദിശാബോധമുണ്ട്. അത് ഇല്ലാത്തത് രാഹുലിനും കൂട്ടര്‍ക്കുമാണ്. അവരെ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ കൈകാര്യംചെയ്യേണ്ടതെന്ന ബോധം ജനങ്ങള്‍ക്കുണ്ട്. അര്‍ഥമില്ലാത്തതും നടപ്പാക്കാനുദ്ദേശിക്കാത്തതുമായ വാഗ്ദാനങ്ങളുടെ മായികവലയില്‍ ജനങ്ങളെ കുടുക്കാമെന്നാണ് ഈ പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് കരുതുന്നത്. ഈ വാഗ്ദാനപ്പെരുമഴയെ ജനങ്ങള്‍ വിശ്വസിക്കില്ല. ഇവര്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ചെയ്തതെന്താണെന്നതാവും ഉരകല്ല്. ആ ഉരകല്ലിലുരച്ച് യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചെറിയും. അതിന് തടയിടാന്‍ ഈ ജനവഞ്ചനാപത്രിക മതിയാവില്ല.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: