Monday, February 20, 2012

ഭീകരനാടകത്തിന്റെ അണിയറക്കാര്‍

അപസര്‍പ്പകകഥകളെ വെല്ലുന്ന വിധമാണ് പലപ്പോഴും അന്താരാഷ്ട്രരംഗത്ത് കാര്യങ്ങള്‍ നടക്കാറ്. കഴിഞ്ഞ തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം ഈ യാഥാര്‍ഥ്യത്തിന് ഒന്നുകൂടി അടിവരയിടുന്നു.

ഇസ്രായേലിന്റെ കണ്ണില്‍ സംഭവം ഒരു ഇറാനിയന്‍ ഗൂഢാലോചനയാണ്. ഇറാനിയന്‍ പിന്തുണയുള്ള ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനയാണ് ആക്രമണപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ജോര്‍ജിയയിലെ തബ്‌ലിസിയിലെ ഇസ്രായേല്‍ നയതന്ത്രകാര്യാലയത്തിന്റെ കാറില്‍ നിന്നും ബോംബു കണ്ടെടുത്തതും, തായ്‌ലാണ്ടില്‍ ഇറാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളയാള്‍ ബോംബാക്രമണം നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലായതുമെല്ലാം തങ്ങളുടെ വാദത്തിന് ഉപോല്‍ബലകമായ തെളിവായി ഇസ്രായേല്‍ ഉയര്‍ത്തിക്കാണിക്കുന്നു.

പക്ഷേ ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവന്ന സംശയം മറ്റൊന്നാണ്. അതായത് ഇസ്രായേലിന്റെ പ്രേരണയില്‍ അമേരിക്കയും, സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍പെട്ട് നട്ടം തിരിയുകയാണ് ഇറാന്‍. ഇതിനിടയില്‍ സ്വല്പം ആശ്വാസം അമേരിക്കന്‍ സമ്മര്‍ദ്ദം കൂട്ടാക്കാതെ ഇറാനുമായി നല്ലബന്ധം നിലനിറുത്തുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില നല്ല സുഹൃത്തുക്കളാണ്. അപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞുകൊണ്ട് തങ്ങളുടെ മേല്‍ ഒരു യുദ്ധം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന അമേരിക്കന്‍, ഇസ്രായേല്‍ കൂട്ടുകെട്ടിന്, അത്തരം ഒരു യുദ്ധത്തെ ന്യായീകരിക്കാനാവുന്ന കാരണങ്ങള്‍ ഇറാന്‍ സൃഷ്ടിച്ചുകൊടുക്കുമോ എന്നതായിരുന്നു പ്രധാന സംശയം. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ശക്തനായ ഒരു മിത്രത്തെ പിണക്കിക്കൊണ്ട്. ന്യായമായും ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഇത്തരം സംശയങ്ങള്‍ കാര്യമായെടുത്തു. ഫലം ഈ അക്രമണം നടത്തിയവര്‍ പ്രതീക്ഷിച്ച ആഗ്രഹിച്ച രീതിയിലുള്ള ഒരു പ്രതികരണം നമ്മുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

ഇത്തരം ഒരു സംശയം ഉയര്‍ന്നുവരാന്‍ മറ്റനേകം കാരണങ്ങളുമുണ്ട്. ഒന്നാമതായി ഇസ്രായേലിന്റേയും അതിന്റെ ചാരസംഘടനയായ മൊസാദിന്റെയും പൂര്‍വ്വകാലചരിത്രം. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നുകിട്ടുവാന്‍ എന്തു നീചമായ വഴിയും അവര്‍ സ്വീകരിക്കും. അതുകൊണ്ടാണ് ഈ രാജ്യത്തെ പലപ്പോഴും നയതന്ത്രഭാഷയില്‍ ''തെമ്മാടി രാഷ്ട്രം' എന്നു വിളിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം നയതന്ത്രജ്ഞയേ തന്നെ അപകടത്തിലാക്കിക്കൊണ്ട് ഒരു വൃത്തികെട്ട നാടകം ഇസ്രായേല്‍ കളിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാകുന്നു.

