1953 സെപ്റ്റംബര്‍ 15നായിരുന്നു വെടിവെപ്പ്. തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ പതറിയ അന്നത്തെ ഭരണാധികാരികള്‍ സമരത്തെ സായുധമായി നേരിടാനാണ് തീരുമാനിച്ചത്. തിരുകൊച്ചി സര്‍ക്കാരാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്. അവര്‍ സായുധപൊലീസിനെ രംഗത്തിറക്കി. ഒരുവശത്ത് സായുധപൊലീസ്, മറുവശത്ത് ചെങ്കൊടിയും ത്രിവര്‍ണ്ണപതാകയുമേന്തി തൊഴിലാളികളും മുഖാമുഖം നിന്നു.
പ്രാകൃതതൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ ഘോന കമ്പനിയുടെ മുന്നില്‍ ആരംഭിച്ച സത്യഗ്രഹത്തിന്റെ 75-ാം ദിവസമാണ് വെടിവെപ്പ് ഉണ്ടാകുന്നത്. പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരെ കമ്പനി ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയില്‍ ഐഎന്‍ടിയുസിയും സിടിടിയു (കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍)യും ചാപ്പ സമ്പ്രദായത്തിനായി നിലകൊണ്ടുവെന്നാണ് ചരിത്രം പറയുന്നത്. സ്റ്റീവ് ഡോര്‍മാരാണ് അന്ന് ചാപ്പ തൊഴിലാളികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തിരുന്നത്. ഈ ചുമതല ഇവരില്‍ നിന്ന് ഐഎന്‍ടിയുസി, സിടിടിയു എന്നീ യൂണിയനുകള്‍ ഏറ്റെടുത്തു. കൊച്ചിന്‍ പോര്‍ട്ട് നേരിട്ട് തൊഴിലാളികളെ ജോലിക്ക് വിളിക്കണമെന്നുള്ളതായിരുന്നു എഐടിയുസിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ടി എം അബു ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ച തെറ്റിപ്പിരിഞ്ഞതോടെ സമരനായകന്‍ ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
നിരായുധരായിരുന്നു തൊഴിലാളികള്‍. എന്നാല്‍ സായുധരായ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ തൊഴിലാളികള്‍ പൊലീസ് വാഹനങ്ങള്‍ക്ക് മുന്നില്‍ കുറുകെ കിടന്നുകൊണ്ടു തടഞ്ഞു. തൊഴിലാളികളെ മാറ്റാതെ അറസ്റ്റ് ചെയ്ത ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കളെ കൊണ്ട് പോകാന്‍ കഴിയുകയില്ലെന്ന് ബോധ്യപ്പെട്ട ഭരണകൂടത്തിന്റെ പിണിയാളുകളായ പൊലീസ് ഏമാന്‍മാര്‍ ക്രൂരമായി തൊഴിലാളികളെ നേരിടാന്‍ തീരുമാനമെടുക്കുകയായിരുന്നു.
തൊഴിലാളികള്‍ക്ക് നേരെ പൊലീസ് വെടി ഉതിര്‍ത്തതോടെ സമരക്കാര്‍ ചിന്നിച്ചിതറി. പൊലീസിന്റെ ക്രൂരമായ നരനായാട്ടില്‍ വെടിയേറ്റ് രണ്ട് സഖാക്കള്‍ മരിച്ചുവീണു. സഖാക്കള്‍ സെയ്ത്, സെയ്താലി എന്നിവരാണ് സമരപോരാട്ടത്തില്‍ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറു കാട്ടി വീര രക്തസാക്ഷിത്വം വരിച്ചത്. സമര പോരാട്ടത്തില്‍ ധീരമായി പൊരുതിയ സഖാക്കളുടെ ചോരവീണതോടെ രോഷാകുലരായ തൊഴിലാളികള്‍ കയ്യില്‍ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനെ നേരിട്ടു. കല്ലും കട്ടയും ഉപയോഗിച്ചുള്ള തൊഴിലാളികളുടെ ധീരമായ ചെറുത്ത് നില്‍പ്പില്‍ രോഷംപൂണ്ട ഭരണവര്‍ഗ്ഗത്തിന്റെ കൂലിപട്ടാളം ക്രൂരമായാണ് തൊഴിലാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. ഇതോടെ മട്ടാഞ്ചേരി ചോരക്കളമായി. നൂറോളം വരുന്ന തൊഴിലാളികള്‍ ജയിലിലടയ്ക്കപ്പെടുകയും കൊടിയ മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തു. സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടി എം അബുവിനെ കാണാന്‍ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ അസി. സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായ സഖാവ് ആന്റണിയെ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അവശനായ ആന്റണി പിന്നീട് മരണമടഞ്ഞു. ഇതോടെ ചാപ്പ സമ്പ്രദായത്തിനെതിരെ സമരം ചെയ്ത് ധീര രക്തസാക്ഷിത്വം വരിച്ചവരില്‍ ഒരാളായി സഖാവ് ആന്റണിയും മാറി.
ടി എം അബു, ജോര്‍ജ് ചടയംമുറി, പി ഗംഗാധരന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃത്വത്തില്‍. കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. യൂണിയന്റെ ജനറല്‍ സെക്രട്ടറി ടി എം അബുവും പ്രസിഡന്റ് ജോര്‍ജ് ചടയം മുറിയുമായിരുന്നു. കൊച്ചി തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെയായിരുന്നു സമരം. ചാപ്പ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യൂണിയന്റെ പ്രധാന ആവശ്യത്തിനായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ തൊഴിലാളികളെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള മുഴുവന്‍ അടവുകളും ഭരണാധികാരികളും കൊച്ചിന്‍ പോര്‍ട്ട് മാനേജ്‌മെന്റും പുറത്തെടുത്തു. ചാപ്പ അവകാശം ഐഎന്‍ടിയുസിക്കും സിടിടിയുവിനും വീതിച്ചു നല്‍കി മാനേജ്‌മെന്റ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുമുള്ള അവസാനത്തെ നീക്കവും നടത്തി. ചതി മനസ്സിലാക്കി തൊഴിലാളികള്‍ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങുകയായിരുന്നു.
സമരത്തില്‍ അറസ്റ്റ് വരിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഏഴ് മാസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ മോചിതരായി. ജസ്റ്റിസ് ശിവരാമേനോന്‍ ജഡ്ജിയായ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. ജയിലിലടയ്ക്കപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് വിധേയനായ സമരനായകന്‍ ടി എം അബു, ഒരുവേള മരിച്ചു എന്ന ശ്രുതി നാട്ടില്‍ പരക്കപ്പെട്ടു. ഇതോടെ തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒടുവില്‍ ടി എം അബു മരിച്ചിട്ടില്ല എന്നറിഞ്ഞതോടെയാണ് തൊഴിലാളികള്‍ ശാന്തരായത്.
പ്രാകൃതമായ തൊഴില്‍ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ തൊഴിലാളികള്‍ നടത്തിയ സമരം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു ലോകത്തിന്റെ നാനാഭാഗത്തുള്ള ട്രേഡ് യൂണിയനുകളും തൊഴിലാളി ഫെഡറേഷനുകളും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐടിയുസിയും സമരക്കാര്‍ക്കൊപ്പം ഉറച്ചു നിന്നു. കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമരത്തിനായി ചിലവഴിച്ചു. സമരത്തിലൂടെ തുറമുഖത്തെ പ്രാകൃതതൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞു.
തൊഴിലാളി സമര ചരിത്രത്തില്‍ എക്കാലത്തെയും ജ്വലിക്കുന്ന അദ്ധ്യായമാണ് ചാപ്പ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയിലെ തൊഴിലാളി സമരമെന്ന് സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായ പി ടി സേവ്യര്‍ അനുസ്മരിച്ചു.
''ടി എം അബുവിനെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ തൊഴിലാളികളെ അടക്കാന്‍ കഴിയൂ എന്ന ധാരണയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന ടി എം അബുവിനെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികള്‍ക്ക് നേരെ മര്‍ദ്ദനം അഴിച്ച് വിട്ട് പൊലീസ് കുറേ പേരെ തള്ളിമാറ്റി. കല്‍വത്തി പാലത്തിന്റെ അപ്പുറത്തേക്ക് മാറ്റപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. പാലത്തിന്റെ അപ്പുറത്ത് പൊലീസ് വലയത്തിലകപ്പെട്ടുപോയ ഞങ്ങള്‍ക്ക് പക്ഷെ ഇപ്പുറത്തേക്ക് വരാന്‍ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ വെടിയൊച്ചയാണ് കേട്ടത്. അല്‍പ്പസമയം കഴിഞ്ഞാണ് രണ്ടു സഖാക്കള്‍ മരിച്ച വിവരം അറിഞ്ഞത്.
