Monday, March 10, 2014

ആള്‍ദൈവങ്ങളുടെ അധോലോകങ്ങള്‍

ഇന്ത്യക്ക് മറ്റൊരിടത്തും ഇല്ലാത്ത ഒരു ആത്മീയ പാരമ്പര്യം ഉണ്ടെന്നും ആ പാരമ്പര്യം ഹിന്ദുത്വവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്നുമുള്ള പൊതുബോധത്തെ സൃഷ്ടിച്ചതിനുപിന്നില്‍ കൊളോണിയലിസത്തിന് പ്രധാനപങ്കുണ്ട്. ഇന്ത്യന്‍ ബഹുസ്വരതയുടെ പിന്നണിയില്‍ ഒതുങ്ങിനിന്നിരുന്ന ആഭ്യന്തര കൊളോണിയലിസത്തിന് ആടിത്തിമിര്‍ക്കാനുള്ള അരങ്ങൊരുക്കിയതും കൊളോണിയലിസമായിരുന്നു. ബ്രാഹ്മണിസവുമായി സന്ധിചെയ്തുകൊണ്ട് ഇന്ത്യയില്‍ അധികാരമുറപ്പിച്ച കൊളോണിയല്‍ ശക്തികള്‍ ഇവിടത്തെ സാംസ്കാരിക സാമൂഹിക ചൂഷണങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. ഇത് സ്വതന്ത്ര ഇന്ത്യയില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കിയത്. മതനിരപേക്ഷത, നാത്വത്തില്‍ ഏകത്വം തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ഔദ്യോഗിക ആദര്‍ശം മാത്രമായി മാറി.

അങ്ങനെ വിഭജനത്തിന്റെയും വര്‍ഗീയ ധ്രുവീകരണ ങ്ങളുടെയും മുറിവുകള്‍ ഇന്നും ഇന്ത്യന്‍ സാമൂഹിക ശരീരത്തില്‍ ഉണങ്ങിയിട്ടില്ല. നവോത്ഥാനം പകര്‍ന്നുനല്‍കിയ മാനവിക മൂല്യങ്ങളെയും മതനിരപേക്ഷ കാഴ്ചപ്പാടുകളെയും മറക്കാന്‍ പ്രേരിപ്പിക്കുന്നവിധം സാമ്രാജ്യത്വവും ഇന്ത്യന്‍ ഫാസിസവും സമൂഹത്തിനുമേല്‍ ഇടപെടുന്ന ഒരു സമകാലിക സന്ദര്‍ഭമാണിത്. മൂലധനത്തിന്റെ വ്യാപനവും കേന്ദ്രീകരണവും നിയന്ത്രിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ തങ്ങളുടെ പൊതുസമ്മിതി നിര്‍മിച്ചെടുക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നായി കപട ആത്മീയനേതാക്കളെയും ആള്‍ദൈവങ്ങളെയും ഉപയോഗിക്കുന്നു. ആള്‍ദൈവം എന്ന സങ്കല്‍പ്പനം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നില്‍ സാമ്രാജ്യത്വത്തി ന്റെ കൈകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നത് ഒരതിശയോക്തിയാവില്ല.

ഇന്ത്യയിലെ ആള്‍ദൈവങ്ങളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഏതെങ്കിലും തരത്തിലുള്ള ധൈഷണിക നിലവാരമോ ആത്മീ യ ഔന്നത്യമോ ഇല്ലാത്തവരാണ് ആള്‍ദൈവങ്ങളായി മാറിയിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഉത്തരേന്ത്യയില്‍ ഏറെ പ്രശസ്തനായ ആശാറാം ബാപ്പു എന്ന ആള്‍ ദൈവം ബലാത്സംഗം ഉള്‍പ്പെടെ യുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അടുത്തകാലത്താണ്. സത്യസായി ബാബയ്ക്കെ തിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ക്രിസ്ത്യന്‍ ആത്മീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദിന്റേതെന്ന് അവകാശവാദമുന്നയിച്ച് മുടിയും പാനപാത്രവുമായി പ്രചാരണം നടത്തുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെയും മുസ്ലിം സമുദായത്തില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ആഗോളീകരണ കാലത്ത് മനുഷ്യസമൂഹം നിരവധി പ്രതിസന്ധികളെ അഭിമൂഖീകരിക്കുന്നുണ്ട്. ഈ പ്രതിസന്ധി മനുഷ്യരെ നിസ്സഹായാവസ്ഥയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്നു. ഇത്തരം അവസ്ഥ ജനങ്ങളെ വ്യവസ്ഥിതിക്കെതിരായ പ്രക്ഷോഭങ്ങളിലേക്കും പ്രതിരോധങ്ങളിലേക്കും നയിക്കും. ഇത് സാമ്രാജ്യത്വം ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യം ഉണ്ടാവാതെ നോക്കണ്ടത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അതിന്റെ ആഭ്യന്തര ജീര്‍ണതകളെയും അന്ധവിശ്വാസങ്ങളെയും സജീവമായി നിലനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. മതവും ആത്മീയതയും അങ്ങനെ അപരനോടുള്ള വിദ്വേഷമായി അവതരിപ്പിക്കപ്പെടുന്നു. ഭരണകൂടം അതിന്റെ മതനിരപേക്ഷസ്വഭാവം കൈവെടിയുകയും ഇന്ത്യയിലും മറ്റും അത് ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് അവസ്ഥയെ പുല്‍കുകയും ചെയ്യുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് വംശഹത്യയും മുസഫര്‍നഗര്‍ കലാപവും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇത്തരം സാമൂഹികാവസ്ഥയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് ആള്‍ദൈവങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും സംഭവിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായി കരുതപ്പെടുന്ന മോഡിയെ "നരേന്ദ്രമോഡി പ്രിയപ്പെട്ട മകന്‍" എന്ന് മാതാ അമൃതാനന്ദമയി വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. നവോത്ഥാനായകരും അവരുടെ പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിയ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പരിസരത്തെ അപ്രസക്തമാക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളുമായാണ് ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ ദൈവത്തിന്റെ സ്വന്തം അവതാരമാണെന്ന് പ്രഖ്യാപിക്കുന്നവരാണ് ആള്‍ദൈവങ്ങള്‍. അവര്‍ സമൂഹത്തിലേക്കിറങ്ങി ചില അത്ഭുത പ്രവൃത്തികള്‍ കാട്ടി ജനങ്ങളെ കൈയിലെടുക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങളുള്ളതും സമ്പന്നയുമായ ഒരു ആള്‍ ദൈവമാണ് മാതാ അമൃതാനന്ദമയി. ഭക്തര്‍ "അമ്മ"യെന്ന് വിളിക്കുന്ന ഈ മനുഷ്യദൈവത്തിന്റെ ആശ്രമത്തിലെ ചൂഷണത്തെയും ലൈംഗികാതിക്രമങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. 1981-ല്‍ പ്രവര്‍ത്തനം തുടങ്ങിയ അമൃതാനന്ദമയീ മഠത്തിലെ ഉള്ളറ രഹസ്യങ്ങള്‍ 1985-ല്‍ ശ്രീനി പട്ടത്താനം എഴുതിയ "അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും" എന്ന പുസ്തകത്തിലൂടെയാണ് ആദ്യമായി പുറത്തുവന്നത്. മഠം തുടങ്ങി ചുരുങ്ങിയ നാലുകൊല്ലത്തിനുശേഷം അവിടത്തെ അധോലോകങ്ങളെക്കുറിച്ച് ഒരു പുസ്തകം ഇറങ്ങുന്നു എന്നതുതന്നെ മഠത്തില്‍ നടക്കുന്ന ഗൂഢപ്രവൃത്തനങ്ങളുടെ ബാഹുല്യത്തെയാണ് സൂചിപ്പിക്കുന്നത്.

"വിശുദ്ധനരക"വും ചില വെളിപ്പെടുത്തലുകളും

ആശ്രമത്തിലെ ചൂഷണത്തെയും ലൈംഗിക കുറ്റകൃത്യങ്ങളെയും തുറന്നുകാട്ടുന്ന ഒടുവിലത്തെ സംഭവമാണ് ഓസ്ട്രേലിയന്‍ സ്വദേശിനിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രി എഴുതിയ "വിശുദ്ധനരകം" (ഹോളി ഹെല്‍, എ മെമ്മയര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്നെസ്) എന്ന പുസ്തകം. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ടെലിവിഷന്‍ അഭിമുഖത്തില്‍ ഗെയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഗെയ്ല്‍ എന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം. പുസ്തകം പുറത്തുവന്നതോടെ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമായി. മഠത്തില്‍ ഗെയ്ലിന് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും തുറന്നെഴുതുകയാണ് അവര്‍ ഈ പുസ്തകത്തില്‍.

ഭക്തി വ്യവസായത്തിന്റെ പിന്നരങ്ങിലെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ "അമ്മ" ഭക്തന്മാരെയും അവര്‍ക്ക് പിന്തുണനല്‍കുന്ന സംഘപരിവാര്‍ ശക്തികളെയും വര്‍ഗീയഫാസിസ്റ്റുകളെയും വിറളിപ്പിടിപ്പിച്ചിരിക്കുകയാണ്. ഈ പുസ്തകത്തിലെ വെളിപ്പെടുത്തലിനുശേഷം അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നുണ്ട്. അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദ അനുമതി കൊടുത്തിരിക്കുകയാണെന്നതിന്റെ തെളിവാണ് പ്രതിഷേധക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭരണകൂട നിലപാട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അമൃതാനന്ദമയിയുടെ സേവന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാട് പൊതുബോധത്തില്‍ നിലനില്‍ക്കുന്ന കേവലയുക്തി മാത്രമാണ്. സേവനത്തെ നിയമത്തിനുമുകളില്‍ പ്രതിഷ്ഠിക്കുന്ന ഈ നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ്.

സേവനത്തിന്റെ പിന്നിലെ മൂലധനതാല്‍പ്പര്യം

അമൃതാനന്ദമയിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അതിനുപിന്നിലുള്ള മൂലധനതാല്‍പ്പര്യങ്ങള്‍ വ്യക്തമാകും. മൂലധനത്തിന്റെ സമാഹരണത്തിനു വേണ്ടിയുള്ള ഒരു സേഫ്റ്റി വാല്‍വ് മാത്രമാണ് അവരുടെ സേവനങ്ങളെന്ന് കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍, സേവനമെന്നാല്‍ ത്യാഗത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ഒരനുഭവ മാണ് നല്‍കുന്നത്. മദര്‍ തെരേസ, ദയാബായി തുടങ്ങിയ മഹതികളുടെ സേവനപ്രവര്‍ത്തനങ്ങള്‍ നമുക്ക് മാതൃകയാണ്. ഇവരുടെ സേവനങ്ങളൊന്നുംതന്നെ അവര്‍ സ്വയം പ്രചരിപ്പിച്ചിരുന്നില്ല. മൂലധനസമാഹരണം ഇവരുടെ ആരുടെയും ലക്ഷ്യവുമായിരുന്നില്ല. എന്നാല്‍ അമൃതാനന്ദമയിയുടെ സേവനങ്ങള്‍ ഇത്തരത്തിലുള്ള ത്യാഗത്തിന്റെ അനുഭവത്തിലൂടെയല്ല കടന്നുപോകുന്നത്. അമൃതാനന്ദമയി സമ്പാദിച്ച സ്വത്തുവിവരങ്ങള്‍ ഗെയ്ലിന്റെ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അത് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തുള്ള തുകയാണ്.

അമൃതാനന്ദമയി മഠത്തിന് ലഭിക്കുന്ന വിദേശ സഹായത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. 1997-98 ല്‍ മാത്രം ലഭിച്ചത് 3431 കോടി രൂപയാണെന്ന് കാണുന്നു. 2000-2001 വര്‍ഷത്തില്‍ പക്ഷേ 150 കോടിയേ മഠം വക കണക്കില്‍ കാണുന്നുള്ളൂ. സേവന പ്രവര്‍ത്തനത്തിനുവേണ്ടി എന്ന വ്യാജേന സമാഹരിച്ച കോടിക്കണക്കിനുവരുന്ന ഈ സ്വത്തുക്കളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് 2008-ല്‍ സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എഴുതുന്നു: "അമൃതാ ആശുപത്രി ആര്‍ക്കുവേണ്ടിയാണ് സ്ഥാപിക്കപ്പെട്ടത്? പാവങ്ങള്‍ക്കുവേണ്ടിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ? പാവങ്ങള്‍ക്ക് അവിടത്തേക്കാള്‍ പ്രാപ്യമായ ആശുപത്രികള്‍ എറണാകുളത്തും തൃശൂരും പലേടങ്ങളിലും ഉണ്ട്...

ഇതൊക്കെ കേരളത്തില്‍ വാരിവിതറുന്ന ഒരു പുതിയ സാമ്പത്തിക വ്യവസ്ഥയുടെ തേരോട്ടത്തില്‍ കൂടെച്ചേര്‍ന്ന് കാശുണ്ടാക്കുന്നവരുടെ ക്യൂവില്‍ മാതാ അമൃതാനന്ദമയിയെ കാണുമ്പോള്‍ വളരെ വല്ലായ്മയുണ്ട്. ഇവിടെ സ്വകാര്യാധീനമായ അനവധി മള്‍ട്ടി സ്പെഷ്യാലിറ്റികള്‍ നമുക്കുണ്ട്. ഇല്ലാത്തത് ആത്മാവിന്റെ ശുദ്ധീകരണത്തിനും ഉന്നതീകരണത്തിനും ഉതകുന്ന നിര്‍മലമായ ആത്മീയപ്രയത്നങ്ങളാണ്. ഇതിന്റെ ക്യൂവില്‍ അമൃതാനന്ദമയിയെ കാണുന്നില്ല. സ്വകാര്യ താല്‍പ്പര്യങ്ങള്‍ ഇടിച്ചുകയറുന്ന ക്യൂവില്‍ അവര്‍ നില്‍ക്കുന്നു. അവരെ നിര്‍ത്തുകയാണ്. തന്നെ അങ്ങനെ നിര്‍ത്തുന്നവരോട് ഞാന്‍ അവിടെ നില്‍ക്കില്ല എന്ന് മാതാവ് എന്തുകൊണ്ടാണ് പറയാത്തത്?" (സുകുമാര്‍ അഴീക്കോട്, അമൃതാനന്ദമയിയുടെ രാഷ്ട്രീയം, എഡി. കെ ഇ എന്‍ 2005) ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞ അഴീക്കോടിനെ സംഘപരിവാര്‍ ശക്തികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

മഠത്തിലെ ദുരൂഹമരണങ്ങള്‍

മഠത്തിനെതിരെയും അമൃതാനന്ദമയിക്കെതിരെയും ഏതുകോണില്‍നിന്ന് പ്രതിഷേധമുയര്‍ ന്നാലും അതിനെ അടിച്ചമര്‍ത്തുകയോ ഉന്മൂലനം ചെയ്യുകയോ എന്ന രീതിയാണ് പണ്ടുമുതലേ മഠം അനുവര്‍ത്തിച്ച് വന്നത്. അമൃതാനന്ദമയിയുടെ മൂത്ത സഹോദരനായിരുന്ന സുഭഗന്റെ (സുനില്‍കുമാര്‍) മരണം മുതല്‍ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി മഠത്തിലെത്തി പിന്നീട് മനോരോഗാശുപത്രിയില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ട സത്നം സിങ്ങിന്റെ മരണത്തില്‍ വരെ മഠം സംശയത്തിന്റെ നിഴലിലാണ്.

സുഭഗന്റെ മരണം അമൃതാനന്ദമയി പ്രവചിച്ചതാണത്രേ. കാരണം സുധാമണി എന്ന തന്റെ സഹോദരിക്ക് ഒരുവിധ ദൈവിക ശക്തിയുമില്ലെന്നും മനോരോഗത്തിന്റേതായ ചില വൈകല്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സുഭഗന്‍ തിരിച്ചറിഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രൊഫസര്‍ എം രാമകൃഷ്ണന്‍നായരുടെ "മാതാ അമൃതാനന്ദമയി ജീവചരിത്രം" എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: "മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ (സുഭഗന്‍) സുധാമണിയുടെ "ഭാവം" നിര്‍ത്തിക്കാനും അച്ചടക്കത്തില്‍ കൊണ്ടുവരാനും വിവാഹം കഴിപ്പിച്ചയയ്ക്കാനും പല അടവുകളും നോക്കി. ഒരിക്കല്‍ അയാളും ചില ബന്ധുസഹോദരന്മാരും കൂടി സുധാമണിയെ ഒരു ബന്ധുവീട്ടില്‍ വിളിപ്പിച്ചു. മുറിയില്‍ കയറ്റി കതകടച്ചിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു: നീ ഞങ്ങളുടെ കുടുംബത്തിന് പേരുദോഷമുണ്ടാക്കി. ഞങ്ങള്‍ മാന്യമായി ജീവിച്ചവരാണ്. ഒന്നുകില്‍ നീ തുള്ളല്‍ നിര്‍ത്തണം. അല്ലെങ്കില്‍ നിന്നെ കൊല്ലും.

"ഭാവ"ത്തിന് സ്വന്തം സഹോദരി പലരേയും തൊടുന്നതും അനുഗ്രഹിക്കുന്നതുമെല്ലാം സുഭഗനെ കൂടുതല്‍ കൂടുതല്‍ കോപിഷ്ഠനാക്കി. പല രീതിയില്‍ ഭാവത്തിന് തടസ്സം സൃഷ്ടിക്കാന്‍ അയാള്‍ ശ്രമിച്ചു. ഒരു ദിവസം കളരിയില്‍ കത്തിച്ചു വെച്ചിരുന്ന ഒരേയൊരു വിളക്ക് സുഭഗന്‍ തല്ലിപ്പൊട്ടിച്ചു." അമൃതാനന്ദമയിയുടെ ഈ ജീവചരിത്രത്തില്‍ പറയുന്നത് ശരിയാണെങ്കില്‍ ആദ്യകാലങ്ങളില്‍ ഒരു തരം ചിത്തഭ്രമത്താല്‍ അവര്‍ സാധാരണമനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി പല സന്ദര്‍ഭങ്ങളിലും പെരുമാറിയിരുന്നതായി മനസ്സിലാക്കാം. പക്ഷേ നിരക്ഷരരും അന്ധവിശ്വാസികളുമായ അവരുടെ രക്ഷിതാക്കളും മറ്റും ഇതില്‍ ദിവ്യത്വം കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് സുധാമണി അമൃതാനന്ദമയി ആവുന്നത്.

