Tuesday, February 7, 2012

കടമകള്‍ നിറവേറ്റി കൂടുതല്‍ കരുത്തോടെ

പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. 20-ാം പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെ പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിച്ച കോഴിക്കോട്ട് നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ സമ്മേളനം ചേരുന്നത്. 2008 ഫെബ്രുവരി 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ കോട്ടയത്ത് ടി.കെ. രാമകൃഷ്ണന്‍ നഗറിലായിരുന്നു പാര്‍ടിയുടെ കഴിഞ്ഞ സംസ്ഥാനസമ്മേളനം ചേര്‍ന്നത്. കോട്ടയം സമ്മേളനം പാര്‍ടിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടി തയ്യാറാക്കുകയും ചെയ്തിരുന്നു. പാര്‍ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായി. വിഭാഗീയമായ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന തീരുമാനവും സമ്മേളനം എടുത്തു. ലക്ഷദ്വീപില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള ഇടപെടല്‍ നടത്താനും തീരുമാനിച്ചു.

പാര്‍ടിയുടെ ആശയരംഗം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ഇടപെടേണ്ടതിന്റെ പ്രാധാന്യവും അത് എടുത്ത് പറയുകയുണ്ടായി. കേരളത്തിന്റെ സമഗ്രവികസനത്തെ സംബന്ധിച്ചും സാമൂഹ്യനീതിയെ ലക്ഷ്യം വെച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്നു നിര്‍ദ്ദേശിക്കുകയുണ്ടായി. അതിന് അനുയോജ്യമായ രീതിയിലുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്ത് പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന പരിശോധന ഈ സമ്മേളനത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് ഈ സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ കോട്ടയം സമ്മേളനം മുന്നോട്ടു വെച്ച കാഴ്ചപ്പാട് ഏറെക്കുറെ പ്രാവര്‍ത്തികമാക്കാനായി എന്ന അഭിമാനത്തോടെയാണ് തിരുവനന്തപുരം സമ്മേളനത്തിലേക്ക് പാര്‍ടി എത്തുന്നത്. കഴിഞ്ഞ പാര്‍ടി സമ്മേളനങ്ങള്‍ ചേരുമ്പോള്‍ കേരളത്തില്‍ പാര്‍ടിയുടെ ആകെ മെമ്പര്‍ഷിപ്പ് 3,36,644 ആയിരുന്നു. എന്നാല്‍ ഈ സമ്മേളനം ചേരുമ്പോള്‍ അത് 3,70,818 ആയി വര്‍ദ്ധിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് പാര്‍ടി മെമ്പര്‍ഷിപ്പില്‍ 34,174 ന്റെ വര്‍ദ്ധനവുണ്ടായി.

പാര്‍ടി ഘടകങ്ങളുടെ എണ്ണത്തിലും ഈ വൈപുല്യത്തിന് അനുസരിച്ചുള്ള വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സമ്മേളന കാലയളവില്‍ 26,155 ബ്രാഞ്ചുകളും 1827 ലോക്കല്‍ കമ്മിറ്റികളും 182 ഏരിയാകമ്മിറ്റികളുമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഈ സമ്മേളനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 28,525 ബ്രാഞ്ചുകളും 1978 ലോക്കല്‍ കമ്മിറ്റികളും 202 ഏരിയാകമ്മിറ്റികളും എന്ന നിലയിലേക്ക് വര്‍ദ്ധിച്ചുകഴിഞ്ഞു. വര്‍ഗ-ബഹുജനസംഘടനകളുടെ മെമ്പര്‍ഷിപ്പിനകത്തും വലിയ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ സമ്മേളന കാലയളവില്‍ വര്‍ഗ-ബഹുജനസംഘടനകളുടെ മെമ്പര്‍ഷിപ്പ് 1,49,56,446 ആയിരുന്നു. എന്നാല്‍ , ഈ കാലയളവ് ആകുമ്പോഴേക്കും അത് 1,82,39,769 ആയി വര്‍ദ്ധിക്കുകയും ചെയ്തു. നിലവിലുള്ള സംഘടനകള്‍ ശക്തിപ്പെടുക മാത്രമല്ല, പുതിയ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇടപെടലും ഈ കാലയളവിലുണ്ടായി. നിരവധി പുതിയ ബഹുജനസംഘടനകള്‍ രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നത് ഈ സമ്മേളനകാലയളവിനിടയിലുണ്ടായ സുപ്രധാനമായ മറ്റൊരു കാര്യമാണ്. എന്‍ .ആര്‍ .ഇ.ജി, ഡി.എ.ഡബ്ല്യൂ.എഫ്, സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് & സ്റ്റാഫ് അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അതാത് മേഖലയിലുള്ളവരുടെ ആവശ്യങ്ങളുയര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ശക്തിയാര്‍ജ്ജിക്കുകയുമാണ്.

ലക്ഷദ്വീപില്‍ പാര്‍ടി കെട്ടിപ്പടുക്കുക എന്ന കഴിഞ്ഞ സമ്മേളന തീരുമാനം പ്രാവര്‍ത്തികമാക്കാനായി. ലക്ഷദ്വീപില്‍ ഇപ്പോള്‍ 49 അംഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് പാര്‍ടി ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുകയാണ്. അവയുടെ സമ്മേളനവും ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചു. നിരവധി പ്രക്ഷോഭങ്ങളും ഈ കാലയളവില്‍ ഏറ്റെടുക്കാന്‍ അവിടെ പാര്‍ടിക്ക് സാധിച്ചിട്ടുണ്ട്. വിവര സാങ്കേതികവിദ്യയുടെ വികാസം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആശയവിനിമയത്തിന്റെ പുതിയ സാധ്യതകള്‍ അവ അനാവരണം ചെയ്തിട്ടുണ്ട്. ഈ മേഖല ആരംഭകാലത്ത് വലതുപക്ഷ രാഷ്ട്രീയശക്തികളുടെയും അരാഷ്ട്രീയവാദികളുടെയും കുത്തകയായിട്ടായിരുന്നു നിലനിന്നിരുന്നത്. ഈ മേഖലയിലെ ഇടപെടലിന്റെ ഭാഗമായി ഇടതുപക്ഷ ആശയങ്ങള്‍ ശക്തമായി പ്രചരിക്കുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട്. പാര്‍ടിയുടെ ചരിത്രവും മറ്റും പ്രതിപാദിക്കുന്ന വെബ്സൈറ്റിന്റെ രൂപീകരണവും ഈ കാലത്താണ് നടന്നിട്ടുള്ളത്.പുതിയ തലമുറയ്ക്ക് പാര്‍ടിയുടെ പഴയ ചരിത്രങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ആര്‍ക്കൈവ്സ് തയ്യാറാക്കുന്നതിനുള്ള നടപടികളും ഈ കാലയളവില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ അവരുടെ ആശയങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ വലിയ പ്രചാരവേല നല്‍കുന്ന ഘട്ടമാണ് ഇത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് പഠന പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള നടപടികള്‍ കോട്ടയം സമ്മേളനത്തിന്റെ തീരുമാനപ്രകാരം നടത്തുകയുണ്ടായി. സംസ്ഥാനത്തെ പാര്‍ടി വിദ്യാഭ്യാസത്തിന് ആകെ നേതൃത്വം കൊടുക്കാവുന്ന വിധം ഇ എം എസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. ദേശാഭിമാനി പത്രം, വാരിക, ചിന്ത വാരിക തുടങ്ങിയവയും വലതുപക്ഷ ആശയങ്ങളുടെ പ്രതിരോധത്തിന്റെ കേന്ദ്രമായി വികസിച്ചു. ചിന്ത പബ്ലിഷേഴ്സിനെ കേരളത്തിലെ എണ്ണപ്പെട്ട പുസ്തക പ്രസാധക സംഘമായി കൂടുതല്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ എക്കാലത്തെയും അജണ്ടയായിരുന്നു കേരളത്തിന്റെ വികസനമെന്നത്. സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ ഇത്തരം കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചിരുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നല്ലോ 1956-ല്‍ ജൂണില്‍ അംഗീകരിച്ച വികസന രേഖ. ഈ പാരമ്പര്യത്തെ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ തെളിമയുള്ളതാക്കി മാറ്റാന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ്സും അത് മുന്നോട്ടുവച്ച വികസന രേഖയും കേരളത്തിന്റെ വികസന രംഗത്തെ സുപ്രധാന അധ്യായമായി മാറിക്കഴിഞ്ഞിരിക്കുന്നു.

