Monday, February 6, 2012

വിവാദ സ്രഷ്ടാക്കളേ, ഹാ കഷ്ടം!

ക്രൈസ്തവ സമൂഹം മറ്റെന്തിലും വലുതായി കാണുന്ന യേശുക്രിസ്തുവിനെ വികൃതമായി ചിത്രീകരിക്കുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ അനുഭവമാണ്. അത്തരം സംഭവമുണ്ടായാല്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നും ഗുരുതരമായ അവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും സാമാന്യബുദ്ധിയുള്ളവര്‍ തിരിച്ചറിയും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം സൂക്ഷ്മമായി പരിശോധിച്ചാല്‍ ക്രൈസ്തവ വിഭാഗത്തില്‍ രോഷവും ആശയക്കുഴപ്പവും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയാനാകും. സിപിഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴിന് തലസ്ഥാനത്ത് ആരംഭിക്കുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ, പാര്‍ടിക്കെതിരെ നേരിട്ടുള്ള ആക്രമണം നടത്താന്‍ വലതുപക്ഷത്തിനും ആ പക്ഷത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും കഴിയുന്നില്ല. ഇന്നലെവരെ അവര്‍ നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നുതരിപ്പണമായതിലൂടെ വിശ്വാസ്യത ഇടിഞ്ഞതുമൂലമാണ് ഈ ബലക്കുറവ്.

സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ അഭൂതപൂര്‍വമായ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. മറ്റൊരു രാഷ്ട്രീയ പാര്‍ടിക്കും സാധിക്കാത്തവിധം നാനാവിഭാഗം ജനങ്ങളെയും അണിനിരത്തി അടുക്കിലും ചിട്ടയിലും നടക്കുന്ന സമ്മേളന പരിപാടികള്‍ സിപിഐ എമ്മിന്റെ വര്‍ധിച്ച സ്വാധീനത്തെയും അജയ്യതയെയും വിളിച്ചോതി. വിഭാഗീയതയ്ക്കെതിരായ സമരത്തില്‍ പാര്‍ടിക്കുണ്ടായ മുന്നേറ്റവും എതിരാളികളുടെ സ്വാസ്ഥ്യം കെടുത്തുന്നു. നേരത്തെ തെറ്റിദ്ധാരണകള്‍മൂലം അകന്നുനിന്ന ജനവിഭാഗങ്ങള്‍ കൂടുതല്‍കൂടുതലായി പാര്‍ടിയോടൊപ്പം അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പാര്‍ടിക്കെതിരെ ഏതെങ്കിലുമൊരു വിവാദം തരപ്പെടുത്തണമെന്ന ചിന്ത എതിരാളികളില്‍ ഉടലെടുക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച ചരിത്രപ്രദര്‍ശനത്തില്‍ മാനവരാശിയുടെ മോചനത്തിനായി പോരാടിയ മഹാരഥന്മാരെ ആദരിക്കുന്നുണ്ട്. ബ്രൂണോയും സോക്രട്ടീസും ഭഗത്സിങ്ങും അടങ്ങുന്ന രക്തസാക്ഷികളുടെ ആ നീണ്ടനിരയില്‍ യേശു ക്രിസ്തുവിന്റെ ജീവിതവും പോരാട്ടവും രക്തസാക്ഷിത്വവും ആലേഖനംചെയ്ത പോസ്റ്ററും സ്വാഭാവികമായും സ്ഥാനംപിടിച്ചു. ആ പോസ്റ്ററിനെയാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഞങ്ങളുടെ മാന്യ സഹജീവിയാണ് ആദ്യം "ഇനി ക്രിസ്തുവിനും ഇന്‍ക്വിലാബ് സിന്ദാബാദ്" എന്ന നിന്ദാസൂചകമായ തലക്കെട്ടോടെ ഒന്നാംപുറത്ത് സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ച് വിവാദത്തിന് തിരികൊളുത്തിയത്്. പുറകെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും സഭയിലെ ചിലരും രംഗത്തുവന്നു. ആ പ്രചാരണത്തിന് പക്ഷേ ആയുസ്സുണ്ടായില്ല. സര്‍വാദരണീയരായ വൈദിക ശ്രേഷ്ഠരുള്‍പ്പെടെ, പോസ്റ്ററിലെ നന്മയെയും ശരിയെയും കുറിച്ച് പറഞ്ഞതോടെ വിവാദ സ്രഷ്ടാക്കള്‍ക്ക് ഉള്‍വലിയേണ്ടിവന്നു. തെറ്റ് സമ്മതിച്ച് വിവാദം അവസാനിപ്പിക്കുന്നതിനു പകരം മറ്റൊരു ചിത്രം പ്രസിദ്ധീകരിച്ച് പുതിയ വിവാദത്തിന് തീകൊളുത്താനാണ് ഞങ്ങളുടെ സഹജീവി തയ്യാറായത്. തലസ്ഥാന നഗരപ്രാന്തത്തില്‍ ദിവസങ്ങള്‍മുമ്പ് അല്‍പ്പസമയം മാത്രമുണ്ടായ ഒരു ബോര്‍ഡിന്റെ ചിത്രം പുതിയതെന്ന മട്ടില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച്, തിരുവത്താഴത്തിന്റെ ചിത്രം വികൃതമാക്കി സിപിഐ എം ക്രൈസ്തവരെ അപമാനിക്കുന്നു എന്ന് നിര്‍ലജ്ജം ആ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചു. കുറച്ചാളുകള്‍ അല്‍പ്പസമയത്തേക്കുമാത്രം കാണുകയും അനൗചിത്യം മനസ്സിലാക്കി പാര്‍ടി പ്രവര്‍ത്തകര്‍ സ്വമേധയാ എടുത്തുമാറ്റുകയും ചെയ്ത ഒരു ബോര്‍ഡ് ലക്ഷക്കണക്കായ തങ്ങളുടെ വായനക്കാര്‍ക്കുമുന്നില്‍ ആ പത്രം അവതരിപ്പിച്ചു. യഥാര്‍ഥത്തില്‍ അപ്പോഴാണ് ക്രിസ്തു അപമാനിക്കപ്പെട്ടത്. മതസ്പര്‍ധ വളര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ നീക്കമാണ് ആ പത്രത്തില്‍നിന്ന് ഉണ്ടായതെന്ന് അവരുടെതന്നെ മുന്‍കാല ചെയ്തികള്‍ തെളിയിക്കുന്നു.

