Saturday, February 18, 2012

പൊന്നരിവാളമ്പിളിയില്...

കൊല്ലത്തെ ചവറ തട്ടാശേരി സുദര്‍ശന തിയേറ്റര്‍ വലിയൊരു ചരിത്രസംഭവത്തിന് അരങ്ങൊരുക്കിയെന്നതിന് ഇന്ന് തെളിവൊന്നുമില്ല. തിയേറ്റര്‍ മാത്രമല്ല, ആ സ്ഥലവും തിരിച്ചറിയാനാവാത്ത വിധം മാറി. ഇപ്പോള്‍ അത് കച്ചവടകേന്ദ്രം. എന്നാല്‍ ഓലമേഞ്ഞ സുദര്‍ശനയില്‍ അറുപതാണ്ടു മുമ്പ് അരങ്ങേറിയ നാടകം കേരളത്തിന്റെ ചരിത്രമുന്നേറ്റത്തിന് സാക്ഷിയും സഹായിയും. 1952 ഡിസംബര്‍ ആറ് രാത്രി ഒമ്പത്. തിയേറ്ററിന്റെ അണിയറയില്‍ മണിമുഴങ്ങി. പിന്നീട് ഘനഗംഭീര ശബ്ദത്തില്‍ അനൗണ്‍സ്മെന്റ്-"നിങ്ങള്‍ ഉല്‍ക്കണ്ഠയോടെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ ഉദ്ഘാടനം ആരംഭിക്കുകയായി." നാടക ചരിത്രത്തിലെ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ പന്ഥാവിലേക്കുള്ള മണിമുഴക്കം കൂടിയായിരുന്നു അത്.

ജന്മിത്വത്തിന്റെ കരാളതകളില്‍ പണിയെടുക്കുന്നവന്റെയും പാവപ്പെട്ടവന്റെയും ജീവിതം മുങ്ങിത്താഴുന്ന ഘട്ടം. അവിടെയാണ് പുതിയ പ്രതീക്ഷയുടെയും കാലത്തിന്റെയും സന്ദേശമുയര്‍ത്തി നാടക അരങ്ങേറ്റം. കമ്യൂണിസ്റ്റ് പാര്‍ടിയെയും മാനവസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും ജനഹൃദയങ്ങളില്‍ കുടിയിരുത്തുന്നതില്‍ അത് വഹിച്ച പങ്ക് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ രൂപീകരണത്തിന് ഭൂമികയൊരുക്കുന്നതില്‍ നാടകം ചെലുത്തിയ സ്വാധീനം ചെറുതല്ല. പതിനായിരത്തിലേറെ വേദികളില്‍ അരങ്ങേറിയ അത് ഇന്നും ആസ്വാദകരെ മാടിവിളിക്കുന്നു.

അസമത്വത്തിന്റെയും പീഡനങ്ങളുടെയും കെട്ട കാലത്ത് പുതിയ സാമൂഹ്യക്രമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ സിരകളില്‍ പടര്‍ത്തിയ ഒരുപറ്റം ചെറുപ്പക്കാരാണ് അരങ്ങിലും അണിയറയിലും നിറഞ്ഞത്. ജി ജനാര്‍ദനക്കുറുപ്പും കെ എസ് രാജാമണിയും എന്‍ രാജഗോപാലന്‍ നായരും അടങ്ങുന്ന സംഘത്തിന്റെ ഒത്തുചേരലില്‍ പിറവികൊണ്ട കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് (കെപിഎസി) "കമ്യൂണിസ്റ്റാക്കി"യുടെ അവതരണത്തിന് ബാനറൊരുക്കി. കലാപ്രവര്‍ത്തനത്തിനപ്പുറം സാമൂഹ്യ-സാംസ്കാരിക മുന്നേറ്റത്തിനുള്ള അരങ്ങും ആയുധവുമായിരുന്നു അവര്‍ക്കത്. ശൂരനാട് കേസില്‍ ഒളിവിലായിരുന്ന തോപ്പില്‍ഭാസി സോമന്‍ എന്ന പേരിലാണ് നാടകം രചിച്ചത്. രാജഗോപാലന്‍ നായരും ജനാര്‍ദനക്കുറുപ്പും ചേര്‍ന്ന് പല രംഗങ്ങളും മാറ്റിയെഴുതി. ആദ്യ റിഹേഴ്സലും അരങ്ങേറ്റവും ചവറയില്‍ . കോടാകുളങ്ങര വാസുപിള്ളയുടെ ചെലവില്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പന്തല്‍ കെട്ടി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ബ്ലോക്ക് വരച്ചു. നോട്ടീസ് കായംകുളംപട്ടാണിപ്പറമ്പില്‍ മത്തായിക്കുട്ടിയുടെ പ്രസ്സില്‍ നിന്ന്.

1952 ഡിസംബര്‍ ആറിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് സുദര്‍ശന തിയേറ്ററില്‍ ഡി എം പൊറ്റക്കാട്ട് നാടകം ഉദ്ഘാടനം ചെയ്തു. കാമ്പിശേരി കരുണാകരനായിരുന്നു മുഖ്യകഥാപാത്രമായ പരമുപിള്ളയെ അവതരിപ്പിച്ചത്. മറ്റ് അഭിനേതാക്കളായ എന്‍ രാജഗോപാലന്‍ നായരും വി സാംബശിവനും ജി ജനാര്‍ദനക്കുറുപ്പും ഒ മാധവനും തോപ്പില്‍ കൃഷ്ണപിള്ളയും കെപിഎസി സുലോചനയും സുധര്‍മയുമൊക്കെ പില്‍ക്കാലത്ത് നമ്മുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തെ ചിട്ടപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കി. നാടകത്തില്‍ ഗാനങ്ങളൊരുക്കിയ ഒഎന്‍വി-ദേവരാജന്‍ കൂട്ടുകെട്ടും അരങ്ങില്‍ പാടി അഭിനയിച്ച കെ എസ് ജോര്‍ജും സുലോചനയും പാട്ടിന്റെ പൂക്കാലം സമ്മാനിച്ചു. "പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ"യും "വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ"യും വരികള്‍ കേരളം ഏറ്റുപാടി.

ആശയപ്രചാരണത്തില്‍ അഗ്രഗാമിയായ "കമ്യൂണിസ്റ്റാക്കി"ക്ക് അധികാരിവര്‍ഗത്തിന്റെ നിരോധനം നേരിടേണ്ടിയും വന്നു. 1953 മാര്‍ച്ച് 20ന് ബാലരാമപുരം മുരുകന്‍ ടാക്കീസില്‍ കളിക്കാനൊരുങ്ങുമ്പോഴായിരുന്നു നിരോധനം. സര്‍ക്കാരിനെതിരെ ജനങ്ങളെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നുവെന്നു കാട്ടി ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റാണ് നിരോധിച്ചത്. ഇതിനെതിരെ അപ്പീല്‍ പോയി. നാടകം നിരോധിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ബാലരാമപുരത്ത് അവതരിപ്പിക്കുകയും ചെയ്തു. ഒരു ദേശത്തിന്റെ ജീവിതമാകെ പുതുക്കിപ്പണിയുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ "കമ്യൂണിസ്റ്റാക്കി"യുടെ നിരോധനവും പിന്നീടുള്ള വിജയഭേരിയും ചരിത്രത്തിന്റെ ഭാഗം.

*
കെ വി സുധാകരന്‍ ദേശാഭിമാനി 18 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...