Thursday, March 6, 2014

അധ്യക്ഷനും അബ്ദുള്ളക്കുട്ടിയും

സരിതാനായരുടെ വെളിപ്പെടുത്തല്‍ അബ്ദുള്ളക്കുട്ടിയെക്കുറിച്ചായതുകൊണ്ട് വലിയ ഞെട്ടലൊന്നും സമൂഹത്തില്‍ ഉളവാക്കിയില്ല. വി എം സുധീരന്റെ പാര്‍ടിയില്‍തന്നെയാണ് ഇപ്പോഴും അബ്ദുള്ളക്കുട്ടി. അതേപാര്‍ടിയിലാണ് എന്‍ ഡി തിവാരിയും. സുധീരന്‍ "വിഷയം പഠിക്കാന്‍" പോയിരിക്കയാണ്. തിവാരിയെപ്പോലെ സത്യം വൈകി സമ്മതിച്ചാലും സുധീരന്റെ "ആദര്‍ശ"ത്തിന് എന്തെങ്കിലും സംഭവിച്ചതായി മാധ്യമങ്ങള്‍ കാണില്ലെന്ന ആശ്വാസത്തിന്റെ നൂലിഴയിലാണ് ഇന്ന് കോണ്‍ഗ്രസ്.

സരിത ഇപ്പോള്‍ സര്‍വതന്ത്രസ്വതന്ത്രം. തട്ടിപ്പുകേസും വാറന്റും ഏതാണ്ട് ഒതുങ്ങിക്കഴിഞ്ഞു. കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തം തടവുവാങ്ങി ജയിലിലായി. തട്ടിച്ചും വെട്ടിച്ചും വിയര്‍പ്പോഹരിയായും സമ്പാദിച്ചതത്രയും ഭദ്രമായി. ഇനി ഇത്തരം അഭ്യാസങ്ങളുടെ കാലം. കോണ്‍ഗ്രസ് ഉന്നതന്‍, തന്നെ വിനിയോഗിച്ചത് രാഷ്ട്രീയവൈരം തീര്‍ക്കാനായിരുന്നു എന്നു തുടക്കത്തില്‍ സരിത പറഞ്ഞിട്ടുണ്ട്. ""കോണ്‍ഗ്രസ് ഉന്നതന്റെ വിശ്വസ്തയായശേഷമാണ് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്തയായി മാറി. എന്നാല്‍, തന്നെപ്പറ്റി ശ്രീധരന്‍നായര്‍ എന്ന വ്യവസായി "ആന്റി"യോട് ചില കാര്യങ്ങള്‍ പറഞ്ഞതായും അറിഞ്ഞു."" എന്ന് സരിത പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടുചെയ്തിരുന്നു. സരിതാനായരുടെ മൊഴിസംബന്ധിച്ച ആ വാര്‍ത്തയില്‍, വന്‍കിട പദ്ധതികളിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ഉന്നതന്‍ അടക്കമുള്ളവരായിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്.

ബംഗളൂരുവിലെ റെഡ്ചില്ലി ഹോട്ടല്‍, മന്ത്രിയുടെ ബംഗളൂരുവിലെ സുഹൃത്ത് സുരേഷ്, മധ്യവയസ്കനെങ്കിലും സുമുഖനായ മന്ത്രി, രാത്രി പത്തുമണിക്കുശേഷം വിളിവരാറുള്ള ഫോണ്‍നമ്പര്‍, കിങ്സ്യൂട്ട് ഹോട്ടലിലെ രാത്രിവാസം, പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗവും മന്ത്രിയുടെ സുഹൃത്തുമായ ആള്‍ ഗള്‍ഫില്‍ ഭാര്യയുടെ അടുത്തേക്കു പറന്നത്- ഇങ്ങനെ ഒട്ടേറെ വ്യക്തമായ സൂചനകളുണ്ട്. അതെല്ലാമടങ്ങുന്ന സരിതയുടെ മൊഴി വെളിച്ചം കണ്ടിട്ടില്ല.

ഇത്തരമൊരു വാര്‍ത്ത വന്നാല്‍, അത് തെറ്റാണെന്ന് ഉറച്ചവിശ്വാസമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പത്രത്തിനും സരിതയ്ക്കും എതിരെ മാനഷ്ടക്കേസ് കൊടുക്കണമായിരുന്നു. അല്ലെങ്കില്‍ അന്വേഷണം നേരിടാന്‍ തയ്യാറാകണം. അതുമല്ലെങ്കില്‍ മാന്യമായി രാജിവച്ച് പുറത്തുപോകണം. ഇതൊന്നും ചെയ്യാതെ മാന്യന്മാര്‍ ഭരണത്തില്‍ തുടരുകയാണ്. അതിനര്‍ഥം സരിതയുടെ കൈയില്‍ ഒരുപാട് രഹസ്യങ്ങള്‍ ഇനിയും ഉണ്ടെന്നാണ്. അത് ഗഡുക്കളായി പുറത്തുവിടുന്നത് താനുഭവിച്ച "മാനസികസംഘര്‍ഷം" എല്ലാവരും അനുഭവിക്കട്ടെ എന്ന പ്രതികാരബുദ്ധികൊണ്ടൊന്നുമല്ല. അല്‍പ്പം നാണവും മാനവും ശേഷിക്കുന്ന ആരാനും കൂട്ടത്തിലുണ്ടെങ്കില്‍, "വേണ്ട പ്രതിവിധി" എത്രയുംവേഗം ചെയ്യട്ടെ എന്നു കരുതിക്കൊണ്ടുതന്നെയാണ്.

സരിത ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യം ഇതാണ്: ""സോളാര്‍ കേസില്‍ അറസ്റ്റിലായശേഷവും അബ്ദുള്ളക്കുട്ടി വിളിക്കുകയും എസ്എംഎസ് അയക്കുകയുമുണ്ടായി. തന്റെ പേര് പൊലീസിനോടു പറയരുതെന്നായിരുന്നു അപ്പോഴത്തെ ആവശ്യം."" പൊലീസ് കസ്റ്റഡിയില്‍ സരിതയെ ഏതു നമ്പരിലേക്ക് അബ്ദുള്ളക്കുട്ടി വിളിച്ചു? ഏതിലേക്ക് എസ്എംഎസ് അയച്ചു? കസ്റ്റഡിയിലും ജയിലിലും സകലവിധ സൗകര്യങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സരിതയ്ക്ക് ചെയ്തുകൊടുത്തു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം?

സരിതയുടെ ലിസ്റ്റില്‍ അനേകം കോണ്‍ഗ്രസ് ഉന്നതരുണ്ട്. അക്കൂട്ടത്തില്‍ ഒരു "ചെറുമീന്‍"മാത്രമാണ് അബ്ദുള്ളക്കുട്ടി. ആ ഉന്നതര്‍ക്കൊക്കെ രക്ഷപ്പെടാനുള്ള അവസരമാണ് ജയില്‍വാസകാലത്ത് സരിതയെ ഉപയോഗിച്ച് ചെയ്തുകൊടുത്തത് എന്നല്ലാതെ ഇതിന് മറ്റൊരര്‍ഥമില്ല. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സരിത പെടാപ്പാടുപെടുകയാണ്. അതേസമയംതന്നെ "ഉത്തമ കോണ്‍ഗ്രസു"കാരനായ അബ്ദുള്ളക്കുട്ടിയുടെ കഴുത്തിന് പിടിക്കുകയും ചെയ്യുന്നു. നുണപറയാനും വേഷംകെട്ടാനും ഏത് അഴുക്കുവെള്ളത്തിലും നീന്താനും മടികാണിക്കാത്ത ഒരാള്‍ക്ക് ഇതൊന്നും വലിയ ഗൗരവമായി തോന്നില്ല. അതുകൊണ്ടാകാം സരിത അബ്ദുള്ളക്കുട്ടിയെത്തന്നെ ആദ്യനമ്പരുകാരനായി തെരഞ്ഞെടുത്തത്. അകത്തെ അഴുക്ക് പൊതിഞ്ഞുവയ്ക്കുന്ന ഖദറില്‍ കറപുരളാതെ സൂക്ഷിച്ചാലേ കോണ്‍ഗ്രസിലെ വലിയ പല മാന്യന്മാര്‍ക്കും അധികാരസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസുകാരിയായ സരിതയ്ക്ക് നന്നായറിയാം. അത്തരക്കാരോടാണ്, ഘട്ടംഘട്ടമായി നാറ്റിക്കും; അതിനുമുമ്പ് വേണ്ടത് ചെയ്തോളൂ എന്ന് സരിത പറയുന്നത്.