12-ാം പദ്ധതിയുടെ രൂപീകരണം നടക്കുന്ന ഈ കാലഘട്ടത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിയുള്ള നയങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരായുള്ള ജനകീയ പ്രതിരോധത്തിന്റെ സമരായുധമായി ഈ രേഖ ഉയര്‍ന്നുനില്‍ക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനക്ഷേമകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടലും ഈ കാലഘട്ടത്തിലുണ്ടായി. സംസ്ഥാന സര്‍ക്കാരിന് മാര്‍ഗരേഖയായി പ്രവര്‍ത്തിക്കാനുതകുന്ന രണ്ട് രേഖ ഈ കാലയളവില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. ആഗോളവല്‍ക്കരണ നയങ്ങള്‍ അതിശക്തമായി ജനജീവിതം തകര്‍ത്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെതിരായി ബദലുയര്‍ത്തിക്കൊണ്ട് ജനകീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുതകുന്ന സമീപനം ഈ രേഖ മുന്നോട്ടുവച്ചു. എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും കുടിവെള്ളം തുടങ്ങിയ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. സാമൂഹ്യ സുരക്ഷയുടെ വലയം തീര്‍ത്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. അടിസ്ഥാന മേഖലകളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കുന്നതിനായി എടുത്ത നിലപാടുകള്‍ ഏറെ അംഗീകാരം നേടിയവയായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍നിന്ന് വിമുക്തമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുമായി. ഇതിനെല്ലാം നേതൃത്വപരമായ പങ്ക് നല്‍കുന്നതിന് സി പി ഐ (എം) ന് കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലാതെ പോയത്. ജാതി-മത ശക്തികളുടെ പിന്‍ബലം തേടി വിജയം നേടേണ്ട നില യു ഡി എഫിന് ഉണ്ടാക്കിയത് ഇത്തരം ഇടപെടലുകളാണ്.

ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയ കാലഘട്ടമായിരുന്നു ഈ സമ്മേളനകാലയളവ്. ഈ നയങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാണ് പാര്‍ടി സംഘടിപ്പിച്ചത്. ഇതിന്റെ ഫലമായി ബഹുജനങ്ങളെ ആകെ അണിനിരത്തിയുള്ള വിഭിന്നങ്ങളായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടിയും വര്‍ഗ-ബഹുജനസംഘടനകളും നേതൃത്വം നല്‍കി. കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയാന്‍ കരാറിനെതിരായി ജനലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല കേരളത്തിന്റെ ശക്തമായ പ്രതിരോധമായിരുന്നു. ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള നിരവധി പോരാട്ടങ്ങള്‍ നടക്കുകയുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ദേശീയ തലത്തില്‍ നടക്കുന്ന സമരങ്ങളുമായി ഐക്യപ്പെട്ടുകൊണ്ട് പോരാട്ടങ്ങളുടെ ബഹുമുഖമായ പരമ്പര തന്നെ ഇവിടെ ഉയര്‍ന്നുവന്നു. കേരളത്തിന്റെ ഗുണപരമായ എല്ലാനേട്ടങ്ങളേയും തകര്‍ക്കുന്ന വിധത്തില്‍ ഇടപെടുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിന്റെ നിരതന്നെ സൃഷ്ടിക്കാന്‍ പാര്‍ടിക്കായി. വര്‍ഗീയ ശക്തികള്‍ക്കെതിരായും ജാതി ഭ്രാന്തന്മാര്‍ക്കെതിരായും ജനകീയ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പാര്‍ടി പോരാടി. നവോത്ഥാനമൂല്യങ്ങളെ പിറകോട്ട് വലിക്കുന്നതിനുള്ള പിന്തിരിപ്പന്‍ ശക്തികളുടെ പരിശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ഈ പോരാട്ടത്തിന്റെ ഭാഗമായി എണ്ണമറ്റ സഖാക്കള്‍ക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നു.

പാര്‍ടി പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടലിന്റെ ഭാഗമായി കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനും പിന്തിരിപ്പന്‍ ശക്തികളുടെ അജണ്ടകളെ പ്രതിരോധിക്കുന്നതിനും കഴിഞ്ഞു. സിപിഐ (എം) നെ ദുര്‍ബലപ്പെടുത്തിയാല്‍ തങ്ങളുടെ അജണ്ടകള്‍ എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കോര്‍പ്പറേറ്റുകള്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ നേടുംതൂണായ സിപിഐ (എം)നെതിരെ വമ്പിച്ച കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പാര്‍ടിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ മാധ്യമ പ്രചാരവേലയുടെ അടിസ്ഥാനം ഈ സമീപനമാണ്. ഇതിനെ എതിരിട്ടുകൊണ്ട് മുന്നോട്ട് പോകുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞു. പാര്‍ടിയെ വിശ്വാസികളില്‍ നിന്ന് അകറ്റുന്നതിനായുള്ള പ്രചരണങ്ങളും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. അവയ്ക്കെതിരായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാടുന്നതിനും പാര്‍ടിക്ക് സാധിച്ചു. വിദ്യാഭ്യാസ കച്ചവടം പോലുള്ളവ സാധാരണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. അതുകൊണ്ടു തന്നെ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിപിഐ (എം) ന് ഇത്തരം നടപടികളെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല. ഇതിനെയാണ് വിശ്വാസികള്‍ക്കെതിരെയുള്ള നിലപാടായി ചിത്രീകരിച്ചത്. സിപിഐ (എം) എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന പ്രസ്ഥാനമാണ്.

വിശ്വാസി-അവിശ്വാസി സമരമല്ല വര്‍ഗസമരമാണ് പാര്‍ടിയുടെ ആശയസംഹിത. വിശ്വാസികളും അല്ലാത്തവരുമായ അടിസ്ഥാന ജനവിഭാഗങ്ങളെ ആകമാനം സംഘടിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് പാര്‍ടി പരിശ്രമിക്കുന്നത്. വിശ്വസിക്കുന്നവര്‍ക്ക് ആ തരത്തിലും വിശ്വാസമില്ലാത്തവര്‍ക്ക് ആ വിധത്തിലും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്ന സമീപനത്തിന് എതിരായി നിന്നുകൊണ്ടുള്ള നിലപാടും പാര്‍ടി എടുത്തു. ഇടത് തീവ്രവാദപരമായ നിലപാടില്‍ നിന്നുകൊണ്ട് പാര്‍ടിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. കേരളം പോലുള്ള ഇടത് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വലതുപക്ഷത്ത് നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങളെ ജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയുവാനും അതിനെതിരായി നിലപാട് സ്വീകരിക്കാനും കഴിയും. എന്നാല്‍ ഇടതുപക്ഷത്തു നിന്നു കൊണ്ട് എന്ന നിലയില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കി എടുക്കുവാനും കഴിയും. അതുകൊണ്ടാണ് പാര്‍ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും വലതുപക്ഷ ശക്തികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചെയ്തു കൊടുക്കുന്നത്. ഇതിനെതിരെയും ഫലപ്രദമായ പ്രതിരോധമുയര്‍ത്തുന്നതിന് പാര്‍ടിക്ക് കഴിയുകയുണ്ടായി. മാര്‍ക്സിസം കാലഹരണപ്പെട്ടുപോയി എന്ന പ്രചരണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് മുതലാളിത്ത രാജ്യങ്ങളില്‍ ഈ കാലഘട്ടത്തില്‍ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. മുതലാളിത്തം പ്രതിസന്ധികളുടെ വ്യവസ്ഥയാണെന്നും അത് അനിവാര്യമായും തകരുമെന്നുമുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാടുകള്‍ ശരിയായി തീരുന്നുവെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കി.

മുതലാളിത്ത പ്രതിസന്ധിയെ കുറിച്ച് മനസിലാക്കുന്നതിന് മാര്‍ക്സിന്റെ പുസ്തകങ്ങളിലേക്ക് ലോകത്തിലെ ജനത തിരിയുന്ന നിലയും സംജാതമായിരിക്കുന്നു. ലാറ്റിനമേരിക്ക പോലുള്ള ഇടങ്ങളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി വ്യത്യസ്തമായ ബദലുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ചൈനയാവട്ടെ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് നയങ്ങള്‍ തിരുത്തുന്നതിനു പകരം മുതലാളിത്ത രാജ്യങ്ങളില്‍ വമ്പിച്ച പ്രതിസന്ധി സൃഷ്ടിച്ച നയങ്ങള്‍ അതേപോലെ തുടരുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി തീര്‍ക്കുന്ന അനുഭവമാണുള്ളത്. ഇത്തരം നയങ്ങള്‍ക്കെതിരായി അഖിലേന്ത്യാതലത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും നല്‍കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ ഈ സമ്മേളനത്തില്‍ മുന്നോട്ട് വെയ്ക്കപ്പെടും.

മാര്‍ക്സിസത്തിന്റെ പ്രസക്തി കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്താണ് സിപിഐ (എം) ന്റെ സംസ്ഥാന സമ്മേളനം ചേരുന്നത്. ഈ സമ്മേളനം കേരളത്തിലെ പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഐക്യത്തിന്റെ കാഹളം ഉയര്‍ത്തുന്നതും ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതുമായിരിക്കും. കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിനുള്ള സമ്മേളനമായി ഇതു തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിഭാഗീയത സ്വപ്നം കണ്ട് മനഃപായസം ഉണ്ടുകഴിഞ്ഞ മാധ്യമങ്ങള്‍ക്കു ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങളിലെ ഐക്യവും കരുത്തും കണ്ട് നാവനക്കാന്‍ പോലും കഴിയുന്നില്ല. പാര്‍ടിയിലെ വിഭാഗീയമായ എല്ലാ പ്രവണതകള്‍ക്കും അന്ത്യം കുറിക്കുന്ന ഈ സമ്മേളനം പാര്‍ടിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന ലക്ഷക്കണക്കിന് വരുന്ന ജനതയ്ക്ക് ആവേശം പകരുന്നതായിരിക്കും. രക്തസാക്ഷികള്‍ അവരുടെ ഹൃദയരക്തം കൊണ്ട് പണിത പ്രസ്ഥാനം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉതകുന്ന വിധമുള്ള തീരുമാനമെടുത്തുകൊണ്ടായിരിക്കും സമ്മേളനം അവസാനിക്കുക.

*
പിണറായി വിജയന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത പ്രതിസന്ധിയെ കുറിച്ച് മനസിലാക്കുന്നതിന് മാര്‍ക്സിന്റെ പുസ്തകങ്ങളിലേക്ക് ലോകത്തിലെ ജനത തിരിയുന്ന നിലയും സംജാതമായിരിക്കുന്നു. ലാറ്റിനമേരിക്ക പോലുള്ള ഇടങ്ങളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി വ്യത്യസ്തമായ ബദലുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ചൈനയാവട്ടെ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് നയങ്ങള്‍ തിരുത്തുന്നതിനു പകരം മുതലാളിത്ത രാജ്യങ്ങളില്‍ വമ്പിച്ച പ്രതിസന്ധി സൃഷ്ടിച്ച നയങ്ങള്‍ അതേപോലെ തുടരുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി തീര്‍ക്കുന്ന അനുഭവമാണുള്ളത്. ഇത്തരം നയങ്ങള്‍ക്കെതിരായി അഖിലേന്ത്യാതലത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും നല്‍കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ ഈ സമ്മേളനത്തില്‍ മുന്നോട്ട് വെയ്ക്കപ്പെടും.