ടി എം അബുവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചതിന് ശേഷം മട്ടാഞ്ചേരിയില്‍ പൊലീസിന്റെ തേര്‍വാഴ്ചയായിരുന്നു. തൊഴിലാളി സഖാക്കളെ പൊലീസ് തെരഞ്ഞ് പിടിച്ച് വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു.
ഇതിനിടയില്‍ ലോക്കപ്പിലടയ്ക്കപ്പെട്ട ടി എം അബുവിനെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി എം അബുവിനെ കാണാന്‍ ആരെയും അനുവദിച്ചില്ല. അബു മരിച്ചുപോയോ എന്ന സംശയം തൊഴിലാളി സഖാക്കള്‍ക്കിടയില്‍ ഉണ്ടായി. അന്ന് എ ജെ ജോണായിരുന്നു തിരുകൊച്ചി മുഖ്യമന്ത്രി. തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ടി വി തോമസിനെ അബുവിനെ കാണാന്‍ അനുവാദം നല്‍കി. ടി വി ആശുപത്രിയില്‍ എത്തുന്ന സമയത്ത് ഞങ്ങളും കാത്ത് നിന്നെങ്കിലും ടി വിക്ക് മാത്രമേ കാണാന്‍ അനുവാദമുണ്ടായുള്ളൂ. അബു മരിച്ചിട്ടില്ലെന്ന് ടി വി തോമസ് പറഞ്ഞപ്പോഴാണ് തൊഴിലാളികള്‍ ശാന്തരായത്'' സേവ്യര്‍ ഓര്‍ക്കുന്നു.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊഴിലെടുക്കുന്നതിന് മുതലാളിത്തത്തിന്റെ പ്രതീകങ്ങളായ കങ്കാണിമാര്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ചാപ്പയ്ക്ക് വേണ്ടി മൃഗങ്ങളെപോലെ കടിപിടികൂടുന്ന തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലേക്കുള്ള പാതയായിരുന്നു ചാപ്പ സമരം. മട്ടാഞ്ചേരിയിലെ ധീരരായ തൊഴിലാളികള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് പിന്നിട്ട് മറ്റു മേഖലകളിലും തൊഴിലാളികളുടെ സമരപോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ കാരണമായി.
നേതാക്കളെ അറസ്റ്റ് ചെയ്താല്‍ തൊഴിലാളി സമരത്തിന് വിരാമമാകുമെന്ന് കരുതിയ അധികാരവര്‍ഗ്ഗങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു തൊഴിലാളികളുടെ ചെറുത്ത് നില്‍പ്പ്.
സമരത്തിന്റ ഓര്‍മ്മയ്ക്കായി പി ജെ ആന്റണി രചിച്ച കാട്ടാളന്‍മാര്‍ നാട് ഭരിച്ചു, നാട്ടില്‍ തീ മഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന ഈരടികള്‍ ഇന്നും മട്ടാഞ്ചേരിയുടെ മണല്‍ത്തരികളെ പുളകം കൊള്ളിക്കുന്നു.
*
കടപ്പാട്: ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
1953 സെപ്റ്റംബര്‍ 15നായിരുന്നു വെടിവെപ്പ്. തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ പതറിയ അന്നത്തെ ഭരണാധികാരികള്‍ സമരത്തെ സായുധമായി നേരിടാനാണ് തീരുമാനിച്ചത്. തിരുകൊച്ചി സര്‍ക്കാരാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്. അവര്‍ സായുധപൊലീസിനെ രംഗത്തിറക്കി. ഒരുവശത്ത് സായുധപൊലീസ്, മറുവശത്ത് ചെങ്കൊടിയും ത്രിവര്‍ണ്ണപതാകയുമേന്തി തൊഴിലാളികളും മുഖാമുഖം നിന്നു.
Post a Comment