തിരുവത്താഴ ചിത്രത്തെ വികൃതമാക്കി, യേശുവിന്റെ സ്ഥാനത്ത് വി പി സിങ്ങിനെ വരച്ച് ദുഃഖവെള്ളിദിവസംതന്നെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ മടിച്ചിട്ടില്ല. അതടക്കം, തിരുവത്താഴ ചിത്രത്തെ അനുകരിച്ച് അനേകം രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അതേ പത്രത്തിന്റെ പഴയ താളുകളില്‍ വന്നിട്ടുണ്ട്. യേശുവിനു പകരം പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വരച്ച തിരുവത്താഴ ചിത്രം പ്രമുഖ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചപ്പോഴും ഇവിടെ ഒരു പ്രതിഷേധ ശബ്ദവും ഉയര്‍ന്നുകേട്ടിട്ടില്ല. യേശുവോ മതവിശ്വാസമേ ഒരുതരത്തിലും അവമതിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് അനുചിതമായ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ട ഉടനെ സിപിഐ എം പ്രാദേശിക നേതൃത്വം അത് എടുത്തുമാറ്റിച്ചത് എന്ന വസ്തുതയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇക്കണ്ട കോലാഹലക്കാരുടെ ശബ്ദം ഉയരുമായിരുന്നില്ല. റോമന്‍ സാമ്രാജ്യത്വത്തിനെതിരായും സമൂഹത്തില്‍ നീതിരഹിത വ്യവസ്ഥയുണ്ടാക്കിയ നിയമങ്ങള്‍ക്കെതിരായും പൊരുതിയ; ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുക്കാനും അപ്പം വീതിച്ചു നല്‍കാനും ആഹ്വാനംചെയ്ത മനുഷ്യസ്നേഹി എന്ന നിലയില്‍ യേശു ആദരിക്കപ്പെടുന്നതിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക? എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള ദര്‍ശനമാണ് യേശു അവതരിപ്പിച്ചത്. സ്നേഹം, സമാധാനം, സന്തോഷം എന്നിവയാണ് യേശു മുന്നോട്ടുവച്ച ആശയങ്ങളുടെ ചുരുക്കം. യേശുവിനെക്കുറിച്ച് മാര്‍ക്സിസ്റ്റുകാര്‍ പറയുന്നത് ആദ്യമല്ല.

1800 വര്‍ഷം പരിഷ്കൃത ലോകത്തില്‍ അധീശ്വത്വം നേടിയ ക്രിസ്തുമതം വെറും അസംബന്ധം എന്ന് പ്രഖ്യാപിച്ച് ഒഴിവാക്കാനാകില്ല എന്നാണ് ഫ്രഡറിക് എംഗല്‍സ് എഴുതിയത്. അടിമകളും അടിച്ചമര്‍ത്തപ്പെട്ടവരും പ്രചരിപ്പിച്ച ക്രിസ്തുമതത്തിന് സ്വീകാര്യത കിട്ടിയതിന്റെ പ്രാധാന്യം എംഗല്‍സ് കണ്ടിരുന്നു; അത് മാര്‍ക്സിസ്റ്റുകാരാകെ മനസ്സിലാക്കുന്നു. അതിലൊന്നും പുതുമയില്ലെന്നിരിക്കെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ മറവില്‍ സിപിഐ എമ്മിനെതിരെ മതവിശ്വാസികളെ തിരിച്ചുവിടുകയും ചെയ്യുക എന്ന രാഷ്ട്രീയ അജന്‍ഡയാണ് അരങ്ങേറിയിരിക്കുന്നത്. ഇത് അപകടകരമായ കളിയാണ്; ക്രിമിനല്‍ കുറ്റമാണ്. സിപിഐ എമ്മിനെയും ക്രൈസ്തവ സമൂഹത്തെയും രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഈ വഴിവിട്ട ശ്രമം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്ന്. പ്രാദേശികമായി അല്‍പ്പസമയംമാത്രം പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു പ്രചാരണ ബോര്‍ഡിനെ പ്രതിഷേധത്തിന്റെയും പ്രകടനങ്ങളുടെയും വാര്‍ത്താ വിസ്ഫോടനത്തിന്റെയും കാരണമാക്കിമാറ്റാന്‍ നടത്തിയ ശ്രമങ്ങളെ അവജ്ഞയോടെയേ കാണാനാകൂ. അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ തുനിഞ്ഞിറങ്ങിയ വലതുപക്ഷ രാഷ്ട്രീയത്തെ നോക്കി, "ഹാ കഷ്ടം" എന്നേ യുക്തിബോധമുള്ളവര്‍ക്ക് പ്രതികരിക്കാനാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 06 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...