സംഭവത്തിനു പിന്നില്‍ ഇസ്രായേല്‍തന്നെയാണ് എന്നു സംശയിക്കുവാനുള്ള ഒരു പ്രധാന കാരണം ആക്രമണത്തിനുപയോഗിച്ച ബോംബുകളുടെ സ്വഭാവമാണ്. കാന്തികബോംബുകളാണ് ഉപയോഗിച്ചത്. ഇത്തരം ബോംബുകളുപയോഗപ്പെടുത്തിക്കൊണ്ടാണ് ഇസ്രായേല്‍ ഇറാന്റെ രണ്ട് ആണവശാസ്ത്രജ്ഞരെ അടുത്തിടെ വധിച്ചത്. മാത്രമല്ല ഇത്തരം ഹൈടെക്ക് ആയുധങ്ങളുപയോഗിച്ചുകൊണ്ട് ശത്രുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത നൂറുകണക്കിന് കഥകളുണ്ട് മൊസാദിനു പറയാന്‍. ഇതോടൊപ്പം ബോംബു ഘടിപ്പിച്ചു എന്നു കരുതപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസി കാണിച്ച കണിശതയും വൈദഗ്ധ്യവും കൂടി കണക്കിലെടുക്കണം. ഒരു ക്ലീനിക്കല്‍ മൊസാദ് ടച്ചുള്ള പ്രകടനമായിരുന്നു അത്. അതുമാത്രമല്ല ഒരേസമയം ലോകവ്യാപകമായി ഒരു ഇസ്രായേല്‍ വിരുദ്ധ ഭീകരാക്രമണം ഒരേസമയം ഉണ്ടാക്കുവാനുള്ള വിപുലമായ പദ്ധതിയും, അതില്‍ കൃത്യമായി ഒരു ഇറാനിയന്‍ പൗരന്‍ അക്രമണം നടത്തുന്നതിനിടെ പരിക്കേറ്റ് പിടിയിലാവുന്നതിലും പിന്നില്‍ ഒരു രാഷ്ട്രീയ നാടകത്തിന്റെ സംഘാടനമികവു കാണാം. ഇത് പക്ഷേ പാളിപ്പോയത് ഇറാനിയന്‍ ആക്രമകാരി തായ്‌ലാണ്ടില്‍ താന്‍ കൈവശം വെച്ചിരുന്ന ബോംബുപൊട്ടി അപകടത്തിലായപ്പോള്‍ തന്നെയാണ്. കാരണം ഡല്‍ഹിയില്‍ നടത്തിയതുപോലെ അതീവ വൈദഗ്ധ്യം ആവശ്യമുള്ള ഒരു ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ഇസ്രായേല്‍ പറയുന്നതുപോലെ ഇറാന്‍ നടത്തിയ ഒരാക്രമണമായിരുന്നു അതെങ്കില്‍ ഇത്തരം ഒരബദ്ധം തായ്‌ലാണ്ടിലെ അക്രമണകാരിക്കു പറ്റില്ലായിരുന്നു. കാരണം അത്ര പരിതാപകരമായ 'അമേച്ചറിസമാ'ണ് ആ കൊടിയ തീവ്രവാദി കാണിച്ചത്. ഡല്‍ഹിയിലെ തന്റെ കൂട്ടാളിക്ക് നാണക്കേടുണ്ടാക്കുന്ന ഒന്ന്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. തായ്‌ലാണ്ടില്‍ പിടിയിലായ ഇറാനിയന്‍ ഭീകരന്‍ വാടകക്കെടുക്കപ്പെട്ടയാളാവാം. ഇത്തരം ഒരാളുടെ പക്കല്‍ തനിയെ പൊട്ടിത്തെറിക്കുമെന്നുറപ്പുള്ള ഒരായുധം നല്‍കുകയായിരുന്നു എന്നു വേണം കരുതാന്‍. ആവശ്യം ഒരിറാനിയനെ ചിത്രത്തില്‍ കൊണ്ടുവരിക എന്നതാവണം. ഇറാനിലാണെങ്കില്‍ ഇത്തരം ഒരാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമില്ല. കാരണം കുര്‍ദ്ദുകള്‍ തുടങ്ങിയ ഒട്ടനവധി ന്യൂനപക്ഷങ്ങളും, സുന്നികളും ഇറാനിയന്‍ ഭരണകൂടത്തിന്റെ ബദ്ധശത്രുക്കളാണ്. ഇതിലൊന്നുംപെടാത്ത വാടകക്കൊലയാളികളേയും കിട്ടും ഇഷ്ടം പോലെ.

രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് ഇറാനെതിരെ ഒരന്താരാഷ്ട്ര കൂട്ടായ്മയുണ്ടാക്കുവാനും, ആ രാജ്യത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുവാനും ഇസ്രായേല്‍ ശ്രമിക്കുന്നത്. ഒന്നാമതായി ലബനോണ്‍, സിറിയ തുടങ്ങിയ രാജ്യങ്ങളെപോലെ ഇസ്രായേലിന് ഒറ്റക്ക് നേരിടാനാവുന്ന ഒരു രാജ്യമല്ല ഇറാന്‍. ഒന്നാമതായി തമ്മിലുള്ള ദൂരം. രണ്ടാമതായി ശക്തമായ തിരിച്ചടി നല്‍കുവാന്‍ ഇറാനാകും എന്ന വിലയിരുത്തല്‍. മറ്റൊരു കാരണം ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്കയുടെ സന്ദിഗ്ധാവസ്ഥയാണ്. ഒന്നാമതായി ഇപ്പോള്‍ ഒരു വന്‍ യുദ്ധം ചെയ്യാനുള്ള സാമ്പത്തികശക്തി അമേരിക്കയ്ക്കില്ല. രണ്ടാമതായി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു നടക്കുവാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിനു പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പ്രസിഡന്റ് ഒബാമയ്ക്കറിയാം.

ഈ കാരണങ്ങള്‍കൊണ്ടു തന്നെ ഇറാനെതിരെ ഒരു അന്താരാഷ്ട്രസഖ്യം രൂപീകരിക്കുവാന്‍ കുറച്ചുകാലമായി ശ്രമിക്കുകയാണ് ഇസ്രായേല്‍. അമേരിക്കയിലെ സൗദി സ്ഥാനപതിയെ മെക്‌സിക്കന്‍ മയക്കുമരുന്നു റാക്കറ്റിനെ വിലക്കെടുത്ത് വധിക്കുവാന്‍ ഇറാന്‍ പദ്ധതിയിട്ടു എന്ന ഒരു വാര്‍ത്ത ഏതാനും മാസങ്ങള്‍ക്കുമുമ്പ് സി ഐ എ പുറത്തു വിട്ടിരുന്നു. ഒരു ഇറാന്‍കാരനെ അറസ്റ്റുചെയ്തു എന്നതും ഒരു ഇറാനിയന്‍ ബാങ്കുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടി എന്നുമല്ലാതെ ഈ സംഭവത്തിലും കൃത്യമായ തെളിവുകളൊന്നും ഇതുവരെ മുന്നോട്ടുവെക്കുവാന്‍ സി ഐ എയ്ക്കായിട്ടില്ല.

ഇസ്രായേലിന് ഇവിടെ പറ്റിയ അബദ്ധം ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നു പറഞ്ഞതാണ്. ഹമാസോ, അല്‍ക്വയ്ദയോ ആണെന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ വിശ്വസനീയമാകുമായിരുന്നു. ഏതായാലും കാര്യകാരണസഹിതം പ്രശ്‌നം പടിച്ച് യുക്തിപൂര്‍വ്വമായ നിലപാടാണ് ഇന്ത്യന്‍ഭരണകൂടം തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൈക്കൊണ്ടത്.

ഇസ്രായേലിന്റെ വാദം ഡല്‍ഹി വെള്ളം തൊടാതെ വിഴുങ്ങിയില്ല. ഇറാനെ പ്രതിചേര്‍ത്തതുമില്ല. പക്ഷേ ഭരണത്തില്‍ ബി ജെ പി ആയിരുന്നുവെങ്കില്‍ മറ്റൊന്നാകുമായിരുന്നു അവസ്ഥ. കേട്ടപാതി കേള്‍ക്കാത്ത പാതി ഇസ്രായേലിനൊപ്പം കൂടി ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തുമായിരുന്നു. അങ്ങനെ കൂടുതല്‍ ഭീകരവാദ ആക്രമണങ്ങളിലേക്കും, അനാവശ്യമായ യുദ്ധത്തിലേക്കും അവര്‍ നമ്മെ വലിച്ചിടുമായിരുന്നു. ഒപ്പം ശവപ്പെട്ടി വിറ്റ് സ്വന്തം കീശവീര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 20 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അപസര്‍പ്പകകഥകളെ വെല്ലുന്ന വിധമാണ് പലപ്പോഴും അന്താരാഷ്ട്രരംഗത്ത് കാര്യങ്ങള്‍ നടക്കാറ്. കഴിഞ്ഞ തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം ഈ യാഥാര്‍ഥ്യത്തിന് ഒന്നുകൂടി അടിവരയിടുന്നു.