Sunday, February 26, 2012

ക്യാപ്റ്റന്‍ ലക്ഷ്മി: തൊണ്ണൂറ്റിയേഴിന്റെ ചെറുപ്പം

ഇത് ക്യാപ്റ്റന്‍ ലക്ഷ്മി. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ധീര വനിത. രാജ്യസ്വാതന്ത്ര്യത്തിനായി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തുടങ്ങിയ പോരാട്ടം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ അകറ്റുന്നതിനെതിരെ ഇന്നും തിളയ്ക്കുന്ന രോഷം. പാവങ്ങളെയും അശരണരെയും ഫീസ് വാങ്ങാതെ ചികിത്സിക്കുകയെന്ന ജീവിതയത്നം എപ്പോഴും മുറുകെപ്പിടിച്ച ജനകീയ ഡോക്ടര്‍ . വയസ് തൊണ്ണൂറ്റിയേഴ്. കാണ്‍പൂരിലെ തന്റെ ക്ലിനിക്കില്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു മണിവരെ രോഗികളെ സൗജന്യമായി പരിചരിക്കുന്നു. ഉച്ചഭക്ഷണശേഷം അല്‍പ്പം വിശ്രമം. തുടര്‍ന്ന് വായനയും ടി വി കാണലും. സന്ധ്യക്ക് പതിവായി ചിലരെങ്കിലുമെത്തും തങ്ങളുടെ "മാതാ"യെ കാണാന്‍ . കണ്ണില്‍ ഇപ്പോഴും ആ നിശ്ചയദാര്‍ഢ്യമുണ്ട്.

ഭര്‍ത്താവ് പ്രേംകുമാര്‍ സൈഗാളിന്റെ നാടായ കാണ്‍പൂരില്‍ താമസം തുടങ്ങുമ്പോള്‍ അതൊരു വ്യവസായ നഗരമായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ശക്തം. സുഭാഷ്ചന്ദ്രബോസിന്റെ പോര്‍സംഘടനയായ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യവും മനുഷ്യരെല്ലാം തുല്യരാണെന്ന ബോധവും പാവങ്ങളുടെ മോചന സ്വപ്നവും ക്യാപ്റ്റന്‍ ലക്ഷ്മിയെ കമ്യൂണിസ്റ്റ് പാര്‍ടിയിലേയ്ക്കടുപ്പിച്ചു. 1970 മുതല്‍ സിപിഐ എമ്മില്‍ സജീവ പ്രവര്‍ത്തകയും നേതാവുമായി. തൊഴിലാളികള്‍ക്ക് അമ്മയായും സഹോദരിയായും സാന്ത്വനഹസ്തമായി. പകര്‍ച്ചവ്യാധി പടര്‍ന്ന ചേരികളില്‍ , ബംഗ്ലാദേശ് യുദ്ധകാലത്ത് കാണ്‍പൂരിലേക്ക് ഒഴുകിയെത്തിയ അഭയാര്‍ഥികളില്‍ സിറിഞ്ചും മരുന്നുമായി ഓടിനടന്ന് ചികിത്സിച്ചു. പാര്‍ടി പ്രവര്‍ത്തനം തന്നെയായിരുന്നു ലക്ഷ്മിക്ക് അതെല്ലാം. സിങ്കപ്പൂരില്‍ അവര്‍ തുടങ്ങിയ ക്ലിനിക്കില്‍ പ്രധാനമായും എത്തിയത് പാവപ്പെട്ട ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ . അക്കാലത്ത് അവിടെ പ്രസംഗിക്കാനെത്തിയ സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകള്‍ ലക്ഷ്മിയെ ഏറെ ആവേശം കൊള്ളിച്ചു.

പാര്‍ടി സമ്മേളനങ്ങളുടെ ഓര്‍മകള്‍ ലക്ഷ്മിക്ക് എന്നും ആവേശമാണ്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 18-ാം കോണ്‍ഗ്രസില്‍വരെ പങ്കെടുത്ത അവര്‍ക്ക് കോഴിക്കോട്ട് എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. അനാരോഗ്യം കാരണം ഇരുപതാം കോണ്‍ഗ്രസില്‍ അമ്മ പങ്കെടുക്കുന്നില്ലെന്നാണ് മുന്‍ കാണ്‍പൂര്‍ എംപിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ മകള്‍ സുഭാഷിണി അലി പറഞ്ഞത്. ഇത് കേട്ടയുടന്‍ ക്യാപ്റ്റന്‍ ലക്ഷ്മി തിരുത്തി: "ഇതുവരെ തീരുമാനിച്ചിട്ടില്ല. നോക്കട്ടെ".

കച്ചേരി ജങ്ഷനടുത്തുള്ള വീട്ടിലേക്ക് സരേഷ്ഗഢില്‍നിന്ന് ഞങ്ങളെയെത്തിച്ച യുവജനസംഘടനാ നേതാക്കള്‍ മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മി പറഞ്ഞു: "എന്തെങ്കിലും ചെയ്യൂ നിങ്ങള്‍ . യുവാക്കളല്ലേ സമൂഹത്തെ നയിക്കേണ്ടത്. ഇങ്ങനെയിരുന്നാല്‍ പോര. കടുത്ത ജാതി-മത വേര്‍തിരിവാണിവിടെ. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നാം മുന്നേറാന്‍ ശ്രമിക്കണം. പോരാട്ടം മാത്രമാണ് ഇന്ത്യയുടെ വഴി". പഴയ ഉശിരിനും വീര്യത്തിനും തീരെ ക്ഷീണമില്ല. വാര്‍ധക്യത്തിന്റെ അസ്വസ്ഥതകളൊന്നും വകവയ്ക്കാതെ വിപ്ലവാത്മക മനസ്സ് കാത്തുസൂക്ഷിക്കുന്ന അവര്‍ തന്റെ പൂര്‍വകാല ജീവിതത്തെ ലോകചരിത്രവുമായി കൂട്ടിവായിക്കുന്നു.



പഴയ മലയയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ആയുധമെടുത്ത് പോരാടുകയും യുദ്ധകാല അന്തേവാസികള്‍ക്ക് രാപ്പകലില്ലാതെ ആതുരാശ്രയം നല്‍കുകയും ചെയ്തത് യൗവ്വനത്തില്‍ ലക്ഷ്മിയെടുത്ത തീരുമാനത്തിന്റെ ഭാഗം. സുഭാഷ് ചന്ദ്രബോസുമൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സിരകളില്‍ തീ പടര്‍ത്തും. ഐന്‍എയിലെ ഝാന്‍സി റാണി റജിമെന്റിന് നേതൃത്വം നല്‍കിയതോടെയാണ് പേരിനൊപ്പം ക്യാപ്റ്റന്‍ എന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഏഷ്യയിലെ ആദ്യ വനിതായൂണിറ്റ്. രണ്ടാം ലോക മഹായുദ്ധ കാലയളവിലായിരുന്നു ഇത് എന്നതും ശ്രദ്ധേയം. സിംഗപ്പൂരിലും ബര്‍മയിലും ഏറ്റുവാങ്ങിയ മര്‍ദനവും ജയില്‍ജീവിതവും ചരിത്രത്തിന്റെ ഭാഗം. മദ്രാസില്‍ കുട്ടിക്കാലം, അച്ഛന്‍ തമിഴ്നാട്ടുകാരന്‍ . മുതിര്‍ന്നപ്പോള്‍ സിംഗപ്പൂരിലെയും ബര്‍മയിലെയും തെരുവുകളിലും ജയിലുകളിലും. ഇവര്‍ എങ്ങനെ മലയാളം പഠിച്ചു. "അച്ഛന്റെ മാതൃഭാഷ തമിഴാണെങ്കിലും സംസാരിക്കാറുള്ളത് മലയാളം. എന്നെ മലയാളം പഠിപ്പിച്ചത് അച്ഛനാണ്. മലയാള പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു"-തണുപ്പ് വിടാത്ത കാണ്‍പൂരിലെ വീട്ടില്‍ ഷാള്‍ പുതച്ചിരുന്ന് ലക്ഷ്മി പറഞ്ഞു.

പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്ത് തറവാട്ടിലെ എ വി അമ്മുക്കുട്ടിയുടെയും മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഡോ. സ്വാമിനാഥന്റെയും മകളായി പിറന്ന് മദ്രാസിലായിരുന്നു ലക്ഷ്മിയുടെ ബാല്യം. 1938ല്‍ മാദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ആനക്കരയിലേക്കുള്ള യാത്രകളുടെ ഓര്‍മയും അവര്‍ പങ്കുവച്ചു. പച്ചപ്പും പുളിമാങ്ങകളുടെ ചവര്‍പ്പും മാത്രമായി ഒതുങ്ങില്ല ആ സ്മരണ. അനീതികള്‍ക്കെതിരായപൊരുതലും കൂടി ചേര്‍ന്നതായിരുന്നു അത്. "ആനക്കര വീട്ടില്‍ ധാരാളം ജോലിക്കാരുണ്ടായിരുന്നു. പുറംപണിക്കും അകത്തും മറ്റും. അവരൊക്കെ ഏറെ പാവപ്പെട്ടവരും വീട്ടുകാരുടെ കാഴ്ചപ്പാടില്‍ താഴ്ന്ന ജാതിക്കാരുമാണ്. അവരെ തൊട്ടാല്‍ അശുദ്ധമാകുമെന്നതിനാല്‍ അടുത്ത് പോകുന്നതു വിലക്കും. കുട്ടിക്കാലത്തൊക്കെ അറിയാതെ തൊട്ടാല്‍പോലും താക്കീതു നല്‍കും. എന്നെപ്പോലെതന്നെ മനുഷ്യരല്ലേ അവര്‍ എന്ന സംശയം അക്കാലം മുതലേ ശക്തമായിരുന്നു."-ക്യാപ്റ്റന്‍ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ലക്ഷ്മി ഒരുവട്ടം രാജ്യസഭയിലുമെത്തി. 2002ല്‍ സംയുക്ത ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി.

*
ദിനേശ്വര്‍മ ദേശാഭിമാനി 24 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് ക്യാപ്റ്റന്‍ ലക്ഷ്മി. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ധീര വനിത. രാജ്യസ്വാതന്ത്ര്യത്തിനായി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തുടങ്ങിയ പോരാട്ടം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ അകറ്റുന്നതിനെതിരെ ഇന്നും തിളയ്ക്കുന്ന രോഷം. പാവങ്ങളെയും അശരണരെയും ഫീസ് വാങ്ങാതെ ചികിത്സിക്കുകയെന്ന ജീവിതയത്നം എപ്പോഴും മുറുകെപ്പിടിച്ച ജനകീയ ഡോക്ടര്‍ . വയസ് തൊണ്ണൂറ്റിയേഴ്. കാണ്‍പൂരിലെ തന്റെ ക്ലിനിക്കില്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു മണിവരെ രോഗികളെ സൗജന്യമായി പരിചരിക്കുന്നു. ഉച്ചഭക്ഷണശേഷം അല്‍പ്പം വിശ്രമം. തുടര്‍ന്ന് വായനയും ടി വി കാണലും. സന്ധ്യക്ക് പതിവായി ചിലരെങ്കിലുമെത്തും തങ്ങളുടെ "മാതാ"യെ കാണാന്‍ . കണ്ണില്‍ ഇപ്പോഴും ആ നിശ്ചയദാര്‍ഢ്യമുണ്ട്.