പാലക്കാട് കോട്ടമൈതാനത്ത് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞതായി വായിച്ചു. തറക്കല്ലിടല്‍ ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ അവഗണിച്ചിട്ടില്ല, ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് കത്തുകൊടുത്തിരുന്നു എന്നും പദ്ധതി ലഘൂകരിക്കുന്നതിനോടും സ്വകാര്യവല്‍ക്കരിക്കുന്നതിനോടുമാണ് പ്രതിപക്ഷനേതാവിന്റെ എതിര്‍പ്പ് എന്നുമാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞത്. ശുഷ്കമായ ചടങ്ങാണെങ്കിലും പ്രതിപക്ഷനേതാവായ എന്റെ സന്ദേശം അറിയിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി. ചടങ്ങില്‍ എന്നെ വേണ്ടവിധം ക്ഷണിച്ചോ എന്നത് പ്രശ്നമല്ല. എന്റെ മണ്ഡലത്തിലെ ജനങ്ങളെ പരിഗണിച്ചോ എന്നതാണ് പ്രശ്നം. എങ്കിലും ഞാനത് കാര്യമാക്കുന്നില്ല. എന്റെ എതിര്‍പ്പായി മുഖ്യമന്ത്രി സദസ്സിനെ അറിയിച്ച കാര്യത്തില്‍ത്തന്നെയാണ് ഞാന്‍ ഊന്നുന്നത്.
എന്നാല്‍ , ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ ക്ഷണിക്കാത്തതിന് ലീഗുകാര്‍ നടത്തിയ പ്രതിഷേധപ്രകടനത്തെക്കുറിച്ച് റെയില്‍വേ മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും എന്താണ് പറയാനുള്ളത്? കോണ്‍ഗ്രസ് ഐ നേതാവ് കൂടിയായ സി പി മുഹമ്മദ് എംഎല്‍എയുടെ പ്രതിഷേധ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്? കഞ്ചിക്കോട്ടുനിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ പാലക്കാട്ടെ മൈതാനത്ത് ഒരു പ്രഹസനമായി നടത്തേണ്ടതായിരുന്നോ കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ ? ഫാക്ടറി സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലം നല്‍കിയവരെയുള്‍പ്പെടെ അറിയിച്ച് ജനപ്രതിനിധികളെയെല്ലാം സഹകരിപ്പിച്ച് ജനകീയമായ ഉത്സവാന്തരീക്ഷത്തില്‍ വേണമായിരുന്നു ശിലാസ്ഥാപനം. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രഹസനം നടത്തി?
ഇരുപത്തെട്ടു വര്‍ഷം മുമ്പ് പാലക്കാട്ട് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് തട്ടിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാരും അതിന് കൂട്ടുനിന്ന സംസ്ഥാന സര്‍ക്കാരും തന്നെയാണ് ഫലത്തില്‍ ഇന്നുമുള്ളത്. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിടുക്കപ്പെട്ട് തറക്കല്ലിട്ടത് കണ്ണില്‍ പൊടിയിടാനാണെന്ന് സംശയിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാരിന്റെ ഓശാരമല്ല. പാലക്കാട് റെയില്‍വേ ഡിവിഷന്‍ തമിഴ്നാടിന്റെ താല്‍പ്പര്യപ്രകാരം വെട്ടിമുറിച്ചപ്പോള്‍ കേരളം ശക്തമായ പ്രതിഷേധമുയര്‍ത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് കേരളത്തില്‍നിന്നുള്ള എംപിമാരുടെ പിന്തുണ അനിവാര്യമായിരുന്നു. ഇരുപതില്‍ പതിനെട്ട് ലോക്സഭാംഗങ്ങളും അന്ന് എല്‍ഡിഎഫിലായിരുന്നു. സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ എംപിമാരും ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോള്‍ അന്നത്തെ റെയില്‍മന്ത്രി ലാലുപ്രസാദ് യാദവ് പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കുന്നതായി പ്രഖ്യാപിച്ചു. സേലം ഡിവിഷന്‍ പ്രശ്നത്തില്‍ കേരള-തമിഴ്നാട് പ്രശ്നം രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ലാലു പ്രസാദ് യാദവ് വിളിച്ചുചേര്‍ത്ത കേരള-തമിഴ്നാട് എംപിമാരുടെ യോഗത്തിലാണ് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായത്. അതായത്, സംസ്ഥാന സര്‍ക്കാരിന്റെയും കേരളത്തില്‍നിന്നുള്ള എംപിമാരുടെയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്നാണ് പാലക്കാട്ട് 5000 കോടി രൂപ മുതല്‍മുടക്കുള്ള കോച്ച് ഫാക്ടറി ലാലു പ്രഖ്യാപിച്ചത്. പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന കോച്ച് ഫാക്ടറി, 128 അനുബന്ധ വ്യവസായ യൂണിറ്റുകള്‍ , സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, സെന്‍ട്രല്‍ സ്കൂള്‍ എന്നിവയെല്ലാമടങ്ങിയ ഒരു ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയാണ് ഫാക്ടറി സ്ഥാപിക്കുക എന്നാണ് ലാലു പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഇതിനാവശ്യമായ 900 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥ. ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. അതില്‍ 439 ഏക്കര്‍ സ്ഥലം നല്‍കിക്കൊണ്ടുള്ള സമ്മതപത്രം റെയില്‍വേക്ക് കൈമാറി.
എന്നാല്‍ , പിന്നീട് ഭരണമേറ്റെടുത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ കോച്ച് ഫാക്ടറി അനുവദിച്ച കാര്യം മറന്നതുപോലെയാണ് പെരുമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന പുതിയ നിലപാടുമായി വന്നു. മുക്കാല്‍പങ്ക് ഓഹരിയും സ്വകാര്യമേഖലയ്ക്ക് കൈമാറി റെയില്‍വേ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് കഞ്ചിക്കോട്ട് തുടക്കംകുറിക്കുക എന്ന ലക്ഷ്യം റെയില്‍വേയിലെ സ്വകാര്യവല്‍ക്കരണ ലോബിക്കുണ്ടായിരുന്നു. എന്നാല്‍ , കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. സ്വകാര്യപങ്കാളിത്തം എന്നതിനു പകരം പൊതു-പൊതു പങ്കാളിത്തത്തിന്റെ സാധ്യത പരിശോധിക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ പ്രതിരോധവകുപ്പിനു കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന കഞ്ചിക്കോട്ടുതന്നെ വ്യവസായ യൂണിറ്റുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സഹകരണം സംസ്ഥാന സര്‍ക്കാര്‍ തേടുകയുംചെയ്തു.
എന്നാല്‍ , റെയില്‍വേ സംരംഭങ്ങള്‍ വലിയ തോതില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് കോച്ച് ഫാക്ടറി നിര്‍മാണത്തിലൂടെ തുടക്കംകുറിക്കാന്‍ റെയില്‍വേ ബോര്‍ഡിലെ ഒരു ലോബി കേന്ദ്രസര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ ചരടുവലിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരുതലത്തിലും ചര്‍ച്ച നടത്താതെ അതിന് യുഡിഎഫ് സര്‍ക്കാര്‍ പിന്തുണ നല്‍കിയിരിക്കുന്നു. ഇത് കേരളത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ കേരളത്തിനനുവദിച്ചത് 5000 കോടിയില്‍പ്പരം മുടക്കുള്ള കോച്ച് ഫാക്ടറിയാണ്. അത് 530 കോടി രൂപമാത്രം മുടക്കുള്ള ചെറുകിട പദ്ധതിയായി ലഘൂകരിച്ചിരിക്കുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നത് ശരിയായ നടപടിയല്ല. 900 ഏക്കറില്‍ കോച്ച് ഫാക്ടറിയും 128 അനുബന്ധ വ്യവസായയൂണിറ്റുകളുമുള്ള ബൃഹദ്പദ്ധതിയെ 226 ഏക്കറില്‍ ചെറുകിട- ഇടത്തരം