സ്മാര്‍ത്തവിചാരം എന്നു പുറമേക്ക് തോന്നിക്കുന്ന ആ ലേലംവിളിക്കും വി എം സുധീരന്റെ കോണ്‍ഗ്രസിന്റെ നെടുവീര്‍പ്പിനും ഇന്ന് ഒരേതാളമാണ്. പലപല തട്ടിപ്പുകേസുകളില്‍പ്പെട്ട് ജയിലിലായ സരിതയെ ഇറക്കിയതുകൊണ്ടും കേസ് തേച്ചുമായ്ച്ചുകളഞ്ഞതുകൊണ്ടും സുധീരന്റെ പാര്‍ടി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് സാരം. ലക്ഷംലക്ഷം പിന്നാലെ എന്ന് അനുയായികള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ സുധീരന് നെഞ്ചുവിരിക്കാന്‍ കഴിയില്ല- മാനക്കേടൊഴിവാക്കാന്‍ ഇനിയും ഒഴുക്കേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കാണത്. "എ" ഗ്രൂപ്പിനുവേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ജീവിതത്തിലേക്ക് സരിതയെ നുഴഞ്ഞുകയറാന്‍ വിട്ടത്. ആ ഗ്രൂപ്പിന്റെ പരമോന്നതനേതാവ് ഉമ്മന്‍ചാണ്ടിയാണ്. "ഉമ്മന്‍ചാണ്ടി സാറിനെ" മഹാമാന്യനാക്കാന്‍ സരിത കാണിക്കുന്ന അമിതോത്സാഹവും സുധീരന്‍ കൂട്ടത്തില്‍ പഠിക്കേണ്ടതുണ്ട്. സരിതയെ വച്ച് ഗ്രൂപ്പുയുദ്ധം തുടരുകയാണോ എന്നും സംശയിക്കാം. അതിന് മടിക്കാത്തയാളല്ല മുഖ്യമന്ത്രി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ വരുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പറയാനുള്ള ചങ്കൂറ്റം കാണിച്ച ഭരണാധികാരിക്ക് ഏതു കള്ളവും കള്ളപ്പണിയും വഴങ്ങും. വി എം സുധീരനെ നൂലില്‍ കെട്ടി ഹൈക്കമാന്‍ഡ് കെപിസിസി ആസ്ഥാനത്തേക്കിറക്കുമ്പോള്‍ രാഷ്ട്രീയം അറിയാവുന്നവര്‍ പ്രവചിച്ചതാണ്, ഇത് വിനാശകാലത്തെ വിപരീതബുദ്ധിയാണെന്ന്. അത് ശരിയായി. സ്വന്തം നിലപാടുകള്‍ വിഴുങ്ങാനും തുപ്പാനും കഴിയാതെ സ്വയം നാണംകെട്ട പ്രസിഡന്റാണിന്ന് സുധീരന്‍. പാര്‍ടി അധ്യക്ഷസ്ഥാനത്തിരുന്ന് പ്രതിപക്ഷനേതാവ് കളിക്കാന്‍ പ്രയാസമാണ്. ഇന്നലെവരെ കണ്ടതും കട്ടതും വിളിച്ചുപറയാമായിരുന്നു- തലക്കെട്ട് കിട്ടും. ഇന്ന് എന്തുപറഞ്ഞാലും കൊട്ടാണ് കിട്ടുന്നത്. ഏതുവിഷയം വന്നാലും സുധീരന് "പഠിക്കാന്‍" തോന്നുന്നു. ആ പഠനം ഒരിക്കലും തീരുന്നുമില്ല. പരിസ്ഥിതിയെയും പ്രതാപനെയും സതീശനെയും കെട്ടിപ്പിടിച്ചിരുന്ന കാലം മാറി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നതാണ് വേദവാക്യം. അതല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ "കസ്തൂരിരംഗന്‍ പാഴ്വാക്ക്" എങ്ങനെ സുധീരന് ദഹിക്കുന്നു?

പൊലീസ് കസ്റ്റഡിയിലിരിക്കെ, തന്നെ കോണ്‍ഗ്രസ് എംഎല്‍എ വിളിച്ചു എന്നും എസ്എംഎസ് അയച്ചു എന്നും സരിത പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് കെപിസിസി പ്രസിഡന്റുതന്നെയാണ്. തന്റെ പാര്‍ടിയുടെ എംഎല്‍എ അത്തരക്കാരനാണോ, എങ്കില്‍ അതില്‍ തനിക്കുള്ള അഭിപ്രായം എന്താണ് എന്നു പറയാനാകുന്നില്ലെങ്കില്‍ എന്തിന് അധ്യക്ഷപദവിയില്‍ തുടരുന്നു എന്നെങ്കിലും സുധീരന്‍ വിശദീകരിക്കേണ്ടിവരും. മാത്രമല്ല, താന്‍ നയിക്കുന്ന പാര്‍ടിയുടെ ആഭ്യന്തരമന്ത്രിക്കുകീഴിലെ പൊലീസാണ്, സരിതയ്ക്ക് ഫോണും സൗകര്യവും കൊടുത്ത് കസ്റ്റഡിയിലിരിക്കുമ്പോഴും എംഎല്‍എയ്ക്ക് ഫോണ്‍ചെയ്യാനുള്ള അവസരമുണ്ടാക്കിയത് എന്നതിന്റെ വിശദീകരണവും സുധീരന്റെ നാവില്‍നിന്നുതന്നെ വരേണ്ടതുണ്ട്. ഇനി സരിത കള്ളമാണ് പറയുന്നത് എന്ന വാദമുയര്‍ത്തിയാലും രക്ഷയില്ല- ഉമ്മന്‍ചാണ്ടിയെ "നല്ലവനാക്കാന്‍" പറഞ്ഞ കള്ളങ്ങള്‍ ബാക്കി കിടക്കുന്നുണ്ട്.

സരിതയെയും സോളാറിനെയുംകുറിച്ച് ജനങ്ങള്‍ മറന്നു എന്ന മൂഢവിശ്വാസം ചിലര്‍ക്കുണ്ട്. അന്വേഷണം അട്ടിമറിച്ചും വഴിതിരിച്ചും തട്ടിപ്പുകേസുകള്‍ പണംകൊടുത്തൊതുക്കിയും എല്ലാം ശരിയാക്കി എന്നു കരുതുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് പുതിയ വിവാദങ്ങള്‍. അല്‍പ്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍, സോളാര്‍കേസുമായി ബന്ധപ്പെട്ട് പലപ്പോഴായി പറഞ്ഞ കാര്യങ്ങളെങ്കിലും സുധീരന്‍ ഓര്‍ത്തെടുക്കേണ്ടതാണ്. ആ അഭിപ്രായങ്ങള്‍ ഇപ്പോഴും അതുപോലെതന്നെയാണോ എന്ന് വ്യക്തമാക്കേണ്ടതാണ്. അതെങ്കിലും ചെയ്യുന്നില്ലെങ്കില്‍ അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തെ നയിക്കുന്ന കെപിസിസി അധ്യക്ഷനും തമ്മില്‍ വേര്‍തിരിക്കാനുള്ള ആദര്‍ശത്തിന്റെ അളവുകോലൊന്നും ആര്‍ക്കും കാണാന്‍ കഴിയില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം ഒതുക്കി അനുയായികളെ രക്ഷപ്പെടുത്താന്‍ കാര്‍മികത്വം വഹിക്കുന്ന ഒരു പാര്‍ടിയെ നയിക്കുന്ന നേതാവില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നവരെയാണ് കുറ്റപ്പെടുത്തേണ്ടത്.

*
പി എം മനോജ്

No comments: