Wednesday, February 22, 2012

നേതൃനിരയിലെ മലയാളിസാന്നിധ്യം

എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം വരുംമുമ്പ് 1962ല്‍ മദിരാശിയിലേക്ക് വണ്ടികയറിയ ബാലനായിരുന്നു ആമന്ത്ര കേളോത്ത് പത്മനാഭന്‍ . മെറ്റല്‍ബോക്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അമ്മാവന്റെ അടുത്തേക്കായിരുന്നു ആ പോക്ക്. എ കെ ജിക്കൊപ്പം പട്ടിണിജാഥയില്‍ മുഴുവന്‍ സമയം പങ്കെടുത്ത അച്ഛന്‍ കുഞ്ഞിരാമന്‍നമ്പ്യാരുമൊത്തുള്ള ഈ സഞ്ചാരം രാഷ്ട്രീയ ജീവിതത്തിലേക്കുള്ള യാത്രയാകുമെന്ന് ആ പതിനഞ്ചുകാരന്‍ കരുതിയില്ല.

തമിഴോ ഇംഗ്ലീഷോ അറിയാതെ മടിച്ചുമടിച്ച് വാഷര്‍മന്‍പേട്ടിലെ സര്‍ സത്യരാജ കോളേജില്‍ മൂന്നാം ഗ്രൂപ്പില്‍ പഠനം. പൂര്‍ത്തിയായ ഉടന്‍ അശോക് ലയലന്‍ഡ് കമ്പനിയില്‍ അപ്രന്റീസ്. ജീവിതത്തിലാദ്യമായി ചെരുപ്പ് ധരിച്ച് പൊള്ളിയ കാലുമായി, കാക്കി പാന്റും ഷര്‍ട്ടുമായി ഫാക്ടറി ജീവനക്കാരനായി. കുമാരേട്ടന്റെ ചായപ്പീടികയിലെ രാഷ്ട്രീയ ചര്‍ച്ചയിലൂടെ സിപിഐ എമ്മുമായി ബന്ധം സ്ഥാപിക്കുന്നു. ഒപ്പം ഫാക്ടറിയിലെ തൊഴിലാളി നേതാവുമായി. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ പാര്‍ടിയുമായുള്ള ബന്ധം ശക്തമാകുന്നു. അതോടെ അമ്മാവന്റെ വീട്ടില്‍നിന്ന് കുടിയൊഴിയാന്‍ നിര്‍ബന്ധിക്കപ്പെടുകയും കൂടെയുള്ള തൊഴിലാളികള്‍ക്കൊപ്പം താമസമാക്കുകയുംചെയ്തു.

1968ല്‍ സിപിഐ എം തിരുവട്ടിയൂര്‍ ടൗണ്‍കമ്മിറ്റി അംഗമായി. ഇതേ കാലത്ത് അശോക് ലയലന്‍ഡില്‍ തൊഴില്‍ പ്രശ്നങ്ങളുണ്ടായി. പ്രൊഡക്ഷന്‍ മാനേജരെ അടിച്ചെന്ന കള്ളക്കേസില്‍ ജോലി നഷ്ടപ്പെട്ടതോടെ മുഴവന്‍സമയ പാര്‍ടി-ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനായി. 1973ല്‍ സിഐടിയു ചെന്നൈ ജില്ലാ ജോയന്റ് സെക്രട്ടറിയായ പത്മനാഭന്‍ 1991ല്‍ കേന്ദ്ര സെക്രട്ടറിയും 2010ല്‍ പ്രസിഡന്റുമായി.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരത്താണ് ജനിച്ചതെങ്കിലും അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം മുഴുവന്‍ തമിഴ്നാട്ടില്‍ . എ കെ പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എ കെ പത്മനാഭന്‍ തമിഴ്നാട്ടുകാരനായി മാത്രമേ ഭൂരിപക്ഷംപേരും തിരിച്ചറിയൂ. മലയാളിയായതുകൊണ്ട് ഒരിക്കല്‍പോലും രാഷ്ര്ടീയ ജീവിതത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു. എ കെ ജി, ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയവര്‍ക്കേ എ കെ പിയെ മലയാളിയായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളു. അവരുടെ പ്രസംഗങ്ങള്‍ തമിഴിലേക്ക് തര്‍ജമചെയ്യുന്നയാളെന്ന നിലയിലാണ് ഈ അറിവ്.