പദ്ധതിയായി ചുരുക്കുന്ന ഇപ്പോഴത്തെ നടപടി അംഗീകരിക്കാനാകില്ല. റെയില്‍വേയ്ക്ക് നാലിലൊന്നുമാത്രം ഓഹരി നീക്കിവച്ച് മുക്കാല്‍ ഭാഗം ഓഹരികളും സ്വകാര്യമേഖലയ്ക്ക് നല്‍കി പദ്ധതി നടപ്പാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം. പൂര്‍ണമായും റെയില്‍വേയുടെ പദ്ധതിയായോ, ഭൂരിപക്ഷം ഓഹരികളും റെയില്‍വേയുടേതാക്കി നിലനിര്‍ത്തി കേന്ദ്ര പൊതുമേഖലയുടെ ഓഹരി പങ്കാളിത്തംകൂടി നേടിയോ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കണം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സേലം ഡിവിഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലെ ഒത്തുതീര്‍പ്പില്‍ വ്യവസ്ഥചെയ്ത അതേ രൂപത്തില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. അതിന് ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
വാസ്തവത്തില്‍ കേരളജനത കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ റെയില്‍വേ സംവിധാനം തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടാവുകയാണ്. രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധപ്പെടാനും നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാനുമുള്ള പ്രധാനമാര്‍ഗമാണ് റെയില്‍വേ. യാത്ര-ചരക്കുകൂലി ഇനത്തില്‍ റെയില്‍വേക്ക് നല്ല വരുമാനമാണ് ഇവിടെനിന്ന് കിട്ടുന്നത്. എന്നാല്‍ , റെയില്‍വേയുടെ ഒരു നിര്‍മാണ സംരംഭംപോലും കേരളത്തില്‍ ഇല്ലെന്നതാണ് വാസ്തവം. ഇവിടെ നിക്ഷേപം നടത്താന്‍ റെയില്‍വേ സന്നദ്ധമാകുന്നില്ല. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവുമെല്ലാം അനന്തമായി നീട്ടിക്കൊണ്ടുപോവുകയുംചെയ്യുന്നു. ഇപ്പോഴാകട്ടെ, 5000 കോടി മുതല്‍മുടക്കില്‍ പതിനായിരം തൊഴിലവസരമുണ്ടാക്കാന്‍ പര്യാപ്തമായ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതില്‍നിന്ന് റെയില്‍വേ പിന്നോട്ടുപോയിരിക്കുന്നു. ഇത് കേരളത്തോടുള്ള അവഗണനയല്ലെങ്കില്‍ മറ്റെന്താണ്? റെയില്‍വേയുടെ ഈ അവഗണനയ്ക്ക് കൂട്ടുനില്‍ക്കുന്ന സമീപനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം.
*
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
1 comment:
പാലക്കാട് കോട്ടമൈതാനത്ത് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞതായി വായിച്ചു. തറക്കല്ലിടല്‍ ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ അവഗണിച്ചിട്ടില്ല, ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് കത്തുകൊടുത്തിരുന്നു എന്നും പദ്ധതി ലഘൂകരിക്കുന്നതിനോടും സ്വകാര്യവല്‍ക്കരിക്കുന്നതിനോടുമാണ് പ്രതിപക്ഷനേതാവിന്റെ എതിര്‍പ്പ് എന്നുമാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞത്. ശുഷ്കമായ ചടങ്ങാണെങ്കിലും പ്രതിപക്ഷനേതാവായ എന്റെ സന്ദേശം അറിയിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി. ചടങ്ങില്‍ എന്നെ വേണ്ടവിധം ക്ഷണിച്ചോ എന്നത് പ്രശ്നമല്ല. എന്റെ മണ്ഡലത്തിലെ ജനങ്ങളെ പരിഗണിച്ചോ എന്നതാണ് പ്രശ്നം. എങ്കിലും ഞാനത് കാര്യമാക്കുന്നില്ല. എന്റെ എതിര്‍പ്പായി മുഖ്യമന്ത്രി സദസ്സിനെ അറിയിച്ച കാര്യത്തില്‍ത്തന്നെയാണ് ഞാന്‍ ഊന്നുന്നത്.
Post a Comment