ഭക്തരുടെ വരവ് വര്‍ധിച്ചതോടെ സാമ്പത്തികമായി ആ കുടുംബം അഭിവൃദ്ധിപ്രാപിക്കാനും തുടങ്ങി. എന്നാല്‍ സഹോദരന്റെ എതിര്‍പ്പ് ഇതിനെല്ലാം വിഘാതമായി നിന്നു. അങ്ങനെയാണ് സുധാമണി സഹോദരന്റെ മരണം "പ്രവചിക്കുന്നത്". അധികം താമസിയാതെ അത് സംഭവിക്കുകയും ചെയ്തു. 1978 ജൂണ്‍ 2ന് സുഭഗന്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. ഇനിയും ഉത്തരം കിട്ടാത്ത ചില നിഗൂഢതകള്‍ ഈ മരണത്തിനുപിന്നിലുള്ളതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇതുപോലെ വിവിധകാരണങ്ങളാല്‍ ആശ്രമം വിട്ടുപോയ നാരായണന്‍കുട്ടി, ഭാസ്കരദാസ്, പ്രദീപ്കുമാര്‍, ധുരംധര്‍ എന്നിവരുടെ ദുരൂഹമരണങ്ങളും മഠത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടുണ്ട്. (ശ്രീനി പട്ടത്താനം, "അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും")

ആള്‍ദൈവം എന്ന പെര്‍ഫോമര്‍

സുധാമണി എന്ന സാധാരണ പെണ്‍കുട്ടി മാതാ അമൃതാനന്ദമയി ആയതെങ്ങനെയാണെന്ന അന്വേഷണം പല സന്ദര്‍ഭങ്ങളിലും നടന്നിട്ടുണ്ട്. സ്വയം അവതാരമാണെ ന്ന് പ്രഖ്യാപിച്ച ഇവര്‍ എങ്ങനെയാണ് ബഹുജനപ്രീതി പിടിച്ചുപറ്റിയതെന്ന അന്വേഷണം പ്രസക്തമാണ്. നിലനില്‍ക്കുന്ന സമൂഹത്തില്‍ സാധാരണജനങ്ങളും മധ്യവര്‍ഗസമൂഹവും എക്കാലത്തും നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയാണ് അതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. അത്ഭുതങ്ങളെയും അടയാളങ്ങളെയും തിരയുക എന്നത് ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യരുടെ സ്വഭാവമാണ്. ആധുനികയുഗത്തില്‍ ഇത്തരം സ്വഭാവം അവരുടെ അബോധത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടാവും. അപ്പോഴാണ് തന്റെ ചെപ്പടിവിദ്യകളുമായി ആള്‍ദൈവങ്ങള്‍ രംഗത്തെത്തുന്നത്.

അവരുടെ ദിവ്യാത്ഭുതങ്ങളില്‍ ആള്‍ക്കൂട്ടം അനുസരണയുള്ള കുഞ്ഞാടുകളായി മാറുന്നു. സാധാരണ മനുഷ്യരില്‍നിന്ന് വ്യത്യസ്തമായ അവരുടെ ശരീരഭാഷയും ശരീരപ്രകൃതിയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു നടന്റെ പെര്‍ ഫോമന്‍സുമായാണ് ഇതിന് ബന്ധം. ഒരു നടന്റെ പ്രകടനം കാണുന്ന ജനങ്ങള്‍ക്ക് അത് അയാളുടെ കലാപ്രകടനം മാത്രമാണെന്ന് മനസ്സിലാകും. പക്ഷേ നടന്‍ പെര്‍ഫോം ചെയ്യുന്ന അവസരത്തില്‍ അത് കാണുന്ന ജനങ്ങള്‍ക്ക് അയാളോട് ആരാധന തോന്നുന്നു. പക്ഷേ അത് താല്‍ക്കാലികമാണ്. തന്റെ കലാപ്രകടനത്തിനുശേഷം നടന്‍ സാധാരണ മനുഷ്യനായി മാറുകയും ചെയ്യുന്നു. എന്നാല്‍ ആള്‍ദൈവങ്ങള്‍ അങ്ങനെയല്ല. അവര്‍ എപ്പോഴും ജനങ്ങളുടെ മുമ്പില്‍ പെര്‍ഫോമറാണ്. അതുകൊണ്ട് തങ്ങളില്‍നിന്ന് വ്യത്യസ്തമായ ഈ പെര്‍ഫോമറെ ജനങ്ങള്‍ ആരാധിക്കുന്നു.

അമൃതാനന്ദമയിയുടെ ചുംബനാലിംഗനങ്ങള്‍ ഇത്തരം പെര്‍ഫോമന്‍സിനു ഉദാഹരണമാണ്. ഇത് മനുഷ്യരെ വൈകാരികമായ അനുഭൂതിയിലേക്ക് എത്തിക്കുന്നു. ആള്‍ദൈവങ്ങളുടെ ഭാഷണങ്ങളില്‍ ധൈഷണിക വാക്കുകളേക്കാള്‍ വൈകാരിക പദങ്ങള്‍ക്കാണ് (Emotional words)പ്രാധാന്യം. വികാരങ്ങള്‍ മനുഷ്യനെ പെട്ടെന്ന് സ്വാധീനിക്കുന്നു എന്നതാണ് ഇതിന് കാരണം. അമൃതാനന്ദമയി ഭക്തരെ "മക്കളേ" എന്നു വിളിക്കുമ്പോള്‍ ഉളവാകുന്ന മാതൃഭാവത്തെ ജനങ്ങള്‍ യുക്തിവിരുദ്ധമായി സ്വീകരിക്കുകയാണ്. വികാരങ്ങളെ സൃഷ്ടിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആള്‍ദൈവങ്ങള്‍ ചെയ്യുന്നതുകാണാം.

സ്വയം പ്രദര്‍ശനത്തിലൂടെ ജനമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. ഇതിനായി ആധുനിക സാങ്കേതിക വിദ്യയെയും അവര്‍ പ്രയോജനപ്പെടുത്തുന്നു. വ്യത്യസ്തഭാവങ്ങളിലുള്ള സ്വന്തം ഇമേജുകളുടെ കൂറ്റന്‍ ഫ്ളകസ്ബോര്‍ഡുകളും ബഹുവര്‍ണ പോസ്റ്ററുകളും അവര്‍ പ്രദര്‍ശിപ്പിക്കുന്നു. സമൂഹത്തിലെ ഉന്നതന്മാരുടെ സാമീപ്യത്തിനായി അവര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ജനമനസ്സുകളില്‍ സ്ഥാനംപിടിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും അവര്‍ ഉപയോഗിക്കുന്നു. എല്ലാ ആള്‍ ദൈവങ്ങള്‍ക്കും അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പബ്ലിക് റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം. ആള്‍ദൈവങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും മനുഷ്യമനസ്സില്‍ ചിരപ്രതിഷ്ഠ നേടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകകയും ചെയ്യുന്നത് ഈ സംവിധാനമാണ്. അമൃതാനന്ദമയിക്ക് ഉണ്ടെന്ന് പറയപ്പെടുന്ന ദിവ്യപരിവേഷത്തെ പൊതുസമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിന് പിന്നില്‍ ഇത്തരം പബ്ലിക് റിലേഷന്‍ സംവിധാനത്തിന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുണ്ട്.

ആത്മീയത എന്ന വ്യവസായം

ആത്മത്യാഗത്തിന്റെയും അസ്തിത്വാന്വേഷണങ്ങളുടെയും ദാര്‍ശനിക മാനങ്ങളുള്ള ആത്മീയതയുടെ വ്യവസായ സാധ്യതകളെ തിരിച്ചറിഞ്ഞത് ആള്‍ദൈവങ്ങളായിരുന്നു. ആത്മീയതയുടെ മൊത്തക്കച്ചവടക്കാരായി അവര്‍ മാറി. മുതലാളിത്തം പറയാന്‍ മടിക്കുന്നത് ആള്‍ദൈവങ്ങളുടെ നാവിലൂടെ പുറത്തുവന്നു. "മക്കളേ എന്തിനാണ് രാഷ്ട്രീയം" എന്ന അമൃതാനന്ദമയിയുടെ ചോദ്യം മുതലാളിത്തത്തിന്റേതാണ്. അതില്‍ ഫാസിസത്തിന്റെ മറഞ്ഞിരിക്കുന്ന ദംഷ്ട്രകള്‍ കൂടി പുറത്തുവരുന്നുണ്ട്. ആള്‍ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഉപഭോഗസംസ്കാര ത്തെയാണ് ആരാധിക്കുന്നത്. സ്വകാര്യമായ ഫലസിദ്ധിക്കുവേണ്ടിയാണ് അവര്‍ ആള്‍ദൈവങ്ങളെ സമീപിക്കുന്നത്.

കച്ചവടത്തില്‍ അമിതലാഭം ഉണ്ടാകുവാനോ, വലിയ സമ്പന്നരാകുവാനോ, തന്റെ മക്കളുടെ വിവാഹം, ജോലി, അഡ്മിഷന്‍ എന്നിവയ്ക്കോ ആണ് മലയാളി മധ്യവര്‍ഗം ആള്‍ദൈവങ്ങളിലേക്കടുക്കുന്നത്. തീര്‍ത്തും ഭൗതികമായ ഇത്തരം കാര്യങ്ങള്‍ക്ക് ആത്മീയമായ പരിഹാരമുണ്ടെന്ന യുക്തിവിരുദ്ധമായ മധ്യവര്‍ഗബോധത്തെ ചൂഷണം ചെയ്യുകയാണ് ആള്‍ദൈവങ്ങള്‍.

ആള്‍ദൈവങ്ങളും ലൈംഗികതയും

ആള്‍ദൈവങ്ങളും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ ഭക്തിയും കാമവുമായുള്ള ബന്ധവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. അമൃതാനന്ദമയിയുടെ "ഭാവപ്രദര്‍ശ"ത്തില്‍ അനാരോഗ്യകരമായ ലൈംഗികതയുടെ പ്രകടനങ്ങളാണെന്ന് മുമ്പേ പലരും വിലയിരുത്തിയിട്ടുണ്ട്. അവരുടെ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു: ("ഭാവസമയത്ത്") "നമസ്കരിച്ചെഴുന്നേല്‍ക്കുന്ന വ്യക്തിയുടെ ഭ്രൂമധ്യത്തില്‍ ഇടത്തേ ചൂണ്ടുവിരല്‍ അമര്‍ത്തും. ഭക്തരുടെ മുഖം തോളില്‍ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും" (പ്രൊഫ. എം രാമകൃഷ്ണന്‍ നായര്‍, മാതാ അമൃതാനന്ദമയി ജീവിത ചരിത്രം).

അമൃതാനന്ദമയിയുടെ ഈ ഭാവദര്‍ശനത്തെക്കുറിച്ച് ശ്രീനി പട്ടത്താനം എഴുതുന്നു: "ചെറ്റക്കുടിലില്‍ ആയിരുന്നപ്പോള്‍ അമൃതാനന്ദമയി ഒരു സ്റ്റൂളിന് മുകളില്‍ ഇരുന്നുകൊണ്ട് ഭക്തനെ രണ്ട് തുടകള്‍ക്കിടയില്‍ കമഴ്ത്തികിടത്തിയിട്ട് ഇടതു ചെവിയില്‍ ചുണ്ടമര്‍ത്തി മന്ത്രിക്കുമായിരുന്നു എന്ന് ഭക്തന്മാര്‍ പറയുന്നു. അതിനുശേഷം ആലിംഗനമായി മാറിയെന്ന് അനുഭവസ്ഥര്‍ പറയുന്നുണ്ട്." (അമൃതാനന്ദമയി ദിവ്യമാതാവോ?) ആശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗികചൂഷണങ്ങളുടെയും പീഡനങ്ങളുടെയും കഥകള്‍ പലഘട്ടങ്ങളിലും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഗെയ്ല്‍ എഴുതിയ പുസ്തകത്തിലും മഠത്തിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ട്. അമൃതാനന്ദമയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അവര്‍ പോലും പലതവണ ബലാത്സംഗം ചെയ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മതവികാരം ഇളക്കിവിട്ട് പരസ്പരം ഗുസ്തിപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗെയ്ലിന്റെ ഈ പുസ്തകം പുറത്തുവന്നിരിക്കുന്നതെന്നാണ് അമൃതാനന്ദമയി പറയുന്നത്. പക്ഷേ ഗെയ്ല്‍ തനിക്കുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ചും ആശ്രമത്തിന്റെ സാമ്പത്തികശ്രോതസ്സ് സംബന്ധിച്ച സംശയവുമാണ് പുസ്കത്തില്‍ ഉന്നയിക്കുന്നത്. ഇതില്‍ ഏതെങ്കിലും മതത്തെക്കുറിച്ചോ മതവികാരം വൃണപ്പെടുത്തുന്ന പരമാര്‍ശങ്ങളോ ഇല്ല. അമൃതാനന്ദമയി മതവികാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ഏത് മതത്തിന്റെ വികാരമാണെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇവര്‍ ഏതെങ്കിലും മതം സ്ഥാപിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല "അമ്മ"യ്ക്ക് പ്രത്യേക ജാതിയോ മതമോ ഇല്ലെന്ന് അവര്‍ പലവട്ടം പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അമൃതാനന്ദമയിക്കോ മഠത്തിനോ എതിരേ ഉയരുന്ന ആക്ഷേപങ്ങള്‍ ഏതെങ്കിലും മതത്തിനെതിരായ നീക്കമാണെന്ന് പറഞ്ഞ് ഈ പ്രശ്നത്തില്‍നിന്ന് അവര്‍ക്ക് തടിയൂരാന്‍ കഴിയില്ല.

യഥാര്‍ഥത്തില്‍ ഹിന്ദുത്വപ്രത്യയശാസ്ത്രവും അതിന്റെ ഫാസിസ്റ്റ് പ്രയോഗത്തിലുമാണ് അമൃതാനന്ദമയിയും മഠവും പ്രവൃത്തിക്കുന്നതെന്ന് കാണാനാവും.സത്നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മഠത്തിന് കാവല്‍നിന്നത് സംഘപരിവാറായിരുന്നു. പ്രത്യക്ഷത്തില്‍ ജാതിമത ചിന്തകളില്ലെന്ന് പറയുമ്പോഴും അമൃതാനന്ദമയിയും അവരുടെ പ്രസ്ഥാനവും വഹിക്കുന്ന ഹിന്ദുത്വ ചിഹ്നങ്ങളെ ആര്‍ക്കാണ് മനസ്സിലാകാതെ പോവുന്നത്.

മനുഷ്യദൈവങ്ങളും മാധ്യമങ്ങളും

മനുഷ്യദൈവങ്ങളുടെ പ്രചാരകരായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍മാറുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. കാരണം മാധ്യമങ്ങള്‍ നമ്മുടെ പൊതുബോധ ത്തെ നിര്‍ണയിക്കുന്നതിലും നിര്‍മിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തേണ്ട മാധ്യമങ്ങള്‍ അവരുടെ പ്രചാരവേല ഏറ്റെടുക്കുകയാണിപ്പോള്‍. സമീപകാലത്തെ സംഭവങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. ഗെയ്ലിന്റെ പുസ്തകം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വാര്‍ത്തയായി നിലനില്‍ക്കുമ്പോള്‍ അതിനെ തമസ്കരിക്കുന്ന നിലപാടാണ് ആദ്യഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത്.

പിന്നീട് അമൃതാനന്ദമയിയെ അനുകൂലിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും ആവര്‍ത്തിച്ച് കൊടുത്തുകൊണ്ട് സമൂഹമധ്യത്തില്‍ ഉയര്‍ന്നുവന്ന വലിയൊരു വെളിപ്പെടുത്തലിനെ മറച്ചുവയ്ക്കുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പത്രങ്ങളുടെ കുറ്റകരമായ ഈ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഇടതുപക്ഷത്തിനെതിരായി നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാനലുകള്‍ ഗെയ്ലിന്റെ വെളിപ്പെടുത്തലിനുശേഷം ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കാണാം.

മഠത്തിനെതിരായി പല സന്ദര്‍ഭങ്ങളിലും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുസംബന്ധിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നില്ല. ഇതൊക്കെ കാണിക്കുന്നത്, ആള്‍ദൈവങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കുമേല്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നതുതന്നെയാണ്. അമൃതാനന്ദമയിയുടെ പിറന്നാള്‍ പ്രത്യേക പതിപ്പുകള്‍ ഇറക്കിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇവിടെ ആഘോഷിക്കുന്നത്. ഇത്തരം സാമൂഹികാവസ്ഥയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് ആള്‍ദൈവങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും സംഭവിക്കുന്നത്.ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായി കരുതപ്പെടുന്ന മോഡിയെ "നരേന്ദ്രമോഡി പ്രിയപ്പെട്ട മകന്‍" എന്ന് മാതാ അമൃതാനന്ദമയി വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.

ആള്‍ദൈവങ്ങളെ എങ്ങനെ ചെറുക്കാം?

ആള്‍ദൈവങ്ങളുടെ മറവില്‍ വളര്‍ന്നുവികസിക്കുന്ന മാഫിയാ സംസ്കാരത്തെ പ്രതിരോധിക്കാന്‍ ശക്തമായ ജനാധിപത്യകൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. മതരഹിതരും മതസഹിതരും ഒരേപോലെ സംഘടിക്കുന്ന ഇടമാവണം അത്.

കേരളത്തെ മാറ്റിയെഴുതിയ നവോത്ഥാനത്തിന്റെയും ഇടതുപക്ഷബോധത്തിന്റെയും ചരിത്രപരത യെ സജീവമാക്കുകയാണ് ജനാ ധിപത്യവാദികളുടെ അടിയന്തര കടമ. കെ ഇ എന്‍ എഴുതുന്നു: "മതവുമായുള്ള സൈദ്ധാന്തിക സംവാദം തുടരുമ്പോള്‍ തന്നെ "ആള്‍ദൈവങ്ങള്‍"ക്കൊന്നും മതവുമായോ "ദൈവശാസത്ര"വുമായോ ഒരു ബന്ധവുമില്ലെന്നും, അത് ആത്യന്തികമായും ആത്മവഞ്ചനയുടെയും പരവഞ്ചനയുടെയും അക്രമാസക്തമായ ഒരു പ്രയോഗം മാത്രമാണന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്." അമൃതാനന്ദമയിക്കും മഠത്തിനും നേരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണമാണ് ഇന്ന് ആവശ്യം. ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ കടമയാണത്. ജനങ്ങളെ മയക്കിക്കിടത്തുന്ന ഇത്തരം ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളില്‍ നിന്ന് പൗരന്മാരെ രക്ഷിക്കേണ്ട കടമയും അവര്‍ക്കുള്ളതാണ്.

*
രാജേഷ് എരുമേലി, രാജേഷ് ചിറപ്പാട് deshabhimani

No comments: