Sunday, February 26, 2012

സാമ്രാജ്യാധിപത്യവും സാമ്പത്തിക കുഴപ്പവും

മുതലാളിത്ത വ്യവസ്ഥ ശാശ്വതമല്ല. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഫ്യൂഡലിസത്തില്‍ നിന്നാവിര്‍ഭവിച്ച ഒരു സാമൂഹ്യവ്യവസ്ഥയാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെയും മുതലാളിത്തം വളര്‍ന്നുകൊണ്ടിരുന്നു. പിന്നണിരാജ്യങ്ങളെ കയ്യടക്കിക്കൊണ്ട് ലോകത്തിലൊട്ടുക്കും പരന്നുപിടിച്ചുകൊണ്ടിരുന്നു. അേതാടൊപ്പം തന്നെ മൂലധനകേന്ദ്രീകരണവും വളര്‍ന്നുകൊണ്ടുവന്നു. കുത്തക മുതലാളിത്തം ആവിര്‍ഭവിച്ചതിനുശേഷവും അതോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വതന്ത്രമല്‍സരവും നിലനില്‍ക്കുന്നു. അതിന്റെ ഫലമായി കുത്തകകളുടെ ആവിര്‍ഭാവം മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളെ ഒരു പുതിയ ഘട്ടത്തിലേക്കുയര്‍ത്തുന്നു.

വ്യവസായങ്ങളില്‍ മാത്രമല്ല കുത്തകകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാങ്ക് മൂലധനത്തിനും അവയാവിര്‍ഭവിക്കുന്നു.

ആദ്യം മുതല്‍ക്കുതന്നെ ബാങ്കും വ്യവസായവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടാണ് വളര്‍ന്നുവരുന്നത്. ബാങ്കുമൂലധനവും വ്യവസായ മൂലധനവും കൂടിച്ചേര്‍ന്നാലുണ്ടാവുന്ന ഈ പുതിയ മൂലധനം ഫൈനാന്‍സ് മൂലധനം എന്ന പേരിലാണറിയപ്പെടുന്നത്. ഫൈനാന്‍സ് മൂലധനത്തിന്റെ ഉടമസ്ഥരായ ഒരു പിടി കുടുംബക്കാര്‍ രാജ്യത്തിലെ വ്യവസായം ബാങ്ക് തുടങ്ങിയ എല്ലാ സ്വത്തുക്കളെയും നിയന്ത്രിക്കാന്‍ തുടങ്ങിയ കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ട് തൃപ്തിപ്പെടാതെ ഈ കുത്തകസ്ഥാപനങ്ങള്‍ സാര്‍വദേശീയമായ കൂട്ടുെകട്ടുകളുണ്ടാക്കിക്കൊണ്ട് ഭൂലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുത്ത് ചൂഷണം ചെയ്യുന്നു. കുത്തക മുതലാളികള്‍ക്ക് പിന്നണിരാജ്യങ്ങളോടാണ് കൂടുതല്‍ സ്‌നേഹം! എന്തെന്നാല്‍ ലെനിന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ പിന്നണി രാജ്യങ്ങളില്‍ സാധാരണയായി ലാഭം കൂടുതലാണ്, മൂലധനം വേണ്ടത്രയില്ല, നിലത്തിന്റെ വില താരതമ്യേന കുറവാണ്. കൂലി കുറവാണ്. അസംസ്‌കൃത സാമഗ്രികള്‍ ആദായകരമാണ്.

ഇങ്ങനെ ഒരു പിടി കുത്തകമുതലാളികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വലവീശുന്നു. ലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുന്നു. ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ലോകം മുഴുവനും ഒരു പിടി മുതലാളിത്തരാജ്യങ്ങളുടെ കയ്യിലായത്.

ഇത്തരം സംഭവ വികാസങ്ങളുടെ ഫലമായിട്ടാണ് മുതലാളിത്തം സാമ്രാജ്യാധിപത്യമായി മാറിയത്.

സാമ്രാജ്യാധിപത്യത്തിന്റെ സവിശേഷസ്വഭാവങ്ങെളന്തൊക്കെയാണ്? ലെനിന്‍ വിവരിക്കുന്നു.

''മുതലാളിത്തത്തിന്റെ ചരിത്രപരമായ ഒരു സവിശേഷഘട്ടമാണ് സാമ്രാജ്യാധിപത്യം. അതിന്റെ പ്രത്യേക സ്വഭാവങ്ങള്‍ മൂന്നെണ്ണമാണ്. സാമ്രാജ്യാധിപത്യം 1. കുത്തകമുതലാളിത്തമാണ് 2. ക്ഷയോന്മുഖവും ഇത്തിക്കണ്ണി സ്വഭാവത്തോടുകൂടിയതുമായ മുതലാളിത്തമാണ് 3. മൃതപ്രായമായ ഉര്‍ദശ്വാസം വലിക്കുന്ന മുതലാളിത്തമാണ്.''

കുത്തകമുതലാളികളുടെ ഉദ്ദേശം വെറും ലാഭമുണ്ടാക്കലല്ല. കൂടുതല്‍ ലാഭമുണ്ടാക്കലുമല്ല. ഏറ്റവും കവിഞ്ഞ ലാഭം പരമാവധി ലാഭം അതാണവരുടെ ഉന്നം.

ഒരുകാലത്ത് മുതലാളികള്‍ ശരാശരി ലാഭം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ശരാശരിലാഭത്തോതിന്റെ നിയമം മുതലാളിത്തോല്‍പാദനത്തിന്റെ പ്രചോദനശക്തിയായിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ അത് അപാര്യാപ്തമായിത്തീര്‍ന്നു. വന്‍കിട കുത്തക മുതലാൡത്ത സ്ഥാപനങ്ങള്‍ക്ക് ശരാശരി ലാഭം കൊണ്ട് തൃപ്ത്തിപ്പെടാന്‍ വയ്യെന്നായി.

പരമാവധി ലാഭം തട്ടിയെടുക്കാന്‍ വെമ്പല്‍കൊളളുന്ന കുത്തക മുതലാളികള്‍ തൊഴിലാളികളെ ഏറ്റവും മൃഗീയമായി ചൂഷണം ചെയ്യുന്നു. ഭൂരിപക്ഷക്കാരായ തൊഴിലാളികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്നു.

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് സാമ്പത്തികക്കുഴപ്പം. മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ അനിവാര്യഫലമാണിത്.

കൂടെക്കൂടെയുണ്ടാകുന്ന ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്താണ്? മുതലാളിത്ത വ്യവസ്ഥയില്‍ ഉല്‍പാദനം തുടര്‍ന്നുനടത്താന്‍ കഴിയാതെ ഇടക്കിടയ്ക്കു സ്തംഭിക്കുന്നതെന്തുകൊണ്ടാണ്?

ലാഭത്തിനുവേണ്ടിയാണ് മുതലാളി ഉല്‍പാദനം നടത്തുന്നത്. പക്ഷേ, ലാഭം കിട്ടണമെങ്കില്‍ ചരക്കുകളുണ്ടാക്കിയാല്‍ മാത്രം പോരാ, ഉണ്ടാക്കിയ ചരക്കുകള്‍ വിറ്റഴിക്കുക കൂടി വേണം. ചരക്കുകള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയാലേ ആ പണം വീണ്ടുമിറക്കി പുനരുല്‍പാദനം നടത്താന്‍ കഴിയൂ. പക്ഷേ ഇടക്കിടയ്ക്ക് വില്‍പ്പന പെട്ടെന്ന് തടയപ്പെടുന്നു. അവിടെയാണ് കുഴപ്പം.
ലാഭത്തിനുവേണ്ടിയുളള മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ വൈരുധ്യങ്ങളിലാണ് കുഴപ്പങ്ങളുടെ കാരണമാരായേണ്ടത് എന്ന് മാര്‍ക്‌സും ഏംഗല്‍സും വ്യക്തമാക്കുന്നു.
ലാഭത്തിനുവേണ്ടി ഉല്‍പാദനം നടത്തുന്ന മുതലാളികള്‍ എല്ലായ്‌പോഴും തൊഴിലാളികളില്‍ നിന്ന് അങ്ങേയറ്റം മിച്ചമൂല്യം പിഴിഞ്ഞെടുക്കാനാണ് ശ്രമിക്കുക. ഇതിന്റെ അര്‍ഥം ഒട്ടാകെയുല്‍പാദിപ്പിക്കപ്പെടുന്ന മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികള്‍ക്കു കിട്ടുന്ന മൂല്യം കുറഞ്ഞുകുറഞ്ഞു വരികയെന്നാണ്.

ഒട്ടാകെയുളള ഉല്‍പന്നങ്ങളും തൊഴിലാളികള്‍ക്കു ലഭിക്കുന്ന ഭാഗവും തമ്മിലുളള വിടവ് വര്‍ധിച്ചുകൊണ്ടുതന്നെയിരിക്കും. ഇതു മൂര്‍ച്ഛിച്ചു മൂര്‍ച്ഛിച്ച് ഒരു ഘട്ടമെത്തുമ്പോള്‍ അനിവാര്യമായ ഒരു പൊട്ടിത്തെറിയിലവസാനിക്കുകയും ചെയ്യും.

ധാരാളം കൃഷിക്കാരുളള ഒരു സമുദായത്തിലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമായിരിക്കില്ല. എന്തെന്നാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കൃഷിക്കാര്‍ കൂടുതല്‍ കൂടുതല്‍ അധ:പതിക്കുകയും പാപ്പരാവുകയുമാണ് ചെയ്യുന്നത്.

ഇടവിട്ടിടവിട്ടുളള സാമ്പത്തികക്കുഴപ്പങ്ങളെ അതിജീവിച്ച്‌കൊണ്ട് 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും മുതലാളിത്തോല്‍പാദന വ്യവസ്ഥ വളരുകയാണ് ചെയ്തത്. പക്ഷെ ഇരുപതാം നൂറ്റാണ്ടോടുകൂടി മുതലാളിത്തം അതിന്റെ നാശോന്മുഖമായ അവസാനഘട്ടത്തിലെത്തി. അതു സാമ്രാജ്യാധിപത്യമായി മാറി. തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടം ആവിര്‍ഭവിച്ചു.
മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ ഈ പരിതസ്ഥിതികളിലാണ് 1929- 33 ല്‍ പുതിയൊരു സാമ്പത്തികക്കുഴപ്പം പൊട്ടിപുറപ്പെട്ടത്. കുഴപ്പത്തിനുളളിലുളള ഒരു കുഴപ്പമായിരുന്നു അത്. മുതലാളിത്തത്തിന്റെ എല്ലാ വൈരുധ്യങ്ങളേയും അതു പതിന്‍മടങ്ങു മൂര്‍ച്ഛിപ്പിച്ചു. ഉല്‍പാദന വ്യവസ്ഥയാകെ തകര്‍ച്ചയുടെ വക്കത്തെത്തി. കമ്പനികള്‍ പൂട്ടി. തൊഴിലില്ലായ്മ പരന്നുപിടിച്ചു. ചരക്കുകളുടെ വിലയിടിഞ്ഞു. കുഴപ്പം വ്യവസായങ്ങളെ മാത്രമല്ല, കൃഷിയേയും ബാധിച്ചു. കോടിക്കണക്കിനുകൃഷിക്കാര്‍ പാപ്പരായി. സാര്‍വ്വത്രികമായ പട്ടിണിയും ദാരിദ്ര്യവും വ്യഭിചാരവും സാംസ്‌കാരികാധ:പതനവും നടമാടാന്‍ തുടങ്ങി. ഉല്‍പാദനശക്തികളും ഉല്‍പാദന ബന്ധങ്ങളും തമ്മിലുളള പൊരുത്തക്കേടുകള്‍ അവയുടെ മൂര്‍ധ്യ ദിശയിലെത്തി.

മാര്‍ക്‌സിസം പഴഞ്ചനാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ അവര്‍ പറയുന്നതുപോലെയല്ല. മാര്‍ക്‌സും ഏംഗല്‍സും ലെനിനും ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് ലോകസംഭവഗതികള്‍ നീങ്ങിയതും നീങ്ങിക്കൊണ്ടിരിക്കുന്നതും എന്ന് കണ്ണുളളവര്‍ക്കൊക്കെ കാണാന്‍ കഴിയും.

*
ജനയുഗം 26 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുത്തകമുതലാളികളുടെ ഉദ്ദേശം വെറും ലാഭമുണ്ടാക്കലല്ല. കൂടുതല്‍ ലാഭമുണ്ടാക്കലുമല്ല. ഏറ്റവും കവിഞ്ഞ ലാഭം പരമാവധി ലാഭം അതാണവരുടെ ഉന്നം.