കേരളത്തില്‍ ജനിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അമരക്കാരായവര്‍ ഏറെ. തമിഴ്നാട്ടില്‍ മലയാളികളായ സിപിഐ എം നേതാക്കളുടെ നീണ്ട നിരയുണ്ട്. കണ്ണൂര്‍ ജില്ലയിലെ താഴെചൊവ്വക്കാരനായ വി പി ചിണ്ടന്‍ തലയെടുപ്പുള്ള ട്രേഡ്യൂണിയന്‍ -സിപിഐ എം നേതാവായി വളര്‍ന്നു. എറണാകുളം ജില്ലയിലെ മൂപ്പത്തടം സ്വദേശിയായ പി ആര്‍ പരമേശ്വരന്‍ പതിമൂന്നാം വയസ്സില്‍ ചെന്നൈയില്‍ എത്തുകയും തയ്യല്‍ തൊഴിലാളിയായി ജീവിതമാരംഭിക്കുകയും ചെയ്തതാണ്. അദ്ദേഹം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി. സൈദ്ധാന്തികനായി അറിയപ്പെടുകയും ചെയ്തു. കൊല്ലത്തുനിന്നും ചെന്നൈയില്‍ വന്ന് ഹോട്ടല്‍ തൊഴിലാളിയായി ജീവിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പി ജി കുഞ്ഞികൃഷ്ണന്‍ , കെ എം ഹരിഭട്ട്, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായി ഉയര്‍ന്ന ആര്‍ ഉമാനാഥ്, പി ആര്‍ സിയെന്ന പി രാമചന്ദ്രന്‍ എന്നിവരും മലയാളികള്‍ . യഥാക്രമം കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് ഇവര്‍ . എംപിയും എംഎല്‍എയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ രമണിയും മലയാളി തന്നെ. കണ്ണൂരില്‍നിന്നുള്ള കെ അനന്തന്‍നമ്പ്യാര്‍ എന്ന റെയില്‍വേ തൊഴിലാളി നേതാവ് തമിഴ്നാട്ടില്‍ എംപിയും എംഎല്‍എയുമായി വളര്‍ന്നു. 1952 ല്‍ നാഗപട്ടണത്തില്‍നിന്നും 1962, 67ല്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്നുമാണ് ലോക്സഭയിലെത്തിയത്.

ഗുജറാത്തിലേക്ക് ജോലിതേടിപ്പോയ അന്തിക്കാടുകാരനായ രാമചന്ദ്രന്‍ ഇന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമാണ്. കര്‍ണാടകയിലെ മുന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ തിരുവല്ലക്കാരനാണ്. അദ്ദേഹം തൊഴില്‍ തേടിയാണ് ബംഗളൂരുവിലെത്തിയത്. മഹാരാഷ്ട്രയിലെ സിഐടിയു നേതാവ് പി ആര്‍ കൃഷ്ണനും മലയാളിതന്നെ. സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മറ്റി അംഗം പി ഐ രവീന്ദ്രന്‍ തൃശൂര്‍ ജില്ലയിലെ പെരുവനം സ്വദേശിയാണ്.

അന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ സിപിഐ എം നേതാക്കളിലും മലയാളികള്‍ ഏറെ. 1984ല്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെയും സമര്‍ മുഖര്‍ജിയുടെയും നേതൃത്വത്തില്‍ ദ്വീപില്‍ സിപിഐ എം രൂപം കൊണ്ടപ്പോള്‍ പ്രഥമ സെക്രട്ടറി എന്‍ വാസുദേവനായിരുന്നു. വര്‍ക്കല ഇടവ സ്വദേശി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ ചന്ദ്രചൂഡന്‍ കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്. പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവു കൂടിയാണ് അദ്ദേഹം.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 22 ഫെബ്രുവരി 2012

No comments: