മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ തിളങ്ങുന്ന ഒരേടാണ് ഒഞ്ചിയം. ജന്‍മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണ 1940-കളില്‍, സഹനതകളുടെ നുകം വലിച്ചെറിഞ്ഞ്, പോരാട്ടത്തിന്റെ പോര്‍ച്ചട്ടയണിഞ്ഞ് സമര ഭൂമികയില്‍ തീജ്വാലയായി ജ്വലിച്ച ഒഞ്ചിയം സമര ഭടന്‍മാര്‍. അവരുടെ ആത്മത്യാഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം കൈവരികയായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാതെ എന്തിനും ഏതിനും ജന്‍മിമാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്ന തങ്ങളുടെ തലമുറയുടെ ദുരിത പര്‍വ്വം അടുത്ത തലമുറകള്‍ അനുഭവിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു ഒഞ്ചിയം സമരത്തന് ഹേതു.
ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടുകൊണ്ട,് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരങ്ങളുമായെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പകര്‍ച്ച വ്യാധികളും മാറാ രോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘം ആശ്വാസമായി. വസൂരി, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ഒറ്റപ്പെട്ട് മരണം പ്രതീക്ഷിച്ച് കിടന്നവരെ പുതുജീവിതത്തിലേക്ക് അവര്‍ കൈപിടിച്ചുയര്‍ത്തി. പട്ടിണികിടക്കുന്നവര്‍ക്ക് ആവുന്നത്ര സഹായം നല്‍കാന്‍ പാര്‍ട്ടി പരിശ്രമിച്ചു. ഇത് ഒഞ്ചിയം ഗ്രാമത്തെയും പഴയ കുറുമ്പ്രനാട് താലൂക്കിനേയും ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിക്കുകയായിരുന്നു. ഇന്നത്തെ മലബാറിലെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ധീര കമ്മ്യൂണിസ്റ്റ് എം കുമാരന്‍ മാസ്റ്ററായിരുന്നു പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറി. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീര യുവത്വങ്ങള്‍ ജനങ്ങള്‍ക്ക് വഴികാട്ടികളായി നിന്നു.
ഒഞ്ചിയം: രക്തസാക്ഷിത്വവും ചോരയില്‍ വരച്ചിട്ട അരിവാള്‍ ചുറ്റികയും
ബ്രിട്ടീഷ് ഭരണത്തിന്റെ കയ്പുനീര്‍ കുടിച്ച് തളര്‍ന്ന ജനങ്ങള്‍ക്ക് സ്വതന്ത്ര ഭാരതത്തിലെ പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന ജനങ്ങളുടെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്തായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്രാജ്യത്വ വൈതാളികരുടെ നിലപാടുകള്‍ അതേപടി പിന്തുടര്‍ന്നു. അതുവരെ ലഭിച്ച അരിപോലും റേഷന്‍ കടകളില്‍ നിന്ന് ലഭിച്ചില്ല. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നിര്‍ബാധം തുടര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലകയറി. അരിക്ക് പകരം കമ്പച്ചോളം റേഷന്‍കടകളില്‍ നിര്‍ബന്ധമാക്കി. പൂഴ്ത്തിവെച്ച് അമിതവില വസൂലാക്കി നെല്ലു വില്‍ക്കുന്ന ജന്മിമാരും ഈ സന്ദര്‍ഭത്തില്‍ പട്ടിണി വിറ്റ് ലാഭം കൊയ്തു. ഇതിനെതിരെ കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ പാര്‍ട്ടിയും സജ്ജമായി.
'കമ്മ്യൂണിസ്റ്റ് ശല്യം' ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ കണ്ട മാര്‍ഗ്ഗം ഭീകര മര്‍ദ്ദനമായിരുന്നു. ഭക്ഷ്യ പ്രക്ഷോഭത്തിലേര്‍പ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിവന്നവരെ പുതിയ ഭരണാധികാരികള്‍ പരസ്യമായും രഹസ്യമായും വേട്ടയാടി. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ പലരെയും നിഷ്‌കരുണം വെടിവെച്ചുകൊല്ലാന്‍ തുടങ്ങി. കുറുമ്പ്രനാട് താലൂക്കിലെ മിക്ക വില്ലേജുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒഞ്ചിയത്തും റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.
1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. 'കല്‍ക്കത്താ കോണ്‍ഗ്രസി'ന്റെ വിശദീകരണത്തിനായി കുറുമ്പ്രനാട് താലൂക്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു. പാര്‍ട്ടിയോടുള്ള ജനങ്ങളുടെ കൂറും പിന്തുണയുമായിരുന്നു നേതൃത്വത്തെ ഇവിടെ യോഗം ചേരുന്നതിന് പ്രേരിപ്പിച്ചത്. യോഗ വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.
കല്‍ക്കത്താ കോണ്‍ഗ്രസ് കഴിഞ്ഞ് നേതാക്കള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്നതേയുള്ളൂ. ചരിത്ര പ്രസിദ്ധമായ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം കേട്ട ഭരണാധികാരികള്‍ ഉറഞ്ഞുതുള്ളി. എം കുമാരന്‍മാസ്റ്റര്‍ ആയിരുന്നു പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. എം കെ കേളുഏട്ടന്‍, പി കെ കെ അബ്ദുള്ള, പി രാമക്കുറുപ്പ്, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, കെ പി കുഞ്ഞിരാമന്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, യു കുഞ്ഞിരാമന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. ഒറ്റുകാരുടെ നീക്കം മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
ഏപ്രില്‍ 30-ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. മുക്കാളിയില്‍ വന്നിറങ്ങിയ സംഘത്തില്‍ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ കുപ്രസിദ്ധരായ ഇന്‍സ്‌പെക്ടര്‍ അടിയോടിയും സബ്ഇന്‍സ്‌പെക്ടര്‍ തലൈമയും ഉണ്ടായിരുന്നു. 'ചെറുപയര്‍ പട്ടാള'മെന്ന കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി.
പാര്‍ട്ടി നേതാക്കളെ തേടി പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. നിലവിളി വീടുകളില്‍നിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവില്‍ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു പോലീസ് അധികാരികളുടെ കല്പന. ജനനേതാക്കളെ സ്വന്തം ഹൃദയത്തിലേറ്റിയ ഗ്രാമീണര്‍ക്ക് ഇത് അസഹ്യമായിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒഞ്ചിയത്ത് പോലീസ് സംഘം എത്തിയ വിവരം പാര്‍ട്ടി സഖാക്കള്‍ മെഗഫോണിലൂടെ വിളിച്ചു പറഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ശബ്ദംകേട്ട ദിക്കിലേക്ക് എത്തിക്കൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. തടിച്ചുകൂടിയ ജനസഞ്ചയത്തെക്കണ്ട് സായുധസേന ഞെട്ടിത്തരിച്ചു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി. പക്ഷെ ജനം കൂസിയില്ല.
ധീരനായ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി ഗര്‍ജ്ജിച്ചു: 'വെയ്ക്കിനെടാ വെടി'... പിന്നെ തുരുതുരാ വെടിവെപ്പായിരുന്നു. നിരായുധരായ ഗ്രാമീണര്‍ക്കുനേരെ പോലീസ് നിഷ്‌കരുണം വെടിയുതിര്‍ത്തു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവരും കമിഴ്ന്ന് കിടക്കണമെന്ന് സമരമുഖത്തുണ്ടായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ വിളിച്ചുപറഞ്ഞു. ജനം ഇത് അനുസരിച്ചതിനാല്‍ ഏറെപ്പേര്‍ വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെട്ടു.
ജന്‍മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന ഐതിഹാസികമായ പോരാട്ടത്തില്‍ പത്ത് ധീരസഖാക്കളാണ് ഒഞ്ചിയത്ത് രക്തസാക്ഷികളായത്. എട്ട്‌പേര്‍ പോലീസ് വെടിവെയ്പ്പിലും രണ്ടുപേര്‍ പിന്നീടു നടന്ന ക്രൂര മര്‍ദ്ദനത്തിലും.
അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോന്‍ കണാരന്‍, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍ എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങള്‍ കണക്കിന് തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരേയും അതില്‍ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തിലാണ് മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായത്.
ഒഞ്ചിയത്തിന്റെ ഇതിഹാസമായ മണ്ടോടികണ്ണന്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും വീരപുരുഷനാണ്. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ ഞെട്ടിക്കുകയായിരുന്നു. ഇത് ഒഞ്ചിയം സമര ചരിത്രത്തിലെ ഒരേട് മാത്രം. സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സമര വീര്യത്തിന്റെയും കഥകള്‍ ഇനിയുമേറെ.
*
പി പി അനില്‍കുമാര്‍ ജനയുഗം 07 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ തിളങ്ങുന്ന ഒരേടാണ് ഒഞ്ചിയം. ജന്‍മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണ 1940-കളില്‍, സഹനതകളുടെ നുകം വലിച്ചെറിഞ്ഞ്, പോരാട്ടത്തിന്റെ പോര്‍ച്ചട്ടയണിഞ്ഞ് സമര ഭൂമികയില്‍ തീജ്വാലയായി ജ്വലിച്ച ഒഞ്ചിയം സമര ഭടന്‍മാര്‍. അവരുടെ ആത്മത്യാഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം കൈവരികയായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാതെ എന്തിനും ഏതിനും ജന്‍മിമാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്ന തങ്ങളുടെ തലമുറയുടെ ദുരിത പര്‍വ്വം അടുത്ത തലമുറകള്‍ അനുഭവിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു ഒഞ്ചിയം സമരത്തന് ഹേതു.
Post a Comment